Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

വിമതന്‍

അഫ്‌സല്‍ സുലൈമാന്‍, ആലുവ /സര്‍ഗവേദി

കിഴക്കു പറക്കും കിളികള്‍   

നട്ടുച്ചയിലെ പൊടിക്കാറ്റില്‍                      
ഇരുണ്ടുപോയ ശൂന്യതയില്‍
കിളികള്‍
ദിശമാറിപ്പറക്കുന്നു
മരണ ഭീതിയില്‍....!
പൊടിക്കാറ്റിലലിഞ്ഞ്
കറുത്ത പുകയും
വെടിമരുന്നിന്റെ ഗന്ധവും.
കിളിക്കൂട്ടത്തിലെ അവസാനക്കാര്‍
ചിറകു കരിഞ്ഞ്
മുഖം കുത്തി, മണ്ണിലേക്ക്
ആഘോഷങ്ങള്‍ക്ക്
കാവല്‍ നില്‍ക്കുന്നവരുടെ
കാല്‍ച്ചുവട്ടിലേയ്ക്ക്.

റഹ്മാന്‍ തിരുനെല്ലൂര്‍ 

വിമതന്‍

സ്വാഗതം
'ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്'
എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക് നീട്ടി
വിരിച്ച ബഹുവര്‍ണ പരവതാനികള്‍
കാവി, പച്ച, മഞ്ഞ.....
ഏതെങ്കിലുമൊന്നില്‍ ചവിട്ടാതെ
മലയാള മണ്ണില്‍
കാലുകുത്താനാവില്ലത്രെ.
രക്ഷപ്പെടാനൊരു എളുപ്പവഴിയുണ്ട്,
ചില ഖദറിട്ടയോന്തുകളെപ്പോല്‍,
നിറം മാറി,
കാലുമാറി ഒരു ശയനപ്രദക്ഷിണം.
എന്നാല്‍ അവനറിയാതെയവന്റെയുള്ളിലെ
'വിമതന്‍' ശബ്ദമുയര്‍ത്തി.
പിന്നെയൊട്ടും താമസിച്ചില്ല,
അവര്‍,
അവനായി
'കറുത്ത പരവതാനി' നീട്ടിവിരിച്ചു.

അഫ്‌സല്‍ സുലൈമാന്‍, ആലുവ

പ്രകടന പത്രിക

poem2

കവലയില്‍, വലതോരം ചേര്‍ന്ന്-
വെറും നിലത്ത്,
ഏതാണ്ടഞ്ചു വയസ്സ് തോന്നിക്കുന്ന
ഒരു പ്രകടന പത്രിക കിടക്കുന്നു...

വീണ്ടുമൊരങ്കത്തിനായ്
കച്ചകെട്ടിയ സ്ഥലം എം.പി
പുതിയ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു, പ്രസംഗിച്ചു
നില്‍ക്കെ,
അറിയാതെയൊന്ന് ചവിട്ടിയതില്‍,
പ്രകടന പത്രികയിലെ പാഴ് അക്ഷരങ്ങള്‍
തികട്ടി വന്ന രോഷത്താല്‍,
സടകുടഞ്ഞു ഒരു ബലിഷ്ഠ വടമായി-
അയാളുടെ
ശരീരത്തെ ആസകലം വരിഞ്ഞു മുറുക്കി

വിസ്മയത്താലടുത്തുവന്ന
ജനത്തെയത് അക്ഷര വാല്‍
ചുഴറ്റിയകറ്റിയിട്ടലറി:
'ജനാധിപത്യത്തിന് ചേരുക
കഴുതകളല്ല
കുരക്കും പട്ടികളാണ്..'

ഇസ്മായില്‍ കൂളത്ത്, ഷാര്‍ജ

നേതാവ്

poem3

രാവിലെ മുഷ്ടി ചുരുട്ടി
കരഞ്ഞു വന്ന നേതാവ്
ഉച്ചയ്ക്ക് പ്രാരാബ്ധം
വായ്ത്താരിയില്‍ കഴുകി
വൈകിട്ട് സമൃദ്ധിയുടെ
പരവതാനിയില്‍
ഭൂതത്തെ വാരിപ്പുണര്‍ന്ന്
രാത്രിയില്‍ വെറും കൈയോടെ
പടികളിറങ്ങി
അടുത്തപ്രഭാതത്തില്‍
കാക്കകാഷ്ഠം തലയില്‍ ചുമന്ന്
ട്രാഫിക് ഐലന്റില്‍
ഉയിര്‍ത്തെണീറ്റു
ജീവിക്കാന്‍ തുടങ്ങി. 

ശാസ്താംകോട്ട റഹിം

റെയില്‍പ്പാളം

ഇങ്ങനെയും
ചില
തലയണകളുണ്ട്‌ 

ബസ്സ്

poem4
വികലാംഗരുടെ ഇരിപ്പിടങ്ങള്‍
ഒഴിഞ്ഞ് കിടപ്പുണ്ട്
ഹൃദയം നഷ്ടപ്പെട്ടവര്‍ക്ക് കൂടി
ഇരിക്കാമോ ?
 
ശ്യാം കൃഷ്ണ ലാല്‍, തൊയക്കാവ്‌ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം