Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

കാര്യസാധ്യത്തിന് നേര്‍ച്ച

ഇല്‍യാസ് മൗലവി /പ്രശ്‌നവും വീക്ഷണവും

കാര്യം നേടാന്‍ വേണ്ടിയോ രോഗം മാറാന്‍ വേണ്ടിയോ നേര്‍ച്ചയാക്കുന്ന പതിവുണ്ട് സമൂഹത്തില്‍. ഇങ്ങനെ ഉപാധിവെച്ചുള്ള നേര്‍ച്ച ശരിയാണോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

         ഉദ്ദിഷ്ടകാര്യം നേടാന്‍ വേണ്ടിയോ, ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയോ ഉപാധിവെച്ചുള്ള നേര്‍ച്ച കറാഹത്ത് അഥവാ അനഭിലഷണീയം ആകുന്നു എന്നാണ് ബഹുഭൂരിപക്ഷം ഇമാമുകളുടെയും അഭിപ്രായം. ഒരുവിഭാഗം അങ്ങനെയുള്ള നേര്‍ച്ച  ഹറാം തന്നെയാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. ബുഖാരിയുടെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി തത്സംബന്ധമായി രേഖപ്പെടുത്തിയതിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം:

ഇമാം ശാഫിഈയുടെ അഭിപ്രായത്തിന്റെ പിന്‍ബത്തില്‍, ശാഫിഈ മദ്ഹബിന്റെ വീക്ഷണം ഇത്തരം നേര്‍ച്ചകള്‍ അനഭിലഷണീയമാണ് എന്നാകുന്നു. മാലികി മദ്ഹബിന്റെ വീക്ഷണവും ഇതുതന്നെ. ഇതിന് അവരുന്നയിച്ച ന്യായം, ഇത്തരം നേര്‍ച്ചകള്‍ മുഖേന ദൈവ സാമീപ്യം നേടുകയല്ല യഥാര്‍ഥ ഉദ്ദേശ്യമെന്നും, തന്റെ സ്വാര്‍ഥ താല്‍പര്യം നേടലോ താനകപ്പെട്ട ഒരു ബുദ്ധിമുട്ട് നീങ്ങലോ മാത്രമാണ് എന്നുമാണ്. ഹമ്പലി മദ്ഹബുകാരുടെ വീക്ഷണം ഹറാമിനോടടുത്ത കറാഹത്താണിത് എന്നാണ്. ഇങ്ങോട്ട് എന്തെങ്കിലും പകരം തിരിച്ച് കിട്ടുമെന്ന ഉദ്ദേശ്യമാണ് ഇവിടെ നേര്‍ച്ചയെ വിലക്കപ്പെട്ട കാര്യമാക്കുന്നത്. ഉദാഹരണത്തിന്, ഒരാള്‍ ഇങ്ങനെ പറഞ്ഞു: 'എന്റെ ഇന്നവന്റെ രോഗം അല്ലാഹു സുഖപ്പെടുത്തുന്ന പക്ഷം ഞാന്‍ ഇന്നത് ദാനം ചെയ്യുന്നതാണ്.' ഇവിടെ ഇദ്ദേഹം തന്റെ ദാനത്തെ ഒരു ലക്ഷ്യം നിറവേറപ്പെടുന്നതുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് കുഴപ്പം. ഇതിലൂടെ ദൈവസാമീപ്യം നേടുക എന്നതല്ല, മറിച്ച് കാര്യം നേടുക എന്നത് മാത്രമാണ് അയാളുടെ ഉദ്ദേശ്യം; അതായത് രോഗം ഭേദമാവാത്ത പക്ഷം ദാനം ചെയ്യുകയില്ല എന്ന്. ഇതാണ് നേര്‍ച്ച അനഭിലഷണീയമാവാനും, ചിലരുടെ വീക്ഷണത്തില്‍, ഹറാമാവാനും ന്യായം. അത് തന്നെയാണ് പിശുക്കന്മാരുടെ സ്വഭാവം. തങ്ങള്‍ എന്തെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍  അതിനേക്കാള്‍ മെച്ചപ്പെട്ട വല്ലതും വൈകാതെ തന്നെ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇതേ ആശയമാണ് ഹദീസ് വ്യക്തമാക്കിപ്പറയുന്നതും: ''പിശുക്കന്‍ ചെലവാക്കാന്‍ ഒരുക്കമല്ലാതിരുന്നത് ചെലവാക്കാനുള്ള ഒരു വഴിയെന്നല്ലാതെ മറ്റൊന്നുമല്ല അത്.''

ഇമാം ഇബ്‌നുഹജര്‍ അല്‍ഹൈതമി പറയുന്നു: ''നേര്‍ച്ച സ്വന്തം നിലക്ക് തന്നെ മക്‌റൂഹാണ്. ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് അതാണ്. 'നേര്‍ച്ച ഒരു ഗുണവും കൈവരുത്തുകയില്ല. അതുവഴി പിശുക്കനില്‍ നിന്ന് വല്ലതും പുറത്തെടുക്കപ്പെടുക മാത്രമാണുണ്ടാകുന്നത്' എന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണത്'' (അല്‍ ഫതാവ അല്‍ ഫിഖ്ഹിയ്യ 1/197). 

ഇമാം നവവി പറയുന്നു: അബൂഹുറയ്‌റയുടെ നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ''നിങ്ങള്‍ നേര്‍ച്ചയാക്കരുത്, കാരണം നേര്‍ച്ച വിധിയെ തടുക്കുകയില്ല, അതുവഴി പിശുക്കനില്‍ നിന്ന് വല്ലതും പുറത്തു ചാടിക്കാമെന്നു മാത്രം.'' മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെ: ''നബി(സ) ആ നേര്‍ച്ച നിരോധിച്ചിട്ടുണ്ട്, എന്തെന്നാല്‍ അത് വിധിയെ തടുക്കുകയില്ല.'' ഈ അഭിപ്രായങ്ങളെ നിരൂപണം ചെയ്ത് ഇമാം നവവി പറയുന്നു: ''പകരം വല്ലതും കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുള്ള നേര്‍ച്ചയായതിനാലാണ് ഈ വിലക്ക്. തല്‍ഫലമായി അവന്റെ കൂലി കുറഞ്ഞുപോകും. ആരാധനാ കര്‍മങ്ങളുടെ കാര്യം അത് കളങ്കമില്ലാതെ അല്ലാഹുവിന് വേണ്ടിയായിരിക്കുക എന്നതാണ്.'' ഖാദി ഇയാദ് പറഞ്ഞു: ''വിവരദോഷികള്‍ നേര്‍ച്ച വിധിയെ തടുക്കുമെന്ന് ധരിക്കാനിടയുണ്ട്; അങ്ങനെ, കണക്കാക്കപ്പെട്ട കാര്യം സംഭവിക്കുന്നത് തടയപ്പെടുമെന്നും. വിവരം കെട്ടവന്‍ അത്തരം വിശ്വാസം വെച്ച് പുലര്‍ത്താതിരിക്കാന്‍ വേണ്ടിയാണ് ഈ നിരോധം എന്നതാവാനും സാധ്യതയുണ്ട്. ഹദീസിന്റെ ഘടന ഈ വ്യാഖ്യാനത്തെ സാധൂകരിക്കുന്നു'' (ശറഹു മുസ്‌ലിം 6/30).

നേര്‍ച്ചയുടെ അനഭിലഷണീയതയില്‍ ചില യുക്തികളടങ്ങിയിരിക്കുന്നു. നേര്‍ച്ചകള്‍ വഴിയായി ദൈവ നിശ്ചയം മാറ്റിക്കളയാമെന്ന് ജനങ്ങള്‍ വിശ്വസിക്കാനിടയുണ്ട്. അല്ലെങ്കില്‍ താനുദ്ദേശിക്കുന്ന ഒരു കാര്യം നേടിത്തരാന്‍ അതിന് കഴിയുമെന്ന് അവര്‍ കരുതിയേക്കും. നേര്‍ച്ചവഴിയായി അല്ലാഹു തന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചു തരുമെന്ന ധാരണയുണ്ടാകാനുമിടയുണ്ട്. അതുകൊണ്ടാണ് നേര്‍ച്ച ഒരു നേട്ടവും കൈവരുത്തില്ല, അതൊരു ഗുണവും ചെയ്യില്ല എന്നെല്ലാം തിരുദൂതന്‍ പറഞ്ഞത്. 

കാര്യസാധ്യത്തിനായി നേര്‍ച്ച നേരുന്നതില്‍ വേറെയും അപകടങ്ങളുണ്ട്. ഉദാഹരണമായി, എനിക്ക് അല്ലാഹു ഒരു ആണ്‍കുഞ്ഞിനെ പ്രദാനം ചെയ്താല്‍, അല്ലാഹു എന്റെ കുഞ്ഞിന്റെ രോഗം ഭേദമാക്കിയാല്‍, എന്റെ കച്ചവടം ലാഭകരമായാല്‍ ഞാന്‍ ദാനം ചെയ്യാമെന്നോ പള്ളി നിര്‍മിക്കാം എന്നോ ഒരാള്‍ നേര്‍ച്ച നേരുന്നു. ദാനം, പള്ളിനിര്‍മാണം തുടങ്ങിയ പണ്യകര്‍മങ്ങളെ ഭൗതികമായ ഒരു സ്വാര്‍ഥ ലാഭവുമായി ബന്ധപ്പെടുത്തുകയാണിവിടെ. ഉദ്ദിഷ്ട നേട്ടമുണ്ടായില്ലെങ്കില്‍ അയാള്‍ ദാനം ചെയ്യുകയോ പള്ളി നിര്‍മിക്കുകയോ ഇല്ലെന്നര്‍ഥം. പുണ്യകര്‍മങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യം ശുദ്ധമോ കലര്‍പ്പറ്റതോ അല്ലെന്നാണിത് കാണിക്കന്നത്. കടം കൊടുത്തതിന് കൂടുതല്‍ തിരിച്ചു കിട്ടാതിരുന്നാല്‍ ഒരു പൈസയും പുറത്തുവിടില്ലെന്ന ലുബ്ധന്റെ നിലപാടാണ് യഥാര്‍ഥത്തിലിത്. 'ലുബ്ധനില്‍ നിന്ന് വല്ലതും പുറത്തു ചാടിക്കാമെന്നത് മാത്രമാണിതിന്റെ ഗുണം' എന്ന തിരുവചനത്തിന്റെ സൂചനയും അതുതന്നെ. സോപാധിക നേര്‍ച്ചകള്‍ അനഭിലഷണീയമായി കാണുന്നതിന് ഒരു കാരണം കൂടിയുണ്ട്. അത് മനഃക്ലേശമുണ്ടാക്കുന്ന ഒന്നാണ്. ഐഛികമായ ഒരു കാര്യം സ്വയം ബാധ്യതയായി നിശ്ചയിക്കുകയാണയാള്‍. അലസതയോ ലുബ്‌ധോ താന്തോന്നിത്തമോ മൂലം അത് നിര്‍വഹിക്കാതിരിക്കുകയോ, നിര്‍ബന്ധിതനായി ഒട്ടും ഇഷ്ടമില്ലാതെ നിര്‍വഹിക്കുകയോ ചെയ്യുന്ന ഒരവസ്ഥയാണ് പിന്നീട് സംജാതമാവുക (ഖറദാവിയുടെ ഫത്‌വകള്‍, പേജ്: 307).

ദാനം ചെയ്യുക പോയിട്ട് സ്വന്തം ആവശ്യത്തിനുപോലും ചെലവഴിക്കാത്ത പിശുക്കന്മാരുടെ സ്വഭാവമാണ് ഇത്തരം നേര്‍ച്ചകള്‍ എന്നാണ് തിരുമേനി(സ) പഠിപ്പിക്കുന്നത്. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും അല്ലാഹു നിശ്ചയിച്ച കാര്യങ്ങള്‍ നടക്കുക തന്നെ ചെയ്യുമെന്നും വിധിയെ സ്വാധീനിക്കാന്‍ നേര്‍ച്ചക്ക് കഴിയില്ലെന്നുമാണ് തിരുമേനി(സ) വ്യക്തമാക്കിയിട്ടുള്ളത്. അത്തരം ആഗ്രഹമുള്ളവര്‍ തങ്ങള്‍ക്ക് കഴിയാവുന്നത് ദാനം ചെയ്യട്ടെ, എന്നിട്ട് പ്രാര്‍ഥിക്കട്ടെ. കാരണം, പ്രാര്‍ഥനക്ക് വിധിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്തുകൊണ്ടുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കാന്‍ ഏറെ അര്‍ഹവുമാണ്. അതിനാല്‍ അല്ലാഹുവിന്റെ മേല്‍ ഡിമാന്റ് വെച്ച് സ്വയം അപമാനിതനാവാതിരിക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതാണ്. 

ബഹുമാന്യ പണ്ഡിതന്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പറയുന്നതു കാണുക: ''ചിലര്‍ പ്രതിഫല പ്രതീക്ഷയോ ആത്മാര്‍ഥമായ ഭക്തിയോ ഇല്ലാതെ തങ്ങളുടെ കേവലമായ ഭൗതിക ലക്ഷ്യം നേടുന്നതിനുള്ള ഒരു കുറുക്കുവഴിയായാണ് നേര്‍ച്ചയെ കാണുന്നത്. അതുകൊണ്ട് അത്തരം പിശുക്കന്മാര്‍ക്ക് നഷ്ടം സംഭവിക്കുകയെന്നതല്ലാതെ അല്ലാഹുവിങ്കല്‍ നിന്ന് ഒന്നും നേടിയെടുക്കാന്‍ കഴിയില്ല. വാളം നഷ്ടപ്പെട്ട ആശാരിയുടെ നേര്‍ച്ചയെ അനുസ്മരിപ്പിക്കുന്നതാണ് അത്തരക്കാരുടെ നേര്‍ച്ച. ആശാരിയുടെ പണിയായുധമായ വാളം നഷ്ടപ്പെട്ടപ്പോള്‍ ആ ഇരുമ്പുവാളം കണ്ടു കിട്ടുന്നതിന് സ്വര്‍ണവാളം നേര്‍ച്ചയാക്കി. മകന്‍ സംശയം ചോദിച്ചു: 'അത്രയും സ്വര്‍ണമുണ്ടെങ്കില്‍ നമുക്ക് പിന്നെയെന്തിന് വാളം? പിന്നെയെന്തിന് ആശാരിപ്പണി?' അഛന്‍ പ്രതികരിച്ചു: 'എടാ വിഡ്ഢീ! ആ വാളം കണ്ടുകിട്ടണ്ടേ. അതിനല്ലേ നേര്‍ച്ച. സ്വര്‍ണവാളം കൊടുക്കാനൊന്നുമല്ല നേര്‍ച്ചയാക്കിയത്.' ഇവ്വിധം ദൈവത്തെ പറ്റിക്കാന്‍ സത്യവിശ്വാസി ഒരുങ്ങുകയില്ലെങ്കിലും അതിനോട് തുല്യമായ വിധത്തിലാണ് ചിലരുടെയെങ്കിലും നേര്‍ച്ച വഴിപാട്. അവരോടു വല്ല സഹായവും ധര്‍മവും കിട്ടുക വളരെ പ്രയാസമാണ്. വല്ല രോഗമോ ദുഃഖമോ അപകടമോ സംഭവിക്കണം. എങ്കിലേ വല്ലതും കിട്ടൂ. എങ്കില്‍ തന്നെ കര്‍ക്കശമായ ഉപാധിയോടെ ആണ് അല്ലാഹുവിനു വല്ലതും കൊടുക്കുക. 'രോഗം മാറ്റിത്തരണം, ദുഃഖം നീക്കിത്തരണം, അപകടം പരിഹരിച്ചു തരണം; എങ്കില്‍ നേര്‍ച്ച തരാം' ഇതാണ് ഉപാധി. ഇത്തരം സങ്കുചിത പിശുക്കന്‍ നേര്‍ച്ചയെ നബി തിരുമേനി(സ) നിരോധിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 'നബി(സ) ആ നേര്‍ച്ച നിരോധിച്ചിട്ടുണ്ട്. തിരുമേനി പ്രസ്താവിച്ചിരിക്കുന്നു. അത് ഒരു നന്മയും കൊണ്ട് വരില്ല. അതുമുഖേന പിശുക്കന്റെ പക്കല്‍ നിന്ന് വല്ലതും പുറത്തെടുക്കപ്പെടുക മാത്രമാണുണ്ടാകുന്നത് (മുസ്‌ലിം 1639) (ഹദീസ് അര്‍ഥവും വ്യാഖ്യാനവും, പേജ് 114). 

നേര്‍ച്ച നേര്‍ന്നിട്ട് അത് ലംഘിച്ചാലുള്ള വിധി എന്താണ്?

         നേര്‍ച്ചകള്‍ നേരുന്നതോടെ കേവലം ഐഛികമായിരുന്ന ഒരു കാര്യം നിര്‍ബന്ധമായിത്തീരുന്നു. അതിനാല്‍ അത് നിര്‍വഹിക്കുകതന്നെ വേണം. നേര്‍ച്ചകള്‍ കറാഹത്താണെന്ന അഭിപ്രായത്തിന് നിദാനം എന്തുതന്നെയായാലും, നേര്‍ച്ച നേര്‍ന്നു കഴിഞ്ഞാല്‍ അത് പാലിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. നേര്‍ച്ച നേര്‍ന്ന ശേഷം അത് ലംഘിക്കുന്നവരെ അധിക്ഷേപിക്കുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനിലും ഹദീസിലുമുണ്ട്. 

''അവര്‍ തങ്ങളുടെ നേര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു കൊള്ളട്ടെ'' എന്ന് ഹജ്ജ് അധ്യായത്തിലെ 29-ാം സൂക്തത്തില്‍ കാണാം. പുണ്യവാന്മാരായ സ്വന്തം ദാസന്മാരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''അവര്‍ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും വിപത്ത് വ്യാപകമായിത്തീരുന്ന ഒരു ദിനത്തെ ഭയപ്പെടുകയും ചെയ്യുന്നു'' (അല്‍ ഇന്‍സാന്‍ 7). നേര്‍ച്ച പൂര്‍ത്തിയാക്കാത്തവരെ ആക്ഷേപിച്ചുകൊണ്ട് ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ''അല്ലാഹുവിന്റെ അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിക്കുന്ന പക്ഷം ഞങ്ങള്‍ ദാനംചെയ്യുകയും പുണ്യവാന്മാരായിത്തീരുകയും ചെയ്യും എന്ന് അവനോട് കരാര്‍ ചെയ്തവരും അവരുടെ (കപട വിശ്വാസികളുടെ) കൂട്ടത്തിലുണ്ട്. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹം വന്നു കിട്ടിയപ്പോള്‍ അവര്‍ പിശുക്കു കാണിക്കുകയും അവഗണനയോടെ പിന്തിരിഞ്ഞുകളയുകയും ചെയ്തു. അതേതുടര്‍ന്ന്, അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസം വരെയും  അവരുടെ ഹൃദയങ്ങളില്‍ അവന്‍ കാപട്യം കുടിയിരുത്തി; അവര്‍ അല്ലാഹുവോടുള്ള കരാര്‍ ലംഘിക്കുകയും കളവുപറയുകയും ചെയ്തത് മൂലം'' (അത്തൗബ 75-77).

ഇനി അഥവാ അത് പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രായശ്ചിത്തം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നേര്‍ച്ച പൂര്‍ത്തിയാക്കാന്‍ പറ്റാത്തവരുടെ പ്രായശ്ചിത്തം ശപഥം ലംഘിച്ചവരുടേത് തന്നെയെന്ന് റസൂല്‍(സ) പഠിപ്പിച്ചിരിക്കുന്നു (മുസ്‌ലിം 4342). ശപഥം ലംഘിച്ചവരുടെ പ്രായശ്ചിത്തം അല്ലാഹു സൂറത്തുല്‍ മാഇദ 89-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു പ്രകാരം സ്വകുടുംബത്തിന് നല്‍കുന്ന ഇടത്തരം ആഹാര വസ്തുക്കളില്‍ നിന്ന് പത്ത് അഗതികള്‍ക്ക് ഭക്ഷണമോ അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രമോ നല്‍കുകയോ അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. അവയൊന്നും ലഭ്യമല്ലെങ്കില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായതു നിമിത്തം താന്‍ സ്വയം ബാധ്യതയാക്കിയ കാര്യം നിര്‍വഹിക്കാന്‍ സാധിക്കാതെ വന്നതിന് ഇപ്പറഞ്ഞ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയാകും. 

പ്രായശ്ചിത്തം വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തം ആവശ്യപ്പെടുന്നത് പത്ത് അഗതികള്‍ക്ക് ആഹാരം നല്‍കുക എന്നാണ്. ഇത് മൂന്ന് വിധത്തിലാകാം. സ്വകുടുംബത്തിന് നല്‍കുന്ന ഇടത്തരം ആഹാരം വിശപ്പടങ്ങാന്‍ വേണ്ടത്ര, ദിവസത്തില്‍ രണ്ട് നേരം പൂര്‍ണാഹാരമായി നല്‍കുക. ഉദാഹരണത്തിന് ഒരു നേരം ഊണും മാംസവും, പിന്നൊരു നേരം ഊണ്‍ മാത്രം. ഒരു നേരം മാത്രം നല്‍കിയാല്‍ മതിയാകുമെന്നാണ് ചില പണ്ഡിതന്മാരുടെ വീക്ഷണം. രണ്ടു നേരം നല്‍കുക എന്ന അഭിപ്രായമാണ് പ്രബലം. ഇത് ഒരു രീതി.

രണ്ടാമത്തെ രീതി, ഓരോ അഗതിക്കും അര സ്വാഅ് ഗോതമ്പ്, അരി, ഈത്തപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തു നല്‍കുക എന്നതാണ്. ഒരു വിഭാഗം സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായമാണിത്. ഗോതമ്പാണെങ്കില്‍ അര സ്വാഉം ഇതര ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഉം നല്‍കണമെന്നാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. ഓരോ അഗതിക്കും ഓരോ മുദ്ദ് ഗോതമ്പും അതിനുള്ള കൂട്ടാനുമാണ് നല്‍കേണ്ടതെന്ന് ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. ശാഫിഈ മദ്ഹബ് പ്രകാരം ഒരു മുദ്ദ് ഗോതമ്പാണ് വേണ്ടത്. ഇമാം അഹ്മദ് ഇബ്‌നു ഹമ്പലിന്റെ അഭിപ്രായത്തില്‍ ഒരു മുദ്ദ് ഗോതമ്പ് നിര്‍ബന്ധമാണ്. ഗോതമ്പേതര ഭക്ഷ്യധാന്യങ്ങളാണെങ്കില്‍ രണ്ട് മുദ്ദ് വേണം.

അഗതികള്‍ക്ക് ആഹാരത്തിന്റെ വില നല്‍കുക എന്നതാണ് മൂന്നാമത്തെ രീതി. ഇമാം അബൂഹനീഫയും ശിഷ്യന്മാരും ഇതനുവദിക്കുന്നു. ഈ മൂന്ന് രീതികളില്‍ സൗകര്യപ്രദമായതേതോ അത് സ്വീകരിക്കാം. എങ്കിലും ആഹാരം, ആഹാരമായിത്തന്നെ നല്‍കുക എന്നതാണ് ഖുര്‍ആന്‍ സൂക്തത്തിന്റെ താല്‍പര്യത്തോട് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഖുര്‍ആന്‍ പറഞ്ഞ എണ്ണത്തില്‍ കുറവു വരുത്താന്‍ പാടില്ല. പത്തു അഗതികള്‍ക്ക് നല്‍കേണ്ട ആഹാരമോ അതിന്റെ വിലയോ ഒരാള്‍ക്ക് മാത്രമായി നല്‍കാനും പാടില്ല. കാരണം, അത് ഖുര്‍ആന്റെ പ്രത്യക്ഷാശയത്തെ നിരാകരിക്കലാണ്. പ്രായശ്ചിത്തങ്ങളെക്കുറിച്ച് പറയുന്നേടത്ത് അഗതികളുടെ സംഖ്യ കൂട്ടുന്നതില്‍- ചില കാര്യങ്ങളിലത് അറുപതുവരെ ആകുന്നുണ്ട്- സൃഷ്ടികര്‍ത്താവിന് അവന്റേതായ ചില യുക്തികള്‍ ഉണ്ടാകും. നിശ്ചിത പ്രായശ്ചിത്തം പത്തില്‍ ഒരാള്‍ക്കോ അറുപതില്‍ ഒരാള്‍ക്കോ നല്‍കുന്നത് പ്രസ്തുത യുക്തിയെ ഹനിക്കുമെന്ന് തീര്‍ച്ച. ഒരു നാട്ടില്‍ പത്തില്‍ കുറഞ്ഞ അഗതികളേ ഉള്ളൂവെങ്കില്‍ അതുമതി. അതൊരു നിര്‍ബന്ധിതാവസ്ഥയാണ് എന്നുമാത്രം.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം