സ്ത്രീ അത്ര ചെറിയ 'പെണ്ണ'ല്ല!

ഇസ്ലാമിക ബോധമുള്ളവര്‍ ഒത്തുകൂടിയ ഒരു കുടുംബസംഗമം. ദമ്പതികളെ മുഖാമുഖമിരുത്തി സ്‌നേഹസംവാദം നടക്കുകയാണ്. പൊതുവെ പുരുഷന്മാരെക്കുറിച്ച് നിങ്ങളുടെ സ്വതന്ത്രമായ അഭിപ്രായം പറയൂ എന്ന് സ്ത്രീകളോട് ആവശ്യപ്പെട്ടപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു; ''മനുഷ്യന്‍ എന്ന നിലക്ക് സ്ത്രീകളും പുരുഷന്മാരും ഒരേ ആത്മാവില്‍ നിന്നാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ പുരുഷലോകം (ദീനീബോധമുള്ളവര്‍ തന്നെ) തയാറായിട്ടില്ല. ഞങ്ങള്‍ ഇന്നും രണ്ടാം തരക്കാര്‍ തന്നെ. സ്ത്രീകളുടെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാനും സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാനും പലര്‍ക്കും മടിയുള്ളപോലെ....''
സ്ത്രീക്ക് ആത്മാവില്ലെന്നും, ഉണ്ടെങ്കില്‍ തന്നെ നീച ആത്മാവേ അവള്‍ക്കുള്ളുവെന്നും, ആദാമിനെ വഴിതെറ്റിച്ചത് സ്ത്രീയാണെന്നും, അവള്‍ കാരണമാണ് എല്ലാവര്‍ക്കും സ്വര്‍ഗം നഷ്ടമായതെന്നുമൊക്കെയുള്ള ആരോ പടച്ചുവിട്ട വാദങ്ങള്‍ തീരാശാപമായി തന്നെ പൊതുജീവിതത്തില്‍ തുടരുകയാണെന്ന സത്യം, അത്ര ശക്തമായി നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. നാമോട്ടുന്ന വാഹനത്തിന്റെ മുന്‍ചക്ര-പിന്‍ചക്ര ബന്ധവും അനിവാര്യതയും നമ്മള്‍ അംഗീകരിക്കുമെങ്കിലും, ജീവിതമോട്ടുന്ന വാഹനത്തില്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ പ്രാധാന്യം തുല്യ അളവില്‍ അംഗീകരിക്കാന്‍ അത്രയങ്ങ് നമുക്ക് സാധിക്കാത്തപോലെ. ഇതാകട്ടെ, കുടുംബജീവിതത്തിന്റെ സുഖസഞ്ചാരത്തിന് പലപ്പോഴും തടസ്സമാവുകയും ചെയ്യുന്നു. സമൂഹ മനസ്സില്‍ മൂടുറച്ചുപോയ സ്ത്രീയെക്കുറിച്ച ഈ അധമ ധാരണ, ഇസ്‌ലാം വരക്കുന്ന സുമോഹന കുടുംബസങ്കല്‍പത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ''സ്ത്രീകള്‍'' എന്ന പേരില്‍ അധ്യായവും സ്ത്രീകളെക്കുറിച്ച് മാത്രമുള്ള 250 ല്‍ പരം സൂക്തങ്ങളും വിശുദ്ധ ഖുര്‍ആനില്‍ ഉണ്ടെങ്കിലും, മുസ്‌ലിം സമുദായം അതിന്റെ 'റൂഹി'ല്‍ നിന്ന് വളരെ അകലെയാണെന്ന് അതിലെ അംഗങ്ങളുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
ഒരിക്കല്‍ ഒരു പരിചയക്കാരന്റെ കാറില്‍ സഞ്ചരിക്കുകയാണ്. മൊബൈലില്‍ വരുന്ന ഫോണ്‍ കോളുകള്‍ക്ക് പുഞ്ചിരിച്ചും തമാശ പറഞ്ഞും ടിയാന്‍ മറുപടി നല്‍കുന്നു. ഇടക്ക് മറ്റൊരു ഫോണ്‍ വന്നു. എന്നാല്‍ ആ മറുപടിയില്‍ സൗമ്യതയില്ല, മുഖത്ത് പ്രസന്നതയില്ല. കനത്ത വാക്കുകള്‍, അതും അച്ചടിച്ച ശൈലിയില്‍. സംസാരം തീര്‍ന്നപ്പോള്‍, മറ്റുള്ളവരോട് പറഞ്ഞപോലെ ഇതില്‍ സലാം പറഞ്ഞതുമില്ല. തുടര്‍ന്നുള്ള സംസാരത്തില്‍ മനസ്സിലായി ഭാര്യയാണ് വിളിച്ചതെന്ന്. സംസാരിച്ചതൊക്കെ സാധാരണ കാര്യങ്ങള്‍. എന്നാല്‍, അതിന്റെയൊരു ശൈലിയും രീതിയും വല്ലാതെ വ്യത്യാസപ്പെട്ടിരുന്നു. 'നിങ്ങളുടെ ഇണകളോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍' എന്ന പ്രവാചകവചനം അദ്ദേഹമുള്ള ഒരു സദസ്സില്‍ വെച്ച് പൊതുവായി ഉണര്‍ത്തിയപ്പോഴേ മനസ്സ് ശാന്തമായുള്ളൂ.
പ്രവാചകന്‍(സ) വീട്ടുകാരെ അടുക്കള ജോലിയില്‍ സഹായിച്ചതും ദൈനംദിന ജീവിത കാര്യങ്ങള്‍ മടിയേതുമില്ലാതെ സ്വയം ചെയ്തതും മാതൃകയായി ഉണ്ടെങ്കിലും പലര്‍ക്കും അതത്രക്കങ്ങ് ഉള്‍ക്കൊള്ളാനും നടപ്പില്‍ വരുത്താനും മടിയാണ്. ഗരിമയാര്‍ന്ന തന്റെ പുരുഷത്വത്തെ ബാധിക്കുമോയെന്ന പേടി. ''പുരുഷന്‍ തന്റെ വീട്ടുകാരുടെ ഒപ്പമാകുമ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ സൗമ്യത കാണിക്കണം'' എന്ന ഉമറി(റ)ന്റെ മൊഴി നമുക്കത്രയങ്ങ് ദഹിക്കാത്തപോലെ. 'മല പോലെയാണെങ്കിലും പൂപോലെ ഭാരമില്ലാത്തവരാകണം പുരുഷന്മാര്‍' എന്ന മഹദ്‌വാക്യവും നാം പരിഗണിക്കുന്നില്ല. വിനയം മനുഷ്യന്റെ വില കുറക്കുകയല്ല, കൂട്ടുകയാണ് ചെയ്യുകയെന്ന് അറിയാത്തവരല്ല നമ്മള്‍.
സ്ത്രീകളുടെ ശരീരത്തിന്റെയും സ്വഭാവത്തിന്റെയും 'സ്‌ത്രൈണത' ദൗര്‍ബല്യമായിക്കാണാതെ അതില്‍ സൗന്ദര്യം ദര്‍ശിക്കുമ്പോഴാണ് സൃഷ്ടിപ്പിലെ ദൈവിക യുക്തി നാം തിരിച്ചറിയുന്നത്. പുരുഷന്റെ തന്നെ ആസ്വാദനത്തിനും നന്മക്കും സ്രഷ്ടാവൊരുക്കിയ ഈ ഏറ്റക്കുറച്ചില്‍ പെണ്ണിനെ ചെറുതായിക്കാണാന്‍ നമ്മെ പ്രേരിപ്പിച്ചുകൂടാ. കാരണം സൃഷ്ടിപ്പ് അങ്ങനെയായതില്‍ അവള്‍ക്ക് യാതൊരു പങ്കുമില്ല. എന്നല്ല അത്തരം ചൊടിയും കൊഞ്ചലുമാണ് അവളെ പെണ്ണാക്കുന്നതും. സ്വന്തം ഇണയെ കൂട്ടുകാരി(സദ്വീഖ)യായി കാണാന്‍ നമുക്ക് കഴിയുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. 'സ്ത്രീക്ക് മുടി കൂടുതലും ബുദ്ധി കുറവുമാണ്,' 'പുരുഷന്റെ ഹൃദയമാണ് അവസാനം മരിക്കുന്നത്, സ്ത്രീയുടേത് നാവും,' 'അവള്‍ക്ക് നാവല്ലാതെ ആയുധമില്ല' എന്നൊക്കെ ഇംഗ്ലീഷ് ചൊല്ലുകളില്‍ കാണാം. 'പെണ്‍കോന്ത'നെന്നും 'പെണ്‍ബുദ്ധി'യെന്നുമൊക്കെ കൊച്ചാക്കി ആക്ഷേപിക്കുന്ന ശൈലി നമുക്കുമുണ്ട്. സമൂഹത്തില്‍ വേരോടിയ ഇത്തരം അബദ്ധധാരണകള്‍ പെണ്ണിനെ ചെറുതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബജീവിതത്തിലും ഇതു നിഴലിക്കുന്നു. 'തീര്‍ച്ചയായും സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപ്പിറപ്പുകളാണ്' എന്ന പ്രവാചക വചനമാണ് നമുക്ക് വഴികാട്ടേണ്ടത്.
സ്ത്രീയെ അത്ര ചെറിയ 'പെണ്ണാ'ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അവള്‍ വിശ്വാസി സംഘത്തിന്റെ പാതിയാണ്. സത്യസാക്ഷ്യത്തില്‍ പങ്കാളിയാണ്. ഉമ്മത്തിന്റെ മാതാവും പത്‌നിയും സഹോദരിയുമാണ്. കുടുംബത്തിന്റെ അടിക്കല്ലും. വിശുദ്ധിയില്‍ പവിഴവും മുത്തുമാണവള്‍. മനുഷ്യന് സംസ്‌കാരവും സല്‍സ്വഭാവവും പഠിപ്പിക്കുന്ന മാറിടവും മടിത്തട്ടും. മാതൃത്വമാണ് അവളുടെ ഏറ്റവും വലിയ സംഭാവന. അവള്‍ ചുരത്തുന്ന കാരുണ്യത്തിന്റെ, വാല്‍സല്യത്തിന്റെ, അനുരാഗത്തിന്റെ, ആര്‍ദ്രതയുടെ കരുത്ത് മറ്റെവിടെയും ലഭിക്കില്ല. എന്തെങ്കിലും ഒന്നവളില്‍ കുറഞ്ഞാല്‍ മറ്റൊന്നുകൊണ്ട് അവള്‍ നികത്തുമെന്ന് ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നുണ്ട്. തിരുനബി(സ) ഇത്രകൂടി പറഞ്ഞു: ''നിങ്ങളുടെ സ്ത്രീകള്‍ സ്വര്‍ഗാവകാശികളാണ്. അവള്‍ കൂടുതല്‍ സന്താനസൗഭാഗ്യമുള്ളവരും സ്‌നേഹമുള്ളവരുമാണ്. ന്യായമല്ലാത്തത് സംഭവിച്ചാല്‍ അവള്‍ തന്റെ ഭര്‍ത്താവിനെ സമീപിച്ച് തന്റെ കൈ അയാളുടെ കൈയില്‍വെച്ച് ഇങ്ങനെ പറയും: ''നിങ്ങള്‍ സംതൃപ്തനാകും വരെ ഞാനിന്ന് ഉറങ്ങുകയില്ല!''
Comments