മരം

മരം
ഒരു വരമാണെന്ന്
വീടിനു സ്ഥാനം കുറിക്കുമ്പോള്‍
വരിക്ക പ്ലാവിന്റെ വേരില്‍
കണ്ണ് വെച്ച് മൂത്താശാരി
സ്വരമാണെന്ന്
മാമ്പഴം നുകരുന്ന
അണ്ണാനും കുരുവിയും
നിറമാണെന്ന്
ഒടിഞ്ഞ ശിഖരങ്ങളില്‍
മരുന്ന് വെക്കുന്ന മഞ്ഞു തുള്ളി
തണലാണെന്ന്
ഹര്‍ത്താല്‍ ദിനത്തില്‍
വഴിമുടങ്ങിയ പ്രവാസി
കുളിരാണെന്നു
മരം ചുറ്റുന്ന
പ്രണയ ജോഡി
കനിവാണെന്നു
കെട്ടിത്തൂങ്ങിയ
കമിതാക്കള്‍
മറയാണെന്ന്
ഒളിഞ്ഞു നോക്കുന്ന
കൗമാരം
'പണി' യാണെന്ന്
കരണ്ടാപ്പീസിലെ
കരാറുകാരന്‍
'മരം'
ഒരു കവിതയാണെന്ന്
ഞാന്‍
മരം കുഞ്ഞിക്കിളിയുടെ
'പൊര'യാണെന്ന്
ഒന്നാം ക്ലാസില്‍ പഠിക്കുന്ന
മകന്‍ 'അഹ്മദ് യാസീന്‍'
'ഇജ്ജ് പറഞ്ഞതൊക്കെ പൊട്ടത്തരാ....
ഇക്കുട്ടി പറഞ്ഞതാ അയിന്റെ ശരീ'ന്ന്
ഓന്റെ വല്ലിപ്പ
സ്വലാഹുദ്ദീന്‍ ചൂനൂര്‍
ഡു ഓര്‍ ഡൈ
കബ്രാളിന്റെ കാലത്ത് കോഴിക്കോട്ട്
കടപ്പുറത്ത് കപ്പലണ്ടി കൊറിക്കാം
ഗാമയുടെ ഗോവയില്‍ സണ്‍ബാത്ത് ചെയ്യാം.
റൗലറ്റ് ആക്ടിനെതിരെ തല്ലുകൊള്ളാം.
കല്‍ക്കട്ടയില്‍ മുട്ടിലിഴയാം.
'921-ല്‍ തീവണ്ടിയില്‍ ശ്വാസം മുട്ടാം.
ഭഗത് സിംഗിനൊപ്പം പാര്‍ലമെന്റ് ഹാളില്‍ ബോംബെറിയാം.
പിന്നെ ദില്ലിയില്‍... ഓര്‍ക്കാനേ വയ്യ.
എങ്ങാനും ഗാന്ധിയെ കൊന്നുപോയേക്കും.
പ്രവര്‍ത്തിക്കണം അല്ലെങ്കില്‍ മരിക്കണം.
സഹസ്രാബ്ദങ്ങളുടെ ആലസ്യവുമായി
സഹശയനം ചെയ്യുമ്പോള്‍
ഗുഹാമുഖം നോക്കി പോരിനു വിളിക്കുന്നവന്‍
എങ്ങനെ കൊല്ലപ്പെടാതിരിക്കും?
പമോദ് പുനലൂര്‍
ഋതുക്കള്‍ക്ക്
ഓര്‍മ വറ്റിപ്പോകുന്നുണ്ട്
ഋതുക്കള്‍ക്ക്
ഓര്‍മവറ്റിപ്പോകുന്നുണ്ട്
സ്ഥാനം തെറ്റിപ്പെയ്യുന്നുമുണ്ട്
വരിയും നിരയും
അറിയാതെയുമാകുന്നുണ്ട്
പുഴകളില്‍
പെയ്തു നിറയുന്നത്
വറുതിയും വിഷവും
ക്ഷേമക്കാറ്റുകള്‍
ക്ഷാമം വിതച്ച് തീ പടര്‍ത്തും
മധുമാസത്തില്‍
മഞ്ഞുതൂകും
പൂങ്കാവനത്തില്‍
ഊഷരത നിറക്കും
ശിശിരത്തില്‍
മരുക്കാറ്റടിക്കും
ഗ്രീഷ്മം ഹേമന്തമായി
ഇലകള്‍ കൊഴിക്കും
ഹിമശൈലങ്ങളുറഞ്ഞ്
പാറക്കെട്ടുകളാകും
ഹൃദയങ്ങളില്‍ ദയവറ്റി
വന്യജന്തുക്കള്‍ക്ക്
ജന്മം നല്‍കും
കാലം..! ഇങ്ങനെയൊക്കെയാണ്
മഴയില്ലാതെ
ജലം നിറയും മണ്ണില്‍
ആസുരത കണ്ട്
മനം പൊട്ടിയവന്റെ
കണ്ണില്‍ ജലം..!
ഋതുക്കള്‍ക്ക്
ഓര്‍മവറ്റിപ്പോകുന്നുണ്ട്
ദൈവം...! മറവി നിറക്കുന്നതല്ല
മനുഷ്യര്‍ മസ്തിഷ്‌കം
നോവിക്കുന്നതുകൊണ്ടാണ്
ഋതുക്കള്‍
ഓര്‍മയറ്റുപോകുന്നത്..!
സൂര്യന്‍ പടിഞ്ഞാറുദിക്കുന്നകാലം
വിദൂരമല്ലെന്നറിയണേ!
മെഹബൂബ് എം, തിരുവനന്തപുരം
Comments