Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

നേരിന്റെ രാഷ്ട്രീയം തന്നെയാണ് ജനപക്ഷ രാഷ്ട്രീയം

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ /കവര്‍‌സ്റ്റോറി

         പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കുരവയും കൊട്ടും കലാശമായിത്തുടങ്ങി. ദേശീയകക്ഷികളില്‍ ഒന്നുപോലും കേവല ഭൂരിപക്ഷ സാധ്യതയെ സംബന്ധിച്ചു വാചികമായ അവകാശവാദത്തിനപ്പുറം സ്വകാര്യമായ ആത്മവിശ്വാസങ്ങള്‍ ഒന്നും പങ്കുവെക്കുന്നില്ല. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുഭാഗത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുമാണ് പ്രധാനമായും ദേശീയ പോരാട്ടത്തിലുള്ളതെങ്കിലും ഇന്ന് ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്നത് തികച്ചും പ്രാദേശിക രാഷ്ട്രീയ സാന്നിധ്യങ്ങളാണ്. ഉത്തര്‍പ്രദേശില്‍ മുലായമും ബംഗാളില്‍ മമതയും ബീഹാറില്‍ നിധീഷും ഒറീസയില്‍ നവീന്‍പട്‌നായിക്കും ആന്ധ്രയില്‍ വൈ.എസ്.ആറും തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയവും കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കേരളത്തില്‍ ഇടതുപക്ഷവും മേല്‍കൈ വരിക്കുമ്പോള്‍ ഈ ദേശീയ പാര്‍ട്ടികള്‍ യഥാര്‍ഥത്തില്‍ പ്രബലമേയല്ല. വടക്കു കിഴക്കന്‍ ദേശത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ദേശീയതയെ സംബന്ധിച്ച കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വാചകധാര്‍ഷ്ട്യങ്ങളെ പോലും അവഗണിക്കുന്നതാണ് ഇത്തരം പ്രാദേശിക പാര്‍ട്ടികളുടെ കോയ്മകള്‍. തികച്ചും ഭാഷാപരവും വംശീയവുമായ വികാരങ്ങളുടെ ഉണര്‍വുകളാണ് ഇത്തരം പ്രസ്ഥാനങ്ങള്‍. ഇവരൊക്കെയും മുന്നോട്ടുവെക്കുന്ന ആശയങ്ങളും ലക്ഷ്യങ്ങളും വിശാലമായ അര്‍ഥങ്ങളില്‍ ദേശീയകക്ഷികളുടെ  പരമ്പരാഗത നിയോഗങ്ങള്‍ക്ക് എതിരുമാണ്. ഇന്ത്യന്‍ യൂനിയന്‍ എന്ന ഭരണഘടനാ രൂപങ്ങള്‍ക്ക് പോലും എതിരായി നില്‍ക്കുന്ന ഫെഡറല്‍ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ മുന്നോട്ടു വെക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും ഇതിലുണ്ട്. പ്രാദേശികമായി വികാസം നേടുന്ന ഇത്തരം പ്രസ്ഥാനങ്ങളുടെയൊക്കെ ഉണര്‍വിലാണ് ഈ തെരഞ്ഞെടുപ്പില്‍ ദേശീയ കക്ഷികള്‍ മത്സരിക്കുന്നത്. 

ഈയൊരു വിശാലമായ രംഗാവിഷ്‌കാരത്തില്‍ ഏറ്റവും കൂടുതല്‍ വിയര്‍ക്കുന്നത് തീര്‍ച്ചയായും കോണ്‍ഗ്രസ് തന്നെയാണ്. ദീര്‍ഘകാല സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യസ്ഥലിയിലാണ് എന്നും കോണ്‍ഗ്രസ് അതിന്റെ ദേശസ്‌നേഹം അവകാശപ്പെടുന്നത്. അത്തരം യത്‌നങ്ങളില്‍ സ്വയം ജീവിതം സമര്‍പ്പിച്ച പരശ്ശതം ദേശീയ നേതാക്കളുടെ പ്രോജ്ജ്വല ത്യാഗങ്ങളായിരുന്നു എന്നും കോണ്‍ഗ്രസിന്റെ തുരുപ്പും പ്രതീക്ഷയും. ഈ ദരിദ്ര കോടികളുടെ രാഷ്ട്രം പലതവണ ഇത്തരം അവകാശവാദങ്ങള്‍ സമചിത്തതയോടെ വിശ്വസിക്കുകയും നിര്‍ലോഭമായ പിന്തുണയും സഹകരണവും ദേശീയരാഷ്ട്രീയത്തിന് നല്‍കുകയും ചെയ്തു. പക്ഷേ ചരിത്രത്തിന്റെ ദീര്‍ഘനീള്‍ച്ചകളില്‍ ഇതത്രയും നിരര്‍ഥതകളായിരുന്നു എന്നവര്‍ പലതവണ തിരിച്ചറിഞ്ഞു. ചതിയും വിശ്വാസവഞ്ചനയും സ്വാര്‍ഥമോഹത്തിനു മുന്നില്‍ തിമിര്‍ത്താടി. നീണ്ട അറുപതാണ്ടു പിന്നിടുമ്പോഴേക്കും ഈ സമ്പന്ന രാഷ്ട്രത്തിനും അതിലെ ദരിദ്രജനതക്കും ദേശീയ പ്രസ്ഥാനം നല്‍കിയത് എന്താണ്? പറയുന്നതു പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിക്കുന്നതൊന്നും പറയാന്‍ കൊള്ളാത്തതാവുകയും ചെയ്യുന്ന ഭീതിജനകമായ ഒരു സാമൂഹിക സാഹചര്യം. 

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത തലമുറ പോലും ദേശീയ രാഷ്ട്രീയത്തിലെ അധികാര കേന്ദ്രങ്ങളിലേക്ക് ഒളിച്ചു കടന്ന് മുന്‍ ത്യാഗജീവിതത്തിനു പകരം വാങ്ങി. മന്ത്രി സ്ഥാനങ്ങളും ഗവര്‍ണര്‍ പദവികളും നയതന്ത്ര പ്രതിനിധികളുമായി കൊടിയും പൊടിയും പരത്തി കടന്നുപോയി. പിന്നാലെ വന്നവരാകട്ടെ രാഷ്ട്രത്തെ തന്നെ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കും മൂലധനശക്തികള്‍ക്കും കൂട്ടിക്കൊടുത്തു. അവരില്‍ നിന്നും പണംവാങ്ങി അടുത്ത തെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ പകിടയെറിഞ്ഞു. അതുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസിനു ഈ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വാഗ്ദാനത്തില്‍ പോലും ആരോഗ്യവും പാര്‍പ്പിടവും കുടിവെള്ളവുമൊക്കെ വീണ്ടും വീണ്ടും ഉള്‍പ്പെടുത്തേണ്ടി വരുന്നത്. ഇതൊന്നും ഇതുവരെയും ഈ പൗരസഞ്ചയത്തിന്റെ കൈവട്ടത്തിലെത്തിയില്ല എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ഇത്രയധികം വിഭവസമൃദ്ധമായ ഒരു രാഷ്ട്രത്തിലെ പൊതുജനം ഇന്നും ഈ അടിസ്ഥാന ആവശ്യങ്ങള്‍ പോലും സുലഭ്യമാകാതെ തെരുവിലാണ് എന്നതു മാത്രം മതി ഈയൊരു പ്രസ്ഥാനം സ്വയം പിരിച്ചുവിടാന്‍. ഈ നാട്ടിലെ 15 കോടി വരുന്ന മുസ്‌ലിം ന്യൂനപക്ഷവും പട്ടികജാതി പട്ടികവര്‍ഗങ്ങളും സത്യത്തില്‍ ഇന്ന് ഉന്മൂലനത്തിന്റെ പാതയിലാണ്. ഇന്നവരെ വേട്ടയാടുന്നത് പട്ടിണിയും നിരക്ഷരതയുമെന്ന പൊതുദൈന്യത മാത്രമല്ല, ഉന്മൂലനഭീതി കൂടിയാണ്. രാഷ്ട്രവിരുദ്ധര്‍ എന്ന പൊതുസംജ്ഞയിലേക്ക് ഇന്ന് ഈ സമൂഹത്തെ മാറ്റിനിര്‍ത്തിക്കഴിഞ്ഞു. വര്‍ഗീയ കലാപം കൊണ്ടുള്ള ഉന്മൂലനവും തീവ്രവാദി വേട്ടയുടെ പേരിലുള്ള നിഷ്‌കാസനശ്രമവും ഈ രാഷ്ട്രനിര്‍മിതിയില്‍ സഹസ്രവര്‍ഷങ്ങളായി ഇരമ്പുകതന്നെയാണ്. ന്യൂനപക്ഷം തങ്ങള്‍ക്ക് മാത്രം സമ്മതിദാനം ചെയ്യുന്ന വിനീതവിധേയരായിരിക്കാന്‍ ഏതു രാഷ്ട്രീയ കൗശലമാണ് ആവിഷ്‌കരിക്കേണ്ടത് എന്നുമാത്രം അന്വേഷിക്കുകയും അവരുടെ പ്രാഥമിക ആവശ്യങ്ങളെ പോലും സംബോധന ചെയ്യാതിരിക്കുകയും ചെയ്യുക. ഇതു വല്ലാത്തൊരു രാഷ്ട്ര വ്യവഹാരം തന്നെയാണ്. 

യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രവിരുദ്ധതയുടെ ഓരായത്തിലൂടെയാണ് ഹിന്ദുത്വര്‍ അധികാരസിരാപാലങ്ങളിലേക്ക് ഒളിച്ചു കടക്കുന്നത്. മതപരവും വംശീയവുമായ ഉന്മൂലനം എന്ന തമോലക്ഷ്യമല്ലാതെ, രാഷ്ട്രവ്യവഹാരപരമായ ഒരു അഭിസംബോധനയുമില്ലാത്ത പ്രസ്ഥാനമാണ് സംഘ്പരിവാര്‍. അതുകൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയ അധികാര ലാവണത്തില്‍ അധികകാലം ഇരിക്കാന്‍ ഇവര്‍ക്ക് പറ്റാതെ പോയത്. വൈരവും പരമതദ്വേഷവും വികസിപ്പിച്ചാല്‍ ഒരു സിദ്ധാന്തമായി നിലനില്‍ക്കുകയില്ല. ഇതവര്‍ക്കറിയാതെയുമല്ല. ഇതിനപ്പുറത്തേക്കു പോകാനുള്ള വിവരവും വിവേകവും ഇവര്‍ക്കില്ലാത്തതു കൊണ്ടാണ്.

പക്ഷേ, ഇത്തരം പ്രസ്ഥാനങ്ങള്‍ പങ്കുവെക്കുന്ന ചില പൊതുരീതികളുണ്ട്. അതു സ്വന്തം അധികാരവും മേല്‍കോയ്മയും വംശവാഴ്ചയും നിലനിര്‍ത്താന്‍ രാഷ്ട്രത്തെതന്നെ മറിച്ചു കൊടുക്കുകയും സ്വന്തം പൗരജനസഞ്ചയത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ്. എന്നിട്ടു വേട്ടമൃഗത്തോടൊപ്പം നായാടുകയും അതേസമയത്ത് മാന്‍പേടയോടൊപ്പമാണെന്ന് അറിയിക്കാന്‍ പ്രകടനപത്രികകള്‍ ഇറക്കുകയും ചെയ്യുക. പൊതുജനത്തിന് പ്രകടനപത്രികകളും ദേശദേശാന്തര കുത്തകകള്‍ക്ക് രാഷ്ട്രവിഭവങ്ങളും. അവര്‍ക്ക് വേണ്ടി ഭരിക്കുകയും അവര്‍ നല്‍കുന്നതു കൊണ്ട് ഭരണം നിലനിര്‍ത്തുകയും ചെയ്യുക. അതുകൊണ്ടാണ് കുത്തകകളില്‍ ഈ രണ്ടു കക്ഷികളും മറിച്ചെടുത്ത സംഖ്യകളുടെ അക്കങ്ങള്‍ ഏതാണ്ട് സമാനത പുലര്‍ത്തുന്നത്. 

ഇത്തരം പ്രതിലോമ രാഷ്ട്രീയ മാലിന്യത്തില്‍ നിന്നാണ് പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂത്താടികള്‍ പെരുകുന്നത്. രാഷ്ട്രത്തെ സംബന്ധിച്ച ഒരു സമഗ്രവിഭാവനയുമില്ലാതെ എളുപ്പത്തില്‍ വിറ്റുപോകുന്ന പ്രാദേശിക താല്‍പര്യങ്ങളെ ചന്തയിലെത്തിക്കാന്‍ അവര്‍ക്ക് പറ്റുന്നുണ്ട്. അതിലൂടെ സംഭവിക്കുന്നത് കുടുംബവാഴ്ചയുടെ അശ്ലീലത തന്നെയാണ്. 

ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതും പ്രധാനമാണ്. ഒരു കാലത്ത് പാര്‍ലമെന്റിലെ പ്രതിപക്ഷനേതൃസ്ഥാനം തന്നെ ഏറ്റെടുത്ത് മഹത്തായ പാര്‍ലമെന്ററി ഇടപെടലുകള്‍ വികസിപ്പിച്ച പ്രസ്ഥാനമാണത്. പക്ഷേ മറ്റേത് രാഷ്ട്രീയപാര്‍ട്ടിക്കും വന്നുപെട്ട പാര്‍ലമെന്ററി വ്യാമോഹം അവരേക്കാള്‍ തീവ്രമായി ഏറ്റുവാങ്ങിയ ഇടതുപക്ഷം അതുകൊണ്ടു തന്നെ നിരന്തരം അപചയങ്ങള്‍ നേരിടുകയാണ്. അവര്‍ക്ക് അധികാരവും സ്വാധീനങ്ങളുമുണ്ടായിരുന്ന ഒരോ കേന്ദ്ര പ്രദേശങ്ങളില്‍ നിന്നും ശീഘ്രവേഗതയില്‍ തിരസ്‌കരിക്കപ്പെടാന്‍ ഇതുതന്നെയാണ് കാരണം. കൂടുതല്‍ വിശ്വാസ്യത പ്രതീക്ഷിക്കപ്പെട്ടവര്‍ അതില്‍ വീഴ്ചവരുത്തുമ്പോള്‍ തിരസ്‌കാരത്തിന്റെ ആവൃത്തിയും ആവേഗവും കൂടുതലാവും. അതുകൊണ്ടു തന്നെ 1950-കളില്‍ വലിയ സാധ്യതയായി ഇന്ത്യയില്‍ വളര്‍ന്നുവന്ന ഇടതുപക്ഷ രാഷ്ട്രീയം സമസ്ത കേന്ദ്രങ്ങളില്‍ നിന്നും തുരത്തപ്പെട്ട് കേരളത്തിന്റെ ഇത്തിരിപൊട്ടില്‍ പോലും നിലനില്‍പ്പിനു വേണ്ടി കുതറുന്നത്.

ഫലത്തില്‍ അറുപതാണ്ടില്‍ ഏറെയായി ഇവരൊക്കെയും മുന്നോട്ടുവെച്ചത് ജനദ്രോഹത്തിന്റെയും രാഷ്ട്രവിരോധത്തിന്റെയും പര്യായ രാഷ്ട്രീയം തന്നെയാണ്. പൗരസഞ്ചയത്തിന്റെ നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും കളിത്തട്ടില്‍ പരസ്പരം പകിടകളെറിഞ്ഞുകളിച്ചതാണ് ഇതുവരെയുള്ള നമ്മുടെ രാഷ്ട്രചരിത്രം. അതിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഇനിയും സംഭവിക്കാന്‍ പോകുന്നത്. ഇത്തവണയും വേഷം മാറി രാഷ്ട്രീയഗോദയില്‍ എത്തിയ ആദര്‍ശ ചേകോന്‍മാര്‍ വന്നു നില്‍ക്കുന്നത് പതിവു വാഗ്ദാനമോഹങ്ങള്‍ വിതറിക്കൊണ്ടു തന്നെ. ഒരു പരിഹാര രാഷ്ട്രീയം ഭാരതത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ആം ആദ്മി പ്രസ്ഥാനം പോലും ഒരു ഗുണാത്മകപ്രസ്ഥാനമല്ല. അത് ഒരു നിഷേധപ്രസ്ഥാനം തന്നെയാണ്. നിഷേധം പരിഹാരമല്ല, പ്രതികരണം മാത്രമാണ്. 

പരിഹാര രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ പരിസ്ഥിതിയില്‍ തീര്‍ച്ചയായും സാധ്യതകളുണ്ട്. എത്ര ചെറുതാണെങ്കില്‍ പോലും അതിന് ഭാവി ഇന്ത്യയില്‍ ധനാത്മകമായ ഇടപെടല്‍ശേഷി കിട്ടുക തന്നെ ചെയ്യും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുരാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രതിലോമ വാദമാണ് എന്തിനാണു നിങ്ങള്‍ വോട്ടു പാഴാക്കുന്നത് എന്ന്. ജയിക്കുന്ന കക്ഷികള്‍ക്കല്ലേ വോട്ടു നല്‍കേണ്ടത്? ഇത്തരം മണ്ഡൂകവിലാപങ്ങള്‍ നാം പൊതുവേ കേള്‍ക്കുന്നതാണ്. ഒരു പൗരന്‍ എന്തിനാണ് അയാളുടെ സമ്മതിദാനം വിനിയോഗിക്കേണ്ടത്? അയാള്‍ വിശ്വസിക്കുന്ന മൂല്യത്തിനും ലക്ഷ്യത്തിനും വേണ്ടിയാണ്. അഥവാ നമ്മോട് എന്ത് വാഗ്ദാനം നല്‍കിയാണോ നമ്മുടെ വിലപ്പെട്ട സമ്മതി സ്ഥാനാര്‍ഥികള്‍ വാങ്ങുന്നത്, ജയിച്ചെത്തിയാല്‍ ആ ലക്ഷ്യത്തിന്റെ പക്ഷത്ത് അവര്‍ നില്‍ക്കണം. സ്വന്തം വിജയത്തോടെ സമ്മതിദായകന്‍ തള്ളപ്പെടുകയും മുതലാളിത്ത കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ അപ്പോഴാണ് നമ്മുടെ സമ്മതിദാനം യഥാര്‍ഥത്തില്‍ പാഴാവുന്നത്. അല്ലാതെ സുവ്യക്തമായ ലക്ഷ്യബോധത്തോടെ വളരെ സര്‍ഗാത്മകമായി വിനിയോഗിക്കപ്പെടുന്ന സമ്മതിദാനം ഒരിക്കലും പാഴില്‍പോകില്ല. ഉയര്‍ന്ന മൂല്യബോധത്തോട് ഒത്തുനില്‍ക്കുമ്പോഴാണ് ഏതു പൗരന്റെയും ആത്മനിയോഗം പൂര്‍ണമാവുക. അപ്പോഴാണവന്‍ അതിശയോക്തിയില്ലാത്ത സ്വപ്നത്തിലേക്ക് വളര്‍ന്നുനില്‍ക്കുക. അത്തരം വളര്‍ച്ചയിലേക്ക് ആയുമ്പോള്‍ ഏറ്റുവാങ്ങുന്ന തിരിച്ചടികള്‍ യഥാര്‍ഥത്തില്‍ വിജയം തന്നെയാണ്. അങ്ങനെ വികസിച്ചു വരേണ്ടതാണ് പരിഹാര രാഷ്ട്രീയം. അതു നേരിന്റെ രാഷ്ട്രീയമാണ്, ജനപക്ഷരാഷ്ട്രീയമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം