Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

'സമാന്തര ഭരണകൂട'ത്തെയും മറികടന്ന് ഉര്‍ദുഗാന്‍

അബൂസ്വാലിഹ /മുദ്രകള്‍

         ഏത് തെരഞ്ഞെടുപ്പ് വരുമ്പോഴും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവര്‍ത്തിക്കുന്ന ഒരു വാക്യമുണ്ട്- തെരഞ്ഞെടുപ്പില്‍ തന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (എ.കെ) പാര്‍ട്ടിക്ക് മേധാവിത്തം കിട്ടിയില്ലെങ്കില്‍ താന്‍ പാര്‍ട്ടി നേതൃസ്ഥാനം ഉപേക്ഷിക്കും. കഴിഞ്ഞ മാര്‍ച്ച് 30-ന് തുര്‍ക്കിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ മുമ്പും ഇതേ കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തവണയും അദ്ദേഹത്തിന് പാര്‍ട്ടി നേതൃത്വം ഒഴിയേണ്ടിവന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി തുര്‍ക്കി രാഷ്ട്രീയത്തില്‍ അത്ഭുത പ്രകടനം നടത്തുന്ന എ.കെ പാര്‍ട്ടി ഇത്തവണയും വിജയം കൈപ്പിടിയിലൊതുക്കി; മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് തന്നെ. എ.കെ പാര്‍ട്ടിക്ക് 45 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് 30 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

പ്രാദേശിക കൗണ്‍സിലുകളിലേക്കുള്ള ഒരു സാദാ തെരഞ്ഞെടുപ്പായിരുന്നെങ്കിലും ഉര്‍ദുഗാന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഭാവിയെക്കുറിച്ച വിധിയെഴുത്ത് തന്നെയാണ് നടന്നത്. ഇതിലെങ്ങാനും പ്രതിപക്ഷം മേല്‍ക്കൈ നേടിയിരുന്നെങ്കില്‍ ഉര്‍ദുഗാന്റെ രക്തത്തിനു വേണ്ടി നാനാ ഭാഗത്തു നിന്നും കൊലവിളികള്‍ ഉയരുമായിരുന്നു. മന്ത്രിമാരെയും ഉര്‍ദുഗാന്റെ അടുത്ത സഹായികളായ ബിസിനസുകാരെയും അഴിമതിക്കേസുകളില്‍ കുടുക്കാന്‍ മാസങ്ങളായി ഒരു 'സമാന്തര ഗവണ്‍മെന്റ്' പ്രവര്‍ത്തിച്ചുവരുന്നതായി ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു. ജുഡീഷ്യറിയിലും പോലീസിലുമാണ് ഈ ഗൂഢാലോചനകള്‍ തിടം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെന്‍സില്‍വാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫത്ഹുല്ല ഗുലന്റെ 'ഹിസ്മത്ത് മൂവ്‌മെന്റി'നെ കുറിച്ചാണ് 'സമാന്തര ഗവണ്‍മെന്റ്' എന്ന പ്രയോഗം. ആഗോള വ്യാപകമായി സ്‌കൂള്‍ ശൃംഖലകള്‍ നടത്തുന്നുണ്ട് ഫത്ഹുല്ല ഗുലന്‍. ഇദ്ദേഹവുമായി സഖ്യം ചേര്‍ന്നുകൊണ്ടാണ് ഉര്‍ദുഗാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. സ്വാഭാവികമായും ഗുലന്റെ ആളുകള്‍ പ്രധാന മന്ത്രാലയങ്ങളുടെ തലപ്പത്ത് കയറിപ്പറ്റി. അവരാണ് തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചും പോലീസിനെയും പ്രോസിക്യൂട്ടര്‍മാരെയും രംഗത്തിറക്കിയും തന്റെ ഗവണ്‍മെന്റിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും, നാട്ടിലും വിദേശത്തുമുള്ള നിരവധി ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.

പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഉര്‍ദുഗാന്റെ മേധാവിത്വം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. വരുന്ന ആഗസ്റ്റില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടി സ്ഥാനാര്‍ഥി മിക്കവാറും ഉര്‍ദുഗാനായിരിക്കും (പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ നിയമ തടസ്സങ്ങളുണ്ട്). തന്നെ പിറകില്‍ നിന്ന് കുത്തി എന്ന് ഉര്‍ദുഗാന്‍ ആരോപിക്കുന്ന ഗുലന്റെ ആളുകളെ അധികാരസ്ഥാനങ്ങളില്‍നിന്ന് ഉര്‍ദുഗാന്‍ പുറത്താക്കുമെന്ന കാര്യവും ഉറപ്പ്. നിയമ നടപടികളുമുണ്ടാവും. പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുകയേ ഇനി ഗുലന് രക്ഷയുള്ളൂ. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാമെന്ന് വെച്ചാലും രക്ഷയില്ല. ഗുലന്റെ അനുയായികള്‍ കേവലം മൂന്ന് ശതമാനം മാത്രമാണ്. ചുരുങ്ങിയത് 10 ശതമാനം വോട്ടെങ്കിലും നേടിയാലേ പാര്‍ലമെന്റ് പ്രവേശം സാധ്യമാവൂ. ഗുലന്റെ സ്വാധീനം എത്രയുണ്ടെന്ന് അളക്കാനും ഈ തെരഞ്ഞെടുപ്പ് സഹായകമായി. മിലിട്ടറിയും ജുഡീഷ്യറിയും ഉള്‍പ്പെടുന്ന 'ഡീപ് സ്റ്റേറ്റി'നെ മാത്രമല്ല, സഖ്യ കക്ഷികളുടെ 'പാരലല്‍ സ്റ്റേറ്റി'നെയും അതിജീവിച്ചു എന്നതാണ് ഉര്‍ദുഗാന്‍ എന്ന രാഷ്ട്രതന്ത്രജ്ഞന്റെ മികവ്.

'ബംഗ്‌സമോറോ'

 സമാധാനം കൊണ്ടുവരുമോ?

         തെക്കന്‍ ഫിലിപ്പൈന്‍ ദ്വീപായ മിന്ദനാവോയില്‍ നാലു പതിറ്റാണ്ടിലേറെ കാലമായി ഗവണ്‍മെന്റ് സൈന്യവും മോറോ പോരാളികളും തമ്മില്‍ നടന്നുവരുന്ന ആഭ്യന്തരയുദ്ധത്തിന്, മലേഷ്യ മുന്‍കൈയെടുത്ത് ഈയിടെ ഒപ്പുവെച്ച സമാധാനക്കരാര്‍ അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. മനിലയില്‍ വെച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് ബനിഗ്‌നോ അക്വിനോയും മിന്ദനാവോയിലെ ഏറ്റവും പ്രബല മുസ്‌ലിം പോരാളി ഗ്രൂപ്പായ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രന്റിന്റെ തലവന്‍ അല്‍ഹാജ് മുറാദ് ഇബ്‌റാഹീമുമാണ് കരാറില്‍ ഒപ്പുവെച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുര്‍റസാഖ്, ഒ.ഐ.സി സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഒഗ്‌ലു എന്നിവരും സന്നിഹിതരായിരുന്നു.

തൊള്ളായിരത്തി എഴുപതുകളുടെ അവസാനം മോറോ ലിബറേഷന്‍ ഫ്രന്റ് സായുധ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു അവരുടെ ലക്ഷ്യം. വളരെ കഴിഞ്ഞാണ് സ്വയംഭരണം എന്ന ആശയത്തിലേക്ക് അവര്‍ ഇറങ്ങിവന്നത്. അപ്പോഴേക്കും ആഭ്യന്തര യുദ്ധത്തില്‍ ഒന്നര ലക്ഷത്തോളം പേര്‍ വധിക്കപ്പെടുകയും പത്ത് ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജനജീവിതം ദുരിതപൂര്‍ണമായി. ഫിലിപ്പൈന്‍സിലെ മറ്റേത് പ്രദേശത്തേക്കാളും വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും മിന്ദനാവോ ബഹുദൂരം പിന്നോട്ട് പോയി എന്നതായിരുന്നു ഇതിന്റെ ആത്യന്തിക ഫലം. കരാര്‍ ഒപ്പുവെച്ചതോടെ ജനം പ്രതീക്ഷയിലാണ്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. പോരാളി ഗ്രൂപ്പുകള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന കരാറിലെ പ്രഖ്യാപനം പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന സൂചനയാണ്.

പക്ഷേ, പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയാണ്. മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രന്റ് മാത്രമാണ് സമാധാനക്കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്. മോറോ നാഷ്‌നല്‍ ലിബറേഷന്‍ ഫ്രന്റ്, ബംഗ്‌സമോറോ ഇസ്‌ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ്, അബൂസയ്യാഫിന്റെ ഗ്രൂപ്പ് തുടങ്ങിയ വേറെയും ചെറിയ പോരാളി സംഘങ്ങളുണ്ട് ഇവിടെ. പല കാരണങ്ങളാല്‍ അവരെയൊന്നും സമാധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പല ഘട്ടങ്ങളില്‍ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രന്റില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവയാണ് ഇവയെല്ലാം തന്നെ. സമാധാനക്കരാര്‍ അംഗീകരിക്കില്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഫിലിപ്പൈന്‍സില്‍ മൊത്തം 10.3 ദശലക്ഷം മുസ്‌ലിംകളുണ്ട്. അതില്‍ വലിയൊരു വിഭാഗം താമസിക്കുന്നത് മിന്ദനാവോ മേഖലയിലാണ്. അത് കേന്ദ്രീകരിച്ചാണ് സ്വയംഭരണ മേഖല നിലവില്‍ വരിക. 'ബംഗ്‌സമോറോ' എന്നായിരിക്കും അതിന്റെ പേര്. 'ബംഗ്‌സ' എന്നാല്‍ ദേശം എന്നും 'മോറോ' എന്നാല്‍ മുസ്‌ലിം എന്നുമാണ് അര്‍ഥം. നിരവധി പ്രയാസകരമായ ഘട്ടങ്ങള്‍ തരണം ചെയ്തു വേണം ഈ 'മുസ്‌ലിംദേശ'ത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം