ജയിലിലേക്കയക്കേണ്ടവരെ പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് തിരുകുമ്പോള്‍
ജയിലിലേക്കയക്കേണ്ടവരെ പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് തിരുകുമ്പോള്‍
ജനസേവനം ജീവിതലക്ഷ്യമാക്കി, 16-ാം ലോക്‌സഭയിലേക്ക് മത്സരവുമായി കുതിക്കുന്നവരില്‍ 30 ശതമാനം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ദേശീയ ഇലക്ഷന്‍ വാച്ച് ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ കൊലപാതകം പോലുള്ള വന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നവരുമായ മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ അഹമഹമികയാ എന്ന മട്ടില്‍ അരങ്ങ് തകര്‍ക്കുകയാണ്.
188 സ്ഥാനാര്‍ഥികളില്‍ 56 പേര്‍ ക്രിമിനലുകള്‍! ബി.ജെ.പിയുടെ 62 സ്ഥാനാര്‍ഥികളില്‍ ക്രിമിനലുകള്‍ 23. കോണ്‍ഗ്രസ്സിന്റെ 126 സ്ഥാനാര്‍ഥികളില്‍ 33 പേര്‍ ക്രിമിനലുകള്‍. ബി.ജെ.പിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ കൊലക്കേസ് പ്രതികളാണെങ്കില്‍ കോണ്‍ഗ്രസ്സിലെ 3 പേര്‍ വധശ്രമ കേസിലെ പ്രതികള്‍!
കുറ്റവാളികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന പരമോന്നത കോടതിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നിര്‍ദേശങ്ങള്‍ക്കെതിരെ രാജ്യത്തെ സകല ജനസേവന-രാഷ്ട്ര പുനര്‍നിര്‍മാണ പാര്‍ട്ടികളും ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയോ? ജനപക്ഷ രാഷ്ട്രീയം, സംശുദ്ധ രാഷ്ട്രീയം, മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് ഒച്ച വെക്കുന്ന പുത്തന്‍ കൂറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍, സമൂഹത്തില്‍ കാലമേറെയായി വേരുറച്ചു വിലസുന്ന, പൊതുജനത്തെ വിഡ്ഢീകരിക്കുന്ന ചൂഷണാധിഷ്ഠിത-താല്‍പര്യാധിഷ്ഠിത പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത പമ്പര വിഡ്ഢികള്‍ തന്നെ.
ആപാദചൂഢം അഴിമതിയിലും കോര്‍പറേറ്റ് ദാസ്യത്തിലും മുങ്ങിക്കുളിച്ച മുഖ്യധാരാ പാര്‍ട്ടികളുടെ ജനദ്രോഹ രാഷ്ട്രീയത്തിനൊരു ബദല്‍ കൊതിച്ച ദല്‍ഹിക്കാരുടെ തിരിച്ചറിവ് രാഷ്ട്രീയ ബോധമെങ്കിലും കൈവരാത്ത കാലത്തോളം ജനക്ഷേമ രാഷ്ട്രീയത്തിന്റെ വിജയപതാക നമ്മുടെ രാജ്യത്ത് പാറിക്കളിക്കുമെന്ന് കരുതാന്‍ വയ്യ. പാര്‍ലമെന്റിലെ നാലില്‍ മൂന്നും കോടീശ്വരന്മാര്‍! ഗണ്യമായ വിഭാഗം ക്രിമിനലുകളും. കോടീശ്വര പ്രമുഖര്‍ക്കും ക്രിമിനല്‍ വീരന്മാര്‍ക്കും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിത പ്രയാസങ്ങളോടും പ്രശ്‌നങ്ങളോടും അനുഭാവപൂര്‍വം പ്രതികരിക്കാന്‍ എങ്ങനെ കഴിയാനാണ്?
റഹ്മാന്‍ മധുരക്കുഴി
ദീനിനെ വില്‍ക്കുന്നവര്‍
മതത്തിന്റെ മറവിലുള്ള ചൂഷണങ്ങള്‍ വ്യാപകമാണ്. അല്ലാഹുവിനെയും പ്രവാചകനെയും ദീനിനെയും വില കുറഞ്ഞ വില്‍പനച്ചരക്കായി മാത്രം കാണുന്ന മതപണ്ഡിതന്മാര്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പണത്തിനും സ്ഥാനമാനങ്ങള്‍ക്കും പിറകെ നെട്ടോട്ടമോടുന്ന ഭൗതിക പ്രേമികളായി ചില പണ്ഡിതന്മാരെങ്കിലും മാറിക്കഴിഞ്ഞിരിക്കുന്നു.
ടി.ടി ഇസ്മാഈല്‍, അഗത്തി, ലക്ഷദ്വീപ്
നമ്മുടെ ഭാവിയുടെ ചിത്രവും ചരിത്രവും
മാറ്റാനുതകുന്ന രൂപരേഖ
നമ്മുടെ മഹല്ല് ജമാഅത്തുകളെക്കുറിച്ച് വളരെ കൃത്യമായി, ഒട്ടും സങ്കീര്‍ണതകളില്ലാതെ നടപ്പാക്കാന്‍ പറ്റുന്ന ഒരു രൂപരേഖയാണ് ശൈഖ് മുഹമ്മദ് കാരകുന്ന് വരച്ചുകാണിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനവും (ലക്കം 41) ശ്രദ്ധേയമായി. മഹല്ല് ജമാഅത്തുകളിലെ പള്ളി പരിപാലന കമ്മിറ്റികള്‍ വായിച്ചു നടപ്പാക്കേണ്ട പദ്ധതികളാണവ.
ശൈഖ് മുഹമ്മദ് കാരകുന്ന് അക്കമിട്ട് വിശദീകരിച്ച വിഷയങ്ങള്‍ ക്രമാനുഗതം തരംതിരിച്ച് അതത് മഹല്ലുകളുടെ അവസ്ഥയും സാഹചര്യവും പരിഗണിച്ച് ഇമാമുകളും കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും സംയുക്തമായി നടപ്പാക്കിയാല്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ചിത്രവും ചരിത്രവും തികച്ചും മറ്റൊന്നാകുമായിരുന്നു.
മത-രാഷ്ട്രീയ-കക്ഷി-വിഭാഗീയതകള്‍ക്കപ്പുറം മഹല്ല് നിവാസികളില്‍ ഐക്യബോധം വളര്‍ത്തിയതിന്റെയും അത് പ്രാവര്‍ത്തികമാക്കാന്‍ മഹല്ല് നിവാസികള്‍ തയാറായതിന്റെയും അഭിമാനകരമായ ചിത്രമാണ് നാം അവിടെ കണ്ടത്. കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പൈതൃകവും മാനവിക വീക്ഷണവുമാണ് അതിനു കാരണം.
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍
വിഷയത്തെ എങ്ങനെ പ്രൂഫ് മിസ്റ്റേക്കില്‍
സങ്കുചിതപ്പെടുത്താമെന്നതിന്റെ മാതൃകകള്‍
ഒരാള്‍ക്ക് ഒരു തെറ്റ് പറ്റി. അത് ബോധപൂര്‍വമോ അല്ലാതെയോ ആവട്ടെ, ആ തെറ്റ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയാല്‍ സ്ഖലിതം ശ്രദ്ധയില്‍ പെടുത്തിയ ആളിനോട് നന്ദി പറയലാണല്ലോ സാമാന്യ മര്യാദയും മാന്യതയും. ഉയര്‍ന്ന ധാര്‍മികബോധം സൂക്ഷിക്കാത്തവര്‍ പോലും തെറ്റ് ചൂണ്ടിക്കാട്ടിയ ആളിനെ ക്രൂശിക്കാറില്ല.
പ്രബോധനത്തില്‍ (ലക്കം 2840) ഖാലിദ് മൂസാ നദ്‌വി എഴുതിയ 'ചരിത്രത്തിലെ സാമിരിയുടെ വര്‍ത്തമാനങ്ങള്‍' എന്ന ലേഖനത്തിന് രിസാല വാരികയില്‍ (1080) സ്വാലിഹ് പുതുപൊന്നാനി എഴുതിയ മറുപടിയെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഖാലിദ് മൂസയുടെ ലേഖനവും അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസംഗവും (മുത്ത് നബിയെ വില്‍ക്കരുത്) സമസ്ത എ.പി വിഭാഗത്തിന്റെ മര്‍മത്തില്‍ തറച്ചതിന്റെ പ്രതികരണം മാത്രമാണ് അഞ്ച് പേജിലായി പരത്തിപ്പറഞ്ഞ രിസാലയുടെ ലേഖനം (ഒരാളെ സ്വകാര്യമായി ഫോണില്‍ വിളിച്ച് സംസാരിച്ച് അത് ചോര്‍ത്തി ലേഖനമാക്കുന്ന 'പപ്പരാസി വിദ്യ'യുടെ ധാര്‍മികതയെക്കുറിച്ചൊക്കെ ആരോട് പറയാന്‍!)
ചര്‍ച്ചയുടെ കാതലിലേക്ക് വരാം. ഖാലിദ് മൂസയുടെ ലേഖനം പ്രബോധനത്തില്‍ വായിച്ച സ്വാലിഹ് ഗ്രന്ഥകാരന്‍ അബ്ദുല്ല ഫൈസിയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ''കോട്ടക്കല്‍ ബറകാത്ത് ബുക്സ്റ്റാള്‍ അടിച്ചിറക്കിയ മൂന്നാം പതിപ്പിലാണ് ഇങ്ങനെയൊരു പിശക് വന്നത്'' (രിസാല പേജ് 13). അഥവാ ഖാലിദ് മൂസാ നദ്‌വി പറഞ്ഞത് സത്യം തന്നെ. കെ.വി അബൂസഈദ് അബ്ദുല്ല ഫൈസി തയാറാക്കിയ മന്‍ഖൂസ് മൗലിദ് പരിഭാഷ വ്യാഖ്യാനത്തില്‍ അതീവ ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നു. അതിന്റെ ആദ്യ രണ്ട് പതിപ്പുകളില്‍ ഈ പിശക് ഇല്ല എന്നത് മൂന്നാമത്തെ പതിപ്പിലുള്ള കടുത്ത പിശകിനുള്ള ന്യായീകരണവുമല്ല. എങ്കില്‍ എന്താണ് സ്വാലിഹ് പുതുപൊന്നാനി ചെയ്യേണ്ടത്...? സംഭവിച്ച തെറ്റ് തികച്ചും വിശ്വാസപരമാണെന്നതിനാലും ആദര്‍ശ വിശ്വാസങ്ങള്‍ നമുക്ക് പ്രാണവായുവേക്കാള്‍ പ്രധാനപ്പെട്ടതായതിനാലും ഉടന്‍ തന്നെ ആ പുസ്തകങ്ങളത്രയും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ വേണ്ടത് ചെയ്യലായിരുന്നു. ഇതായിരുന്നു ബുദ്ധിപരമായ സത്യസന്ധത. അത് ചെയ്തില്ലെന്നു മാത്രമല്ല, 'ഈ പുസ്തകം നിങ്ങളിപ്പോഴും മര്‍കസില്‍ വില്‍ക്കുന്നില്ലേ' എന്ന ഖാലിദ് മൂസയുടെ ചോദ്യത്തിന് സ്വാലിഹ് ആദ്യം ഊരിമാറാന്‍ ശ്രമിച്ചെങ്കിലും 'മര്‍കസ് കോംപ്ലക്‌സിലെ ബുക്സ്റ്റാളില്‍ ഇന്നലെയും വിറ്റിട്ടുണ്ട്. നിങ്ങള്‍ ഇഖ്‌ലാസോടു കൂടിയാണ് എനിക്ക് വിളിച്ചതെങ്കില്‍ അതിന്റെ വില്‍പന നിര്‍ത്തിവെക്കാന്‍ പറ' എന്ന ഖാലിദിന്റെ തെളിവു സഹിതമുള്ള വിശദീകരണത്തിന് മുന്നില്‍ പോലും തെറ്റിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ 'നദ്‌വി സാഹിബേ, ബുക്സ്റ്റാളുകള്‍ പുസ്തകം മുഴുവന്‍ വായിച്ചാണോ വില്‍ക്കാന്‍ വെക്കുക?' എന്ന 'തര്‍ക്കശാസ്ത്രം' കെട്ടഴിക്കുകയായിരുന്നു സ്വാലിഹ് ചെയ്തത്.
മുസ്‌ലിം സമുദായത്തെ ദൂരവ്യാപകമായ ഒരു വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു കാല്‍വെപ്പായിരുന്നു ഖാലിദ് മൂസയുടെ ലേഖനം. ഇസ്തിഗാസ, ഖബ്ര്‍ കെട്ടിപ്പടുക്കല്‍, അല്ലാഹുവല്ലാത്തവര്‍ക്ക് നേര്‍ച്ച നേരല്‍, ഉറൂസ്, ആണ്ട്... തുടങ്ങിയ അന്ധവിശ്വാസാനാചാരങ്ങള്‍ക്ക് പുറമെ എസ്.കെ.എസ്.എസ്.എഫുകാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതുപോലെ മുംബൈ ചോര്‍ബസാറിലെ ജാലിയന്‍വാലയുടെ കടയില്‍ നിന്ന് വാങ്ങിയ മുടിയും ചൈനയില്‍ നിര്‍മിച്ച് ദുബൈ വഴി ഇന്ത്യയിലെത്തിയ പാനപാത്രവും വരെ പ്രവാചകന്റേതെന്ന് പറഞ്ഞ് കച്ചവടം നടത്തുന്നവര്‍ക്ക് പക്ഷേ, ഈ ഭാഷയും വീക്ഷണവും തിരിയില്ല. ചോദിക്കട്ടെ: ശഅ്‌റേ മുബാറക് വിമര്‍ശനങ്ങള്‍ക്ക് മറുപടി' എന്ന ഒ.എം തരുവണയുടെ പുസ്തകം മുതല്‍ 27.01.2014-ലെ ഗള്‍ഫ് മാധ്യമം വാര്‍ത്ത വരെ മുന്നില്‍ വെച്ച് ഖാലിദ് മൂസ ഉയര്‍ത്തിയ ഇതര ആരോപണങ്ങള്‍ക്ക് എന്തുകൊണ്ട് സ്വാലിഹ് മറുപടി പറഞ്ഞില്ല?
ഒരു കാര്യം തീര്‍ച്ചയാണ്. പോയകാല സമൂഹങ്ങള്‍ ദൈവദൂതന്മാരെയും പുണ്യ പുരുഷന്മാരെയും -മആദല്ലാഹ്- ദൈവത്തോളം ഉയര്‍ത്തി ശിര്‍ക്കിലേക്ക് വ്യതിചലിച്ചതുകൊണ്ടാണ് അത്തരം ഗുരുതരമായ ആത്മീയ മാലിന്യങ്ങള്‍ക്കെതിരെ സജീവ ജാഗ്രത പുലര്‍ത്താന്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയും നമ്മോട് ആഹ്വാനം ചെയ്തത്. ഹദീസുകളില്‍ കാണുന്നതുപോലെ അല്ലാഹുവിന്റെ റസൂല്‍ അത്തരം വിദ്വാന്മാരെ പറ്റി 'ദജ്ജാലിനേക്കാള്‍ അവരെ നിങ്ങള്‍ പേടിക്കണം' എന്നാണ് നമ്മെ തെര്യപ്പെടുത്തിയത്. മഹാനായ ഇമാം ഗസാലി(റ)യുടെ ഭാഷയില്‍ അവരാണ് ദുഷിച്ച പണ്ഡിതന്മാര്‍ (ഉലമാഉസ്സൂഅ്). എന്നാല്‍ ഇത്തരക്കാരെ എപ്പോഴും താങ്ങിനിര്‍ത്തുന്നത് 'സ്തുതിപാഠക സംഘങ്ങളാ'ണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ സാമിരിയുടെ സംഭവം വിവരിക്കുമ്പോള്‍ സാമിരിയെ മാത്രം വിചാരണ ചെയ്യാതെ സാമിരി പുരോഹിതനെ അന്ധമായി അനുസരിച്ചവരെയും കുറ്റപ്പെടുത്തുന്നത്. അല്ലാഹു പറഞ്ഞു: ''പശുക്കിടാവിനെ ആരാധനാ മൂര്‍ത്തിയാക്കിയവരെ തീര്‍ച്ചയായും തങ്ങളുടെ നാഥന്റെ കോപം ബാധിക്കുകതന്നെ ചെയ്യും. ഐഹിക ജീവിതത്തില്‍ അവര്‍ നിന്ദ്യരായിത്തീരുന്നതുമാണ്. കള്ളം ചമക്കുന്നവര്‍ക്ക് നാം ഇപ്രകാരം തന്നെയാണ് ശിക്ഷ നല്‍കുന്നത്. ദുഷ്‌കൃത്യങ്ങള്‍ ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയും ചെയ്തവരുണ്ടല്ലോ,ആ പശ്ചാത്താപത്തിനും വിശ്വാസത്തിനും ശേഷം നിശ്ചയം താങ്കളുടെ നാഥന്‍ മാപ്പരുളുന്നവനും കരുണാവാരിധിയുമാകുന്നു'' (7: 152,153).
ജമാല്‍ കടന്നപ്പള്ളി
Comments