മദ്യപരുടെ മയ്യിത്തിന് നമസ്‌കാര വിലക്ക്
മദ്യപരുടെ മയ്യിത്തിന് നമസ്‌കാര വിലക്ക്
പി.വി.സി മുഹമ്മദ് പൊന്നാനി
മദ്യപാനികളുടെ മയ്യിത്ത് നമസ്‌കാരം നടത്തില്ലെന്ന് ബീഹാറിലെ നളന്ദ ജില്ലയിലെ മുസ്‌ലിം ഇമാമുമാര്‍ തീരുമാനിച്ചു. നേരത്തെ സ്ത്രീധനം വാങ്ങുന്ന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ലെന്ന് ഇമാമുമാരുടെ യോഗം തീരുമാനിച്ചിരുന്നു. മയ്യിത്ത് നമസ്‌കാരം നടത്തില്ലെന്ന തീരുമാനം മദ്യപിക്കരുതെന്ന സന്ദേശം ശക്തമായി നല്‍കുന്നതാണെന്ന് ഹാഫിസ് മൗലാനാ മഹ്തബ് ആലം മുഖ്ദുവി വ്യക്തമാക്കി (മാധ്യമം 13.1.2014). ഇത്തരം നടപടികളെപ്പറ്റി എന്തു പറയുന്നു?
കുടിവെള്ളത്തേക്കാള്‍ സുലഭമായി മദ്യത്തിന്റെ ലഭ്യതയും സിനിമകളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മദ്യത്തിനു നല്‍കുന്ന പ്രചാരണവും നേതാക്കളുടെയും കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും തെറ്റായ മാതൃകയും സര്‍വോപരി ബോധവത്കരണത്തിന്റെ അഭാവവും നിമിത്തം രാജ്യത്തെല്ലായിടത്തും എല്ലാ വിഭാഗക്കാരിലും മദ്യപാനം വ്യാപകമായി വന്‍ വിപത്തായി മാറിയിരിക്കുന്നു എന്നതില്‍ സംശയമില്ല. മുമ്പ് അക്കാര്യത്തിലെങ്കിലും പിന്നാക്കമായിരുന്ന മുസ്‌ലിംകളിലും ഇപ്പോള്‍ മദ്യപാന ദുശ്ശീലം വര്‍ധിച്ചുവരികയാണ്. മദ്യപര്‍ മരിച്ചാല്‍ മയ്യിത്ത് നമസ്‌കരിക്കുകയില്ലെന്ന ബീഹാറിലെ നളന്ദ ജില്ലയിലെ ഇമാമുമാരുടെ തീരുമാനം മദ്യപരെ പിന്തിരിപ്പിക്കാന്‍ എത്രത്തോളം പര്യാപ്തമാവുമെന്ന് കണ്ടറിയണം. കാരണം, നിര്‍ബന്ധ നമസ്‌കാരത്തെപ്പറ്റി തികച്ചും ബോധശൂന്യരാണ് മിക്കവാറും മദ്യപര്‍. അത്തരക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ മറ്റുള്ളവര്‍ മയ്യിത്ത് നമസ്‌കരിക്കുമോ എന്ന കാര്യത്തില്‍ വലിയ ബേജാറൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. മദ്യാസക്തരായി അറിയപ്പെടുന്നതില്‍ ഒരസ്‌കിതയും തോന്നാത്തവരുടെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കരുതെന്ന് തീരുമാനിക്കാനേ ഇമാമുമാര്‍ക്ക് കഴിയൂ എന്നതും പ്രശ്‌നമാണ്. സ്വകാര്യമായി മദ്യപിക്കുന്നവരുടെ മേല്‍ തീരുമാനം ബാധകമാക്കിയാല്‍ മഹല്ലുകളില്‍ വന്‍ കോലാഹലങ്ങള്‍ക്ക് വഴിതുറക്കും; പ്രത്യേകിച്ച് പ്രമാണിമാരുടെ കാര്യത്തില്‍. കുറെക്കൂടി ഫലപ്രദമായ നടപടി വീടുവീടാന്തരം, ഗുണകാംക്ഷാപൂര്‍ണമായ ബോധവത്കരണമാണ്. ഇമാമുകളും മതപണ്ഡിതന്മാരും മഹല്ല് ഭാരവാഹികളും നേരിട്ടിറങ്ങിയാല്‍ തീര്‍ച്ചയായും ഫലമുണ്ടാവും.
സായുധ
പ്രതിരോധം
എ.ആര്‍ ചെറിയമുണ്ടം
ഇസ്‌ലാമിക പ്രസ്ഥാനം ലോകാടിസ്ഥാനത്തില്‍ ഏകാധിപത്യ മര്‍ദക ഭരണകൂടങ്ങളുടെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. എന്നിട്ടും ആയുധമെടുക്കില്ലെന്നാണ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോള്‍ 'പ്രതിരോധം ജന്മാവകാശമാണെ'ന്ന മനുഷ്യാവകാശ തത്ത്വത്തിന് എന്ത് പ്രസക്തിയാണുള്ളത്?
'ജിഹാദില്‍ ഏറ്റവും ശ്രേഷ്ഠമായത് വിധ്വംസകനായ ഭരണാധികാരിയുടെ മുമ്പാകെ സത്യം തുറന്നു പറയലാണ്' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്. അധികാരികള്‍ എന്ത് അധാര്‍മികതയും അഴിമതിയും തന്നിഷ്ടവും കാണിച്ചുകൊള്ളട്ടെ, നമുക്ക് പള്ളിയിലിരുന്ന് ദിക്ര്‍ ചൊല്ലാം എന്ന സാമ്പ്രദായിക മത ശൈലി ഇസ്‌ലാമികമല്ല. ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരോട് നന്മ ഉപദേശിക്കാനും തിന്മ തടയാനും ചുമതലപ്പെട്ടവരാണ് മുസ്‌ലിംകള്‍. അവര്‍ സാമൂഹികമായും സംഘടിതമായും അത് ചെയ്‌തേ മതിയാവൂ. പൂര്‍വ സൂരികളായ ഇമാം അബൂഹനീഫയും ഇമാം മാലികും ഇമാം അഹ്മദ് ബിന്‍ ഹമ്പലും മറ്റനേകരും ഇക്കാര്യത്തില്‍ മാതൃക കാട്ടിയവരാണ്. എന്നാല്‍ സായുധ പ്രതിരോധം മറ്റു മാര്‍ഗങ്ങളില്ലാതിരിക്കുമ്പോഴും, ഫലപ്രദമാണെന്ന് കണ്ടാലും, കൂടുതല്‍ മോശമായ പ്രത്യാഘാതങ്ങള്‍ ഉളവാകുകയില്ലെന്ന് ബോധ്യപ്പെട്ടാലും മാത്രം ചെയ്യേണ്ടതാണ്. 'നിങ്ങളുടെ കൈകള്‍ കൊണ്ട് നാശത്തിലേക്ക് സ്വയം എടുത്തെറിയരുത്' എന്നതാണ് ഖുര്‍ആന്റെ സാമാന്യാധ്യാപനം. കലാപം അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നതും സുവിദിതമാണ്. ദൃഢനിശ്ചയത്തോടും അഗാധ പ്രതിബദ്ധതയോടും കൂടിയുള്ള സഹന സമരത്തോളം ഫലപ്രദമായ ചെറുത്തുനില്‍പ് ചരിത്രം പരിചയപ്പെടുത്തിയിട്ടില്ല. പക്ഷേ, ക്ഷമാശീലര്‍ക്ക് മാത്രമേ അത് സാധ്യമാവൂ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീധനത്തില്‍
എന്തു ശരി?
സാലിം ചോലയില്‍
ചെര്‍പ്പുളശ്ശേരി
''നിബന്ധന വെച്ചോ നിര്‍ബന്ധമായോ അടിച്ചേല്‍പിച്ചോ സ്ത്രീധനം വാങ്ങാന്‍ പാടില്ല. ഒരു പെണ്‍കുട്ടിയുടെ പിതാവ് സസന്തോഷം എന്തെങ്കിലും സഹായം ചെയ്യുകയാണെങ്കില്‍ അത് പാടില്ലെന്നും പറയാന്‍ കഴിയില്ല. സ്ത്രീധനം എന്ന ഒറ്റ വാക്കിന്റെ പരിധിയിലേക്ക് ഇതിനെയെല്ലാം കൊണ്ടുവന്ന് 'സ്ത്രീധനം നിഷിദ്ധ'മാണ് എന്നു പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'' (മാതൃഭൂമി ആഴ്ചപ്പതിപ്പി(ലക്കം 37)ല്‍ വന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമായുള്ള സംഭാഷണത്തില്‍നിന്ന്). സ്ത്രീധനത്തെ ന്യായീകരിക്കുന്ന കാന്തപുരത്തിന്റെ നിലപാടുകളില്‍ വല്ല ശരിയുമുണ്ടോ?
വിവാഹത്തിന്റെ ഉപാധിയായി സ്ത്രീ പുരുഷന് നല്‍കുന്ന കൈക്കൂലിയില്‍ കുറഞ്ഞ ഒന്നുമല്ല സ്ത്രീധനം. ലോക മുസ്‌ലിംകളില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മാത്രമേ വിവാഹത്തിന്റെ ലക്ഷ്യവും സംശുദ്ധിയും തകര്‍ക്കുന്ന ഈ ദുരാചാരം നിലനില്‍ക്കുന്നുള്ളൂ എന്നാണറിവ്. രാജ്യത്തിലെ നിയമം അത് കഠിനശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നിരിക്കെ എന്തെങ്കിലും ന്യായീകരണം കണ്ടെത്തി സ്ത്രീധനം അനുവദിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ഒട്ടും ശരിയല്ല. സാമൂഹിക നീതിയെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടിനെപ്പറ്റി ഒരു ബോധവും പരിഗണനയും ഇല്ലാത്ത യാഥാസ്ഥിതിക പണ്ഡിതന്മാരും പുരോഹിതന്മാരും മാത്രമാണ് സ്ത്രീധനം വാങ്ങാനുള്ള കുറുക്കുവഴികള്‍ കണ്ടെത്തുന്നതും ഫത്‌വ നല്‍കുന്നതും. വിവാഹാനന്തരം അവശ്യഘട്ടങ്ങളില്‍ ഭര്‍ത്താവും ഭാര്യയും രണ്ടാളുകളുടെയും ബന്ധുക്കളും പരസ്പരം സഹായിക്കുന്നത് തീര്‍ത്തും മാനുഷികമായ കാര്യമാണ്. അത് സ്ത്രീധനത്തിന്റെ പട്ടികയില്‍ പെടുത്തേണ്ടതല്ല. അത്തരം സഹായങ്ങള്‍ ഏകപക്ഷീയവുമല്ല.
'ചെകുത്താന്‍
വേദമോതുന്നു'
ഹമീദ് മുത്തനൂര്‍
ആള്‍ദൈവങ്ങളും അറബി, സംസ്‌കൃതം തുടങ്ങിയ ഭാഷാ മാന്ത്രികരും, ഏര്‍വാടിയില്‍ നിന്ന് കിട്ടിയവരും, അജ്മീറില്‍ നിന്ന് കോഴ്‌സ് പാസ്സായവരും പലവിധ സേവക്കാരും മഠങ്ങളും നാടുനിറഞ്ഞിരിക്കുന്നു. എല്ലാവരും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നവര്‍. നല്ല തിരക്കാണ് എല്ലായിടത്തും. തിക്കിത്തിരക്കുന്നവര്‍ ആരാണെന്ന് ചോദിക്കണോ. ഭൂരിഭാഗവും 'നമ്മുടെ പെണ്ണുങ്ങള്‍'. അന്ധവിശ്വാസികളുടെയും അറിവില്ലാത്ത പാവങ്ങളുടെയും പണം പിടുങ്ങാന്‍ നല്ല സിദ്ധിയുള്ളവരാണ് 'പല സിദ്ധന്മാരും' (രിസാല 2013 ഡിസംബര്‍ 12). പ്രതികരണം?
വ്യാജസിദ്ധന്മാരെയും മനോരോഗികളെയും ഔലിയാക്കളായി പ്രഖ്യാപിച്ചും അവരെ ആവോളം ആഘോഷിച്ചും ബുദ്ധിശൂന്യരെയും സാധാരണക്കാരെയും ചൂഷണം ചെയ്യുന്ന പ്രവണതക്ക് ഊര്‍ജം പകര്‍ന്നതും പകരുന്നതും ന്യായീകരണവും നീതീകരണവും നല്‍കുന്നവരും ആരാണെന്ന് കേരളീയര്‍ക്ക് അസ്സലായറിയാം. മനോരോഗിയെന്ന് ബന്ധുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയ, നമസ്‌കാരം ഉള്‍പ്പെടെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ ഉപേക്ഷിച്ച 'വലിയ്യി'ന്റെ പേരില്‍ ജാറം മുതല്‍ കോളേജുകള്‍ വരെ സ്ഥാപിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ് സമസ്തയുടെ ഇരു വിഭാഗങ്ങളും. പുത്തന്‍പള്ളി മുതല്‍ ബീമാ പള്ളിവരെ ഖബ്‌റടക്കപ്പെട്ട 'മഹാത്മാക്കള്‍'ക്കില്ലാത്ത കറാമത്തുകളുണ്ടോ? ഏര്‍വാടിയിലെ ശവകുടീരങ്ങളിലേക്ക് മനോരോഗികളെ ആട്ടിത്തെളിയിക്കുന്നവരുടെ മുന്‍നിരയിലാരാണ്? 'മൂന്നുപെറ്റുമ്മാന്റെവിടെ നേര്‍ച്ച' എന്ന പേരില്‍ നടക്കുന്ന ശുദ്ധ അന്ധവിശ്വാസത്തട്ടിപ്പിന് ഇരു സമസ്തകളും കാലങ്ങളായി കൂട്ടു നില്‍ക്കുകയല്ലേ? ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ വര്‍ഷംതോറം സംഘടിപ്പിക്കപ്പെടുന്ന മതപ്രഭാഷണ പരമ്പരകളിലെ താരങ്ങളായ മുസ്‌ലിയാക്കള്‍ എപ്പോഴെങ്കിലും രിസാലയില്‍ പറഞ്ഞ അന്ധവിശ്വാസങ്ങളെ തള്ളിപ്പറഞ്ഞ ചരിത്രമുണ്ടോ? കുത്ത്‌റാത്തീബും മന്‍കൂസ് മൗലൂദും ഖുത്തുബിയ്യത്തും മന്ത്രവാദവും ഏലസ്സും മറ്റനാചാരങ്ങളും പൂര്‍വാധികം ശക്തിയോടെ ജീവിപ്പിക്കുന്നതിന്റെ പേരല്ലേ ഇവരുടെ ദൃഷ്ടിയില്‍ നവോത്ഥാനം? ഉമര്‍ഖാദി, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങിയ മഹാത്മാക്കള്‍ ഇത്തരം വിശ്വാസാചാരങ്ങള്‍ കൊണ്ടുനടന്നവരായിരുന്നു എന്നല്ലേ അനുയായികളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നത്? പാവം പെണ്ണുങ്ങള്‍ക്ക് ഉറൂസുകളിലും നേര്‍ച്ചകളിലും പൂരങ്ങളിലും പങ്കെടുത്ത് പണവും മാനവും കളയാനേ അനുവാദമുള്ളൂ.. പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോയാല്‍ ഹറമിലെ അതിവിശുദ്ധ പള്ളിയില്‍ പോലും ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിന് അവര്‍ക്ക് വിലക്ക്!! ഇതെല്ലാം മറച്ചുവെച്ചുള്ള ആള്‍ദൈവവിരോധം കാണുമ്പോള്‍ ചെകുത്താന്‍ വേദമോതുന്നു എന്നല്ലാതെ എന്തു പറയും!
തങ്ങന്മാരോട് ആദരവ്
ബി.വി.എം ഹുസൈന്‍ തങ്ങള്‍, പുതിയങ്ങാടി
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പുത്രി ഫാത്വിമയുടെയും പിതൃസഹോദര പുത്രന്‍ അലിയുടെയും മക്കള്‍ ഹസന്‍-ഹുസൈന്‍ എന്നിവരുടെ വംശപരമ്പരയാണ് കേരളമുള്‍പ്പെടെ ലോകത്തെങ്ങുമുള്ള സയ്യിദ്-തങ്ങള്‍ വംശജര്‍. സയ്യിദ് മൗദൂദി മുതല്‍ സനാഉല്ലാ മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍, ബാഫഖി-പാണക്കാട് തങ്ങന്മാര്‍ തുടങ്ങിയവരെയെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. പക്ഷേ, ചില ആളുകള്‍ക്ക് തങ്ങള്‍ വിഭാഗത്തോട് വല്ലാത്ത അലര്‍ജിയും അസഹിഷ്ണുതയുമാണ്. വ്യക്തി സംഭാഷണങ്ങളിലും പൊതു പ്രഭാഷണ വേദികളിലും അവര്‍ നിസ്സങ്കോചം അത് പ്രകടിപ്പിക്കുകയുംചെയ്യുന്നു. ഉത്തരവാദപ്പെട്ട ചില ജമാഅത്ത് പ്രവര്‍ത്തകര്‍ പോലും ഇതിന്നപവാദമല്ല. ആക്ഷേപഹാസ്യം ചൊരിയുമ്പോള്‍ തങ്ങളുടെ അനിഷേധ്യ നേതാക്കളെയാണ് തേജോവധം ചെയ്യുന്നതെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസ-സാമ്പത്തിക ചൂഷണം നടത്തിക്കൊണ്ടിരിക്കുന്നവരെ എതിര്‍ക്കുകയും തങ്ങന്മാരെ വെറുതെ വിടുകയും ചെയ്യുന്നതല്ലേ കരണീയം?
വംശപരമോ കുടുംബപരമോ ഗോത്രപരമോ ആയ ഒരുവിധ മഹിമയുമല്ല, തഖ്‌വ അഥവാ കരുതലോടെയുള്ള ജീവിതം മാത്രമാണ് അല്ലാഹു പരിഗണിക്കുക എന്നത് വിശുദ്ധ ഖുര്‍ആന്റെ സ്പഷ്ടമായ അധ്യാപനമാണ്. നബി(സ)യുടെ ശത്രുവായിരുന്ന അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ അബൂലബബാണ് ഖുര്‍ആന്‍ പേരെടുത്ത് നരകാകാശിയാണെന്ന് വിധിയെഴുതിയ ഒരേയൊരു ഖുറൈശി പ്രമുഖന്‍. പ്രിയ പുത്രി ഫാത്വിമയോട് തന്നെ നബി(സ) ഉണര്‍ത്തിയത്, 'എന്റെ സമ്പത്തില്‍ നിന്ന് നീ എന്ത് ചോദിച്ചാലും തരാം, എന്നാല്‍ നരകശിക്ഷയില്‍ നിന്നുള്ള മോചനത്തിന് നീ തന്നെ വഴി നോക്കണം' എന്നാണ്. എന്നിരിക്കെ ആരോ പ്രവാചക പുത്രിയുടെ സന്താന പരമ്പരയില്‍ പിറന്നവനാണെന്ന അവകാശവാദം ഒരാളെയും ഒന്നിനും അര്‍ഹനാക്കുന്നില്ല. എന്നാല്‍ തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കാന്‍ നബി(സ) അനുയായികളോട് ആവശ്യപ്പെടുകയും അത്തരം പ്രാര്‍ഥനകള്‍ പഠിപ്പിച്ചുതരികയും ചെയ്തിട്ടുണ്ട്. നിശ്ചയമായും വിശ്വാസികള്‍ അതനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. മറ്റേതെങ്കിലും പദവി അവര്‍ക്ക് വകവെച്ചു കൊടുക്കാന്‍ തിരുമേനി ആവശ്യപ്പെട്ടിട്ടില്ല. പ്രഥമ ഖലീഫയെ തെരഞ്ഞെടുത്തത് മുതല്‍ക്കുള്ള സംഭവങ്ങളില്‍ വിശ്വാസി സമൂഹം പ്രവാചക കുടുംബത്തെ പരിഗണിച്ചിട്ടുമില്ല.
നിലവിലെ തങ്ങന്മാരില്‍ ഒറിജിനലും വ്യാജന്മാരുമുണ്ട്. വ്യാജന്മാര്‍ പെരുകിയതും അവര്‍ സമൂഹത്തില്‍ പ്രത്യേക പദവി അവകാശപ്പെട്ടതുമാണ് സയ്യിദുമാരോടുള്ള സമുദായത്തിന്റെ ആദരവ് നഷ്ടപ്പെടാന്‍ കാരണം. ചോദ്യത്തില്‍ പേരെടുത്ത് പറഞ്ഞ മഹാന്മാരൊക്കെ തങ്ങന്മാരായതുകൊണ്ട് മാത്രം സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയവരല്ല. അറിവും ഇസ്‌ലാമിക സേവനവും പ്രബോധന പ്രവര്‍ത്തനങ്ങളുമാണവരെ സമാദരണീയരും ജനങ്ങളുടെ സ്‌നേഹ പാത്രങ്ങളുമാക്കിയത്. തങ്ങന്മാരെയെന്നല്ല ആരെയും അവഹേളിക്കാനോ നിന്ദിക്കാനോ വില കുറച്ചു കാണാനോ ഇസ്‌ലാം അനുവദിച്ചിട്ടില്ല. 'ആളുകള്‍ക്ക് അവരുടേതായ സ്ഥാനങ്ങള്‍ വകവെച്ചുകൊടുക്കുക' എന്നത് നബി(സ)യുടെ അധ്യാപനമാണ്.
Comments