Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

പ്രവാചകന്‍ എങ്ങനെയാണ് പഠിപ്പിക്കുന്നത്?

ഇ.എന്‍ ഇബ്‌റാഹീം മൗലവി /ലേഖനം

         ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം എടുത്തുപറഞ്ഞ പ്രവാചകന്റെ രണ്ട് ഗുണങ്ങള്‍, അഥവാ ബാധ്യതകള്‍ ശ്രദ്ധേയമാണ്; പഠിപ്പിക്കുക, സംസ്‌കരിക്കുക. അധ്യാപകനും സംസ്‌കര്‍ത്താവും. എന്താണ് പഠിപ്പിക്കേണ്ടത്? എങ്ങനെയാണ് സംസ്‌കരിക്കേണ്ടത്? പഠിപ്പിക്കേണ്ടത് ഒന്ന് ഗ്രന്ഥമാണ്, ഖുര്‍ആന്‍. രണ്ട്, ഹിക്മത്ത്. അതായത്, ഖുര്‍ആന്റെ പ്രായോഗിക മാതൃക. ഇമാം ശാഫിഈയെ പോലുള്ള പൂര്‍വ സൂരികള്‍ ഹിക്മത്ത് എന്നാല്‍ സുന്നത്ത് ആണ് എന്ന് പറയുന്നു. മൂന്നാമതൊന്നു കൂടിയുണ്ട് പഠിപ്പിക്കേണ്ടതായി. ജനങ്ങള്‍ക്ക് നേരത്തെ അറിയുമായിരുന്നില്ലാത്ത ചിലത് കൂടി പഠിപ്പിക്കണം. കിതാബും ഹിക്മത്തും പഠിപ്പിക്കാനെന്ന്, അഥവാ പഠിപ്പിക്കണമെന്ന് ഖുര്‍ആന്‍ 2:129, 151, 3:164, 62:2 സൂക്തങ്ങളിലായി വിവരിക്കുന്നു. അറിയാത്തത് പഠിപ്പിക്കുന്ന കാര്യം പറയുന്നത് 2:151-ലാണ്.

ഓതിക്കൊടുക്കലും (തിലാവത്ത്) പഠിപ്പിക്കലും (തഅ്‌ലീം) തമ്മില്‍ വ്യത്യാസമുണ്ട്. എന്താണോ കേള്‍പ്പിക്കേണ്ടത് അത് രേഖയില്‍ നോക്കി വായിച്ചോ, മനഃപാഠം ചൊല്ലിക്കേള്‍പ്പിച്ചോ നിര്‍വഹിക്കാം. എന്നാല്‍, ഒരു കാര്യം പഠിപ്പിക്കണമെങ്കില്‍ അത് ആദ്യം കേള്‍പ്പിക്കണം, തുടര്‍ന്ന് അതിന്റെ ആശയം വ്യക്തമാക്കണം, സംശയം ദൂരീകരിക്കണം, വിശദീകരിക്കണം. ഈ കാര്യങ്ങളത്രയും ഒത്തുചേരുമ്പോഴാണ് പഠിപ്പിക്കല്‍ പ്രക്രിയ സാര്‍ഥകമാവുന്നത്. ഇത് സാധ്യമാവണമെങ്കില്‍ അധ്യാപകന്റെ ശ്രദ്ധ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ചടുലമായിരിക്കണം. പ്രവാചകന്‍ ഒരു അധ്യാപകന്‍ കൂടിയായിരുന്നു. 'ഒരധ്യാപകനായിട്ടു കൂടിയാണ് ഞാന്‍ നിയുക്തനായിരിക്കുന്നത്' എന്ന് നബി(സ) പറഞ്ഞതായി ഹദീസുണ്ട്. 

ഗുരുമുഖത്ത് നിന്ന് പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിക്ക് കാര്യം കൂടുതല്‍ വ്യക്തതയോടെ ഗ്രഹിക്കാനാവുക. അങ്ങനെയാവുമ്പോള്‍ പാഠം നോക്കുക മാത്രമല്ല, പുതിയ പാഠം പഠിപ്പിക്കുക കൂടി ചെയ്യാം. അബദ്ധങ്ങള്‍ തിരുത്തുകയുമാവാം. ഈ തിരുത്തലാണ് സംസ്‌കരണം എന്ന് പറയുന്നത്. അതായത് പഠിപ്പിക്കലും സംസ്‌കരിക്കലും ഒന്നിച്ചു വേണം. പഠിപ്പിന്റെ കൂടെ സംസ്‌കരണപ്രക്രിയ കൂടി നടക്കുന്നില്ലെങ്കില്‍ അറിവ് നിഷ്ഫലമാകും. അറിവ് പകരാതെ സംസ്‌കരിച്ചതുകൊണ്ടും കാര്യമില്ല. അതിനാല്‍ നബി(സ) സമൂഹത്തില്‍ ഈ രണ്ട് കാര്യങ്ങളും ഒന്നിച്ചു (അധ്യാപനവും സംസ്‌കരണവും) നടത്തുകയായിരുന്നു.

തെറ്റിലും ശരിയിലും ഗുരുവിനെ പിന്തുടരുക മനുഷ്യ പ്രകൃതമാണ്. ഈ പിന്തുടര്‍ച്ചക്ക് കാരണം ഗുരുവിനോടുള്ള ഭക്തി, ബഹുമാനം, സ്‌നേഹം എന്നീ വികാരങ്ങളാണ്. സ്‌നേഹം ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയതാണെങ്കില്‍ ഈ പിന്തുടര്‍ച്ചക്ക് മാറ്റുകൂടും. ഇവിടെ, നബി(സ)യുടെ കാര്യത്തില്‍ മറ്റൊരു സവിശേഷത കൂടിയുള്ളത് അദ്ദേഹം പാപമുക്തനാണെന്നതാണ്. തെറ്റുപറ്റാത്തവന്‍-ആരാണോ സംസ്‌കരിക്കുന്നത് അവന്‍ തെറ്റുകള്‍ ചെയ്യുന്നവനാകരുത് എന്നത് ഒരു പ്രാഥമിക ഉപാധിയാണ്. മറിച്ചാവുമ്പോള്‍ ആ തെറ്റുകളില്‍ പിന്തുടര്‍ച്ച വന്നുപോവും. അല്ലെങ്കില്‍ അനുചരന്റെ മനസ്സില്‍ ഒരുതരം അസന്തുഷ്ടി കടന്നുകൂടും. അത് അനുചരന്‍ അല്‍പാല്‍പമായി അകലാന്‍ ഇടയാക്കും. ക്രമേണ അയാള്‍ വഴുതിമാറും. പിന്നെ പിന്നെ ബന്ധം പോലും അറ്റുപോവും. എന്നാല്‍ നബി(സ)യുടെ അനുചരന്മാരിലാര്‍ക്കും അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. കൂടുകയേ ചെയ്തിട്ടുള്ളൂ. പ്രവാചകന്റെ ഉത്കൃഷ്ട സ്വഭാവ-ചര്യാ ഗുണമാണതിന് കാരണം; ''നീ അവരോട് ആര്‍ദ്രതയോടെ വര്‍ത്തിച്ചു. അതിനാല്‍ ആരും വിട്ടുപോയില്ല. അല്ലായിരുന്നെങ്കില്‍ ഇവരൊക്കെ നിന്റെ ചുറ്റുനിന്നും വിട്ടുപോയിട്ടുണ്ടാകുമായിരുന്നു'' (3:159) എന്ന് ഖുര്‍ആന്‍ വെറുതെ പറഞ്ഞതല്ല. പ്രവാചകന്റെ ഗുരു ജിബ്‌രീല്‍ മാലാഖയാണ്. 'പ്രബലന്‍, സിംഹാസനസ്ഥന്റെ സവിധത്തില്‍ ഉന്നതസ്ഥാനീയന്‍, ഉപരിലോകത്ത് സമാദരണീയന്‍, അനുസരിക്കപ്പെടുന്നവന്‍, വിശ്വസ്തന്‍' (81:20,21)-ജിബ്‌രീലിന്റെ സവിശേഷതകളാണിവ.

പ്രബലനായ ഗുരുവിന്റെ ശിഷ്യനും പ്രബലനാവണം, വിശ്വസ്തനും സത്യസന്ധനുമാവണം, അനുസരിക്കപ്പെടുകയും വേണം. രണ്ടും ഉദ്ദേശ്യപൂര്‍വമുള്ള തെരഞ്ഞെടുപ്പാണ്. അല്ലാഹുവിന്റെ തെരഞ്ഞെടുപ്പ്. ''തന്റെ ദൂത് എവിടെ ഏല്‍പ്പിക്കണമെന്ന് നന്നായറിയുന്നവനാണ് അല്ലാഹു'' (6:124).

'സിംഹാസനസ്ഥനായ അല്ലാഹുവിന്റെയടുത്ത്' ജിബ്‌രീലെന്ന പോലെ ഇവിടെ ഭൂമിയില്‍ മുഹമ്മദ് നബി(സ)യും അനുസരിക്കപ്പെടണം. അദ്ദേഹം തന്നെ നല്‍കിയ ശിക്ഷണ സംസ്‌കരണങ്ങളുടെ അടിസ്ഥാനത്തിലാവുകയും വേണം ആ അനുസരണം. അദ്ദേഹം വളര്‍ത്തിയെടുത്ത സമൂഹവും അദ്ദേഹത്തെപ്പോലെ പ്രബലമാവണം; നന്മയുടെ കാര്യത്തില്‍, വിശ്വസ്തതയുടെ കാര്യത്തില്‍, സത്യസന്ധതയുടെ കാര്യത്തില്‍. തങ്ങളെ ഏല്‍പിച്ച ദൗത്യം നഷ്ടപ്പെടുത്താതെയും യാതൊരു ഏറ്റക്കുറച്ചിലും വരുത്താതെയും ഭാവി തലമുറകള്‍ക്ക് കൈമാറുന്നതില്‍ ഈ വിശ്വസ്തയും സത്യസന്ധതയും കൂടുതല്‍ പൊലിമയോടെ ജ്വലിച്ചുനില്‍ക്കണം. 'അദ്ദേഹത്തോടൊപ്പമുള്ളവര്‍' (48:29), 'നിങ്ങള്‍ ഉത്തമ സമൂഹം' (3:110) എന്നിങ്ങനെ ഖുര്‍ആന്‍ അവര്‍ക്ക് സാക്ഷ്യപത്രം നല്‍കിയത് വെറുതെയല്ല.

നിലക്കാത്ത ദൗത്യം

         പൂര്‍വ പ്രവാചകന്മാരില്‍ നിന്ന് മുഹമ്മദ് നബിയെ വ്യത്യസ്തനാക്കുന്ന കാര്യം എന്താവും? മൂന്ന് സുപ്രധാന കാര്യങ്ങള്‍ ഈ ചോദ്യത്തിന്റെ മറുപടിയായി എടുത്തു പറയാം.

1. പൂര്‍വ പ്രവാചകന്മാര്‍ എല്ലാവരും തന്നെ പ്രത്യേക ദേശങ്ങളില്‍ മാത്രം നിയുക്തരായിരുന്നു. മുഹമ്മദ്(സ) സര്‍വ ദേശങ്ങളിലേക്കുമായാണ് നിയുക്തനായിട്ടുള്ളത്. ''പറയുക; മനുഷ്യരേ, ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമായി നിയുക്തനായിട്ടുള്ള അല്ലാഹുവിന്റെ ദൂതനാണ്'' (7:158).

മറ്റുള്ളവരുടെ കാര്യം: ''നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേ(ദേശത്തേ)ക്കയച്ചു (7:59).'' ''ആദ്കുലത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നിയോഗിച്ചു'' (7:65). ''സമൂദിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ'' (7:73). ''മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ'' (7:85).

2. പൂര്‍വ പ്രവാചകന്മാരുടെ ദൗത്യം ആദി ദൗത്യത്തിന്റെ തുടര്‍ച്ചയും അപൂര്‍ണവുമായിരുന്നു. സാര്‍വലൗകികമോ സാര്‍വജനീനമോ അല്ലാത്തത്. അതായത് അവരുടെ ദൗത്യത്തിന്റെ പ്രായോഗിക വശത്തിന് വര്‍ത്തമാനകാലവുമായും നിശ്ചിത പ്രദേശവുമായും മാത്രമാണ് ബന്ധമുണ്ടായിരുന്നത്. മുഹമ്മദ് നബിയുടേത് സാര്‍വജനീനമാണ്, സാര്‍വകാലികവുമാണ്, ആദി ദൗത്യത്തിന്റെ പൂര്‍ത്തീകരണവും. 

3. മൂസയും മുന്‍പ്രവാചകന്മാരും മുഹമ്മദ് നബിയെ കുറിച്ച് സ്വന്തം ജനതക്ക് മുന്‍കൂര്‍ വിവരം നല്‍കിയിട്ടുണ്ട്. പഴയ നിയമത്തില്‍ ആവര്‍ത്തന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: ''യഹോവ സീനായില്‍ നിന്ന് വന്നു. അവര്‍ക്ക് സേയീരില്‍ നിന്ന് ഉദിച്ചു. പാറാന്‍ പര്‍വതത്തില്‍ നിന്ന് വിളങ്ങി. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്ന് വന്നു. അവര്‍ക്ക് വേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലംകൈയില്‍ ഉണ്ടായിരുന്നു'' (ആവര്‍ത്തന പുസ്തകം 33:2).

സീനായില്‍ നിന്ന് വന്നു എന്ന് പറയുകവഴി മൂസയെയും സേയീരില്‍ നിന്ന് ഉദിച്ചു എന്നത് വഴി ഈസയെയും പാറാന്‍ പര്‍വതത്തില്‍ നിന്ന് വിളങ്ങി എന്ന് പറയുക വഴി മുഹമ്മദ് നബിയെയുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍. ഫാറാന്‍ എന്നത് അറേബ്യന്‍ മരുഭൂമിയെക്കുറിച്ചുള്ള പ്രയോഗമാണ്. 'അഗ്നിമയമായ പ്രമാണം' ഖുര്‍ആനല്ലാതെ വേറെ ഒന്ന് ലോകത്തില്ല എന്നതും വസ്തുതയാണ്.

''നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും'' (ആവര്‍ത്തന പുസ്തകം 18:18).

മൂസാ ഒരു സ്വതന്ത്ര പ്രവാചകനായിരുന്നു. അതായത് ഇസ്രാഈല്‍ സമൂഹത്തില്‍ നിയുക്തരായ മറ്റു പ്രവാചകരെപ്പോലെ പൂര്‍വ പ്രവാചകന്റെ ന്യായപ്രമാണത്തെ പിന്തുടരുകയും സമൂഹത്തില്‍ ചില മിനുക്കു പണികള്‍ നടത്തുകയും ചെയ്യുന്ന പ്രവാചകനായിരുന്നില്ല അദ്ദേഹം. ഈസാ നബിയടക്കം ഇസ്രാഈലി പ്രവാചകന്മാര്‍ നിലവിലെ ന്യായപ്രമാണം നിവര്‍ത്തിപ്പാന്‍-്രപാവര്‍ത്തികമാക്കാന്‍-വന്നവരാണ്. 'നിങ്ങള്‍ക്ക് നിഷിദ്ധമായ ചിലത് അനുവദിച്ചുതരാനാണ് ഞാന്‍ നിയുക്തനായിരിക്കുന്നത്' എന്ന് ഈസാ നബി പറഞ്ഞതായി ഖുര്‍ആന്‍ 3:50-ല്‍ പറയുന്നുണ്ട്. പുതിയ നിയമം മത്തായി സുവിശേഷത്തില്‍ ഇത് ഇങ്ങനെ വായിക്കാം: ''ഞാന്‍ ന്യായ പ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന് വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്'' (മത്തായി 5:17).

'അവരുടെ സഹോദരന്മാരില്‍ നിന്ന്' എന്ന് പറയുമ്പോള്‍ 'അവര്‍' ഇസ്‌റാഈല്യരും 'സഹോദരന്മാര്‍' അറബികളും എന്നല്ലാതെ മറ്റൊരു വ്യാഖ്യാനത്തിനും അവിടെ പഴുതില്ല. മുഹമ്മദ് നബി മൂസാ നബിയെപ്പോലെ സ്വതന്ത്ര ന്യായപ്രമാണ(ശരീഅത്ത്)മുള്ള പ്രവാചകനാണ്. ഇസ്‌റാഈല്യരുടെ സഹോദരന്മാരില്‍നിന്ന് അഥവാ അറബികളില്‍ നിന്ന് നിയുക്തനായിട്ടുള്ള പ്രവാചകനുമാണ്. ''അവന്‍ സ്വന്തമായി ഒന്നും ഉരിയാടുന്നില്ല. അതത്രയും അവന് നല്‍കുന്ന സന്ദേശം മാത്രം'' (53:3,4) എന്നും മുഹമ്മദി(സ)നെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്.

4. മറ്റു പ്രവാചകന്മാര്‍ എല്ലാവരും തന്നെ ശേഷം വരാന്‍ പോകുന്ന പ്രവാചകനെക്കുറിച്ച് പ്രവചിക്കുമ്പോള്‍ ഖുര്‍ആനോ മുഹമ്മദ് നബിയോ ഒരു ഭാവി പ്രവാചകനെക്കുറിച്ച് പ്രവചിക്കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ നൈരന്തര്യം തറപ്പിച്ച് ഉറപ്പിച്ച്, അദ്ദേഹത്തോട് കൂടി പ്രവാചകത്വത്തിന് സമാപ്തി കുറിച്ചതായി പറയുന്നു.

ചില ഉദാഹരണങ്ങള്‍ കാണുക: ''നിങ്ങള്‍ക്കെങ്ങനെ നിഷേധികളാവാന്‍ കഴിയും, നിങ്ങളെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നു അവന്റെ ദൂതന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ?'' (ഖുര്‍ആന്‍ 3:101). ''നിങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്റെ ദൂതനുണ്ടെന്ന് നിങ്ങളറിയണം'' (49:7).

പ്രവാചകന്റെ ഈ ജീവനം പ്രവാചകത്വത്തിന്റെ ദൗത്യത്തിന്റെ ജീവനമാണ്. അദ്ദേഹത്തിലെ മുഹമ്മദ് എന്ന വ്യക്തി മാത്രമാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്. ''മുഹമ്മദ് ഒരു ദൂതന്‍ മാത്രം. അദ്ദേഹത്തിന് മുമ്പും ദൂതന്മാര്‍ കടന്നുപോയിട്ടുണ്ട്. അദ്ദേഹം മരിച്ചാല്‍ തന്നെ, അല്ലെങ്കില്‍ വധിക്കപ്പെട്ടാല്‍ തന്നെ നിങ്ങള്‍ പിന്‍വലിഞ്ഞ് കളയുകയോ? ആരു തന്നെ പിന്‍വലിഞ്ഞുകളഞ്ഞാലും അവന്‍ അല്ലാഹുവിന് യാതൊരു ദ്രോഹവും വരുത്തുന്നില്ല'' (3:144).

ദൂതനിലെ മുഹമ്മദ് എന്ന വ്യക്തി മരിച്ചാല്‍ അല്ലെങ്കില്‍ കൊല്ലപ്പെട്ടാല്‍ തന്നെ അദ്ദേഹം പ്രസരിപ്പിച്ച പ്രകാശം, അദ്ദേഹം നല്‍കിയ ദൂത് നിലനില്‍ക്കും. മുഹമ്മദ് എന്ന വ്യക്തിയെ അല്ല അദ്ദേഹത്തിലെ ദൂതനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. അദ്ദേഹത്തിലൂടെ നല്‍കിയ ഗ്രന്ഥം-ഖുര്‍ആന്‍ ആണ് പൂര്‍വ ഗ്രന്ഥങ്ങളെക്കുറിച്ച് വിധി പറയുന്നത് (5:48). അദ്ദേഹം വഴിയാണ് ഈ ദൗത്യം, ഇസ്‌ലാം പൂര്‍ണത പ്രാപിച്ചത് (5:3). അദ്ദേഹത്തെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക മനുഷ്യകുലത്തിന്റെ മൊത്തം ബാധ്യതയാണ് (7:158). നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സ്‌നേഹവും അവങ്കല്‍നിന്നുള്ള പാപമോചനവും ലഭിക്കണമെങ്കില്‍ അദ്ദേഹത്തെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ് (3:31) അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രാവചകന്മാരില്‍ അവസാനത്തെ ആളുമാണ്'' (33:49). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം