Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

മാധ്യമലോകത്തെ ഇസ്‌ലാംവേട്ട ചരിത്രവും വര്‍ത്തമാനവും

അബ്ദുല്ല പേരാമ്പ്ര/മീഡിയ

വേള്‍ഡ് ട്രേഡ് സെന്ററിന്റെ പതനത്തിനുശേഷമാണ് ലോകത്ത് മുസ്‌ലിംകളെ ശത്രുപക്ഷത്ത് അവരോധിച്ചുകൊണ്ടുള്ള അടയാളപ്പെടുത്തല്‍ കൂടുതല്‍ ശക്തമാകുന്നത്. മുസ്‌ലിം നാമധാരിയോ വേഷക്കാരനോ ആയി ഒരു വ്യക്തിയെ കണ്ടുകഴിഞ്ഞാല്‍ അയാളെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു രീതിശാസ്ത്രം ലോകത്ത് നടപ്പില്‍ വരുത്താന്‍ അമേരിക്കന്‍ കുബുദ്ധിക്ക് എളുപ്പത്തില്‍ കഴിഞ്ഞു. അതിന് പിന്‍ബലമേകാന്‍ ചില മുതലാളിത്ത രാജ്യങ്ങളും സയണിസ്റ്റ് ലോബികളും രംഗത്തുവന്നു. ഓറിയന്റലിസ്റ്റ് ബുദ്ധിജീവികളുടെ പേനയുന്തും ഈ അജണ്ടക്ക് കാവല്‍നിന്നു. അങ്ങനെയാണ് നാളിന്നുവരെ നാം കണ്ടിട്ടില്ലാത്തവിധം ഇസ്‌ലാംവേട്ടക്ക് ലോകം സാക്ഷ്യം വഹിച്ചത്. ശാരീരിക പീഡനങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ ക്രൂരത. കലാ-സാഹിത്യ മേഖലകളിലും ഈ ഒറ്റപ്പെടുത്തല്‍ പ്രകടമായി. കോടിക്കണക്കിന് ഡോളര്‍ മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന് വേണ്ടി അമേരിക്കന്‍ ഭരണകൂടം ചെലവഴിച്ചു എന്നാണ് വെളിപ്പെടുത്താത്ത കണക്ക്. അതിന്റെ ചെറുതല്ലാത്ത ഒരു ശതമാനം ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലും എത്തിപ്പെട്ടതായി ഈയടുത്ത് ഒരു രഹസ്യ ഏജന്‍സി പുറത്തുകൊണ്ടുവരികയുണ്ടായി. കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും (പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍) അതിന്റെ പങ്ക് ലഭിച്ചിട്ടുണ്ടെന്നു വേണം സംശയിക്കാന്‍. കാരണം, കഴിഞ്ഞ കുറെ കാലമായി അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മുസ്‌ലിം വിരുദ്ധത' തെളിവായി നമുക്ക് മുന്നിലുണ്ടല്ലോ.
ഒരു മീഡിയ അത് ദൃശ്യമാധ്യമമാകട്ടെ, അച്ചടി മാധ്യമമാകട്ടെ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ പൂര്‍വ നിശ്ചിത പ്രകാരം വാര്‍ത്തകള്‍ പടച്ചുവിടുന്ന പ്രവണത ഒട്ടും ആരോഗ്യകരമോ മാധ്യമ ധാര്‍മികതക്ക് യോജിക്കുന്നതോ അല്ല. പക്ഷപാതപരമാകാതിരിക്കാനുള്ള അതിന്റെ ധര്‍മമാണ് മീഡിയയുടെ നിഷ്പക്ഷതയെ വെളിവാക്കുന്നത്. എന്നാല്‍ കുറെ കാലമായി മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ചര്‍ച്ച ചെയ്ത് വരുമ്പോള്‍ അതുവരെയില്ലാത്ത ഒരു മുഖം മാധ്യമങ്ങള്‍ പെട്ടെന്ന് എടുത്തണിയുന്നതായി കാണുന്നു. നിലപാടുകളിലെ ഈ മാറ്റം സംശയദൃഷ്ടിയോടെ മീഡിയയെ സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
മുസ്‌ലിംകള്‍ക്കെതിരെയുള്ള മാധ്യമ പ്രചാരണം തുടരുന്നതിനെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകനോട് അന്വേഷിച്ചാല്‍ തൃപ്തികരമാവില്ല ഉത്തരം. അത്തരമൊരു സമീപനം ഇല്ലെന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞെന്നിരിക്കും. എന്നാല്‍, ഫലത്തില്‍ മറ്റൊന്നാണ് കാണാന്‍ കഴിയുക. സെക്യുലര്‍ ചിന്താഗതി ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന മാധ്യമലോകത്തു നിന്ന് മറ്റൊരു ഉത്തരം ലഭിക്കണമെന്നില്ല. ഒരു ഉദാഹരണം പറയാം. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മുസ്‌ലിം നാമധാരിയെ അറസ്റ്റ് ചെയ്‌തെന്നറിഞ്ഞാല്‍ മുന്‍ പിന്‍ നോക്കാതെ നമ്മുടെ മാധ്യമങ്ങള്‍ അയാളെ കുറ്റക്കാരനായി നിജപ്പെടുത്തി കഴിഞ്ഞിരിക്കും. പോലീസ് വിഭാഗത്തിനാണെങ്കില്‍ ജോലിയും കുറഞ്ഞുകിട്ടുന്നു. ചോദ്യം ചെയ്യാതെ, തുടര്‍ അന്വേഷണം നടത്താതെ കുറ്റവാളിയെ നേരിട്ട് ജയിലിലാക്കാനുള്ള പഴുതുകളാണ് അയാള്‍ അന്വേഷിക്കുന്നത്. ക്രൂരമായ പീഡനത്തിന്റെ ബലിയാടായി ഏതൊരു കുറ്റവും സ്വയം ഏല്‍ക്കേണ്ടിയുംവരും അയാള്‍. ഇവിടെയാണ് മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല. ഭരണകൂടം (പോലീസ്) എന്താണോ പറയുന്നത്, അത് ഏറ്റുപിടിക്കുന്നവരായി മീഡിയ മാറുന്നു. ഇത്, മുസ്‌ലിംകളുമായി ബന്ധപ്പെട്ട വല്ല പ്രശ്‌നവും വരുമ്പോള്‍ മാത്രമാണെന്ന് ഓര്‍ക്കണം. അബ്ദുന്നാസര്‍ മഅ്ദനി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിചാരണ തടവുകാരനായി തുടരുന്നതിന്റെ പിന്നാമ്പുറകഥകളിലേക്ക് എന്തുകൊണ്ട് മാധ്യമങ്ങള്‍ സത്യസന്ധമായി കടന്നുചെല്ലുന്നില്ല എന്ന ന്യായമായ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടവരാരാണ്?
ഇന്ത്യയില്‍ ഭരണകൂട നിയന്ത്രണത്തിലുള്ള ദൃശ്യ-അച്ചടി മാധ്യമങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ ഒരു ഏകദേശ കണക്കെടുത്താല്‍, ഹിന്ദുത്വ ഫാഷിസ്റ്റ് ഒളിയജണ്ടയുടെ ഒരു നേര്‍ ചിത്രം നമുക്ക് കിട്ടും. മുസ്‌ലിംകളുടെ മാത്രം കഥയല്ലിത്. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ദലിത്-പിന്നാക്ക വിഭാഗങ്ങളുടെയും പ്രാതിനിധ്യം മീഡിയയില്‍ തുലോം കുറവ് തന്നെയാണ്. അധഃകൃതന് ഇത്തരം ജോലികളില്‍ ഇടം നല്‍കുക എന്നത് സവര്‍ണ മേധാവികള്‍ക്ക് സഹിക്കുകയില്ല; അവര്‍ എത്രതന്നെ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരാണെങ്കിലും ശരി. ഇന്ത്യയിലെ അധഃസ്ഥിതരുടെയും മുസ്‌ലിംകളുടെയും ഉന്നമനത്തിനു വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തുന്നതെന്ന് പേര്‍ത്തും പേര്‍ത്തും സംസാരിക്കുന്ന മീഡിയ അവരുടെ ഏതെങ്കിലും സ്ഥാപനത്തില്‍ ഇത്തരക്കാരുടെ പ്രാതിനിധ്യമുണ്ടോ എന്നു ചോദിക്കുമ്പോള്‍ നിശ്ശബ്ദരാകുന്നതാണ് നാം കാണുക. അകത്തെ ഈ പക്ഷപാതിത്വം പുറത്തെ സമീപനത്തേക്കാള്‍ ഭീകരവും അപകടകരവുമാണ്.
ഒരു രാജ്യത്തെ മീഡിയ ആ രാജ്യത്തിലെ അടിസ്ഥാന വര്‍ഗത്തെയോ പിന്നാക്ക വിഭാഗങ്ങളെയോ അല്ല പ്രതിനിധീകരിക്കുക. ഏതൊരു രാജ്യത്തിന്റെയും സ്ഥിതി അങ്ങനെയാണ്. പലപ്പോഴും സമൂഹത്തിലെ മധ്യവര്‍ഗത്തെയോ സവര്‍ണ സമ്പന്ന വിഭാഗത്തെയോ ആവും ഇവര്‍ പ്രതിനിധീകരിക്കുക. ഈ വിഭാഗങ്ങളുടെ ജീവിത-സ്വഭാവ രീതികളെ മീഡിയ നിര്‍ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യും. സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കാതെ നോക്കേണ്ട ബാധ്യത മീഡിയക്കുണ്ടാവുന്നത് സാമൂഹിക പ്രതിബദ്ധത എന്ന പൊതു അജണ്ടയെ ബാധിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തിലെ ജനവിഭാഗത്തെ മുഴുവനായി പ്രതിനിധീകരിക്കാത്തേടത്തോളം ആരോഗ്യകരമായ മാധ്യമ പ്രവര്‍ത്തനം സാധ്യമാകുന്നില്ല.
ഇന്ത്യന്‍ മീഡിയയെ മുസ്‌ലിംവിരുദ്ധ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് വലിയ പങ്കുണ്ട്. 1977-ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി തന്റെ ഭരണകാലത്തിന്റെ മുക്കാല്‍ പങ്കും ഉപയോഗിച്ചത് മീഡിയയില്‍ സവര്‍ണ മേധാവികളെ തിരുകിക്കയറ്റുന്നതിനായിരുന്നു. അതിന്റെ തിക്തഫലം ഇന്നും മുസ്‌ലിംകള്‍ അനുഭവിക്കുന്നുണ്ട്. തുടര്‍ന്നു വന്ന പല സര്‍ക്കാറുകളും തങ്ങളുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന മാധ്യമ പ്രവര്‍ത്തകരെ തിരുകിക്കയറ്റുകയും തദ്വാര, നവ ലിബറല്‍ സാമ്രാജ്യത്വ കാഴ്ചപ്പാടുകള്‍ മീഡിയയയെ നിര്‍ണയിക്കുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. സമ്പന്ന വര്‍ഗത്തിന് ഹാനികരമാകുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരിക ഇന്ന് അപൂര്‍വമായിരിക്കുന്നു. അപൂര്‍വമായി ഇടപെടുന്ന നിഷ്പക്ഷ പത്രപ്രവര്‍ത്തകരുടെ ശബ്ദങ്ങളാവട്ടെ വനരോദനമായി മാറുകയും ചെയ്യുന്നു.
പൊതുവെ മുസ്‌ലിം പത്രമാധ്യമ മേഖലയും ദൃശ്യമാധ്യമ മേഖലയും സജീവമായ കേരളത്തില്‍ പോലും മുസ്‌ലിം പ്രശ്‌നങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ അവധാനതയോടെയല്ല സമീപിക്കുന്നതെന്ന് കാണാം. മുസ്‌ലിംകള്‍ കഥാപാത്രങ്ങളായി വരുന്ന സിനിമകള്‍ തന്നെ നോക്കുക. അവിടെ എപ്പോഴും വില്ലനാവുന്നത് മുസ്‌ലിമായിരിക്കും. നമ്മുടെ കവിതകളിലും നോവല്‍ സാഹിത്യത്തിലും ഇതേ പ്രശ്‌നം നിലനിന്നിട്ടുണ്ട്. കവിതാ രംഗത്ത് വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടെയും ചില കവിതകള്‍ ഉദാഹരിക്കാവുന്നതാണ്. നോവലുകളിലും കഥകളിലുമുണ്ട് ഈ വകതിരിവ്. സമീപകാലത്ത് വന്ന ചില മലയാള കഥകള്‍ തന്നെ അതിന് മികച്ച ഉദാഹരണങ്ങള്‍. അവയെക്കുറിച്ച് ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും ഈ കഥകള്‍ ഒരു സവര്‍ണ ഫാഷിസ്റ്റ് എഴുത്തുകാരന്റേതാണെന്ന്‌പോലും സംശയിച്ചുപോകാവുന്ന തരത്തിലാണ് അവയിലെ ഭാഷയും കഥാപശ്ചാത്തലവുമെല്ലാം. തീവ്രവാദ കേസുകള്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ ഇടപെട്ടതാണെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് അതൊരു ചാകരയാണ്. ചാനലിലെ ന്യൂസ് അവറില്‍ അവ തിമര്‍ത്താടും. ഇടവിടാതെ ചാനലില്‍ സ്‌ട്രോളിംഗ് നടത്തും. ഹിന്ദു ഭീകരതയുടേതാണെങ്കില്‍ പെട്ടന്നവര്‍ നിശ്ശബ്ദരാവുന്നത് കാണാം. അതിന്റെ തുടര്‍ അന്വേഷണങ്ങളോ ചൂട് പിടിച്ച ചര്‍ച്ചകളോ കണ്ടെന്നുവരില്ല. മക്ക മസ്ജിദ് സ്‌ഫോടന കേസുകളും മുംബൈ സ്‌ഫോടനങ്ങളും നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാം. ഗുജറാത്ത് കൂട്ടക്കൊലയില്‍ പ്രതിസ്ഥാനത്തുള്ള നരേന്ദ്രമോഡി ഇന്ന് പ്രധാനമന്ത്രിക്കസേരക്കുവേണ്ടി മത്സരിക്കുകയാണ്. ഇവിടെയെല്ലാം നമ്മുടെ മാധ്യമ നിലപാടുകളിലെ ഇരട്ടത്താപ്പുകള്‍ മറനീക്കി പുറത്തുവരുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം