Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

അനുപമം ഈ ഓര്‍മപ്പുസ്തകം

അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍/പുസ്തകം

മാഅത്തെ ഇസ്‌ലാമി മുന്‍ അമീറും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയുടെ ആദ്യത്തെ ചാന്‍സലറും പ്രമുഖ പണ്ഡിതനുമായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി നമ്മോട് വിടപറഞ്ഞിട്ട് ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തെക്കുറിച്ച് പ്രസ്ഥാന നായകരും എഴുത്തുകാരും അണിനിരക്കുന്ന ഒരു ഓര്‍മപ്പുസ്തകം ഉര്‍ദു ഭാഷയില്‍ പുറത്തിറക്കാന്‍ ശാന്തപുരം അല്‍ ജാമിഅ സാരഥികള്‍ക്ക് സാധിച്ചിരിക്കുന്നു. ആധുനിക പ്രിന്റിംഗ് ടെക്‌നോളജിയുടെ കാലത്ത് ഒരു പുസ്തകത്തിന്റെ രൂപകല്‍പന അയത്‌നലളിതമെങ്കിലും ഇക്കാലം വരെ ഇത്തരമൊരു പുസ്തകമോ സ്‌പെഷ്യല്‍ പതിപ്പോ ഉര്‍ദു ഭാഷയില്‍ കണ്ടിട്ടില്ല. പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഈറ്റില്ലങ്ങളായ ന്യൂദല്‍ഹിയിലും അലീഗഢിലും തന്റെ ജീവിതത്തിന്റെ നല്ല നാളുകള്‍ ചെലവഴിച്ച ആ മഹാ മനീഷിക്ക് സ്മരണികയൊരുക്കാന്‍ ഭാഗ്യമുണ്ടായത് കേരളത്തിനാണെന്നതില്‍ നമുക്കഭിമാനിക്കാം.
ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും ജനറല്‍ സെക്രട്ടറിയുമടക്കം നിരവധി നേതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും ഓര്‍മക്കുറിപ്പുകള്‍ക്കൊപ്പം കേരളത്തിലെ ഉര്‍ദു ഭാഷാ നിപുണരും അല്ലാത്തവരുമായ പ്രസ്ഥാന നേതാക്കളുടെയും അല്‍ജാമിഅ സാരഥികളുടെയും ലേഖനങ്ങളും ഈ മജല്ല ബയാദിനെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ടി.കെ അബ്ദുല്ല, ടി. ആരിഫലി, അബ്ദുല്ല മന്‍ഹാം, ഡോ. അബ്ദുസ്സലാം, ഇല്‍യാസ് മൗലവി, പി.എം സ്വാലിഹ് എന്നിവരുടെ ലേഖനങ്ങളില്‍ ചിലത് ഉര്‍ദുവിലേക്ക് മൊഴിമാറ്റിയതാണെങ്കിലും അവയുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോവാതെ അവതരിപ്പിച്ചിട്ടുണ്ട്.
ഡോ. ഇനായത്തുല്ലാ സുബ്ഹാനി, ഡോ. മുഹ്‌യിദ്ദീന്‍ ഗാസി, പര്‍വാസ് റഹ്മാനി, ഡോ. സിയാഉര്‍റഹ്മാന്‍ ഫലാഹി, ഇന്‍തിസാര്‍ നഈം തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാരും പണ്ഡിതന്മാരും അബ്ദുല്‍ ഹഖ് അന്‍സാരിയുടെ പ്രാസ്ഥാനികവും വൈജ്ഞാനികവുമായ സംഭാവനകളെ പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മര്‍സിയകളും അപദാനങ്ങളുമായി അഞ്ച് കവിതകളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ലേഖനങ്ങളും ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നു.
അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ അബ്ദുല്‍ ഹഖ് അന്‍സാരി പങ്കെടുത്ത വിവിധ പരിപാടികളിലെ ഫോട്ടോകള്‍ ഇന്‍സൈഡ് കവറില്‍ കൊടുത്തിട്ടുണ്ട്. ഇന്നര്‍ പേജുകളിലും അല്‍പം കൂടി വ്യക്തിഗത ചിത്രങ്ങള്‍ കൊടുക്കാമായിരുന്നു. കവര്‍ ഡിസൈനിംഗ് മെച്ചപ്പെട്ടതാണെങ്കിലും ലേഔട്ട് കുറച്ചു കൂടി നന്നാക്കാമായിരുന്നു. ആധുനിക സങ്കേതങ്ങള്‍ ലഭ്യമായിട്ടും ഉര്‍ദുവിന്റെ പാരമ്പര്യ രീതിയിലാണ് ലേഔട്ട് ചെയ്തത്. അതിനാല്‍ തന്നെ ലേഖനങ്ങളുടെ വിന്യാസം മികച്ചതല്ല. പ്രത്യേകിച്ച് കവിതകളുടെ ലേഔട്ട് പുസ്തകത്തിന്റെ ശോഭക്ക് മങ്ങലേല്‍പിക്കുന്നു. ഡോ. അന്‍സാരിയെ പരിചയപ്പെടുത്താന്‍ ഇഖ്ബാലിന്റെ അര്‍ധവരി നറം ദമെ ഗുഫ്തഗു, ഗറം ദമേ ജുസ്തജൂ (സംഭാഷണത്തിന്റെ മൃദുലത-ഗവേഷണത്തിന്റെ ചടലുത) ക്യാപ്ഷനായി കൊടുത്തത് ഏറെ അന്വര്‍ഥമായിട്ടുണ്ട്.
ഡോ. അന്‍സാരിയുടെ ശ്രദ്ധേയമായ അന്താരാഷ്ട്ര സെമിനാര്‍ പേപ്പറുകള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനും ശാന്തപുരം അല്‍ജാമിഅ സാരഥികള്‍ ശ്രമിക്കുമെന്ന് വിചാരിക്കുന്നു.
ഓര്‍മപ്പുസ്തകത്തിന്റെ എഡിറ്റര്‍ സിയാഉര്‍റഹ്മാന്‍ ഫലാഹിയുടെ ആമുഖത്തില്‍ നിന്ന് അല്‍പ ഭാഗം എടുത്തെഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം.
''വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, ഗവേഷകന്‍, അധ്യാപകന്‍, നേതാവ്, പ്രബോധകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ. അന്‍സാരി. ഖുര്‍ആന്‍, ഹദീസ്, ഫിലോസഫി, തസവ്വുഫ്, മതതാരതമ്യ പഠനം എന്നിവയില്‍ അഗാധജ്ഞാനിയായിരുന്നു അദ്ദേഹം. ബഹുഭാഷാ പണ്ഡിതനായിരുന്നു. അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, സംസ്‌കൃതം, ഫ്രഞ്ച്, ജര്‍മന്‍, ഹീബ്രു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു അദ്ദേഹം. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞ എല്ലാ ഗുണങ്ങളും സാര്‍ഥവാഹക സംഘത്തിന്റെ നായകനില്‍ സമ്മേളിച്ചിരുന്നു. ഉന്നത ദൃഷ്ടി, ഹൃദ്യഭാഷണം, നീറുന്ന മനസ്സ്- യാത്രാ സംഘത്തിന്റെ നായകന് ഇവയാണല്ലോ പാഥേയം.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം