Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക വര്‍ഗീയതയോ അവസരവാദമോ ആയിരിക്കില്ല

പ്രഫ. അഖ്തറുല്‍ വാസിഅ് (ജാമിഅ മില്ലിയ്യ, ന്യൂദല്‍ഹി)

നിലവിലെ രാഷ്ട്രീയ കാലാവസ്ഥ അത്രത്തോളം നിരാശാജനകമാണെന്ന് പറയാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ പലവിധ ആവിഷ്‌കാരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരു പ്രധാന കക്ഷി സെക്യുലരിസം പറഞ്ഞുകൊണ്ടിരിക്കുന്നു; അത് എത്രത്തോളം സെക്യുലറാണ് എന്നത് മറ്റൊരു കാര്യം. മറ്റൊരു കക്ഷി ഒരു പ്രത്യേക മതത്തെയും സംസ്‌കാരത്തെയും കുറിച്ച് മാത്രം വാചാലരാണ്. ഇവ രണ്ടിനും അത്രയൊന്നും ശക്തിയില്ല എന്നതാണ് യാഥാര്‍ഥ്യം. ദേശീയ പാര്‍ട്ടികള്‍ എന്ന് പറയുന്നവയുടെ സ്വാധീന വൃത്തവും ചുരുങ്ങിച്ചുരുങ്ങി വരികയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആനുകൂല്യം മുതലെടുത്ത് പ്രാദേശിക പാര്‍ട്ടികള്‍ ഏറ്റവും നല്ല നിലയില്‍ ബഹുജനവികാരങ്ങളെയും പ്രതീക്ഷകളെയും ആവശ്യങ്ങളെയും പ്രതിനിധീകരിക്കുന്നവരായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക.
ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ഒരു ഫെഡറല്‍ രാഷ്ട്രമായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടത്. പക്ഷേ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ അധികാരമധികവും കേന്ദ്ര ഭരണകൂടത്തില്‍ നിക്ഷിപ്തമായി. ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നപ്പോള്‍ ആ വ്യക്തിയിലേക്ക് സര്‍വ അധികാരവും കേന്ദ്രീകരിക്കപ്പെട്ടു. 1996 വരെ ഇതായിരുന്നു സ്ഥിതി. പിന്നെ രാഷ്ട്രീയ ചിത്രം ഒന്നാകെ മാറിമറിയുന്നതാണ് നാം കാണുന്നത്. 1996 വരെ സുബേദാര്‍ ആരാകണം എന്ന് കേന്ദ്രമാണ് തീരുമാനിക്കുക. ഇപ്പോള്‍ കേന്ദ്രത്തില്‍ ആര് പ്രധാനമന്ത്രിയാകണം എന്ന് സുബേദാറാണ് തീരുമാനിക്കുക. ഇത് പ്രാദേശിക കക്ഷികളുടെ ശാക്തീകരണത്തെയാണ് കുറിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ ചെലവില്‍ ജയിച്ച് കയറാം എന്ന് കരുതിയിരുന്ന ബി.ജെ.പിയുടെ വഴിമുടക്കികളാണ് ആം ആദ്മി പാര്‍ട്ടി. ജനങ്ങളുടെ രോഷവും ആവശ്യങ്ങളും അരവിന്ദ് കെജ്‌രിവാളിലൂടെയാണ് ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ അധികാരത്തിലെത്താന്‍ വേണ്ടി മാത്രം മത്സരിക്കുമ്പോള്‍, ആം ആദ്മിയുടെ ഉന്നം അധികാരാരോഹണത്തില്‍ പരിമിതമല്ല എന്ന് വ്യത്യാസവും ഉണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയമാണ് അത് കാഴ്ചവെക്കുന്നത്.
സ്വാര്‍ഥ താല്‍പര്യക്കാരായ രാഷ്ട്രീയക്കാരും പത്രമാധ്യമങ്ങളുമെല്ലാം ആം ആദ്മിയെ ചൊല്ലി ഇപ്പോള്‍ ബഹളം വെക്കുന്നുണ്ട്. പക്ഷേ, പൊതുജനം 'ആപി'നെക്കുറിച്ച പ്രതീക്ഷ കൈവിട്ടിട്ടില്ല. കുറെയധികം ചോദ്യങ്ങള്‍ 'ആപ്' ഉന്നയിച്ചുകഴിഞ്ഞു. അതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടതായി വരും. ആരാണ് ഇത്രയും കാലം ലോക്പാല്‍ ബില്ല് തടഞ്ഞുവെച്ചത്? എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ട്? ഇത്തരം ഒരുപാട് ചോദ്യങ്ങള്‍. വര്‍ഗീയത, ജാതീയത, പ്രാദേശികത ഇത് മൂന്നും ഒഴിവാക്കിക്കൊണ്ട് ജനകീയ പ്രശ്‌നങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് ആദ്യമായി അധികാരത്തിലേറിയ പാര്‍ട്ടി എന്ന് ഞാന്‍ 'ആപി'നെ വിശേഷിപ്പിക്കും. മുസ്‌ലിംകളുടെ പരമ്പരാഗത നേതൃത്വം രാഷ്ട്രീയമായി വേണ്ടത്ര സാക്ഷരരല്ലെങ്കിലും, ആര്‍ക്ക് എപ്പോള്‍ വോട്ട് ചെയ്യണമെന്ന് മുസ്‌ലിം ജനസാമാന്യത്തിന് നന്നായി അറിയാം. വരുന്ന തെരഞ്ഞെടുപ്പ് വര്‍ഗീയതയെ ചൊല്ലി ആയിരിക്കില്ല എന്നവര്‍ ഉറപ്പ് വരുത്തണം. വര്‍ഗീയത മാത്രം കൈമുതലാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ഇപ്പോള്‍ ബി.ജെ.പിയും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണവര്‍ വികസനത്തെക്കുറിച്ചും വാചാലരാകുന്നത്. രാഷ്ട്രീയ പദ പ്രയോഗങ്ങള്‍, രാഷ്ട്രീയ നൈതികത, രാഷ്ട്രീയ മുന്‍ഗണനകള്‍ എന്നീ മൂന്നിനെയും 'ആപ്' മാറ്റിമറിച്ചിരിക്കുന്നു. അവസരവാദത്തെയോ വര്‍ഗീയതയെയോ കൂട്ടുപിടിച്ച് ആര്‍ക്കും തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല എന്ന് വന്നിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം