Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

ഭരണകൂടമാണ് തീവ്രവാദത്തെ രൂപപ്പെടുത്തിയെടുക്കുന്നത്

കെ.പി ശശി/ അഭയ്കുമാര്‍ മിശ്ര/ അഭിമുഖം

കെ.പി ശശി അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സിനിമ നിര്‍മാതാവുമാണ്. ദശാബ്ദങ്ങളായി തുടരുന്ന തന്റെ സാമൂഹിക പ്രവര്‍ത്തനത്തിനിടക്ക് അദ്ദേഹം ആഗോളവല്‍ക്കണ വിരുദ്ധ, ആണവവിരുദ്ധ, വധശിക്ഷാ വിരുദ്ധ സമര മുറകളിലൊക്കെയും  സജീവമായി പങ്കെടുത്തു വരികയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പവും  സമൂഹത്തിലെ പീഡിതരും മര്‍ദിതരുമായ ദലിതുകള്‍, ആദിവാസികള്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കൊപ്പവും  ചേര്‍ന്ന്  നിന്ന് കൊണ്ട് അവരില്‍ ഒരാളായി പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. പോരാട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം രണ്ടു ഡസനിലധികം ഡോക്യുമെന്ററികളും ഏതാനും ചില ഫീച്ചര്‍ ഫിലിമുകളും നിര്‍മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മ്യൂസിക് വീഡിയോകളായ അമേരിക്ക അമേരിക്ക, ഗാവോ ഛോഡബ് നഹി'എന്നിവ ലക്ഷക്കണക്കിന്‍ ഇരകളുടെ പ്രശംസ പിടിച്ചു പറ്റുകയും അനീതിക്കും അസന്തുലിതത്വത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന അനേകം പേര്‍ക്ക് പ്രചോദനമാവുകയും ചെയ്തു. അബ്ദുന്നാസിര്‍ മഅ്ദനിയെ കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷം അദ്ദേഹം നിര്‍മിച്ച 94 മിനിട്ട് ദൈര്‍ഘ്യമുള്ള  ഫാബ്രിക്കേറ്റഡ്'എന്ന ഡോക്യുമെന്ററി അദ്ദേഹത്തിന്റെ  ഏറ്റവും മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്നു. 

കഴിഞ്ഞ നവംബര്‍ മാസത്തില്‍ കെ.പി ശശി ദല്‍ഹിയില്‍ വരികയും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഫാബ്രിക്കേറ്റഡ്' പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കും  സമരപോരാട്ടങ്ങള്‍ക്കും നിരവധി അതുല്യ മാതൃകകള്‍ സൃഷ്ടിച്ച ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും അദ്ദേഹം ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ഥികളുടെ അന്വേഷണങ്ങള്‍ക്കും  സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹവുമായി ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ഥി അഭയ് കുമാര്‍ മിശ്ര നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ഫാബ്രിക്കേറ്റഡ്' എന്ന ഡോക്യൂമെന്ററി നിര്‍മിക്കണമെന്ന് എപ്പോഴാണ് താങ്കള്‍ക്ക് തോന്നിയത്? അതിന്റെ സാഹചര്യം വ്യക്തമാക്കാമോ ?

         മൂന്നു വര്‍ഷം മുമ്പ് ഞാന്‍ കോഴിക്കോട് ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പരിപാടിയില്‍ 'ഗുജറാത്ത് വംശ ഹത്യയും ന്യൂനപക്ഷ അവകാശങ്ങളും''എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കാന്‍ ചെന്നിരുന്നു. നിരവധി ജയിലുകളില്‍  വിചാരണ കാത്തു കഴിയുന്ന നിരപരാധികളെ പറ്റി പഠിക്കാനും മനസ്സിലാക്കാനും കിട്ടിയ നല്ലൊരു അവസരമായിരുന്നു അത്. ആഗോളവത്കരണ വിരുദ്ധ, ആണവ വിരുദ്ധ സമരങ്ങളിലും ഇറോം ഷര്‍മിളക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സമരങ്ങളിലും  ഞാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പോലുള്ള ചില മുസ്‌ലിം സംഘടനകളുമായി മുമ്പേ പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ്. അബ്ദുന്നാസിര്‍ മഅ്ദനിയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി നിര്‍മാണം ഞാന്‍ ഏറ്റെടുത്തിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നവര്‍ ഒരിക്കലെന്നെ സമീപിച്ച് അഭിപ്രായപ്പെട്ടു. ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടന പരമ്പര കേസില്‍ രണ്ടു വര്‍ഷത്തോളമായി അദ്ദേഹം ജയിലിലുമായിരുന്നു. അങ്ങനെയാണു ഈ ദൗത്യം ഏറ്റെടുക്കണം എന്ന് എനിക്കും തോന്നിയത്.

 

ഫാബ്രിക്കേറ്റഡ്'നിര്‍മാണവേളയില്‍ താങ്കള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാമോ?

         സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമാണ്. കേരളത്തിലെ നിരവധി മനുഷ്യാവകാശ സമരങ്ങളിലും വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിലും വളരെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംഘം ആണത്. അതിന്റെ നേതാവ് ടി. മുഹമ്മദ് വേളം എന്നെ ഒരിക്കല്‍ സമീപിച്ചിട്ടു പറഞ്ഞു: ''അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ഒരു യോഗം സംഘടിപ്പിക്കണം.'' മഅ്ദനി  ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് രണ്ടാമതും ജയില്‍ വാസം തുടങ്ങിയ ഘട്ടം ആയിരുന്നു അത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നമുക്ക് ഒരാളുടെ മാത്രം വിഷയത്തില്‍ ചുരുക്കാതെ അദ്ദേഹത്തെപ്പോലെ കെട്ടിച്ചമക്കപ്പെട്ട കേസുകളില്‍ പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ ആളുകളുടെ വിഷയങ്ങള്‍ കൂടി  ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുന്നതായിരിക്കും കുറേക്കൂടി ഫലവത്താവുക. അതുപ്രകാരം'The Indian State and the Art of Fabricating False Cases' എന്ന ടൈറ്റില്‍ വെച്ച് 22 ഓളം വിവിധ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. അവിടെ ഒരു പ്രമേയം പാസാക്കുകയും Human Rights Organizations Express Concern on Madani എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്റെ സഹപ്രവര്‍ത്തക കൂടിയായ നീതുവാണ് അതിനു മുന്‍കൈ എടുത്തത്.  അവരാണ്'ഫാബ്രിക്കേറ്റഡ്'ഡോക്യുമെന്ററിയുടെ അധിക ഭാഗങ്ങളും ഷൂട്ട് ചെയ്തതും. അങ്ങനെയായിരുന്നു അതിന്റെ തുടക്കം. സമയം കടന്നു പോകുന്തോറും എനിക്ക് കൂടുതല്‍ കൂടുതല്‍ ആക്ടിവിസ്റ്റുകളുടെ സഹായ സഹകരണങ്ങള്‍ നിര്‍ലോഭം ലഭിച്ചു കൊണ്ടിരുന്നു. മഅ്ദനിക്ക് വേണ്ടിയുള്ള കാമ്പയിന്‍ വളരെ ശക്തമായി മുന്നോട്ടു പോവുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ www.fabricated.in എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുകയും ദേശീയ തലത്തില്‍ തന്നെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ചമക്കപ്പെട്ട കേസുകളുടെ വിചാരണയും അവലോകനങ്ങളും നടത്തുകയും ചെയ്തു .

കേവലം മഅ്ദനിയുടെ മാത്രം വിഷയമല്ല ഇത്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പല ഘടകങ്ങളും സാഹചര്യങ്ങളും  കൂട്ടിക്കുഴച്ച നിരവധി കെട്ടിച്ചമക്കപ്പെട്ട കേസുകള്‍ ഉള്ളതായി മനസ്സിലാക്കാന്‍  കഴിഞ്ഞു. തുടക്കം മുതലേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു, മഅ്ദനിയെ മാത്രം കേന്ദ്രീകരിച്ചാവരുത് ഞങ്ങളുടെ പ്രവര്‍ത്തനം എന്ന്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മഅ്ദനിക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം എന്നത് മറ്റു ആയിരക്കണക്കിന് കേസുകളിലേക്ക് ശ്രദ്ധ എത്തിക്കുന്നതിനുള്ള ലിങ്ക് ആയിരുന്നു. ഭരണകൂടം ആണ് യഥാര്‍ഥ തീവ്രവാദികള്‍ എന്ന തിരിച്ചറിവ് നല്‍കിയത് മഅ്ദനിയുമായി ബന്ധപ്പെടുത്തുമ്പോഴായിരുന്നു. ആദിവാസികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗത്തില്‍ പെട്ടവരെ തെരഞ്ഞുപിടിച്ച് 'മാവോയിസ്റ്റുകള്‍' എന്ന പേരിലും 'ഇസ്‌ലാമിക തീവ്രവാദികള്‍' എന്ന പേരിലും ആരോപണങ്ങള്‍ നിരത്തി ജനങ്ങളെ വിശ്വസിപ്പിച്ച് കള്ളക്കേസുകള്‍ ചമച്ചു ജയിലില്‍ നിറച്ചിരിക്കുന്നത്. ഭരണകൂടമാണ്. ഏകദേശം രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിനു ശേഷമാണ് ഫാബ്രിക്കേറ്റഡ്' പൂര്‍ണമായത്. പക്ഷേ ഇതൊട്ടും തന്നെ എളുപ്പമുള്ള പണിയായിരുന്നില്ല. കാരണം 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൊത്തം ഡോക്യുമെന്ററി മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട് നിഷ്‌കരുണം 8 മണിക്കൂറാക്കി വെട്ടിച്ചുരുക്കേണ്ടി വന്നു. പിന്നീട് വീണ്ടും  ആ 8 മണിക്കൂര്‍ ചിത്രം 5 മണിക്കൂറായും ചുരുക്കേണ്ടിവന്നു. അവസാനമാണ് ആ 5 മണിക്കൂര്‍ ചിത്രത്തെ കേവലം 94 മിനിറ്റ് മാത്രമാക്കി വെട്ടി വെട്ടി പാകപ്പെടുത്തി എടുത്തത്. പ്രധാനപ്പെട്ട പല ഭാഗങ്ങളും അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക്  ഒഴിവാക്കേണ്ടി വന്നിട്ടുമുണ്ട്.

 

ഫാബ്രിക്കേറ്റഡിലൂടെ എന്ത് സന്ദേശമാണ് താങ്കള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്?

         ഫാബ്രിക്കേറ്റഡ്' നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഭരണകൂടം ആണ് ഏറ്റവും വലിയ തീവ്രവാദികള്‍, അവര്‍ തന്നെയാണ് ഭീകരവാദികള്‍  എന്ന നഗ്‌ന സത്യം. അധിക സ്‌ഫോടനങ്ങളും ഭരണകൂട നിര്‍മിതമാണ്. തീവ്രവാദം,  ഭീകരത എന്നീ ഭയപ്പെടുത്തലുകള്‍ നിരവധി വര്‍ഗങ്ങള്‍ക്ക് നേട്ടത്തിനുള്ള കാരണമായിത്തീരുകയാണ്. രാഷ്ട്രീയ ഭരണ വര്‍ഗം, സൈന്യം, ബിസിനസ് ലോബി, പോലീസ്, ഉദ്യോഗ വര്‍ഗം എന്നിവരാണതിന്റെ ഗുണ ഭോക്താക്കള്‍. ഞാനൊരു ഉദാഹരണം പറയട്ടെ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മാവോയിസത്തിന്റെയോ ഇസ്‌ലാമിക ഭീകരവാദത്തിന്റെയോ പേര്‍ പറഞ്ഞു നിരപരാധികളായ നിരവധി ആളുകളെ അറസ്റ്റു ചെയ്യുന്നുണ്ട്. ജയിലില്‍ അടച്ചിട്ടുമുണ്ട്. എന്തിനേറെ പറയണം, കേരള പോലീസ് പോലും കടല്‍ മാര്‍ഗേണ വന്നെത്തിയേക്കാവുന്ന തീവ്രവാദികളില്‍ നിന്ന് തീരത്തെ സംരക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരിശീലനം വരെ നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ഇങ്ങനെ മാവോയിസത്തിന്റെയും ഇസ്‌ലാമിക ഭീകരവാദത്തിന്റെയും പേരും ഭീതിയും നിലനിര്‍ത്തുന്നത് അവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിലേറെ ഫണ്ട് ലഭിക്കുന്നതിനും അവരുടെ ഭരണ  പോരായ്മകളെ മറച്ചു വെക്കുന്നതിനുമാണ്. PUCL പോലും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, മഅ്ദനി ഉള്‍പ്പെട്ടു എന്ന് ആരോപിക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനം പോലും ഭരണകൂട സൃഷ്ടി ആണെന്നാണ്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരിലൊക്കെ ഇടയ്ക്കിടെ ഉദ്ധരിക്കപ്പെടുന്ന പേരുകളും അവരെ'സംശയിക്കുന്ന'സ്‌ഫോടനങ്ങളും പോലും ചിന്തിക്കുന്നവരെ സംബന്ധിച്ചേടത്തോളം നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തുന്നതാണ്. എന്തിനാണ് ഒരു തീവ്രവാദ സംഘടന അവര്‍ സ്വയം തന്നെ 'ഇന്ത്യന്‍' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്? നല്‍കപ്പെട്ട വിവരണങ്ങളും സ്വഭാവ സവിശേഷതകളും വെച്ച് നോക്കുമ്പോള്‍ നമുക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നത് 'ഇന്ത്യന്‍ മുജാഹിദീന്‍'  എന്നത് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ തന്നെ സൃഷ്ടി ആണെന്നാണ്. മോഡിയും അദ്വാനിയും ഒക്കെ പങ്കെടുക്കുന്ന സമ്മേളന നഗരികളില്‍ സ്‌ഫോടനങ്ങള്‍ കൃത്യമായി നടക്കുന്നത് അവരെ ഹീറോകളാക്കി ചിത്രീകരിക്കാനാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മീഡിയയും പോലീസും എന്താണോ പറയുന്നത് അത് അതേപടി പകര്‍ത്തുകയും പ്രചരിപ്പിക്കുകയും എന്നിട്ട് മഅ്ദനിയെ പോലെയുള്ള നിരപരാധികളെ തീവ്രവാദിയെന്നും ഭീകരവാദി എന്നും വിളിക്കുകയുമാണ് ചെയ്യുന്നത്.

 

എന്തുകൊണ്ടാണ് ഭരണകൂടമാണ് ഏറ്റവും വലിയ തീവ്രവാദികളെന്ന് താങ്കള്‍ പറയുന്നത്?

         അങ്ങനെയാണ് ഭരണകൂടം. ഇന്ത്യ ലോകത്തിലെ ദരിദ്ര രാജ്യങ്ങളില്‍ പെട്ട ഒരു രാജ്യമാണ്. എന്നാലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയുള്ള രാജ്യവും ആണ്. നമ്മുടെ ദേശീയ ബജറ്റിന്റെ പകുതിയും ചെലവഴിക്കപ്പെടുന്നത് പ്രതിരോധ സൈനിക ആവശ്യങ്ങള്‍ക്കാണ്. നമ്മുടെ ഗവണ്‍മെന്റ് ആണെങ്കില്‍ ഓരോ പ്രാവശ്യവും നിരവധി ആയുധങ്ങളും ഉപകരണങ്ങളുമാണ് വാങ്ങിക്കൂട്ടുന്നത്. ഞാന്‍ ഗാന്ധിയനോ ഗാന്ധിയുടെ ആരാധകനോ അല്ല. എങ്കിലും അദ്ദേഹം പറഞ്ഞതിനെ ഞാനും ശരി വെക്കുന്നു. അദ്ദേഹം പറഞ്ഞത് ഇന്ത്യക്ക് ഒരു മിനിമം സൈനിക ശക്തി മതി എന്നായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളൊക്കെ മറന്നു കൊണ്ടാണ് ഇന്ന് ഭരണകൂടം പെരുമാറുന്നത്. കറന്‍സി നോട്ടില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സ്ഥാനം. കണ്‍സ്യൂമറിസത്തിന്റെ സിമ്പലായി അദ്ദേഹം ഉപയോഗിക്കപ്പെട്ടു. കശ്മീര്‍, നാഗാലാണ്ട്, ഛത്തീസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നമ്മുടെ സൈനികര്‍ തന്നെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്കെതിരെ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് എപ്പോഴും ഒരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടിരിക്കണം. നമുക്കെന്തിനാണ് ഇങ്ങനെ ഒരു ശത്രുവിന്റെ ആവശ്യം വരുന്നത്? താടിയെ ഭീകരതയുടെ അടയാളമായി ചിത്രീകരിച്ചത് ഭരണകൂടത്തിന്റെ ഉപകരണങ്ങളും അവരുടെ താല്‍പര്യക്കാരുമാണ്. പോലീസും ജുഡീഷ്യറിയും സ്റ്റേറ്റ് മെഷിനറികളും ഒക്കെ ഭരണകൂടത്തിന്റെ ഇത്തരം താല്‍പ്പര്യങ്ങള്‍ക്ക് അരികുപറ്റുന്നവരുമാണ്. 300 കോടി രൂപ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒഡീഷയിലെ അധികാരത്തിന്റെ മുഴുവന്‍ സ്ഥാപനങ്ങളെയും വിലയ്ക്ക് വാങ്ങാം. അവിടുത്തെ മള്‍ട്ടി നാഷണല്‍ കമ്പനികളും കോര്‍പറേറ്റുകളും ഒക്കെ ഇത്തരത്തില്‍ പലതും അവരുടെ സ്വത്താക്കി മാറ്റിയിരിക്കുകയാണ്.

 

ഇത്തരം പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ കൈകാര്യം ചെയ്യണം എന്നാണ് താങ്കള്‍ പറയുന്നത്?

         ഫാബ്രിക്കേറ്റഡ്'എന്നത് ഈ സമര പോരാട്ട പാതയിലെ വളരെ ചെറിയ ഒരു ശ്രമം മാത്രമാണ്. ചെയ്യാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ട്. നമ്മള്‍ പൊതുജന മനസ്സുകളെ ഇത്തരം കാടന്‍ നിയമങ്ങളെ കുറിച്ച് ബോധാവാന്മാരാക്കണം. പ്രത്യേകിച്ച് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഒരുമിച്ചു ഐക്യത്തോടെ പരസ്പരം സഹകരിച്ച് ഈ സമര പോരാട്ട പാതയില്‍ അണിനിരക്കണം. ദലിതുകളുടെ പ്രശ്‌നങ്ങള്‍ മുസ്‌ലിംകളും  മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ദളിതുകളും അങ്ങോട്ടുമിങ്ങോട്ടും തുല്യ പ്രാധാന്യത്തില്‍  ഏറ്റെടുക്കണം. ആശയപരമായി നോക്കുകയാണെങ്കില്‍ മധ്യ വര്‍ഗത്തിനിടയില്‍ വേരുറച്ചു കിടക്കുന്ന ഇസ്‌ലാമോഫോബിയ അടക്കമുള്ള പല ധാരണകളെയും മാറ്റിയെടുക്കണം. അതിനെതിരെ പൊരുതണം. മറ്റു നിരവധി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരെ കൂടി ഇതേപോലെയുള്ള നിരവധി ഫാബ്രിക്കേറ്റഡ് കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അത് സമൂഹത്തിലെ പ്രധാന പ്രശ്‌നമായി അവതരിപ്പിക്കാനും പറ്റുന്ന വിധത്തില്‍ അവരെ സ്വാധീനിക്കാനും മാറ്റിയെടുക്കാനും കഴിയുമ്പോള്‍ മാത്രമേ ഞാന്‍ ചെയ്ത ഈ ഡോക്യുമെന്റെറി വിജയത്തില്‍ എത്തി എന്ന് എനിക്ക് പോലും അവകാശപ്പെടാന്‍ കഴിയൂ. മഅ്ദനിയുടെ ഭാര്യയും മക്കളും അനുഭവിച്ച പീഡനങ്ങള്‍ പോലെ മറ്റൊരു കുടുംബത്തിനും ദുരിതങ്ങള്‍ ഉണ്ടാകരുത് എന്നതാണ് എന്റെ ആത്മാര്‍ഥമായ ആഗ്രഹം. മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ  മകന്‍ താന്‍ മഅ്ദനിയുടെ മകന്‍ ആണ് എന്ന് പോലും പറയാന്‍ പറ്റാത്തത്ര മാനസിക പ്രയാസം അനുഭവിച്ചിരുന്നു. ഇത്തരം കേസുകളില്‍ അകപ്പെടുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ സമൂഹത്തില്‍ നിന്നും  സമുദായത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒക്കെ അനുഭവിക്കുന്ന ഒറ്റപ്പെടലും ബഹിഷ്‌കരണങ്ങളും നമ്മള്‍ വളരെ വേദനയോടെ തന്നെ തിരിച്ചറിയേണ്ട വസ്തുതകളാണ്.'ഭീകരന്‍ അല്ലെങ്കില്‍ തീവ്രവാദി എന്ന പേരില്‍ എത്ര ആയിരങ്ങള്‍ ജയിലറകളില്‍ അവരുടെ ജീവിതം ഹോമിക്കുന്നുണ്ടോ അതിനേക്കാള്‍ മില്യന്‍ കുടുംബങ്ങള്‍, അവരുമായി ബന്ധപ്പെട്ടവര്‍ ഇതേ പേരുമായി വീടകങ്ങളില്‍ കഴിഞ്ഞു കൂടുന്നുണ്ട്. ഭീകരത' എന്ന മുദ്ര ചാര്‍ത്തലിന്റെ നേരിട്ടുള്ള പ്രഭാവം ഇത്തരം കുടുംബങ്ങളും അനുഭവിക്കുന്നുണ്ട്.

 

മഅ്ദനി വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളെ എങ്ങനെയാണ് കാണുന്നത്?

         തീവ്രവാദിയായ  മഅ്ദനി' എന്ന ഇമേജ് ആദ്യമേ കേരളക്കരയില്‍ രൂപപ്പെടുത്തിയത് ആര്‍.എസ്.എസാണ്. പിന്നീടത് വലതു പക്ഷ ഹിന്ദുത്വ മാധ്യമങ്ങളും ചാനലുകളും ഏറ്റു പിടിക്കുകയായിരുന്നു. മതേതര ഇടതു ശക്തികള്‍ നിഷ്‌കളങ്കര്‍ ആയിരുന്നുവെങ്കില്‍ മഅ്ദനി ഒരിക്കലും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല എന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. മുസ്‌ലിം ലീഗിന്റെ നിലപാടാണ് ഏറ്റവും ഷോക്ക് ഏല്‍പ്പിക്കുന്നത്.  മഅ്ദനിയുടെ ഉയര്‍ച്ച മൂലം ഏറ്റവും ഭീഷണി നേരിട്ടത് അവരാണ്. അതിനാല്‍ തന്നെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം അദ്ദേഹത്തെ ഇപ്പോഴും തീവ്രവാദി എന്ന് വിളിച്ചു കൊണ്ടിരുന്നു. ഞാന്‍ ഇപ്പോള്‍ ഇവിടെ മുസ്‌ലിം ലീഗിനെ നിരൂപണം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ഇപ്പോള്‍ ഞാന്‍ മഅ്ദനിയുടെ മോചനത്തിനു വേണ്ടി സാധ്യമാവുന്നത്ര വിശാലമായ ഒരു ഐക്യദാര്‍ഢ്യ നിരയെ കെട്ടിപ്പടുക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. എന്നാലും എനിക്ക് തോന്നുന്നത് മുസ്‌ലിംലീഗ് നിഷ്‌കളങ്കര്‍ ആയിരുന്നുവെങ്കില്‍ മഅ്ദനി ഇതേപോലെ  ഫ്രെയിം ചെയ്യപ്പെടുമായിരുന്നില്ല എന്നാണ്. പോലീസ് അദ്ദേഹത്തെ ഫ്രെയിം ചെയ്തത് ലീഗിന്റെ ഈ നിലപാടറിയുന്നതുകൊണ്ടു കൂടിയാണ്. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി  ലീഗ് സംസാരിക്കണമായിരുന്നു എന്നല്ല ഞാന്‍  പറഞ്ഞു വരുന്നത്.  നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, ആര്‍.എസ്.എസ് മഅ്ദനിയെ ടാര്‍ഗറ്റ് ചെയ്തപ്പോള്‍ മുസ്‌ലിം ലീഗ് അവരുടെ താല്‍പര്യങ്ങളാണ് അതില്‍ കണ്ടത്. അഥവാ മഅ്ദനി സ്വതന്ത്രന്‍ ആയിരുന്നുവെങ്കില്‍ കേരള രാഷ്ട്രീയത്തിന്റെ ഭൂമിക തന്നെ മാറ്റിയെഴുതപ്പെടുമായിരുന്നു.'അധികാരം അവര്‍ണന് എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യവും മുസ്‌ലിം, ദലിത്, ആദിവാസി, മറ്റു പിന്നാക്ക പീഡിത അധഃസ്ഥിത അവശ വിഭാഗങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്നുള്ള ഐക്യ ആഹ്വാനവും എല്ലാം കേരള രാഷ്ട്രീയ ഭൂപടത്തില്‍ മാറ്റങ്ങള്‍ വരുത്തിവരികയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അടക്കം മേല്‍ പറഞ്ഞ വിഭാഗങ്ങളാല്‍ അകറ്റി നിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണല്ലോ ഇത്. ചുരുക്കത്തില്‍, കേരളത്തിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഅ്ദനി തീവ്രവാദിയാണെന്ന് അംഗീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. ഇത് സത്യത്തില്‍ ഒരു ജാതി ചിന്തയുടെയും ഫലമായി സംഭവിച്ചതാണ്. കാരണം കേരളത്തിലെ ഇടതു- വലതു പ്രസ്ഥാനങ്ങളുടെയൊക്കെ നേതൃത്വം വഹിക്കുന്നത് സവര്‍ണ വരേണ്യ വിഭാഗത്തില്‍ പെട്ടവരാണ്. അതുകൊണ്ട് തന്നെ മഅ്ദനിയുടെ, 'അവര്‍ണര്‍ക്ക് അധികാരം' പോലെയുള്ള രാഷ്ട്രീയ സമീപനങ്ങള്‍ ഇവരുടെ താല്‍പര്യങ്ങളെ വല്ലാതെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

 

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ റോളിനെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു?

         ആദ്യം തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലിലേക്കും കര്‍ണാടക പോലീസ് ബാംഗ്ലൂര്‍ ജയിലിലേക്കും മഅ്ദനിയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയപ്പോള്‍ തന്നെ സി.പി എമ്മിന്റെ അസ്ഥാനത്തുള്ള ആദര്‍ശ ആശയങ്ങളും സാമൂഹിക രൂപവത്കരണവും ചോദ്യം ചെയ്യപ്പെടുകയായിരുന്നു. അവര്‍ക്ക് അതേ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ അധികവും സവര്‍ണ  വിഭാഗത്തില്‍ പെട്ടവരാണ്. അവരുടെ പുരോഗമന രാഷ്ട്രീയമോ ഒരിക്കലും തന്നെ ജാതിയെയോ ലിംഗ വൈജാത്യങ്ങളെയോ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും സമ്മതിക്കുന്നില്ല. കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ഓരോ ദിവസവും വളരെ മോശമായാണ് നീങ്ങുന്നത്. 1930-കളിലും 1940-കളിലും ഒക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും താഴ്ന്ന ജാതിക്കാര്‍ക്ക്  വേണ്ടി പലതും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ ഇന്നത്തെ തലമുറയിലെ നേതൃത്വം അതില്‍ നിന്നൊക്കെ വിദൂരത്താണ്. മാര്‍ക്‌സിസ്റ്റ് ബുദ്ധി ജീവിയും സി.പി.ഐ നേതാവുമായ സി. ഉണ്ണിരാജ പറഞ്ഞതാണ് ശരി. 'നിങ്ങള്‍ ഒരു പുരോഗമന പ്രവര്‍ത്തകന്റെ ധോത്തി പൊക്കി നോക്കിയാല്‍ നിങ്ങള്‍ക്കവിടെ കാവി നിക്കര്‍ കാണാന്‍ കഴിയും' എന്ന്.

 

താങ്കള്‍ പറഞ്ഞല്ലോ ഇടതുപക്ഷ രാഷ്ട്രീയത്തിന് വ്യതിചലനം സംഭവിച്ചു എന്ന്. അതൊന്നുകൂടി വിശദീകരിക്കാമോ?

         പ്രകാശ് കാരാട്ട് പറഞ്ഞത് സ്വത്വ രാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തെ വിഭജിക്കുന്നു എന്നാണ്. ഇങ്ങനെയാണ് അദ്ദേഹം മനസ്സിലാക്കുന്നതെങ്കില്‍ എന്തിനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നായര്‍ സമുദായം കൂടുതല്‍ അധിവസിക്കുന്ന സ്ഥലത്ത് നായര്‍ സമുദായത്തിലെ വ്യക്തികളെ സ്ഥാനാര്‍ഥികളായി വെക്കുന്നത്? എന്തിനാണ് അവര്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ തന്നെ വെക്കുന്നത്? സ്വത്വ രാഷ്ട്രീയം അത്രക്ക് മോശപ്പെട്ട ഒരു സംഗതി ആണെങ്കില്‍ എന്തിനാണ് വനിതാ വിഭാഗത്തെ വൃന്ദ കാരാട്ട് തന്നെ നയിക്കുന്നത്? ഇക്കാലത്ത് തൊഴിലാളി വര്‍ഗം ഇനി ഒരു വിപ്ലവം നടത്തുമെന്നു ഒരു കമ്യൂണിസ്റ്റ് നേതാവും സത്യസന്ധമായി വിശ്വസിക്കില്ല എന്നെനിക്കു പറയാന്‍ കഴിയും. പക്ഷേ, എന്നാലും നേതാക്കള്‍ക്ക്  നിര്‍ബന്ധപൂര്‍വം  പറയേണ്ടിവരികയാണ് , തൊഴിലാളി വര്‍ഗവിപ്ലവം വരുമെന്നും ഇവിടെ മാറ്റം ഉണ്ടാകുമെന്നും. കാരണം അതവര്‍ അവരുടെ വിശ്വാസം നിലനിര്‍ത്താനായി വളരെ പാരമ്പര്യമായി പറഞ്ഞു ശീലിച്ചതാണ്. അതുകൊണ്ടാണ് 1957 മുതല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അധികാരവുമായും അവയുമായുള്ള സഹകരണവുമായും ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ക്കി ടയില്‍ തന്നെ ഒരുപാട് പരിമിതികളെ അവര്‍ക്ക്  കൈകാര്യം ചെയ്യേണ്ടി വന്നതും സൃഷ്ടിക്കേണ്ടി വന്നതും.

 

ഇങ്ങനെയുള്ള ആദര്‍ശപരവും ക്രമാനുഗതവുമായ  ഒരു പുതിയ മാറ്റം എന്തുകൊണ്ടാണ് സംഭവിച്ചത്?

         കാള്‍മാക്‌സ് വര്‍ഗസമരത്തെക്കുറിച്ച് പറഞ്ഞത് ശരിയായിരുന്നു. പക്ഷേ വിവേചനം, ചൂഷണം, സമൂഹത്തിലെ കൈയേറ്റ ശ്രമങ്ങള്‍, അടിച്ചമര്‍ത്തല്‍ നടപടികള്‍ എന്നിവയെ നോക്കിക്കാണാനും അവക്ക് പരിഹാരം കണ്ടെത്താനും അതല്ലാത്ത മറ്റു വഴികളും ഉണ്ട്. ജാതിയുടെയും ലിംഗത്തിന്റെയും ലെന്‍സിലൂടെ തന്നെ അവയെ നോക്കിക്കാണാന്‍ കഴിയും. ഉദാഹരണത്തിന്, ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലവില്‍ വന്നത് സമൂഹത്തിന്റെ ഒരുതരം പിടിച്ചടക്കല്‍ വിഭജനവും തരം തിരിക്കലും മുഖേനയാണ്. പക്ഷേ, രണ്ടു മൂന്നു തലമുറകള്‍ പിന്നിട്ട ശേഷം വര്‍ഗം എന്നത് ജാതിവ്യവസ്ഥയുടെ ഉപോല്‍പന്നമായി നിലവില്‍ വന്നു. അതായത് ഒരു ചെരുപ്പുകുത്തിയുടെ മകന്‍ അയാള്‍ എത്ര തന്നെ മികവുറ്റവനും കഴിവുള്ളവനും ആണെങ്കില്‍ കൂടിയും അയാള്‍ക്ക്  ഒരിക്കലും പാതിരിയാകാന്‍ കഴിയില്ല. ഈ ഒരു ലളിത സത്യം മനസ്സിലാക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഖേദകരമെന്ന് പറയട്ടെ എല്ലാ കമ്യൂണിസ്റ്റ് ആക്റ്റിവിസ്റ്റുകളും സാമ്പത്തിക സ്വാതന്ത്ര്യമാണ് ആത്യന്തിക ലക്ഷ്യമായി കാണുന്നത്. പക്ഷേ, അവരാരും തന്നെ ദലിതുകളും ആദിവാസികളും ലൈംഗിക ന്യൂനപക്ഷങ്ങളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വര്‍ണ- വര്‍ഗവിവേചനം പോലുള്ള അത്യന്തം സാംസ്‌കാരികവും  സാമൂഹികവുമായ  വിഷയങ്ങളെ പ്രാധാന്യത്തോടു കൂടി കാണുന്നില്ല. ചൈനയില്‍ മാവോ ചെയ്തത് പോലെ ഒരു സാംസ്‌കാരിക വിപ്ലവത്തിന് കോപ്പ് കൂട്ടേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു. പക്ഷേ ഇന്നത്തെ സാംസ്‌കാരിക വിപ്ലവത്തില്‍ മാവോക്ക് സംഭവിച്ചതുപോലുള്ള  അബദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംഭവിക്കാനും പാടില്ല. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ മറുവശം എന്ന് പറയുന്നത് ടിബറ്റ് കൈയടക്കലും അതിനെ തുടര്‍ന്നുള്ള ടിബറ്റന്‍ മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിട നല്‍കാത്ത സാംസ്‌കാരിക വിപ്ലവങ്ങളെ പിന്തുണക്കുന്നതും അതിനു വേണ്ടി സംസാരിക്കുന്നതും. ജനങ്ങള്‍ക്ക് കേവലം സാമ്പത്തികമായ സ്വാതന്ത്ര്യം മാത്രമല്ല സാംസ്‌കാരികമായ സ്വാതന്ത്ര്യവും ഉറപ്പുനല്‍കുമ്പോള്‍ മാത്രമേ ഇത്തരം സാംസ്‌കാരികമായ വിപ്ലവങ്ങള്‍ക്ക് ഉറപ്പും പിന്തുണയും ഉറപ്പിക്കാനാവുകയുള്ളൂ .

 

കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവയെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണം എന്താണ് ?

         ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യയില്‍ തന്നെ  മുസ്‌ലിം യുവജനങ്ങളുടെയും മുസ്‌ലിം സ്ത്രീകളുടെയും ഭാഗത്ത് നിന്ന്  ഒരു രാഷ്ട്രീയ സാമൂഹിക നവോത്ഥാനം നടക്കുന്നുണ്ട് എന്നാണ്. ഇത് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയില്‍ ആണുള്ളത്. കേരളത്തില്‍ ഡി.വൈ.എഫ്.ഐ യും എ.ഐ.വൈ.എഫും ഒക്കെ എന്തെല്ലാം ചെയ്തിരുന്നുവോ അല്ലെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യുമായിരുന്നുവെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവോ അതെല്ലാം ഇന്ന് കേരളത്തിലെ  മുസ്‌ലിം യുവജന സംഘടനകള്‍ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന് വിളിക്കപ്പെടുന്ന സംഘടന ഒരുപാട് അണികള്‍ ഉള്ളതും പൊതുജന സമ്മതിയുള്ളതുമായ ഒരു സംഘടനയാണ്. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരം മുതല്‍ കൂടംകുളം ആണവ റിയാക്റ്റര്‍ വിരുദ്ധ സമരങ്ങള്‍ അടക്കമുള്ള നിരവധി ജനകീയ സമരങ്ങള്‍ക്ക്  തുടക്കമിടുകയും നേതൃത്വം വഹിക്കുകയും ചെയ്യുന്ന ജന പിന്തുണയുള്ള സംഘടനയാണ്. അവര്‍ക്ക്  ഏകദേശം 963 യൂനിറ്റുകളാണ് കേരളത്തില്‍ മൊത്തത്തില്‍ ഉള്ളത്. ഭൂമി, വെള്ളം, വനം തുടങ്ങിയ മറ്റു ജനകീയ സമരങ്ങളിലും ദലിത്, ആദിവാസി, മത്സ്യത്തൊഴിലാളി പോലുള്ള വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിലും ആഗോളവത്കരണത്തിനെതിരെയും മറ്റുമൊക്കെയുള്ള സമരങ്ങളിലും അവരുടെ സാന്നിധ്യം വളരെ സജീവമാണ്. സോളിഡാരിറ്റിയുടെ അധിക സമരങ്ങളും പോരാട്ടങ്ങളും അവരുടെ സാമുദായിക പരിസരത്തിനു പുറത്താണെങ്കില്‍ കൂടിയും അവരെ അതിനു പ്രേരിപ്പിക്കുന്നതും ആത്മീയ ചോദനം നല്‍കുന്നതും അവരുടെ മത ഗ്രന്ഥമായ ഖുര്‍ആന്‍ ആണെന്നതില്‍ സംശയമില്ല. എന്നല്ല, ഖുര്‍ആനെ കേവലം സാമുദായികമോ കേവലം മതാചാര പ്രകാരമോ ആയി നിര്‍വചിക്കാതെ വളരെ പുരോഗമനാത്മകമായ രീതിയില്‍ നിര്‍വചിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു എന്നതുമാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. സോളിഡാരിറ്റിക്ക് പുറത്തുള്ള മുസ്‌ലിം യുവാക്കളും ഫാഷിസത്തിനെതിരായി വളരെ വിശാലമായ ഒരു രാഷ്ട്രീയ ബദലിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  ഇസ്‌ലാമിലെ വിമോചന  ദൈവ ശാസ്ത്രം ഒരു ഓര്‍ഗാനിക് പ്രസ്ഥാനം എന്ന നിലയില്‍ ക്രിസ്ത്യാനിറ്റിയിലെക്കാളും ഏറെ അടിത്തറയുള്ളതാണ്. ഇസ്‌ലാം സ്വതവേ തന്നെ ഒരു വിമോചന  ദൈവശാസ്ത്ര പ്രസ്ഥാനം ആണെന്നിരിക്കെ ഇസ്‌ലാമിലെ വിമോചന ദൈവശാസ്ത്രം എന്ന് പ്രത്യേകം നാമകരണം ചെയ്യുന്നതിനെ പലരും നിരുത്സാഹപ്പെടുത്താറുണ്ട്. എന്തൊക്കെയായാലും നിലവിലെ ഈ ചരിത്ര ഘട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംഗതി എന്താണെന്ന് വെച്ചാല്‍ ഇന്ത്യയില്‍ ഒരു പുതിയ വിമോചന രാഷ്ട്രീയത്തിന് മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്ത് നിന്നുള്ള ഒരു കുതിച്ചു കയറ്റമാണ്. സോളിഡാരിറ്റിയുടെയൊക്കെ ഈ മുന്നേറ്റത്തെ ഞാന്‍ മുസ്‌ലിം യുവജന നവോത്ഥാനം എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ നിരവധി മുസ്‌ലിം സംഘടനകള്‍ രാഷ്ട്രീയത്തിലേക്കും മറ്റുമായി മുന്നിട്ടു വരുന്നതായി കാണാന്‍ സാധിക്കും. മുസ്‌ലിം ലീഗ് ഇപ്പോഴും നല്ല അടിവേരുകളുള്ള രാഷ്ട്രീയ പ്രസ്ഥാനമായി നിലകൊണ്ടിരിക്കെ തന്നെ പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിങ്ങനെ വ്യത്യസ്ത മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങള്‍ വളര്‍ന്നു  വരുന്നതായി കാണാം. ഞാന്‍ നാനാത്വത്തെ പിന്തുണക്കുന്ന വ്യക്തിയാണ്. എന്നാലും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ  പൊതു താല്‍പ്പര്യം കണക്കിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പാര്‍ട്ടികളൊക്കെ ഒരുമിച്ചു നിന്ന് ആ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു വരണം എന്നാണു എനിക്ക് തോന്നുന്നത് .

 

മുസ്‌ലിംകള്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടി അവരുടേത് മാത്രമായ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? താങ്കള്‍ ആ വീക്ഷണത്തെ അനുകൂലിക്കുന്നുണ്ടോ?

         മുസ്‌ലിംകള്‍ വിവേചനത്തിനിരയാക്കപ്പെടുന്നു എന്നത് ശരിയായിരിക്കെ തന്നെ അവര്‍ അവരുടേത് മാത്രമായ സഖ്യം ഉണ്ടാക്കാതെ സമൂഹത്തിലെ മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട ദലിതുകള്‍, ആദിവാസികള്‍, മത്സ്യ തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളോടൊപ്പം  ചേര്‍ന്നുകൊണ്ടുള്ള സഖ്യ രാഷ്ട്രീയമാണ് രൂപപ്പെടുത്തേണ്ടത്. അതായത് മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പാര്‍ശ്വവല്‍കൃത സ്വത്വങ്ങള്‍ ഒരുമിച്ചു മുന്നോട്ടു വരണം. 

വിവ: പി.ഇസെഡ് അബ്ദുര്‍റഹീം ഉമരി,
ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ഥി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം