ജ്ഞാനത്തിന്റെ ഭവനം
ലോക സംസ്‌കാരത്തിനും നാഗരികതക്കും ഇസ്‌ലാം നല്‍കിയ സംഭാവന വിസ്മയകരമാണ്. എ.ഡി ഏഴാം നൂറ്റാണ്ട് മുതല്‍ 15-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിന്റെ വൈജ്ഞാനിക-ബൗദ്ധിക ചരിത്രം അറബ് മുസ്‌ലിം ലോകവുമായി ബന്ധപ്പെട്ടതാണ്. എട്ട് നൂറ്റാണ്ട് കാലം ഒരു പ്രകാശഗോപുരമായി ആ നാഗരികത പ്രശോഭിച്ച് നിന്നിരുന്നു. ആധുനിക യൂറോപ്യന്‍ നവോത്ഥാനത്തിന്റെ യഥാര്‍ഥ പ്രേരകശക്തി ഇസ്‌ലാമിക നാഗരികതയായിരുന്നു. പക്ഷേ, ഈ സത്യം മിക്ക യൂറോപ്യന്‍ ചരിത്രകാരന്മാരും ബോധപൂര്‍വം തമസ്‌കരിക്കുകയാണ്. ഈ തമസ്‌കരണത്തിനിടയിലും നിഷ്പക്ഷരായ ചില ചരിത്രകാരന്മാരില്‍ നിന്ന് യാഥാര്‍ഥ്യം പുറത്ത് വന്നിട്ടുണ്ട്. അവരിലൊരാളാണ് ജോനാതന്‍ ലിയന്‍സ്.
അദ്ദേഹത്തിന്റെ 'The House of Wisdom' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ 'ജ്ഞാനത്തിന്റെ ഭവനം' എന്ന പേരില്‍ ഈയിടെ പ്രസിദ്ധീകൃതമായി. 2009-ല്‍ ഇംഗ്ലീഷിലാണ് ഇതാദ്യമായി പ്രസിദ്ധീകരിച്ചത്.
പാശ്ചാത്യ നാഗരികതയുടെ രൂപീകരണത്തിലെ അറബ് സ്വാധീനത്തെ വെളിപ്പെടുത്തുന്നതാണ് ഈ കൃതി. അബ്ബാസിയ ഖലീഫമാരുടെ ഭരണകാലത്ത് ബഗ്ദാദ് കേന്ദ്രമായി ഉയര്‍ന്നുവന്ന 'ബൈത്തുല്‍ ഹിക്മ' (The House of Wisdom) എന്ന സ്ഥാപനത്തിന്റെ പേരാണ് പുസ്തകത്തിന് നല്‍കിയിട്ടുള്ളത്. ആമുഖത്തിന് പുറമെ നാല് ഭാഗങ്ങളുണ്ട്. ഓരോ ഭാഗത്തിനും നമസ്‌കാരത്തിന്റെ പേരുകളാണ് (വഖ്തുകള്‍) നല്‍കിയിട്ടുള്ളത്. 'അല്‍ മഗ്‌രിബ്' അഥവാ അസ്തമയം എന്ന പേരില്‍ പുസ്തകത്തിന്റെ ആമുഖം ആരംഭിക്കുന്നു. ഒരു കാലഘട്ടത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുകയാണ് ഈ തലക്കെട്ട്. 'അല്‍ ഇശാഅ്' അഥവാ രാത്രി എന്നാണ് ഒന്നാം അധ്യായത്തിന് നല്‍കിയ പേര്. ഈ അധ്യായം ക്രിസ്ത്യന്‍ മധ്യകാലയുഗത്തെ സൂചിപ്പിക്കുന്നു. അല്‍ ഫജ്ര്‍ അഥവാ പ്രഭാതം എന്ന രണ്ടാം അധ്യായത്തില്‍ ബഗ്ദാദ് കേന്ദ്രമായി വളര്‍ന്നുവന്ന 'ബൈത്തുല്‍ ഹിക്മ' എന്ന മഹത്തായ സ്ഥാപനത്തിന്റെ വൈവിധ്യമാര്‍ന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നു. 'അള്ളുഹ' അഥവാ മധ്യാഹ്നം എന്ന മൂന്നാം അധ്യായം അറബ്-ഇസ്‌ലാമിക നാഗരികതയുടെ ഉച്ചാവസ്ഥയെ സൂചിപ്പിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഇബ്‌നുസീന, രസതന്ത്രത്തിന്റെ പിതാവായ ജാബിറിബ്‌ന് ഹയ്യാന്‍, ആല്‍ജിബ്രയുടെ ഉപജ്ഞാതാവായ അല്‍ ഖവാറസ്മി, തത്ത്വചിന്തകന്‍ അല്‍ കിന്ദി, നരവംശശാസ്ത്രജ്ഞനും ജിയോളജിസ്റ്റുമായ അല്‍ബറൂനി, ഗോളശാസ്ത്രകാരന്‍ അല്‍ ഫറാബി, പ്രായോഗിക മനഃശാസ്ത്രജ്ഞനും ഓപ്റ്റിക് വിദഗ്ധനുമായ ഇബ്‌നു ഹൈത്തം, ചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്‌നു ഖല്‍ദൂന്‍, അറബ് ഹെറോഡോട്ടസ് എന്നറിയപ്പെടുന്ന അല്‍ മസ്ഊദി തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികളെ ഈ ഗ്രന്ഥം പരിചയപ്പെടുത്തുന്നു. 'അല്‍അസ്വ്ര്‍' അഥവാ സായാഹ്നം എന്ന് പേര് നല്‍കിയിട്ടുള്ള അവസാന അധ്യായത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ അന്ത്യ ഘട്ടം വിവരിക്കുന്നു.
റഷ്യന്‍ ഭാഷയിലും ചരിത്രത്തിലും വെസ്‌ലിയന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും മെല്‍ബണ്‍ മൊണാഷ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഗ്രന്ഥകാരനായ ജോനാതന്‍ ലിയന്‍സ്. പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരങ്ങളെയും അവയുടെ വൈജ്ഞാനിക ദാര്‍ശനിക മുന്നേറ്റങ്ങളെയും പഠന വിധേയമാക്കുകയും പടിഞ്ഞാറന്‍ നാഗരികതയില്‍ അവയുടെ സ്വാധീനം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതിന്റെ ഭാഗമാണ് ഈ കൃതി. കോളേജ് അധ്യാപകനും എഴുത്തുകാരനുമായ അബൂബക്കര്‍ കാപ്പാടാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. കോഴിക്കോടുള്ള ഒലീവ് പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
Comments