ക്ഷമിക്കുമ്പോള്‍ സംഭവിക്കുന്നത്
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ആത്മീയ ഭാഷണ സമാഹാരം ജലാഉല്‍ ഖാത്വിറില്‍ നിന്നുള്ള പരിഭാഷ. ഡോ. ലുഅയ്യ് ഫതൂഹിയും പ്രഫസര്‍ ഷെസാ അല്‍ ദര്‍ഗസല്ലിയും ചേര്‍ന്ന് പ്യൂരിഫിക്കേഷന്‍ ഓഫ് ദ മൈന്റ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത ഇംഗ്ലീഷ് പതിപ്പാണ് മലയാള പരിഭാഷക്ക് ആധാരമാക്കിയിട്ടുള്ളത്.
സൃഷ്ടികളില്‍നിന്നുണ്ടാവുന്ന ഉപദ്രവങ്ങളില്‍ ക്ഷമ അവലംബിക്കുക. അത്രമാത്രം നന്മയുണ്ട് ക്ഷമയില്‍. ക്ഷമ പാലിക്കാനാകുന്നു നിങ്ങളോടുള്ള അല്ലാഹുവിന്റെ കല്‍പന. സ്വന്തത്തോടും സ്വന്തം അധീനതയിലുള്ളവരോടും നിങ്ങള്‍ക്കു ബാധ്യതയുണ്ട്. അല്ലാഹുവിന്റെ തിരുദൂതര്‍(സ) ഇവ്വിധം അരുളിയിരിക്കുന്നു: ''നിങ്ങള്‍ ഓരോരുത്തരും ഇടയരാകുന്നു. സ്വന്തം ആട്ടിന്‍പറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയും ചെയ്യും.'' വ്യഥകള്‍ വിശ്വാസമായി പരിണമിക്കുവോളം വിധിയില്‍ ക്ഷമാലുക്കളാവുക. നന്മയുടെ അടിത്തറയാകുന്നു ക്ഷമ. പ്രവാചകരെല്ലാം വിപത്തുകളാല്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അവരതെല്ലാം ക്ഷമയോടെ അഭിമുഖീകരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരുടെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരാകുന്നു നിങ്ങള്‍. അതിനാല്‍, അവരുടെ മാതൃകയുള്‍ക്കൊള്ളുക. അവര്‍ എവ്വിധം ക്ഷമിച്ചോ, അതുപോലെ ക്ഷമ അവലംബിക്കുക.
ഹൃദയം ശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ, വഴങ്ങുന്നവരെയോ വിയോജിക്കുന്നവരെയോ, പുകഴ്ത്തുന്നവരെയോ ഇകഴ്ത്തുന്നവരെയോ, നല്‍കുന്നവരെയോ തടയുന്നവരെയോ, അടുപ്പിക്കുന്നവരെയോ അകറ്റുന്നവരെയോ, സ്വീകരിക്കുന്നവരെയോ തിരസ്‌ക്കരിക്കുന്നവരെയോ അതു ഗൗനിക്കില്ല. അങ്ങനെയുള്ള ശുദ്ധ ഹൃദയങ്ങളില്‍ തൗഹീദിന്റെ വിശ്വാസവും തഖ്‌വയും തവക്കുലും യഖീനും അല്ലാഹുവുമായുള്ള അടുപ്പവും നിറയുന്നു. സൃഷ്ടികളെയാകമാനം ദരിദ്രരും നിസ്സാരരും അശക്തരുമായാണ് അത്തരം ഹൃദയങ്ങള്‍ കാണുക. അതേസമയം, ഒരു കൊച്ചുകുഞ്ഞിനോടു പോലും അവ ഗര്‍വ് കാണിക്കുകയുമില്ല. അല്ലാഹുവിലേക്കുള്ള അത്യാവേശം കാരണം അത്തരം ഹൃദയങ്ങള്‍ അവിശ്വാസികളെയും നിഷേധികളെയും കപടവിശ്വാസികളെയും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സിംഹത്തെപ്പോലെ ആയിത്തീരുന്നു. എന്നാല്‍, അല്ലാഹുവെ ഭയപ്പെടുകയും സൂക്ഷ്മാലുക്കളാവുകയും നന്മയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നവരോട് ആ ഹൃദയങ്ങള്‍ വിനയവും ആദരവും കാണിക്കുന്നു. ഇത്തരം ശുദ്ധ ഹൃദയരെക്കുറിച്ചാകുന്നു അല്ലാഹു ഖുര്‍ആനില്‍ ഇവ്വിധം പറഞ്ഞിരിക്കുന്നത്: ''അവര്‍ പരസ്പരം ദയാലുക്കളും, സത്യനിഷേധികളുടെ നേരെ കര്‍ക്കശക്കാരുമാകുന്നു'' (48:29). ഈയൊരു പദവിയിലെത്തിച്ചേരുന്നതോടെ ഒരടിമ ഇതര സൃഷ്ടികളുടെ സാമാന്യബോധത്തിന്നതീതരായിത്തീരുന്നു. 'നിങ്ങള്‍ക്കറിയാത്തത് നാം സൃഷ്ടിക്കുന്നു' എന്ന് അല്ലാഹു പറഞ്ഞ സൃഷ്ടികളിലായിത്തീരുന്നു അവര്‍. തൗഹീദിലുള്ള വിശ്വാസദാര്‍ഢ്യത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ക്ഷമയുടെയും ഫലമാകുന്നു ഇതെല്ലാം.
ക്ഷമയും അടക്കവും സ്വീകരിച്ചതിനാല്‍ അല്ലാഹുവിന്റെ തിരുദൂതര്‍ (സ) ഏഴാം വാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. അങ്ങനെ, അവിടുന്ന് തന്റെ നാഥനെ ദര്‍ശിക്കുകയും അവന്റെ സാമീപ്യം നേടുകയും ചെയ്തു. ക്ഷമയുടെ അടിത്തറ ഭദ്രമാക്കിയപ്പോഴാണ് അവിടുത്തേക്ക് ഈ മഹാസൗധം പണിതുയര്‍ത്താനായത്. സകല സല്‍ഗുണങ്ങളും ക്ഷമയിലൂടെ കരഗതമാക്കാം. അതുകൊണ്ടാകുന്നു അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ ക്ഷമയുടെ പ്രാധാന്യം ഇവ്വിധം ഉണര്‍ത്തുന്നത്: ''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയികളായേക്കാം''(3:200).
അല്ലാഹുവേ, ഞങ്ങളെ ക്ഷമ കൈക്കൊള്ളുന്നവരുടെ കൂടെയാക്കേണമേ. വാക്കിലും പ്രവൃത്തിയിലും, രഹസ്യജീവിതത്തിലും പരസ്യ ജീവിതത്തിലും, അകംകൊണ്ടും പുറംകൊണ്ടും, സകലമാന ജീവിതാവസ്ഥകളിലും ക്ഷമാലുക്കളെ പിന്‍പറ്റുന്നവരാക്കേണമേ. ഇഹത്തിലും പരത്തിലും നന്മ പകരുകയും, നരക ശിക്ഷയില്‍നിന്ന് മോചനം നല്‍കുകയും ചെയ്യേണമേ.
വിശുദ്ധ ശരീഅത്തിലെ വിധിവിലക്കുകള്‍ ക്ഷമാപൂര്‍വ്വം പാലിക്കുക. എങ്കിലേ ജ്ഞാനവാതിലുകള്‍ നിങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെടൂ. ക്ഷമയവലംബിക്കാനാകുന്നു അല്ലാഹുവിന്റെ കല്‍പന; മനുഷ്യരോടു പൊതുവായും തിരുദൂതരോടു വിശേഷിച്ചും. ''ആകയാല്‍ ദൃഢചിത്തരായ ദൈവദൂതന്മാര്‍ ക്ഷമിച്ചപോലെ(നബിയേ) താങ്കളും ക്ഷമിക്കുക''(അഹ്ഖാഫ് 35) സകല ജീവിതാവസ്ഥകളെയും നബിതിരുമേനി(സ) ക്ഷമാപൂര്‍വം അഭിമുഖീകരിച്ചു. പക്ഷെ, നോക്കൂ, നിങ്ങളെത്രമാത്രം അക്ഷമരാണ്! സ്വന്തം സുഹൃത്തിന്റെ ഒരു വാക്കുപോലും ക്ഷമിക്കാനോ പൊറുക്കാനോ കഴിയുന്നവരെ നിങ്ങളില്‍ കാണുന്നില്ല. നബിതിരുമേനി(സ)യുടെ ഉദാത്ത മാതൃക ഇപ്പോഴേ പിന്‍തുടരുക. എങ്കില്‍, അന്ത്യവേളയില്‍ നിങ്ങളില്‍ ആശ്വാസം നിറയും.
വിവ: വി. ബഷീര്‍
Comments