Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

അബൂസുഫ്‌യാനുബ്‌നുല്‍ ഹാരിസ്(റ) സ്വര്‍ഗത്തിലെ യുവനേതാവ്

അബൂദര്‍റ് എടയൂര്‍ /ചരിത്രം

         മുഹമ്മദ് നബിയുടെ പിതൃവ്യപുത്രന്‍. ഇരുവരും സമപ്രായക്കാരായിരുന്നു. ഒരേ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവര്‍. സഹോദരന്മാരുടെ മക്കള്‍. ഹലീമാ ബീവിയുടെ മുലപ്പാല്‍ നുകര്‍ന്നവര്‍. നുബുവ്വത്തിന് മുമ്പ് മുഹമ്മദ് നബിയുടെ ഉറ്റചങ്ങാതി; അതിനാല്‍ തന്നെ എല്ലാവരും പ്രതീക്ഷിച്ചു, പ്രവാചകനായ മുഹമ്മദിന്റെ വലംകൈയായി അബൂസുഫ്‌യാന്‍ ഉണ്ടാകുമെന്ന്.

പക്ഷേ വിപരീതമാണ് സംഭവിച്ചത്. സൗഹൃദം ശത്രുതക്ക് വഴിമാറി. കുടുംബബന്ധം വിഛേദിക്കപ്പെട്ടു. സാഹോദര്യത്തിന്റെ സ്ഥാനത്ത് അവഗണന ഇടംപിടിച്ചു. മുഹമ്മദ് നബി പരസ്യപ്രബോധനവുമായി രംഗത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരെ കത്തിപ്പടരുകയായിരുന്നു അബൂസുഫ്‌യാന്‍. 

ഖുറൈശികളിലെ സമര്‍ഥനായ അശ്വഭടനും സമുന്നതനായ കവിയുമായിരുന്ന അദ്ദേഹം പ്രവാചകനെ നഖശിഖാന്തം എതിര്‍ത്തു. മുസ്‌ലിംകള്‍ക്കെതിരെയുള്ള രോഷാഗ്‌നി ആളിക്കത്തിക്കാനുള്ള ഇന്ധനമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ആക്ഷേപഹാസ്യങ്ങളും വിദ്വേഷവും പകയും അവയില്‍ നിറഞ്ഞുതുളുമ്പി. 20 വര്‍ഷത്തോളം ഇസ്‌ലാമിന്റെ ശത്രുനിരയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

എന്നാല്‍, സൗഭാഗ്യമെന്ന് പറയട്ടെ, ഇബ്‌ലീസിനെ പ്രതിഷ്ഠിച്ച ആ ഹൃദയത്തിലേക്ക് ദിവ്യപ്രകാശത്തിന്റെ പൊന്‍കിരണങ്ങള്‍ ഊര്‍ന്നിറങ്ങി. ആരെയും അതിശയിപ്പിക്കുന്ന ആ മനഃപരിവര്‍ത്തനത്തിന്റെ കഥ ഹൃദ്യമായ ഭാഷയില്‍ അദ്ദേഹം തന്നെ വിവരിക്കട്ടെ:

''ഇസ്‌ലാം അറേബ്യയില്‍ ആധിപത്യം ഉറപ്പിക്കുകയും ശിര്‍ക്കിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മക്കയെ വിമോചിപ്പിക്കാന്‍ പ്രവാചകനും അനുയായികളും തയാറടെക്കുന്നുവെന്ന വിവരം കിട്ടുകയും ചെയ്ത സന്ദര്‍ഭം. മക്ക മുഹമ്മദ് നബിയുടെ അധീനതയിലായാല്‍ എന്റെ കാര്യം എന്താകും? ഞാന്‍ എന്തു ചെയ്യും? എങ്ങോട്ടു പോകും? തുടങ്ങിയ ചിന്തകള്‍ എന്റെ മനസ്സിനെ മഥിച്ചു. അസ്വസ്ഥതകളാല്‍ വീര്‍പ്പുമുട്ടി, ഞാനെന്റെ ഭാര്യയോടും മക്കളോടും പറഞ്ഞു: മക്കയില്‍ നിന്ന് യാത്രപുറപ്പെടാന്‍ ഒരുങ്ങിക്കൊള്ളൂ. മുഹമ്മദും കൂട്ടരും ഇങ്ങോട്ട് എത്താറായിരിക്കുന്നു. അവരുടെ കൈയില്‍ അകപ്പെട്ടാല്‍ എന്നെ കൊല്ലുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അവര്‍ പറഞ്ഞു: അറബികളും അനറബികളുമെല്ലാം അദ്ദേഹത്തിന്റെ അനുയായികളായത് താങ്കള്‍ കാണുന്നില്ലേ? എന്നിട്ടും താങ്കളിപ്പോഴും അദ്ദേഹത്തോടുള്ള ശത്രുതയില്‍ ഉറച്ചുനില്‍ക്കുകയാണോ? യഥാര്‍ഥത്തില്‍ അദ്ദേഹത്തെ സഹായിക്കുന്ന കാര്യത്തില്‍ എല്ലാവരെക്കാളും മുന്നില്‍ നില്‍ക്കേണ്ടത് താങ്കളായിരുന്നു. അദ്ദേഹം പ്രചരിപ്പിക്കുന്ന സന്ദേശമൊന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടേ. എന്നിട്ട് ചിന്തിച്ചുനോക്കൂ; താങ്കളുടെ നിലപാടാണോ ശരിയെന്ന്. 

അങ്ങനെ മുഹമ്മദിന്റെ സന്ദേശത്തോട് താല്‍പര്യം ജനിപ്പിക്കുന്ന വിധം, അത് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിക്കുംവിധം അവരെന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അതിന് എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ അല്ലാഹു എന്നെ അനുഗ്രഹിച്ചു. ഇസ്‌ലാം സ്വീകരിച്ച ഞാന്‍ ആ വിവരം പ്രവാചകനെ നേരിട്ടറിയിക്കാന്‍ തീരുമാനിച്ചു.

താമസിയാതെ, ഭൃത്യനായ മദ്കൂറിനെ വിളിച്ച് എന്റെ ഒട്ടകത്തെയും കുതിരയെയും യാത്രക്ക് സജ്ജമാക്കാന്‍ ആവശ്യപ്പെട്ടു.  പ്രവാചകന്‍ മക്കക്കും മദീനക്കും ഇടയിലുള്ള അബ്‌വാഅ് എന്ന സ്ഥലത്തെത്തിയിട്ടുണ്ടെന്നറിഞ്ഞ ഞാന്‍ മകന്‍ ജഅ്ഫറിനെയും കൂട്ടി ദ്രുതഗതിയില്‍ അങ്ങോട്ട് കുതിച്ചു. അവിടെ എത്താറായപ്പോള്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ഞാന്‍ വേഷം മാറി. പ്രവാചക സന്നിധിയിലെത്തും മുമ്പ് ആരെങ്കിലും എന്നെ  തിരിച്ചറിയുകയും ഞാന്‍ കൊല്ലപ്പെടാന്‍ ഇടയാവുകയും ചെയ്യുമോ എന്ന ആശങ്കയാലാണ് അങ്ങനെ ചെയ്തത്.

വേഷപ്രഛന്നനായി മുന്നോട്ട് നീങ്ങവെ, അനുയായികളുടെ അകമ്പടിയോടെ നബി(സ) എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി മുഖാവരണം മാറ്റി. എന്നാല്‍ എന്നെ കണ്ടപാടെ പ്രവാചകന്‍ മുഖം തിരിച്ചു. അന്നേരം അദ്ദേഹം മുഖം തിരിച്ച ഭാഗത്തേക്ക് ഞാന്‍ നിന്നു. അപ്പോള്‍ അദ്ദേഹം മറ്റൊരു ഭാഗത്തേക്ക് തിരിഞ്ഞുനിന്നു. ഇത് പലതവണ ആവര്‍ത്തിച്ചു. എന്റെ ഇസ്‌ലാമാശ്ലേഷം പ്രവാചകനെയും അനുയായികളെയും ഏറെ സന്തോഷിപ്പിക്കുമെന്ന വലിയ പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ, പ്രവാചകന്‍ എന്നെ അവഗണിച്ചതോടെ അനുയായികളുടെ മുഖത്തും എന്നോടുള്ള നീരസം പ്രകടമായി. ഞാന്‍ പ്രവാചകനോടും അനുയായികളോടും ചെയ്ത അപരാധങ്ങള്‍ നിസ്സാരമായിരുന്നില്ലല്ലോ. പിന്നീട് ശിപാര്‍ശക്കായി അബൂബക്‌റിനെയും ഉമറിനെയും സമീപിച്ചെങ്കിലും അവര്‍ എന്റെ മുഖത്തേക്ക് നോക്കാന്‍ പോലും കൂട്ടാക്കിയില്ല. അതിനിടെ ഒരു അന്‍സാരി എനിക്കെതിരെ ശകാരവര്‍ഷം തുടങ്ങി. ഇതര സ്വഹാബികളെല്ലാം എന്നെ രൂക്ഷമായി തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ആ ആക്ഷേപശകാരങ്ങള്‍ സഹിക്കാന്‍ കഴിയാതെ അസ്വസ്ഥനായി നില്‍ക്കുമ്പോഴാണ് എന്റെ പിതൃവ്യനായ അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബിനെ കാണാനിടയായത്. ഉടനെ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് ഞാന്‍ പറഞ്ഞു: എന്റെ ഇസ്‌ലാമാശ്ലേഷം പ്രവാചകനെ സന്തോഷിപ്പിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അദ്ദേഹം എന്നെ തിരിഞ്ഞുനോക്കിയതുപോലുമില്ല. താങ്കള്‍ എനിക്ക് വേണ്ടി അദ്ദേഹത്തോടൊന്ന് സംസാരിക്കാമോ? പിതൃവ്യന്‍ പറഞ്ഞു: 'പ്രവാചകന്റെ നിലപാട് നീ കണ്ടതാണല്ലോ. അതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് ഇടപെടാന്‍ കഴിയില്ല.' ഈ മറുപടി എന്നെ തീര്‍ത്തും നിരാശനാക്കി. ഉടനെ എന്റെ പിതൃവ്യപുത്രനായ അലിയെ കണ്ടു. അദ്ദേഹവും എന്റെ ആവശ്യം നിരാകരിച്ചു.

 

*  *  *  *  *

പ്രവാചകനും അനുയായികളും യാത്രതുടര്‍ന്നു. വഴിമധ്യേ അല്‍ജഹ്ഫ എന്ന സ്ഥലത്ത് തമ്പടിച്ചു. ഞാന്‍ അവിടെ നബി(സ) താമസിച്ച ടെന്റിന്റെ മുന്നില്‍ ഇരുന്നു. കൂടെ മകന്‍ ജഅ്ഫറുമുണ്ടായിരുന്നു. ഒരിക്കല്‍ ടെന്റില്‍ നിന്ന് പുറത്തേക്ക് വന്ന പ്രവാചകന്‍ എന്നെ കണ്ടെങ്കിലും പരിഗണിക്കാതെ നടന്നകന്നു. അദ്ദേഹം തിരിച്ചുവന്നപ്പോഴും ഞാന്‍ അവിടെത്തന്നെയുണ്ടായിരുന്നു. പക്ഷേ കാര്യമൊന്നുമുണ്ടായില്ല. പ്രവാചകന്റെ തൃപ്തി നേടിയിട്ടേ ഇവിടെ നിന്ന് പോകൂ എന്ന് ഞാന്‍ ദൃഢനിശ്ചയം ചെയ്തു. പതിവായി ഞാന്‍ അദ്ദേഹത്തിന്റെ ടെന്റിന് മുന്നില്‍ വന്നിരിക്കാന്‍ തുടങ്ങി. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്നില്‍ നിരാശ പടരാന്‍ തുടങ്ങി. ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു: 'അല്ലാഹുവാണ, നബി(സ) എന്റെ കാര്യത്തില്‍ സംതൃപ്തനാവുന്നില്ലെങ്കില്‍ പിന്നെ ഞാനെന്റെ മകന്റെ കൈ പിടിച്ച് ലോകമെമ്പാടും അലഞ്ഞുതിരിയാന്‍ പോവുകയാണ്. അങ്ങനെ വിശപ്പും ദാഹവും സഹിക്കാനാവാതെ ഏതെങ്കിലും നാട്ടില്‍ വെച്ച് അന്ത്യശ്വാസം വലിക്കും വരെ ആ യാത്ര അലയല്‍ തുടരും.' ഈ സംസാരം പ്രവാചകന്റെ കാതുകളിലെത്തി. എന്നോട് അല്‍പം അലിവ് തോന്നാന്‍ അത് കാരണമായി. 

തുടര്‍ന്ന് പ്രവാചകന്‍ മക്കയിലേക്ക് നീങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒട്ടകത്തോടൊപ്പം നടന്നു. മസ്ജിദുല്‍ ഹറാമിലേക്ക് പുറപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നടന്നു; ഒരിക്കലും വിട്ടുപിരിയാതിരിക്കാനായിരുന്നു അത്. 

*  *  *  *  *

ഹുനൈന്‍ യുദ്ധത്തിന്റെ സന്ദര്‍ഭം. പതിവില്‍ നിന്ന് ഭിന്നമായി അവിശ്വാസികളായ അറബിസമൂഹം ഒന്നടങ്കം പ്രവാചകനും അനുയായികള്‍ക്കുമെതിരെ യുദ്ധസജ്ജരായി രംഗത്തുവന്നു; ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കഥ കഴിക്കണമെന്ന ദൃഢനിശ്ചയത്തോടെ.

ആ ആക്രമണം പ്രതിരോധിക്കുന്നതിനായി പ്രവാചകന്‍ ഒരു സംഘം അനുയായികളെയും കൂട്ടി പുറപ്പെട്ടു. കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ശത്രുനിരയുടെ ആള്‍ബലവും സന്നാഹങ്ങളും കണ്ടപ്പോള്‍, ഇതുവരെ എനിക്കുണ്ടായ എല്ലാ പേരുദോഷങ്ങളും ഇന്നത്തോടെ ഇല്ലാതാക്കുമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. 

ശത്രുക്കള്‍ ആക്രമണം തുടങ്ങി. തുടക്കത്തില്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ക്രമേണ മുസ്‌ലിം പക്ഷത്ത് പരാജയഭീതി പരന്നു. മുസ്‌ലിം സൈന്യം ചിന്നിച്ചിതറി. പ്രവാചകന്‍ പോര്‍ക്കളത്തിന്റെ മധ്യത്തില്‍ പര്‍വതസമാനം ഉറച്ചുനിന്നു പോരാടി. ആ ദൃശ്യം കാണേണ്ട താമസം ഞാന്‍ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി. എന്റെ വാളുറ നശിപ്പിച്ചു. തിരുമേനിയെ സംരക്ഷിക്കാനുറച്ച് ഞാന്‍ അദ്ദേഹത്തിന് സമീപം നിലയുറപ്പിച്ച് ശത്രുക്കള്‍ക്കെതിരെ പോരാടി. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റത്തോടെയുള്ള എന്റെ നില്‍പ് കണ്ടപ്പോള്‍ പ്രവാചകന്‍ അടുത്തുണ്ടായിരുന്ന അബ്ബാസി(റ)നോട് ചോദിച്ചു: 'ആരാണിയാള്‍?' അദ്ദേഹം പറഞ്ഞു: 'ഇത് താങ്കളുടെ സഹോദരനും പിതൃവ്യന്‍ ഹാരിസിന്റെ പുത്രനുമായ അബൂസുഫ്‌യാനാണ്. പ്രവാചകരേ, താങ്കള്‍ അദ്ദേഹത്തില്‍ തൃപ്തി രേഖപ്പെടുത്തുക.'

അന്നേരം പ്രവാചകന്‍ പറഞ്ഞു: 'ഞാനപ്രകാരം ചെയ്തു കഴിഞ്ഞിരിക്കുന്നു. അയാള്‍ എന്നോട് കാണിച്ച എല്ലാവിധ ശത്രുതക്കും അല്ലാഹു അയാള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു.'

ഇത് കേട്ടപ്പോള്‍ എന്റെ ഹൃദയം ആഹ്ലാദത്താല്‍ തുടികൊട്ടി. ഞാന്‍ അദ്ദേഹത്തിന്റെ പാദം ചുംബിച്ചു. അന്നേരം പ്രവാചകന്‍ എന്നോട് പറഞ്ഞു: 'സഹോദരാ, ധീരമായി മുന്നേറൂ. ശക്തമായി പോരാടൂ.'

അതോടെ എന്റെ ആവേശം അണപൊട്ടിയൊഴുകി. എന്റെ ഊര്‍ജസ്വലത കത്തിയാളി. ശത്രുക്കള്‍ക്കെതിരെ പരക്കെ ആക്രമണം അഴിച്ചുവിട്ടു. കാരണം പ്രവാചകന്റെ തൃപ്തി നേടിയ സ്ഥിതിക്ക് മരിക്കാന്‍ എനിക്ക് ലവലേശം ഭയമില്ലായിരുന്നു. തുടര്‍ന്ന് ചിന്നിച്ചിതറിയ മുസ്‌ലിംസൈന്യം ഒന്നിച്ച് പ്രത്യാക്രമണം തുടങ്ങിയതോടെ ശത്രുനിര ഛിന്നഭിന്നമായി. അവര്‍ തോറ്റോടി.''

*  *  *  *  *

തുടര്‍ന്നുള്ള ജീവിതത്തില്‍ സാധ്യമായത്ര സമയം പ്രവാചകനോടൊപ്പം ചെലവഴിക്കാന്‍ ശ്രദ്ധിച്ച അബൂസുഫ്‌യാന്‍ താന്‍ ചെയ്തുകൂട്ടിയ ദ്രോഹങ്ങളുടെ പേരിലുള്ള കുറ്റബോധത്താല്‍ തിരുമേനിയുടെ നേരെ തല ഉയര്‍ത്തി നോക്കാറേ ഉണ്ടായിരുന്നില്ലത്രെ. 

കഴിഞ്ഞുപോയ നാളുകളെ കുറിച്ചോര്‍ത്ത് ഏറെ അസ്വസ്ഥനായിരുന്ന അദ്ദേഹം പരലോകജീവിതം ശോഭനമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്. ജീവിതം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചു. ആരാധനകളുടെ കാര്യത്തിലുള്ള നിഷ്ഠ ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു.  ഒരിക്കല്‍ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ പ്രവാചകന്‍ ആഇശ(റ)യോട് ചോദിച്ചു: ''അതാരാണെന്ന് നിനക്കറിയാമോ?'' ആഇശ(റ): ''തിരുദൂതരേ, എനിക്കറിയില്ലല്ലോ.'' പ്രവാചകന്‍: ''അതെന്റെ പിതൃവ്യപുത്രന്‍ അബൂസുഫ്‌യാനാണ്. നോക്ക്, പള്ളിയില്‍ ആദ്യം പ്രവേശിക്കുന്നതും ഏറ്റവും അവസാനം പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതും അദ്ദേഹമാണ്. അതിനിടക്ക് ഒരുനിമിഷം പോലും അദ്ദേഹത്തിന്റെ ദൃഷ്ടി അവിടെ നിന്ന് അശ്രദ്ധമായിപ്പോകുന്നില്ല.''

പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ഏകപുത്രനെ നഷ്ടപ്പെട്ട മാതാവിനേക്കാള്‍ ദുഃഖിതനായിരുന്ന അദ്ദേഹം പ്രവാചകനെ ഓര്‍ത്ത് വിങ്ങിപ്പൊട്ടി. സങ്കടം അണപൊട്ടിയൊഴുകി. പ്രവാചകന്റെ നിര്യാണത്തില്‍ അനുശോചിച്ച് അദ്ദേഹം രചിച്ച വിലാപകാവ്യം ഏറെ പ്രസിദ്ധമാണ്. 

 

*  *  *  *  *

ഉമറി(റ)ന്റെ ഭരണകാലം. തന്റെ മരണം ആസന്നമായി എന്ന് തിരിച്ചറിഞ്ഞ അബൂസുഫ്‌യാന്‍ തനിക്ക് വേണ്ടി സ്വന്തം കൈകൊണ്ട് ഖബ്‌റുണ്ടാക്കി. ഭാര്യയെയും മക്കളെയും അടുത്ത് വിളിച്ച് പറഞ്ഞു: ''നിങ്ങളാരും എന്റെ പേരില്‍ കരയരുത്. ഇസ്‌ലാം സ്വീകരിച്ച നാള്‍ മുതല്‍ ഇന്നുവരെ അറിഞ്ഞുകൊണ്ട് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.'' അതുകഴിഞ്ഞ് മൂന്നാം ദിവസം അദ്ദേഹം മരണപ്പെട്ടു. ഖലീഫ ഉമര്‍ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ഒരു തീരാനഷ്ടമായിരുന്നു ആ മരണം.

ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും  യൗവനത്തിന്റെ ചുറുചുറുക്കോടെ ഇസ്‌ലാമിന് വേണ്ടി കത്തിജ്ജ്വലിച്ച ആ മഹാപ്രതിഭ സ്വര്‍ഗത്തില്‍ യുവാക്കളുടെ നേതാവാണെന്ന് പ്രവാചകന്‍ പ്രസ്താവിച്ചതായി ഹദീസുകളില്‍ കാണാം.

(അവലംബം: സ്വുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം