ജനാധിപത്യത്തിന്റെ കണക്കെടുപ്പും വീണ്ടെടുപ്പും

ലോകത്തെ ഒട്ടുമിക്ക രാഷ്ട്രീയ ദര്‍ശനങ്ങളും അവയുടെ നാമങ്ങള്‍ സൂചിപ്പിക്കുന്നത് പോലെതന്നെ, മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥയുടെയും മേല്‍ ആധിപത്യത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് തൊഴിലാളി വര്‍ഗാധിപത്യമായാലും, എകാധിപത്യമായാലും, രാജാധിപത്യമായാലും, ജനാധിപത്യമായാലും അവയുടെയൊക്കെ ഒടുവിലത്തെ വിശേഷണ പദം (ൗെളളശഃ) ആയി 'ആധിപത്യം' എന്ന പദം വരുന്നത്. വൈയക്തികമായാലും മറ്റേതെങ്കിലും സ്വഭാവത്തിലുള്ള കൂട്ടായ്മയിലൂടെയാണെങ്കിലും ഇവക്കൊക്കെ മനുഷ്യന്റെയും അവന്റെ ആവാസവ്യവസ്ഥയുടെയും മേല്‍ ആധിപത്യം പുലര്‍ത്താനുള്ള അവകാശം എവിടെനിന്ന്, എങ്ങനെ കിട്ടി എന്ന ചോദ്യം അവിടെയിരിക്കട്ടെ. ഈ ആധിപത്യ ഭാഷ പൗരന്മാരുടെയും പ്രകൃതിവ്യവസ്ഥയുടെയും സുരക്ഷയോ ഉത്തരവാദിത്വമോ ഒട്ടും ദ്യോതിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ഇത്യാദി ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന വ്യവസ്ഥകള്‍ പൗരന്മാര്‍ക്കുള്ള സേവനസമിതിയോ സേവനകൂടമോ ആകുന്നതിനുപകരം അവരുടെ വിഭവങ്ങളെ കൊള്ളയടിച്ച്, അവരുടെ ആവാസവ്യവസ്ഥയെ അപകടപ്പെടുത്തി 'അടിച്ചേല്‍പ്പിക്കല്‍ കൂടങ്ങളായി' മാറിക്കൊണ്ടിരിക്കുകയാണ്.
സാമ്പത്തിക മേഖലയില്‍ ഈ ആധിപത്യ മനോഭാവം പ്രതിഫലിക്കുന്നത് താന്തോന്നിത്തത്തിന്റെയും അഹങ്കാരത്തിന്റെയും അനിയന്ത്രിത ഉടമാവകാശമായിട്ടാണ്. നാമും നമ്മുടെ തലമുറയും പിറന്നുവീഴുന്നതിനു മുമ്പേ ഇവിടെയുണ്ടായിരുന്ന, നമ്മള്‍ പിറന്നുവീഴുമ്പോള്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നിട്ടില്ലാത്ത, നമ്മള്‍ മരിക്കുമ്പോള്‍ നമ്മുടെ കൂടെ കൊണ്ടുപോകുവാന്‍ കഴിയാത്ത, നമുക്ക് ശേഷവും ഇവിടെ നിലനില്‍ക്കുന്ന, നമ്മള്‍ അടുത്ത തലമുറയിലേക്കു കൈമാറേണ്ട ഈ പ്രകൃതിവിഭവങ്ങളുടെ മേല്‍ നമുക്ക് ഉടമാവകാശമുണ്ടാവുക സ്വാഭാവികമോ സംഭവ്യമോ യാഥാര്‍ഥ്യനിഷ്ഠമോ അല്ല എന്നതാണ് വസ്തുത. പതിനായിരക്കണക്കിന് വര്‍ഷത്തെ രാഷ്ട്രീയ നാഗരിക ചരിത്ര പാരമ്പര്യമുള്ള മനുഷ്യജീവിതത്തിലും സംസ്‌കാരത്തിലും ആവാസവ്യവസ്ഥയിലും വെറും 250 വര്‍ഷത്തെ മാത്രം പഴക്കമുള്ള പാശ്ചാത്യ രാഷ്ട്രീയ സാംസ്‌കാരിക വ്യവസ്ഥകളും വികസന മാതൃകകളും സൃഷ്ടിച്ച ആഘാതത്തെ പഠനവിധേയമാക്കിയാല്‍ ഇത് ഉണ്ടാക്കിയതും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായ വിനാശത്തിന്റെ ആഴം ബോധ്യപ്പെടുന്നതാണ്. സ്വാഭാവികമായും അവയൊക്കെ എന്ത് പേരില്‍ വിളിക്കപ്പെട്ടാലും വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളെ മാത്രം പ്രതിനിധാനം ചെയ്യുകയും അവരുടെ ഇച്ഛയെ മഹാഭൂരിപക്ഷത്തിന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്യുന്ന കാലത്തോളം ആത്യന്തികമായി അവയൊക്കെ ആ ന്യൂനപക്ഷത്തിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥകളാണ്. സ്വേഛയാവട്ടെ അത് വൈയക്തികമായാലും സാമൂഹികമായാലും നമുക്കുള്ളിലെ നാം തിരിച്ചറിയാതെ പോകുന്ന ആഴമേറിയ ചതിക്കുഴിയാണ്. അതിനടിപ്പെടുന്നവര്‍ ഒരു ജനതയെ തന്നെയാണ് അവരോടൊപ്പം അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിവിടുന്നത്. ഈ സ്വേഛയെ നാം ഉപ്പിന്‍ ചാക്കിന്മേല്‍ പഞ്ചസാര എന്ന് എഴുതിവെക്കുന്നതുപോലെ എന്ത് പേരിട്ടു വിളിച്ചാലും ശരി!
സ്വന്തം രാജ്യത്തെയും സൗഹൃദ രാജ്യങ്ങളിലെയും പൗരന്മാരുടെയും എന്തിനേറെ പറയുന്നു, സൗഹൃദ രാജ്യങ്ങളുടെ ഭരണത്തലവന്മാരുടെയും വരെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുന്ന ഭരണകൂടങ്ങളുടെ അതിഭീകരവൃത്തിയെ സംബന്ധിച്ച വിവരം ജനായത്തത്തിന്റെ മുഖംമൂടിയണിഞ്ഞ ഈ സ്വേഛാപ്രമത്തതയാകുന്ന മഞ്ഞുകട്ടിയുടെ വെറും മുകളറ്റം മാത്രമാണ്. തനിക്കു അപ്പുറത്തുള്ള തലമുറയെ പോലും കാണാന്‍ സാധിക്കാത്ത തന്റെ കേവലമായ അധികാരാവകാശങ്ങളെ മാത്രം ദ്യോതിപ്പിക്കുന്ന 'ആധിപത്യ' ബോധത്തിന്റെ സ്ഥാനത്ത് കൃത്യവും വ്യക്തവുമായ ഉത്തരവാദിത്വത്തെയും കടമകളെയും പ്രകാശിപ്പിക്കുന്ന, ജനങ്ങളെയും മൂല്യങ്ങളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന, നമ്മുടെ തലമുറക്ക് ശേഷവും പിറക്കുവാനും വളരുവാനുമുള്ള മുഴുവന്‍ തലമുറകളെയും കണ്‍മുമ്പില്‍ കാണുന്ന 'പ്രാതിനിധ്യ' ബോധത്തെ സ്ഥാപിച്ചുകൊണ്ട് മാത്രമേ ജനായത്തത്തെ വീണ്ടെടുക്കാനും അതിനെ നടേപറഞ്ഞ ദൗര്‍ബല്യങ്ങളില്‍നിന്ന് രക്ഷിച്ചെടുക്കാനും സാധിക്കുകയുള്ളൂ. സാമ്പത്തിക മേഖലയിലാവട്ടെ, അഹങ്കാരവും താന്തോന്നിത്തവും തജ്ജന്യമായ സകല മനോവൈകൃതങ്ങളും ഉണ്ടാക്കുന്ന ഉടമാവകാശ സങ്കല്‍പത്തിന്നുപകരം ഉത്തരവാദിത്വബോധം സന്നിവേശിപ്പിക്കുന്ന, സമൂഹത്തോടും സമഷ്ടി ലോകത്തോടുമുള്ള കടമകളെയും ബാധ്യതകളെയും കൃത്യമായി പഠിപ്പിക്കുന്ന, മനുഷ്യ മനോഭാവത്തില്‍ തന്നെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ മാറ്റങ്ങളുണ്ടാക്കുന്ന, വിനയവും യാഥാര്‍ഥ്യബോധവും സൃഷ്ടിക്കുന്ന 'ട്രസ്റ്റീഷിപ്' സങ്കല്‍പ്പം മനുഷ്യ മനസ്സില്‍ രൂഢമൂലമാക്കേണ്ടതുണ്ട്. ഈ ട്രസ്റ്റീഷിപ്പിന് അവസരം നല്‍കുന്നതും സൃഷ്ടിക്കുന്നതും സമൂഹമാണ്. അവസരങ്ങള്‍ക്കുവേണ്ടി മത്സരിക്കാനുള്ള അവകാശത്തില്‍ എല്ലാവരും തുല്യരാണെങ്കിലും, അവസരങ്ങള്‍ എല്ലാവര്‍ക്കും തുല്യമായല്ല ലഭിക്കുന്നത്. അപ്പോള്‍ സമൂഹം സൃഷ്ടിച്ചു നല്‍കുന്ന അവസരങ്ങള്‍ ഉപയോഗിച്ച് ആവശ്യത്തിലേറെ സമ്പാദിക്കാന്‍ സാധിക്കുന്നവരുടെ മിച്ച ധനത്തില്‍ ജിവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനുള്ള അവസരം ലഭിക്കാത്ത അതേ സമൂഹത്തിലെ തന്നെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ടെന്നത് ഇതേ ട്രസ്റ്റീഷിപ്പിന്റെ പാഠമാണ്. ഇത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവസരം ലഭിക്കാതിരുന്നവരുടെ അവകാശം എന്നതിനുപുറമേ മിച്ച ധനം ആര്‍ജിക്കാന്‍ അവസരം ലഭിച്ചവരുടെ ധാര്‍മികവും സാമൂഹികവുമായ ബാധ്യതയുമാണ്. ഇത് പൗരസമൂഹത്തിന് സാമൂഹിക പ്രതിബദ്ധതയുടെ പാഠം നല്‍കുകയും ധനത്തിന്റെ ചംക്രമണത്തെ സഹായിക്കുക വഴി നമ്മുടെ സമ്പദ്ഘടനയുടെ സകല തന്ത്രികളെയും എണ്ണയിട്ട് ചടുലവും കാര്യക്ഷമവും പ്രവര്‍ത്തനക്ഷമവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഈ സാമൂഹിക കരാറിന്റെ (സോഷ്യല്‍ കോണ്‍ട്രാക്റ്റ്) അടിസ്ഥാനം കേവലമായ അധികാരാധിപത്യാവകശങ്ങള്‍ക്കപ്പുറം സംരക്ഷണോത്തരവാദിത്വത്തിന്റെയും സേവനപരതയുടെയും അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കപ്പെടേണ്ടതായിട്ടുണ്ട്. ഈ ബോധം വളര്‍ത്താന്‍ സാധിക്കുന്ന രൂപത്തില്‍ നമ്മുടെ രാഷ്ട്രമീമാംസാ-സാമൂഹിക-പൗരശാസ്ത്ര പഠനപദ്ധതികളൊക്കെ പുനഃക്രമീകരിക്കപ്പെടുകയും വേണം.
ഭൂരിപക്ഷത്തിന്റെ തീരുമാനാടിസ്ഥാനത്തില്‍ രൂപപ്പെടുന്നതെന്ന് കരുതപ്പെടുന്ന ജനാധിപത്യ വ്യവസ്ഥ ഈ വിഷയത്തില്‍ ഇതര വ്യവസ്ഥകളില്‍നിന്ന് താരതമ്യേന ഗുണപരമായ മേന്മ പുലര്‍ത്തേണ്ടതായിരുന്നു. പക്ഷേ, ജനാധിപത്യവ്യവസ്ഥ തന്നെയും ഒരുതരം സ്വത്വപ്രതിസന്ധി നേരിടുന്നുവെന്നതാണ് വസ്തുത. ഒന്നാമതായി, ആധുനിക ജനാധിപത്യം അനുഭവിക്കുന്ന പ്രശ്‌നം ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന്റെ സാധുതയെ ഉരച്ചുനോക്കാനുള്ള സ്ഥായിയായ മൂല്യങ്ങളുടെ ഒരു ബെയ്‌സ് ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ അക്ഷരജ്ഞാനം പോലുമില്ലാത്ത ബഹുഭൂരിപക്ഷം ഒരുതരം വൈകാരികതക്ക് അടിപ്പെട്ട്, രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ അറിയാതെ, അതനുഭവിക്കുന്ന സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളെകുറിച്ച് ചിന്തിക്കാതെ, അതഭിമുഖീകരിക്കുന്ന വൈദേശിക ഭീഷണികളെ കുറിച്ച് ബോധമില്ലാതെ, പാര്‍ലമെന്റും നിയമസഭകളും നടനനൃത്തപരിപാടികള്‍ക്കുള്ളതാണെന്ന പോലെ വോട്ടു ചെയ്തു വിജയിപ്പിച്ചയക്കുന്ന സാഹചര്യം രൂപപ്പെടുന്നു.
ജനാധിപത്യ രീതിക്ക് സ്വന്തത്തില്‍ തന്നെ വേണ്ടത്ര വിശ്വാസമില്ലെന്നതാണ് മറ്റൊരു വസ്തുത. അതാണ് ജനാധിപത്യവ്യവസ്ഥയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ യു.എന്‍ ജനറല്‍ അസംബ്ലിയുടെ ബഹുഭൂരിപക്ഷ തീരുമാനത്തെ സെക്യൂരിറ്റി കൗണ്‍സിലിലെ ഒരൊറ്റ അംഗത്തിനു വീറ്റോ ചെയ്യാനുള്ള അവകാശം വകവെച്ചുകൊടുക്കപ്പെടുമ്പോള്‍ നാം കാണുന്നത്. അതു തന്നെയാണ് സ്ഥിര പഞ്ചാംഗമുള്ള സെക്യൂരിറ്റി കൗണ്‍സിലിലെ ബഹുഭൂരിപക്ഷത്തിന്റെ തീരുമാനത്തെ തന്നെയും ഒരൊറ്റ സ്ഥിരാംഗത്തിന് വീറ്റോ ചെയ്തു പരാജയപ്പെടുത്താമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടതിന്റെ അര്‍ഥം. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിര പഞ്ചാംഗമെന്ന സങ്കല്‍പം തന്നെ എല്ലാവരുടെ അഭിപ്രായങ്ങളും ജനാധിപത്യപരമായി തുല്യങ്ങളാണെങ്കിലും, ചില രാജ്യങ്ങളുടേത് മറ്റു ബഹുഭൂരിപക്ഷം രാജ്യങ്ങളുടേതിനേക്കാളും സുസ്ഥിരമായി തന്നെ കൂടുതല്‍ തുല്യമാണ് എന്ന സ്വേഛ രാജവാഴ്ചാ മനഃസ്ഥിതിയുടെയോ ഫ്യൂഡല്‍ മനോഭാവത്തിന്റെയോ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. ഇത് ഓരോ ജനാധിപത്യ രാജ്യത്തിലെയും ഭരണരീതികളിലും കൃത്യമായി നിഴലിക്കുന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞടുത്ത ബഹുഭൂരിപക്ഷ നിയമസാമാജികരുടെ തീരുമാനത്തെ വീറ്റോ ചെയ്യാനുള്ള അധികാരം മിക്ക ജനായത്ത രാജ്യങ്ങളും ജനങ്ങള്‍ തന്നെ മറ്റൊരു രൂപത്തില്‍ തെരഞ്ഞെടുത്ത എക്‌സിക്യൂട്ടീവിന്റെ തലവനായ പ്രസിഡന്റിന്നു നല്‍കുന്നുവെന്നതാണ് വസ്തുത; ചില രാജ്യങ്ങള്‍ പ്രസിഡന്റിന്റെ ആ വീറ്റോ അധികാരത്തെ നിയമസാമാജികരുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഇല്ലാതിരിക്കുന്നപക്ഷം എന്ന ഖണ്ഡികക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിലും. ആ ഖണ്ഡിക പോലും വെറും തലയെണ്ണി തീരുമാനിക്കുന്ന ജനാധിപത്യത്തിന് സ്വന്തത്തില്‍ തന്നെ വിശ്വാസമില്ലാത്തതിന്റെ സൂചന കൂടിയാണ്.
ജനാധിപത്യത്തിന് സ്വന്തത്തില്‍ തന്നെയുള്ള ഈ വിശ്വാസമില്ലായ്മ പലപ്പോഴും ജനാധിപത്യ രാജ്യങ്ങളെന്നു മേനി നടിക്കുന്ന രാജ്യങ്ങള്‍ തന്നെ ഇതര രാജ്യങ്ങളില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ ജനായത്ത രീതിയില്‍ അധികാരത്തിലെത്തുമ്പോഴുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ 'ഇടപെടലാധിപത്യ'ത്തിലും കലാശിക്കാറുണ്ട്. യഥാര്‍ഥത്തില്‍, വികിലീക്ക്‌സ് രേഖകള്‍ തന്നെ ഈ ഇടപെടലാധിപത്യത്തിന്റെ ആഴവും പരപ്പും സൂചിപ്പിക്കുന്നതാണ്. ഇറാനില്‍ ഡോ. മുഹമ്മദ് മുസ്സദ്ദിഖിനും(1953) ചിലിയില്‍ അലിന്റെക്കും (1973) വെനിസ്വലെയില്‍ ഹ്യൂഗോചാവേസിനും എതിരിലുള്ള അമേരിക്കന്‍ ഇടപെടലും അള്‍ജീരിയയില്‍ സാല്‍വേഷന്‍ ഫ്രന്റിനെതിരെയുള്ള ഫ്രഞ്ച് ഇടപെടലും ഫലസ്ത്വീനില്‍ ജനാധിപത്യപരമായ തെരെഞ്ഞടുപ്പിലൂടെ നിലവില്‍വന്ന ഹമാസ് ഭരണകൂടത്തെ നിലനില്‍ക്കാന്‍ അനുവദിക്കാതിരിക്കുന്നതും അറബ് വസന്തത്തെതുടര്‍ന്ന് ചില അറബ് രാജ്യങ്ങളില്‍ നിലവില്‍വന്ന ജനാധിപത്യ ഭരണകൂടങ്ങളെ അമേരിക്കയും ഇസ്രയേലും അയല്‍പക്കത്തെ ചില രാജഭരണകൂടങ്ങളും ചേര്‍ന്ന് തദ്ദേശീയ ഏകാധിപത്യത്തിന്റെ അവശിഷ്ടങ്ങളായി തുടരുകയായിരുന്ന പട്ടാളത്തിന്റെയും പോലീസിന്റെയും ജുഡീഷ്യറിയുടെയും പ്രത്യക്ഷ സഹായത്തോടെയും പരോക്ഷ ഇടപെടലിലൂടെയും അട്ടിമറിച്ചതും എല്ലാം നിരവധി ഉദാഹരണങ്ങളില്‍ ചിലത് മാത്രം. ജനാധിപത്യം ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള രീതിയെന്ന പോലെ, ആ ഭരണകൂടത്തെ നീക്കാനും തിരുത്താനുമുള്ള രീതി കൂടിയാണ് എന്ന സാമാന്യ തത്ത്വം മറന്നുകൊണ്ടായിരുന്നു ഇതൊക്കെ ചെയ്തത്.
ഒരു പ്രസിഡന്റിനെ മാറ്റാനും ഭരണഘടന തിരുത്താനും ജനാധിപത്യത്തില്‍ പാര്‍ലമെന്റിനെയും അതല്ലെങ്കില്‍ അതിനു തുല്യമായ, അമേരിക്കയിലും മറ്റും ഉള്ളതുപോലെ, കോണ്‍ഗ്രസിനെയും ഒക്കെയാണ് ആശ്രയിക്കേണ്ടത്. ജുഗുപ്‌സാവഹമായ കാരണങ്ങള്‍ പറഞ്ഞ് തെരഞ്ഞടുക്കപ്പെട്ട പാര്‍ലമെന്റിനെ പിരിച്ചുവിടുക, പിന്നീട് ജനായത്ത രൂപത്തില്‍ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ആ പാര്‍ലമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിക്കുമ്പോള്‍ അതിന് സ്വേഛാധിപത്യത്തിന്റെ അവശിഷ്ടങ്ങളായ പട്ടാളവും കോടതിയും തികച്ചും അപ്രസക്തമായ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് ഇടങ്കോലിടുക, സാങ്കേതിക പ്രശ്‌നം പരിഹരിച്ച് തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ വീണ്ടും തടസ്സം സൃഷ്ടിക്കുക, പിന്നീട് ഡ്യൂട്ടിയിലില്ലാത്ത വലിയ വിഭാഗം പട്ടാളവും പോലീസും സിവിലിയന്‍ വേഷത്തിലും പിന്നെ നിലവിലെ ജനായത്ത രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട ഭരണകൂടത്തെ എതിര്‍ക്കുന്ന സ്വേഛാധിപത്യത്തിന്റെ പിണിയാളുകളും ചേര്‍ന്ന് (പാര്‍ലമെന്റിലേക്കു തെരഞ്ഞടുപ്പ് നടത്താന്‍ വേണ്ടി പ്രക്ഷോഭം നടത്തുന്നതിനുപകരം) തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റിനെ നീക്കുന്നതിന് പ്രക്ഷോഭം നടത്തുക, അങ്ങനെ പട്ടാളം ഇടപെടുക, പിന്നെ ആ രാജ്യത്തെ ബഹുഭൂരിപക്ഷം ഹിതപരിശോധനയിലൂടെ അംഗീകരിച്ച ഭരണഘടന റദ്ദാക്കുക, പിന്നീട് പട്ടാളത്തിന്റെ ചൊല്‍പടിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി രാജ്യത്തെ തരംതാഴ്ത്തുക... ഇതാണ് ഈജിപ്തില്‍ നടന്നത്. ഇതാണ് ജനായത്തത്തില്‍ വിശ്വാസമില്ലാത്ത ജനാധിപത്യ രാജ്യങ്ങള്‍ ഇതര രാജ്യങ്ങളില്‍ ജനായത്ത രൂപത്തില്‍ തെരഞ്ഞടുക്കപ്പെട്ട തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണകൂടങ്ങളെ മറിച്ചിടുന്നതിന് സ്വീകരിക്കുന്ന പുതിയ മോഡസ് ഒപെരാണ്ടി. ഇതിന്റെ പഴയ രൂപമായിരുന്നു സി.ഐ.എയും മൊസ്സാദും എം.ഐ.6 ഉം നേരിട്ട് ഇടപെട്ട് മുസദ്ദിഖിനെതിരെ ഇറാനില്‍ ചെയ്തത്. ഇറാനില്‍ മുസദ്ദിഖ് ഭരിച്ചതും ഈജിപ്തില്‍ മുര്‍സി ഭരിച്ചതും കേവലം ഒരു വര്‍ഷം മാത്രം. അങ്ങനെ ഇറാനില്‍ അവരോധിക്കപ്പെട്ട രിസാഷാ പഹ്‌ലവിയെ സമ്പൂര്‍ണ വിപ്ലവത്തിലൂടെ തൂത്തെറിയുവാന്‍ പിന്നെയും 25 വര്‍ഷമെടുത്തു. മാറിയ സാഹചര്യത്തില്‍ സീസിയെയും സില്‍ബന്ധികളെയും തുടച്ചുമാറ്റാന്‍ എത്രനാള്‍ എന്നതിന്നു കാലം മറുപടി നല്‍കും. .
ജനാധിപത്യ വ്യവസ്ഥിതിയുടെ സോഫ്റ്റ്‌വെയര്‍ ആയി പരിഗണിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം വളരെ കൃത്യമായും വ്യക്തമായും സൂചിപ്പിക്കുന്നത് ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരല്ല ഭരിക്കുന്നത് എന്നതാണ്. തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തിന്റെ ആഗോള ശരാശരി തന്നെ കേവലം 65 ശതമാനം മാത്രമാണ്. അങ്ങനെ പോള്‍ ചെയ്യപ്പെടുന്ന വോട്ടുകള്‍ വിഭിന്ന പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കപ്പെടുകയും അങ്ങനെ വിഭിന്ന പാര്‍ട്ടികള്‍ക്കിടയില്‍ ഒരു പാര്‍ട്ടി ചെറിയ വ്യത്യാസത്തില്‍ ജയിച്ചു കയറുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ മൊത്തം ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തെ മാത്രമേ ജയിച്ചവര്‍ പ്രതിനിധീകരിക്കുന്നുള്ളൂവെന്നതാണ് വസ്തുത. ആനുപാതിക പ്രാതിനിധ്യ ജനായത്ത വ്യവസ്ഥയില്‍ സ്ഥിതി അല്‍പം വ്യത്യസ്തമാകാമെങ്കിലും അവയിലും അവയുടേതായ ജനിതക പ്രശ്‌നങ്ങളുണ്ട്. പിന്നെ രാഷ്ട്രീയ പാര്‍ട്ടികളെ രണ്ടില്‍ പരിമിതപ്പെടുത്തുന്നതാകട്ടെ, കുറഞ്ഞ പോളിംഗ് ശതമാനത്തിന്റെ പശ്ചാത്തലത്തില്‍ മൊത്തം വോട്ടര്‍മാരുടെ 51 ശതമാനം ലഭിക്കാന്‍ സഹായകമാകില്ല എന്നതിനുപുറമേ ജനാധിപത്യത്തിന്റെ പേരിലെ തനി ജനാധിപത്യവിരുദ്ധ ക്രിയയുമായിരിക്കും. ചില രാജ്യങ്ങള്‍ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം വോട്ടു നേടിയാലേ ജയിക്കൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും മൊത്തം വോട്ടര്‍മാരുടെ 51 ശതമാനം അതും ഉറപ്പുവരുത്തുന്നില്ല. ഓസ്‌ട്രേലിയ പോലുള്ള ചില രാജ്യങ്ങള്‍ ഇതിനെ മറികടക്കുവാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമായ ഇരുപാര്‍ട്ടി സിസ്റ്റവും നിര്‍ബന്ധ വോട്ടിങ്ങും വെച്ചുകൊണ്ടാണ്. ഇത് സൂചിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് അതിന്റെ ജനിതക വൈകല്യങ്ങളെ അതിജീവിക്കാന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ്. പൗരന്മാരുടെ ജനാധിപത്യബോധവും അവകാശവും വോട്ടിംഗ് മെഷീനിലെ സമ്മതിദാനത്തില്‍ അവസാനിക്കുന്നു. പിന്നെ നടക്കുക 'തെരഞ്ഞെടുക്കപ്പെട്ട' ചുരുക്കം ചില ആളുകളുടെ വെറും സേഛാധിപത്യ പ്രകടനങ്ങള്‍ മാത്രമാണ്.
അതുകൊണ്ട് തന്നെയായിരിക്കണം 1945 മുതല്‍ 2012 വരെയുള്ള അഞ്ചു പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ പോളിംഗ് ശതമാനം ജനാധിപത്യരീതിയോട് ജനങ്ങള്‍ക്കുള്ള ആവേശം കുറഞ്ഞുവരുന്നതിന്റെ പ്രവണതയെ സൂചിപ്പിക്കുന്നത്. 1945-നെ അപേക്ഷിച്ച് 2000 വര്‍ഷം ആകുമ്പോഴേക്കും, സമ്മതിദായകരില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ വിദ്യാഭ്യാസം കൂടുകയും രാഷ്ട്രീയ അവബോധം വര്‍ധിക്കുകയും അതതു രാജ്യങ്ങളിലെ പാര്‍ട്ടി മെഷിനറികളും മീഡിയ പ്രചാരണവും കൂടുതല്‍ ശക്തിപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രവണത എന്നത് കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിനു അമേരിക്ക, ഇന്ത്യ, ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി തുടങ്ങിയ അഞ്ചു പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും കൂടുതല്‍ പോള്‍ ചെയ്ത വര്‍ഷം, ഏറ്റവും കുറവ് പോള്‍ ചെയ്ത വര്‍ഷം, ഏറ്റവും അടുത്തു കഴിഞ്ഞ തെരെഞ്ഞടുപ്പിലെ പോളിംഗ് ശതമാനം എന്നിവ കാണുക (ചിത്രം1).
- ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ഉണ്ടായത് അതു തന്നെയും 63.56% മാത്രം.
- ഫ്രാന്‍സിലെയും ജര്‍മനിയിലെയും പോളിംഗ് പ്രവണത അവിടുത്തെ തെരഞ്ഞടുപ്പില്‍ 1972-73 മുതല്‍ തുടര്‍ച്ചയായി ശതമാനം കുറഞ്ഞുകൊണ്ടേയിരിക്കുന്നതായി സൂചിപ്പിക്കുന്നു.
- ബ്രിട്ടനിലെ തെരഞ്ഞടുപ്പില്‍ പോളിംഗ് ശതമാനം 1997 വരെ 70 ശതമാനത്തിലും മുകളിലായിരുന്നെങ്കിലും പിന്നീട് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വെറും 60 ശതമാനത്തിലോ അതില്‍ കുറവോ ആയിരുന്നു.
- '92-ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ 78ശതമാനം പോളിങ്ങുണ്ടായിരുന്ന അമേരിക്കയില്‍ പിന്നീടൊരിക്കലും 70 ശതമാനം എത്തിയിട്ടില്ലെന്ന് മാത്രമല്ല, ഒട്ടുമിക്ക അവസരങ്ങളിലും 40 ശതമാനത്തിനും 55 ശതമാനത്തിനും ഇടയിലായിരുന്നു.
ഇനി അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെയും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ യൂറോപ്യന്‍ യൂനിയനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും ജനപങ്കാളിത്തം പരിശോധിക്കാം (ചിത്രം 2).
മുകളില്‍ കൊടുത്ത ഡാറ്റ തന്നെ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞുവരുന്നതിനെ അടയാളപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസവും രാഷ്ട്രീയാവബോധവും വര്‍ധിച്ചിട്ടും ജനാധിപത്യ പ്രക്രിയയിലെ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നുവെന്ന വസ്തുത അടിവരയിടുന്നത് ജനങ്ങള്‍ക്ക് അതില്‍ വിശ്വാസം കുറഞ്ഞുവരുന്നതിനെയാണ്. ഒന്നുകൂടി ഈ പ്രതിഭാസത്തെ വിശകലന വിധേയമാക്കിയാല്‍ ഇതില്‍തന്നെ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ പങ്കാളിത്തം വളരെ കുറവാണെന്ന് കാണുവാന്‍ സാധിക്കും. അതേയവസരത്തില്‍, നിലവിലെ അവസ്ഥയില്‍ ഒരു മാറ്റം പ്രതീക്ഷിക്കുമ്പോള്‍ ഈ കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം സൂചിപ്പിച്ചതുപോലെ നഗരങ്ങളിലെ ജനങ്ങള്‍ കൂടുതലായി വോട്ടുചെയ്യുന്നതും ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്. ഒരു ധാര്‍മികതയുമില്ലാത്ത, ഒരു തരത്തിലുള്ള മൂല്യങ്ങളെയും പ്രതിനിധീകരിക്കാത്ത വെറും വോട്ടിംഗ് മെഷീനില്‍ അവസാനിക്കുന്ന നിലവിലെ ജനായത്ത പ്രക്രിയയെ മാറ്റിപ്പണിത് , ജനങ്ങളുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്ന, അവരെ ശാക്തീകരിക്കുന്ന, നേരത്തെ പറഞ്ഞ ജനപ്രാതിനിധ്യത്തെയും പങ്കാളിത്തത്തെയും ഉറപ്പുവരുത്തുന്ന ജനായത്ത രീതിയിലേക്ക് മാറിക്കൊണ്ട് മാത്രമേ ഈ നഷ്ടപ്പെടുന്ന വിശ്വാസത്തെ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.
(തുടരും)
Comments