Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

നോട്ട വോട്ട് ചോദിക്കുന്ന തെരഞ്ഞെടുപ്പില്‍ നാം എന്തുചെയ്യണം

ടി. മുഹമ്മദ് വേളം /കവര്‍‌സ്റ്റോറി

         ഒരു രാജ്യം അതിനെ വീണ്ടും തീരുമാനിക്കുന്ന സമയമാണ് തെരഞ്ഞെടുപ്പ്. ഒരു ജനാധിപത്യക്രമത്തിന്റെ മുഴുവന്‍ ശക്തിയും ദൗര്‍ബല്യവും വെളിപ്പെടുന്ന സന്ദര്‍ഭം. രക്തം ചിന്തുന്ന തെരഞ്ഞെടുപ്പാണ് യുദ്ധം. രക്തം ചിന്താത്ത യുദ്ധമാണ് തെരഞ്ഞെടുപ്പ് എന്നു പറയാറുണ്ട്. രക്തം വരെ ചിന്തുന്ന യുദ്ധമായി തെരഞ്ഞെടുപ്പുകള്‍ മാറാറുണ്ട്.

സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമല്ല, ഒരു സ്ഥാനാര്‍ഥിക്കും വോട്ടില്ല എന്നു പറയാനും തെരഞ്ഞെടുപ്പിനകത്തു തന്നെ ഔദ്യോഗികമായി അവസരം നല്‍കപ്പെടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അഥവാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തെ വരെ ഉള്‍ക്കൊള്ളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ. ഇന്ത്യന്‍ ജനാധിപത്യം വൈവിധ്യങ്ങളെ കൂടുതല്‍ കൂടുതല്‍ ഉള്‍ക്കൊളളാനുള്ള ശേഷി നേടുക തന്നെയാണ്. 

നോട്ട ഒരു പ്രതികരണമാണ്. അത് പ്രതിഷേധത്തിന്റെ ബട്ടനാണ്. നോട്ട വോട്ടുചോദിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നോട്ട മാത്രമല്ല; പട്ടാള ഭരണം എന്ന ബട്ടന്‍ ഏര്‍പ്പെടുത്തിയാല്‍ അതിനും ഇന്ത്യയില്‍ വോട്ടുകിട്ടും. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സാമ്പ്രദായിക രാഷ്ട്രീയത്തോടുള്ള മടുപ്പ്. രണ്ട്, ജനങ്ങളുടെ ജനാധിപത്യബോധത്തിന്റെ അവികസിതാവസ്ഥ. 

നോട്ട ഒരു നിഷേധാത്മക പ്രതികരണമാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് മുഖ്യധാരയെ തിരുത്തിക്കാന്‍ കഴിയില്ല. പ്രതിഷേധം രചനാത്മകമായി പ്രകടിപ്പിക്കുമ്പോഴാണ് അത് മുഖ്യധാരയുടെ അടക്കം തിരുത്തലുകള്‍ക്ക് വഴിവെക്കുക. ഭരണവര്‍ഗവും പ്രതിഷേധക്കാരും തമ്മില്‍ സംഭാഷണം നടക്കുക. ജനങ്ങളുടെ പ്രതിഷേധത്തിന് ചില മൂര്‍ത്ത രാഷ്ട്രീയ രൂപങ്ങളുണ്ടാവണം. ഭരണവര്‍ഗത്തിനെതിരെ ജനപക്ഷ നിലപാടെടുക്കുന്നവര്‍ നേടുന്ന വോട്ടും സീറ്റും തീര്‍ച്ചയായും മുഖ്യധാരയെ ജനകീയ നിലപാടുകളുമായി ഒരു സംവാദത്തിന് പ്രേരിപ്പിക്കും. 

ജനകീയ സമരങ്ങളെയും ജനപക്ഷ നിലപാടുകളെയും സ്വാംശീകരിക്കുന്ന പല ഗ്രൂപ്പുകളും ഈ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിന് പുറത്തുള്ള നിരവധി വ്യക്തികളും ഗ്രൂപ്പുകളും മത്സരരംഗത്തുളള തെരഞ്ഞെടുപ്പാണിത്.

നോട്ട ഒരു സാമൂഹിക സാഹചര്യത്തിന്റെ പ്രതിഫലനം കൂടിയാണ്. മോഡിയോ, രാഹുലോ, UPA യോ NDA യോ, എ യോ ബി യോ എന്നു മാത്രമല്ല, ആരും ശരിയല്ല എന്ന വികാരം മുമ്പില്ലാത്തവിധം ഇന്ന് ശക്തമാണ്. പക്ഷെ ഈ സാമൂഹിക സാഹചര്യത്തിന്റെ ശരിയായ പരിഹാരമല്ല നോട്ട. നോട്ട പറയുന്നത് നോ  എന്നു മാത്രമാണ്. നോ മാത്രം പറഞ്ഞ് ഒരു ക്രമത്തെ തിരുത്തിക്കാന്‍ കഴിയില്ല. 

പഴയ, ജീര്‍ണിച്ചുപോയ ഉത്തരങ്ങള്‍ക്കെതിരെ പുതിയ ഉത്തരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അത് ജനങ്ങളുടെ രചനാത്മക പ്രതികരണമാവും. അതിനെ ജീര്‍ണ രാഷ്ട്രീയം ഭയപ്പെടും. അതിനു മുന്നില്‍ ഒന്നുകില്‍ അവര്‍ അത് തിരുത്തും. അല്ലെങ്കില്‍ തകരും. നമുക്ക് വേണ്ടത് നിഷേധങ്ങളല്ല; ഉത്തരങ്ങളാണ്. പഴയ ഉത്തരങ്ങള്‍ക്കെതിരെ പുതിയ ഉത്തരങ്ങള്‍.

അവിടെയാണ് പരമ്പരാഗത കക്ഷിരാഷ്ട്രീയക്കാര്‍ കൈയൊഴിച്ച ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളുടെ കനലില്‍ ചവിട്ടി നില്‍ക്കുന്ന ജനകീയ സമരങ്ങളുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് വളരുകയും വികസിക്കുകയും ചെയ്യുന്ന  നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രസക്തമാവുന്നത്.

സമരങ്ങള്‍ ജനങ്ങള്‍ ജീവിക്കുന്നതിന്റെ അടയാളങ്ങളാണ്. ജീവിക്കാനുളള ശ്രമത്തിന്റെ സംഘടിത ശബ്ദമാണ്. അതിനോട് ഏറ്റവും സത്യസന്ധത പുലര്‍ത്തുന്ന രാഷ്ട്രീയത്തിനു മാത്രമേ രാജ്യത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയൂ. കരിനിയമങ്ങള്‍ക്കെതിരെ നിരവധി സമരങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്നുണ്ട്. ബി.പി.എല്‍, പട്ടികജാതി-പട്ടികവര്‍ഗം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നൊക്കെ പറയുന്നതുപോലെ ഒരു ഗണമായി ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ എന്നത് മാറുകയാണ്. സമ്പൂര്‍ണ മദ്യനിരോധം ആവശ്യപ്പെട്ടുകൊണ്ട് നിരവധി സമരങ്ങളാണ്, പ്രത്യേകിച്ച് സ്ത്രീകളുടെ മുന്‍കൈയില്‍ രാജ്യത്ത് ഉയര്‍ന്നുവരുന്നത്. പാരിസ്ഥിതിക സംരക്ഷണത്തിനും സന്തുലിത വികസനത്തിനും വേണ്ടിയുളള ശബ്ദങ്ങളും ശക്തമാണ്. സാമ്പ്രദായിക രാഷ്ട്രീയത്തിന്റെ അടിത്തറകളെക്കുറിച്ച മൗലികമായ വിമര്‍ശനങ്ങളാണ് ഈ സമരങ്ങളെല്ലാം  ഉന്നയിക്കുന്നത്. 

മുതലാളിത്ത വികസനരീതിക്കും സാമ്രാജ്യത്വ രാഷ്ട്രീയത്തിനുമെതിരായ നിലപാടാണ് ഈ സമരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിനു പുറത്ത് മാത്രം കറങ്ങേണ്ടവയല്ല. തെരഞ്ഞെടുപ്പിനെയും സമരായുധമാക്കാന്‍ ജനകീയ ബദലുകള്‍ക്ക് സാധിക്കണം.

ആം ആദ്മിയെ പോലെ സവര്‍ണഭാവുകത്വത്തെ പരിലാളിച്ചുകൊണ്ടുള്ള ധാര്‍മിക രാഷ്ട്രീയം ഇന്ത്യയെ മൗലികമായി പുതുക്കുകയില്ല. കരിനിയമങ്ങളുടെ കാര്യത്തിലോ സംവരണത്തിന്റെ വിഷയത്തിലോ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആശയപരമായി തന്നെ ആം ആദ്മിക്ക് കഴിഞ്ഞിട്ടില്ല. വരേണ്യ ധാര്‍മികതയാണ് കെജ്‌രിവാളിന്റെ സ്വരാജ്. ഇന്ത്യയിലെ സാമൂഹിക വൈരുധ്യങ്ങളെ കാണാന്‍ ശേഷിയില്ലാത്ത ഒരു ബദലിനും ഇവിടെ യഥാര്‍ഥ ബദലാവാന്‍ കഴിയില്ല.

ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് സംഭവിച്ച അതേ അബദ്ധമാണ് ആം ആദ്മിക്കും സംഭവിക്കുന്നത്. ഏറ്റവും തീക്ഷ്ണമായ യാഥാര്‍ഥ്യത്തോട് പുറംതിരിഞ്ഞ് സാമൂഹിക പരിഷ്‌കരണത്തിന് ശ്രമിക്കുക. ആം ആദ്മിക്ക് താല്‍ക്കാലികമായി ലഭിക്കുന്ന സ്വീകാര്യതക്കും ഈ സവര്‍ണ സൗഹൃദ നിലപാട് ഒരു കാരണമായിരിക്കും. ബദല്‍ വേണം പക്ഷേ അത് ഇന്ത്യന്‍ സാമൂഹികാവസ്ഥക്കെതിരെ തന്നെയുള്ള ബദലാവരുത് എന്ന മനസ്സ് വരേണ്യ മധ്യവര്‍ഗത്തിനുണ്ട്. 

എല്ലാവരും ആം ആദ്മിയില്‍ ചേരുക എന്നതല്ലാതെ മറ്റു സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഖ്യങ്ങള്‍ സ്ഥാപിക്കാന്‍ ആപ് സന്നദ്ധമല്ല. തങ്ങളുടെ ശുദ്ധിയെക്കുറിച്ച ബോധം അതിന് ഒരു പ്രധാന കാരണമായിരിക്കും. വരേണ്യ ധാര്‍മികത ചിലപ്പോള്‍ വരേണ്യമായ അധാര്‍മികതയേക്കാള്‍ അപകടകരമായി മാറും.

ജനപക്ഷ ബദല്‍ മുഖ്യധാരാ രാഷ്ട്രീയത്തേക്കാള്‍ ജനാധിപത്യപരമാവുമ്പോള്‍ മാത്രമേ അതിന് ജനകീയ ബദലാവാനാവൂ. അങ്ങനെ നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ വികസിപ്പിക്കാനാവും. ഹിംസയെ ഒരു രാഷ്ട്രീയ ആയുധമായി കാണുന്നവര്‍ രാഷ്ട്രീയ സംസ്‌കാരത്തില്‍ മുഖ്യധാരയുടെ തന്നെ ഭാഗമാണ്. ഉയര്‍ത്തുന്ന മുദ്രാവാക്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തിക്കുന്ന സംസ്‌കാരത്തില്‍ കൂടിയാണ് ഒരു രാഷ്ട്രീയ ബദല്‍ രാഷ്ട്രീയമാവുന്നത്. ലോകവ്യാപകമായി നവ സാമൂഹിക പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങളും അക്രമരാഹിത്യത്തില്‍ അടിയുറച്ച് നില്‍ക്കുന്നവയാണ്. അറബ് വസന്തം മുതല്‍ കേരളത്തിലെ ചെങ്ങറ സമരം വരെ അതിന്റെ സാക്ഷ്യങ്ങളാണ്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രധാന കാരണം തന്നെ അവരിരുവരുടെയും പ്രവര്‍ത്തനരീതിയിലെ ഈ അക്രമരാഹിത്യമാണ്. 

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ '90-കളുടെ ആദ്യഭാഗത്ത് എന്നത് പോലെ വീണ്ടും കാറ്റും കോളും രൂപപ്പെടുന്ന കാലമാണിത്. അന്ന് ഇടതുപക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ലീഗിനെതിരായ രാഷ്ട്രീയം ഇബ്‌റാഹീം സുലൈമാന്‍ സേട്ടും അബ്ദുന്നാസിര്‍ മഅ്ദനിയും ഉയര്‍ത്തിയതെങ്കില്‍ പുതിയ കാലത്ത് ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒരേപോലെ എതിര്‍ത്തുകൊണ്ടാണ് പുതിയ മുന്‍കൈകള്‍ രൂപപ്പെടുന്നത്. സമുദായത്തിന്റെ സ്വത്വപ്രതിസന്ധികളെ പൊതു ലോകത്തിന്റെ പ്രശ്‌നങ്ങളുമായി ചേര്‍ത്ത് മനസ്സിലാക്കാനും സമുദായത്തിനു മാത്രമായല്ല രാജ്യത്തിനു മൊത്തമായുള്ള പരിഹാര വഴികള്‍ കണ്ടെത്താനും ഇത്തരം മുന്‍കൈകള്‍ക്ക് കഴിയുന്നുണ്ട്. 

ഹിംസാത്മകമായ ലീഗിതര സമുദായ രാഷ്ട്രീയത്തെ ലീഗ് തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാഴ്ചയും കേരളത്തില്‍ കാണാന്‍ കഴിയും. ലീഗിന്റെ ബി ടീമിനെ ലീഗ് തന്നെ വളര്‍ത്തുന്നു. അവരുടെ തന്നെ സ്വയംകൃതാനര്‍ഥങ്ങളാല്‍ ഉണ്ടായ ലീഗ്‌വിരുദ്ധത മുസ്‌ലിം സമൂഹത്തിലെ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ഥ്യവും തങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്ന സംഘടനാ രൂപങ്ങളാല്‍ തന്നെ തളച്ചിടുക എന്നതായിരിക്കും ഇതിന്റെ പിന്നിലെ ലീഗ് മനഃശാസ്ത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം