Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

ഇസ്‌ലാം മനസ്സിലാവാത്ത പൗരോഹിത്യ മതങ്ങള്‍

ഖാലിദ് മൂസാ നദ്‌വി /ലേഖനം

         ''നിങ്ങള്‍ മത പ്രബോധനം നടത്തിക്കോളൂ, രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്തിന് എന്ന് ചിലര്‍ ചോദിക്കുന്നു. പക്ഷേ, മതമുക്തമായ രാഷ്ട്രീയം സ്വേഛാധിപത്യപരമായിരിക്കുമെന്നാണ് നമ്മുടെ പക്ഷം. സ്വേഛാധിപത്യത്തിന് തലകുനിക്കുന്നതും നാം പള്ളിയുടെ കോണുകളില്‍ മതം പഠിപ്പിച്ചുകൊണ്ട് ചടഞ്ഞുകൂടുന്നതുമാണോ ഇവര്‍ക്കിഷ്ടം? അല്ലെങ്കില്‍ പ്രബോധനം ചെയ്യാന്‍ ഇവര്‍ നമ്മോട് ആവശ്യപ്പെടുന്ന മതം തന്നെ ഏതാണ്? രാഷ്ട്രീയത്തിന് പ്രവേശനമില്ലാത്ത പൗരോഹിത്യ മതമാണെങ്കില്‍ നമുക്കതില്‍ വിശ്വാസമില്ല. ഇനി നാം വിശ്വസിക്കുന്ന യഥാര്‍ഥ ഇസ്‌ലാമാണെങ്കില്‍ രാഷ്ട്രീയത്തിന് പ്രവേശനമനുവദിക്കുക മാത്രമല്ല, അതിനെ ഒരവിഭാജ്യഘടകമായി അംഗീകരിക്കുക കൂടി ചെയ്യുന്നു.

നിങ്ങള്‍ മുമ്പ് മതത്തിന്റെ മാത്രം ആളുകളായിരുന്നു, ഇപ്പോഴെന്തിന് രാഷ്ട്രീയക്കാരായി എന്നാണ് ചിലരുടെ ആക്ഷേപം. ഒരു നിമിഷവും നാം രാഷ്ട്രീയമില്ലാത്ത മതത്തിന്റെ ആളുകളായിരുന്നിട്ടില്ല. അതുപോലെ തന്നെ മതമില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടി ആവുന്നതിനേക്കാള്‍ ദൈവശാപത്തിന് വിധേയരായി നശിക്കാനാണ് നാമിഷ്ടപ്പെടുക. നാം ഇസ്‌ലാമിന്റെ അനുയായികളും അതിന്റെ സംസ്ഥാപനം കാംക്ഷിക്കുന്നവരുമാണ്. അതെത്രത്തോളം മതകീയമാണോ നാമും അത്രമാത്രം മതാനുയായികളാണ്. അതിന് രാഷ്ട്രീയവുമായിട്ടുള്ളിടത്തോളം ബന്ധമേ നമുക്കും രാഷ്ട്രീയവുമായിട്ടുള്ളൂ. ആദ്യം മുതല്‍ക്കേ തന്നെ ഈ നിലപാടാണ് നാം സ്വീകരിച്ചുപോന്നത്. ഇന്നലെ മതക്കാരെന്ന് വിളിച്ചപ്പോഴും, ഇന്ന് രാഷ്ട്രീയ സംഘടന എന്ന് പേരിട്ടപ്പോഴും അവര്‍ നമ്മെ യഥാവിധി മനസ്സിലാക്കിയിട്ടില്ല. മതത്തിലും രാഷ്ട്രീയത്തിലുമെല്ലാം അവരുടെ മാതൃക യൂറോപ്പായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല; നമ്മെയും'' (മൗലാനാ മൗദൂദി, ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്-1992 മാര്‍ച്ച്, പേജ് 32).

സാമിരിയുടെ മതവും ഫിര്‍ഔനിന്റെ രാഷ്ട്രീയവും സമം ചേര്‍ത്തുണ്ടാക്കുന്ന ചരിത്രത്തിലെ പൗരോഹിത്യ മതങ്ങള്‍ക്കൊരിക്കലും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ആസറിന്റെ മതവും നംറൂദിന്റെ രാഷ്ട്രീയവും അതിന്റെ മുന്‍പതിപ്പായിരുന്നു.

ഇസ്‌ലാമിന്റെ മൗലികമായ ഏതെങ്കിലും ഘടകത്തെ അകത്തുനിന്ന് തകര്‍ക്കുന്ന ശത്രുക്കളെ സൃഷ്ടിക്കല്‍ ശിര്‍ക്കിന്റെ (ബഹുദൈവ ദര്‍ശനം) എക്കാലത്തെയും തന്ത്രമാണ്. ശിര്‍ക്ക് ഇബ്‌ലീസാവാം, സാമ്രാജ്യത്വ ഭരണകൂടമാവാം, മുതലാളിത്തമാവാം, പൗരോഹിത്യമതമാവാം.

ഇന്ത്യയില്‍ ഈ ഇനത്തിലെ ചരിത്രാനുഭവങ്ങളില്‍ ഒന്ന് 'ദീനെ ഇലാഹി'യാണ്. അക്ബര്‍ ചക്രവര്‍ത്തിയായിരുന്നു അതിന്റെ കാര്‍മികന്‍. നുബുവ്വത്ത്, വഹ്‌യ്, ആഖിറത്ത് തുടങ്ങിയ ഇസ്‌ലാമിക വിശ്വാസങ്ങളെ പുഛിക്കുക, ഖുര്‍ആന്റെ അമാനുഷികത നിഷേധിക്കുക, ഇസ്‌ലാമിന്റെ ആരാധനാ- അനുഷ്ഠാന രൂപങ്ങളോട് അലര്‍ജി സൃഷ്ടിക്കുക ഇതൊക്കെയായിരുന്നു 'ദീനെ ഇലാഹി' നിര്‍വഹിച്ച 'മത' ദൗത്യം.

ധനത്തിന്റെ അടിമകളും സ്വാര്‍ഥംഭരികളുമായ മൗലവി-മുസ്‌ലിയാക്കന്മാര്‍ 'ദീനെ ഇലാഹി'ക്ക് വന്‍ പിന്തുണ നല്‍കി. അക്ബറിന് 'ഖലീഫത്തുസ്സമാന്‍' എന്ന പദവിയും നല്‍കി. 'ലാഇലാഹ ഇല്ലല്ലാഹ്- അക്ബര്‍ ഖലീഫത്തുല്ലാഹ്'എന്ന പുതിയ കലിമയും അവര്‍ സൃഷ്ടിച്ചെടുത്തു. ഈ പശ്ചാത്തലത്തില്‍ ശൈഖ് അഹ്മദ് സര്‍ഹിന്ദി തജ്ദീദി ദൗത്യം നിര്‍വഹിക്കുകയും 'അക്ബര്‍ ഫിത്‌ന'യുടെ അടിവേര് അറുക്കുകയും ചെയ്തു.

ശത്രുക്കള്‍ അടുത്ത അവസരത്തിനായി തക്കം പാര്‍ത്തിരുന്നു.  ഇസ്‌ലാമിനെ തകര്‍ക്കാന്‍ കോട്ടക്കുള്ളില്‍ ശത്രുവിനെ കണ്ടെത്തലാണ് അവരുടെ മുഖ്യ അജണ്ട. അതിനായി ഒരു നബിയെ തന്നെ താമസിയാതെ അവര്‍ നിയോഗിച്ചയച്ചു. അങ്ങനെ ബ്രിട്ടീഷുകാരാല്‍ നിയോഗിക്കപ്പെട്ട നബിയായി 'ഖാദിയാനീ നബി' രംഗത്തുവന്നു. 'സാമിരി മതത്തിനും ഫിര്‍ഔന്‍ രാഷ്ട്രീയത്തിനും' എന്നും അലോസരം സൃഷ്ടിക്കുന്ന ഇസ്‌ലാമിലെ ജിഹാദ് റദ്ദ് ചെയ്യലായിരുന്നു ആ 'നബി'യുടെ നിയോഗ ദൗത്യം.

സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും മര്‍ദിത ജനങ്ങളുടെ വിമോചനത്തിനും നിത്യ പ്രചോദകമായിത്തീരുന്ന ജിഹാദ് ഇസ്‌ലാമില്‍ നിന്ന് മൈനസ് ചെയ്താല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാവുമെന്നായിരുന്നു ശത്രുക്കളുടെ കണ്ടെത്തല്‍.

'ഖാദിയാനീ ഫിത്‌ന'യെ നേരിടാന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുന്നേറ്റ് നിന്നു. 'മുഹമ്മദ് നബിക്ക് ശേഷം നബിയില്ലെന്ന' ഇസ്‌ലാമിക നിലപാട് പ്രമാണങ്ങളും യുക്തിയും മുന്‍നിര്‍ത്തി അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ ഖത്മുന്നുബുവ്വത്ത് (പ്രവാചകത്വ പരിസമാപ്തി) എന്ന പുസ്തകത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ 'ഖാദിയാനിസം' ദുര്‍ബലമായി. 'ഖാദിയാനീ ഫിത്‌ന'യെ വേരോടെ പിഴുതെറിയുന്നതില്‍ ജീവന്‍ പണയം വെച്ച് അദ്ദേഹം പൊരുതി. പോരാട്ടത്തിന്റെ ഒടുവില്‍ പാകിസ്താനിലെ മറ്റൊരു 'മതന്യൂനപക്ഷ'മായി ഖാദിയാനിസത്തെ ഭരണതലത്തില്‍ അംഗീകരിപ്പിച്ചെടുക്കുന്നതില്‍ മൗദൂദി വിജയിച്ചു. മൗദൂദിയുടെ പേര് കേള്‍ക്കുമ്പോള്‍ ഖാദിയാനികള്‍ ലഅ്‌നത്ത് (ശാപം) കൂറുന്നത് വെറുതെയല്ല.

ഖാദിയാനിസത്തിലൂടെ ലോക സാമ്രാജ്യത്വം റദ്ദ് ചെയ്യാന്‍ തീരുമാനിച്ച ഇസ്‌ലാമിലെ ജിഹാദിനെ മൗദൂദി ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം എന്ന ബൃഹത് ഗ്രന്ഥം സര്‍വ ശത്രു നീക്കങ്ങളെയും കടന്നാക്രമിക്കുന്ന വജ്രായുധമായി മാറി. മൗലാനാ മൗദൂദി തന്റെ 25-ാം വയസ്സില്‍ പൂര്‍ത്തിയാക്കിയ പ്രസ്തുത പുസ്തകം ഇന്ത്യ കണ്ട മഹാ പണ്ഡിത പ്രതിഭയായ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'ദാറുല്‍ മുസന്നിഫീന്‍' എന്ന പ്രസാധനാലയമാണ് പുറത്തിറക്കിയത്. പ്രഗത്ഭ പണ്ഡിതന്മാരുടെ എണ്ണം പറഞ്ഞ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കലായിരുന്നു അഅ്‌സംഗഢിലെ ആ പ്രസാധനാലയത്തിന്റെ രീതി. 'ജിഹാദിനെക്കുറിച്ച് ഇത്രത്തോളം പ്രാമാണികവും സമഗ്രവുമായ ഗ്രന്ഥം വേറെയില്ലെന്ന്' സയ്യിദ് സുലൈമാന്‍ നദ്‌വി അല്‍ മആരിഫില്‍ രേഖപ്പെടുത്തുകയും ചെയ്തു.

അല്ലാമാ ഇഖ്ബാല്‍ മൗദൂദിയെ പരിചയപ്പെടുന്നത് പ്രസ്തുത ഗ്രന്ഥം വഴിയാണ്. ജിഹാദിനെക്കുറിച്ച മൗദൂദിയുടെ പുസ്തകം ആദ്യാവസാനം വായിച്ച ശേഷം ഇഖ്ബാല്‍ ഇങ്ങനെ കുറിച്ചു: ''ഇസ്‌ലാമിലെ ജിഹാദ് സങ്കല്‍പത്തെയും അതിന്റെ യുദ്ധ-അനുരഞ്ജന നിയമങ്ങളെയും കുറിച്ച ഒരു ഉത്തമ ഗ്രന്ഥമാണിത്. ഇത് നന്നായി പഠിക്കാന്‍ വിവരമുള്ള എല്ലാവരെയും ഞാന്‍ ഉപദേശിക്കുന്നു.'' ജിഹാദിനെ റദ്ദ് ചെയ്യാനുള്ള ശത്രു നീക്കവും അങ്ങനെ പാളിപ്പോയി.

തൗഹീദില്‍ നിന്ന് (ഏകദൈവ ദര്‍ശനം) ജനങ്ങളെ അകറ്റുന്ന 'പൗരോഹിത്യ മതനിര്‍മിതി'കളെ ഈ ശത്രു നീക്കങ്ങളുടെ തുടര്‍ച്ചയായേ കാണാന്‍ കഴിയൂ. ഒന്നാമതായി അവര്‍ കൈവെച്ചത് തൗഹീദിന്റെ ആത്മീയ ഭാവത്തിലാണ്. അതിന്റെ നേര്‍ സാക്ഷ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖനം പ്രബോധനം നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലക്കം 2840, ചരിത്രത്തിലെ സാമിരിയുടെ 'വര്‍ത്തമാന'ങ്ങള്‍).

തൗഹീദിന്റെ രാഷ്ട്രീയത്തെ തള്ളിപ്പറയാനാണ് കാന്തപുരവും അനുയായികളും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.'മൗദൂദി രാഷ്ട്രീയം' എന്നാണതിന് പേരിട്ടിരിക്കുന്നത്. മൗദൂദിയുടെ മേല്‍വിലാസത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മതം, ദൈവം, പ്രവാചകന്‍, പരലോകം ഇതൊന്നും വിഷയമേ അല്ലാത്ത സെക്യുലര്‍ തീവ്രവാദികളായിരുന്നു അതിന്റെ മുന്‍ നിരയിലുണ്ടായിരുന്നത്. ഇപ്പോള്‍ കാന്തപുരം വിഭാഗം ആ മുന്നണിയിലേക്ക് വന്നിരിക്കുകയാണ്.

മൗദൂദി രാഷ്ട്രീയം അപകടകരമാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം 'നിയമനിര്‍മാണത്തില്‍ അല്ലാഹുവിന്റെ പരമാധികാരം' എന്ന കാഴ്ചപ്പാട് അപകടകരമാണ് എന്നാകുന്നു. 'അല്ലാഹു അനുവദിച്ചത് മാത്രം അനുവദനീയം, അല്ലാഹു വിലക്കിയതെല്ലാം നിഷിദ്ധം' എന്ന ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മൂലാധാരം അപകടകരമാവുന്നു എന്നാണ്. ആ വശം ശക്തമായി പ്രബോധനം ചെയ്ത ദീനീ പണ്ഡിതനും മുജദ്ദിദുമാണ് മൗദൂദി.

സെക്യുലര്‍ തീവ്രവാദികള്‍ അന്ന് അപകടകരമായി കണ്ടത് വേശ്യാവൃത്തി, പലിശ, സ്വവര്‍ഗരതി, അഴിമതി, അശ്ലീല സിനിമ, മദ്യപാനം, സ്വതന്ത്ര ലൈംഗികത തുടങ്ങിയ ആഭാസങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതാണ് ആ രാഷ്ട്രീയ ദര്‍ശനം എന്നുള്ളത് കൊണ്ടാണ്. പൗരോഹിത്യ മതത്തിനും ആ രാഷ്ട്രീയ ദര്‍ശനത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കാരണം 'പുരോഹിതന്റെ നിയമനിര്‍മാണാധികാരത്തില്‍' (തൗബ 31) അധിഷ്ഠിതമാണ് ആ മതം. നേരത്തേ പുരോഹിത മതത്തിലായിരുന്ന അദിയ്യുബ്‌നു ഹാതിം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ''പണ്ഡിത പുരോഹിതന്മാരെ 'റബ്ബു'കളാക്കി''യെന്ന ഖുര്‍ആന്‍ വചനത്തെക്കുറിച്ച് മുഹമ്മദ് നബി(സ)യോട് ചോദിച്ചപ്പോള്‍ നബി പറഞ്ഞത് ''അവര്‍ അനുവദിച്ചത് അനുവദനീയമായും അവര്‍ വിലക്കിയത് നിഷിദ്ധമായും നിങ്ങള്‍ കരുതിയിരുന്നല്ലോ; അതിനെക്കുറിച്ചാണ് ആ ഖുര്‍ആന്‍ വചനം'' എന്നാണ്.

പൗരോഹിത്യ മതത്തിന് അതിജീവിക്കണമെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ തകര്‍ക്കാതെ സാധ്യമല്ല. ഇസ്‌ലാമിക രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള എളുപ്പവഴി ഇക്കാലത്ത് അതിനെ 'മൗദൂദിസം' എന്നു വിളിക്കലാണ്; മൗലാനാ മൗദൂദി ഭീകരനാണെന്ന് മുദ്രയടിക്കലാണ്; അദ്ദേഹം ദേശവിരുദ്ധനാണെന്ന് പ്രചരിപ്പിക്കലാണ്; അദ്ദേഹം കാരണമായിട്ടാണ് മുസ്‌ലിം ചെറുപ്പക്കാര്‍ ജയിലിലെത്തുന്നതെന്ന് കൂവി നടക്കലാണ്. ആ വഴിയിലാണ് കാന്തപുരവും അനുയായികളും പ്രവേശിച്ചിരിക്കുന്നത്.

മൗദൂദിയുടെ രാഷ്ട്രീയത്തെയല്ല, തൗഹീദിനെയും അതിന്റെ രാഷ്ട്രീയത്തെയുമാണ് അവര്‍ തള്ളിപ്പറയുന്നത്. മൗദൂദിക്ക് മുമ്പ് തന്നെ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രബോധനം ചെയ്ത മൗലാനാ അബുല്‍ കലാം ആസാദ് അതിനു നല്‍കിയ തലവാചകം 'അല്‍ ഹുകൂമത്തുല്‍ ഇലാഹിയ്യ' എന്നാണ്. 'ഹുകൂമഃ ഇലാഹിയ്യ' എന്ന സങ്കല്‍പത്തെ വിശദീകരിച്ചുകൊണ്ട് ആസാദ് എഴുതിയത് ഇപ്രകാരം വായിക്കാം: ''മനുഷ്യാധിപത്യങ്ങള്‍ കൈവെടിഞ്ഞ് ദൈവാധിപത്യത്തിന് വഴങ്ങാന്‍ നിങ്ങള്‍ സന്നദ്ധരാകാത്തതെന്തുകൊണ്ട്? ഈശ്വര സിംഹാസനത്തിന്റെ പ്രതാപധ്വനി ഒരിക്കല്‍ കൂടി ഉയര്‍ന്നുവരണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? ദൈവത്തിന്റെ ഭൂമി അവനു മാത്രം ആയിത്തീരാന്‍ നിങ്ങള്‍ അഭിലഷിക്കുന്നില്ലേ?

''അനുസരണം, വണക്കം, കൂറ്, സമ്മതം, സ്വീകരണം ഇവ എത്ര, ഏതെല്ലാം വിധത്തില്‍ ഉണ്ടോ അതൊക്കെ തന്നെ സ്രഷ്ടാവിനോട് അനുസരണക്കേട് വരാത്ത വിധത്തില്‍ മാത്രമേ സൃഷ്ടികള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. ജനങ്ങളോട് കൂറ് കാണിക്കുന്നത് ദൈവാധിപത്യത്തോട് കൂറ് കേട് വരുത്തിക്കൊണ്ടാവരുത്.

''മുസ്‌ലിംകളേ! പാരത്രിക വിഭവം വിട്ട് തുഛമായ ഐഹിക ലാഭത്തില്‍ സംതൃപ്തരാകാനാണോ ഭാവം? ദൈവിക ഭരണത്തോട് കൂറ് കാട്ടാത്ത ഭൗതിക ഭരണകൂടങ്ങളുമായി സന്ധിചെയ്യാനാണോ മോഹം? ശാശ്വത ജീവിത മൂല്യത്തിന് പകരം താല്‍ക്കാലിക ജീവിത വിഭവം നേടാനാണോ ശ്രമം?'' (അല്‍ ഹുകൂമത്തുല്‍ ഇലാഹിയ്യ എന്ന ലേഖനത്തില്‍ നിന്ന്. പ്രബോധനം 50-ാം വാര്‍ഷികപ്പതിപ്പ്, 1992 മാര്‍ച്ച്, പേജ് 58,60).

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അബുല്‍ കലാം ആസാദിന്റെ മേല്‍നിരീക്ഷണങ്ങളെ തള്ളിപ്പറയാതെ മൗദൂദിയുടെ രാഷ്ട്രീയത്തെയും തള്ളിപ്പറയാന്‍ ഒരാള്‍ക്കും കഴിയില്ല. കാരണം രണ്ടും മൗലികമായി ഒന്നുതന്നെയാണ്. രണ്ടിന്റെയും ചട്ടക്കൂട് തൗഹീദുമാണ്.

മതേതര ഭൗതികതക്ക് പകരം ദൈവ ദാസ്യവും ദൈവാനുസരണവും ദേശീയത്വത്തിനു പകരം മനുഷ്യത്വവും ജനാധിപത്യത്തിനു പകരം ദൈവാധിപത്യവും ജനപ്രാതിനിധ്യവും ആയിരിക്കണം രാഷ്ട്രീയ പ്രക്രിയയുടെ അടിക്കല്ലെന്നാണ് മൗലാനാ മൗദൂദി ഖുര്‍ആനും സുന്നത്തും മുന്‍നിര്‍ത്തി പ്രബോധനം ചെയ്തത്. ഈ പ്രബോധനത്തെ തള്ളിപ്പറയാന്‍ ഇസ്‌ലാമിനെ തള്ളാതെ നിര്‍വാഹമില്ല. അതൊരുതരം 'മത-ഏകാധിപത്യ-പൗരോഹിത്യ' ഭരണമായിരിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച സെക്യുലര്‍ തീവ്രവാദികള്‍ക്ക് മൗദൂദി തന്നെ മറുപടി എഴുതിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം:

''ജനങ്ങളുടെ ഹാകിമിയ്യത്തിന്റെ (അധീശാധിപത്യത്തിന്റെ)സ്ഥാനത്ത് ജനങ്ങളുടെ ഖിലാഫത്തിനെ(പ്രാതിനിധ്യം)യാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യ(monarchy)ത്തോടും നാടുവാഴി മേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്; ആധുനികകാലത്തെ ഏറ്റവും വലിയ ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹിക ജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്; ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണ നിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമില്ല. പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവും ഇല്ലാത്തതോ; ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേകാവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിത വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഇവ്വിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനപ്രാതിനിധ്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല. ഇവയൊന്നുംതന്നെ  പാശ്ചാത്യര്‍ നമ്മെ അഭ്യസിപ്പിച്ചതുമല്ല. പടിഞ്ഞാറന്‍ ജനാധിപത്യവാദികള്‍ ജന്മമെടുക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നമുക്കതറിയാം. അതിന്റെ ഏറ്റവും നല്ല മാതൃക ലോകത്തിനു നാം പ്രായോഗികമായി കാട്ടി കൊടുത്തിട്ടുള്ളതുമാണ്. വാസ്തവത്തില്‍ ഈ പുത്തന്‍ ജനാധിപത്യത്തില്‍ നമുക്ക് പറ്റാത്തത് ഒന്നു മാത്രമാകുന്നു; അത് ജനങ്ങളുടെ സ്വേഛാ പ്രഭുത്വത്തെ ആവിഷ്‌കരിച്ചുവെന്നത്. ഈ കാര്യത്തില്‍ നമുക്കതിനോട് കഠിനമായ എതിര്‍പ്പും ശത്രുതയുമാണുള്ളത്. കാരണം യാഥാര്‍ഥ്യം നോക്കുമ്പോള്‍ അബദ്ധജടിലമായതോടു കൂടി ഫലം കൊണ്ട് അത്യാപത്കരവുമാണത്. ഏതൊരുത്തന്‍ ജനങ്ങളെ സൃഷ്ടിച്ച് അവരുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കുമുള്ള ഉപാധികളിവിടെ സജ്ജീകരിച്ചുകൊടുത്തിരിക്കുന്നുവോ, ഏതൊരുത്തന്റെ ബലിഷ്ഠവും പ്രബലവുമായ നിയമപാശത്താല്‍ ഓരോ പ്രാപഞ്ചിക വസ്തുവും ബന്ധിതമാണോ അവന്റെ മാത്രം അധികാരത്തിലും അവകാശത്തിലും പെട്ടതാണ് അധീശാധിപത്യം'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം- ഡിസംബര്‍ 2007, പേജ് 19, 20).

ഇനി പറയൂ, കാന്തപുരവും അനുയായികളും തള്ളിക്കളയുന്ന 'മൗദൂദി രാഷ്ട്രീയം' ഏതാണ്? തൗഹീദിന്റെ പരിധിയില്‍ നിന്ന് കൊണ്ട് മൗദൂദി പ്രബോധനം ചെയ്ത ദീനീ രാഷ്ട്രീയത്തെ തള്ളിക്കളയുക വഴി അവര്‍ സഹായിക്കുന്നത് ആരെയാണ്?

മൗദൂദി രാഷ്ട്രീയത്തിന്റെ മര്‍മം കാന്തപുരം വിദ്യാര്‍ഥി വിഭാഗത്തിന്റെ സംവാദവേദിയില്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി എടുത്തുപറഞ്ഞതു തന്നെയാണ്. 'ശരീഅത്തിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്'. ആ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്ന കാലത്തോളം  ജമാഅത്തെ ഇസ്‌ലാമിയോട് കോംപ്രമൈസ് പാടില്ലെന്നാണ് മാര്‍ക്‌സിസ്റ്റ് സഖാവ് ഓര്‍മിപ്പിച്ചിരിക്കുന്നത്.

ശരീഅത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മൗദൂദി പ്രഖ്യാപിക്കാനുള്ള കാരണം, അത് സാമൂഹികനീതിയുടെ നിയമ സംഹിതയാണെന്നതാണ്, മനുഷ്യാവകാശത്തിന്റെ മാര്‍ഗരേഖയാണെന്നതാണ്, സ്ത്രീ സുരക്ഷയുടെ രാജമാര്‍ഗമാണെന്നതാണ്, വിശപ്പും ലഹളയുമില്ലാത്ത ഒരു ലോകം വാഗ്ദാനം ചെയ്യുന്ന നിയമസംഹിതയാണെന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, പ്രക്ഷോഭണ സ്വാതന്ത്ര്യം തുടങ്ങിയ സര്‍വ ജനാധിപത്യ മൂല്യങ്ങളും ശരീഅത്ത് ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ മൗദൂദിക്ക് ശരീഅത്തിനു മുമ്പില്‍ ഉദാസീനനാകാന്‍ കഴിഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിക്കും അത് സാധ്യമല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം