Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

കബീര്‍ദാസ് കൃതി നിരോധിക്കുമോ?

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

കബീര്‍ദാസ് കൃതി നിരോധിക്കുമോ?


പ്രശസ്ത ഭക്തകവിയായിരുന്ന കബീര്‍ ദാസ് എഴുതി:
പൂജിപ്പതെന്തിനു കല്ലിനെ
ഉത്തരം പറയാത്ത കല്ലിനെ
വ്യര്‍ഥപൂജയാലിങ്ങനെ
ശക്തികളയുന്നതെന്തിന്?
ഐ.പിഎച്ചിന്റെ 14 പുസ്തകങ്ങളെക്കുറിച്ച് കേരള സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച്, പലരുടെയും മതവികാരം 'വ്രണപ്പെടുത്തുന്നതാ'ണ് കബീര്‍ദാസിന്റെ ഈ വരികള്‍. അദ്ദേഹത്തിന്റെ കവിതകള്‍ കേരള സര്‍ക്കാര്‍ നിരോധിക്കുമോ?
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

സുന്നി ഉലമാക്കളുടെ പ്രഭാഷണ ഉള്ളടക്കം


മുസ്‌ലിം കേരളത്തിലെ പ്രമുഖരായ പല സുന്നി ഉലമാക്കളും ഇസ്‌ലാം ഒരു വിമോചന പ്രത്യയശാസ്ത്രമാണെന്ന് സമ്മതിച്ചവരും സമര്‍ഥിച്ചവരുമായിരുന്നു. എന്നാല്‍, അവര്‍ നേതൃത്വം നല്‍കിവന്നിരുന്നതും പ്രതിനിധാനം ചെയ്തിരുന്നതുമായ സംഘടനകള്‍ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കത്തെ അജണ്ടയായി അംഗീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്നു മാത്രം. കേരളത്തിലെ മുതിര്‍ന്ന തലമുറയിലെ പ്രമുഖ സുന്നി പണ്ഡിതനായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി മുതല്‍ പുതുതലമുറയിലെ റഹ്മത്തുല്ലാ ഖാസിമി വരെയുള്ള പ്രഭാഷകര്‍ അവരുടെ സംസാരങ്ങളിലൂടെ ഇസ്‌ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ ദാര്‍ശനിക ഉള്ളടക്കം കൃത്യമായി സമര്‍ഥിച്ചിരുന്നു. ശാസ്ത്രം, സാഹിത്യം, തത്ത്വശാസ്ത്രം തുടങ്ങി ജീവിതത്തിന്റെ വ്യക്തി, കുടുംബം, സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള മുഴുവന്‍ മേഖലകളും അവരുടെ പ്രഭാഷണ വിഷയങ്ങളായിരുന്നു.
സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ബേക്കണ്‍, റസ്സല്‍, നെഹ്‌റു, ഗാന്ധി, ബര്‍ണാഡ്ഷാ മുതല്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വരെ പ്രസിദ്ധീകരിച്ച നവോത്ഥാന സാഹിത്യങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ 50 വര്‍ഷം മുമ്പുള്ള പ്രഭാഷണങ്ങളില്‍നിന്നും ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. അത്തരം ഉദ്ധരണികളിലൂടെ ഇസ്‌ലാം മാത്രമാണ് ലോക സമാധാനത്തിന്റെയും വിശ്വവിമോചനത്തിന്റെയും ദര്‍ശനമെന്ന് അദ്ദേഹം യുക്തിപൂര്‍വം സമര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇസ്‌ലാമിനെയും അതിന്റെ ജീവിത ദര്‍ശനങ്ങളെയും മുഖ്യ അജണ്ടയാക്കി കൊണ്ടുള്ള ഒരു കര്‍മ നയ പരിപാടി അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അവരുടെ ആശയവും ആവേശവും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലെ അക്ഷരങ്ങളിലും മാത്രമായി പരിമിതപ്പെട്ടുപോയി. 'നിങ്ങള്‍ ഇസ്‌ലാമിലേക്ക് പൂര്‍ണമായി പ്രവേശിക്കുക' എന്ന വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം മുസ്‌ലിം ലോകം താത്ത്വികമായും പ്രായോഗികമായും അംഗീകരിക്കേണ്ടതുണ്ട്. അതിനു വരുന്ന കാലതാമസത്തിന്റെ ഓരോ ദിനവും നമ്മുടെയും മുഴുലോകത്തിന്റെയും വിനാശമാണ് ക്ഷണിച്ചുവരുത്തുന്നത്.
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍

ടി.കെയുടെ കവിത


ടി.കെയുടെ കവിത (ലക്കം 2839) വായിച്ചു. പ്രഭാഷണം കവിതയാക്കിയ പ്രതിഭാധനനാണ് ടി.കെ. ജനസഹസ്രങ്ങള്‍ക്കു മുന്നില്‍ സ്വകീയസിദ്ധിയോടെ അനര്‍ഗള പ്രവാഹമായെത്തുന്ന പ്രഭാഷണ ചാരുത. അതു കേട്ടു കോരിത്തരിച്ച ബാല്യകൗമാരം. ഇതു കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഗൃഹാതുരതയാണ്.
ഇസ്‌ലാമിക പ്രവര്‍ത്തകരെ എന്നും പ്രചോദിപ്പിച്ച ഊര്‍ജസ്രോതസ്സാണ് ഹാജി സാഹിബ്. മറ്റൊരു തലത്തില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാനും. ഇവരുടെ സംഭവിക്കാതെ പോയ സമാഗമം കേരളത്തിന്റെ ഒരു പൊതു സങ്കടവും. ആ ഭാഗം സൂക്ഷ്മ പദവിന്യാസത്തോടെയാണ് അവതരിപ്പിച്ചത്.
ഹാജി സാഹിബിനെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും ചെറുപുസ്തകങ്ങളും പ്രസാധിതമായിട്ടുണ്ട്. പക്ഷേ സ്വതന്ത്രമായ ഒരു കാവ്യ പരിസരത്തേക്ക് കേരളത്തിലെ എക്കാലത്തെയും പോന്ന ആ നവോത്ഥാന പ്രസരത്തെ ഇതുവരെ ആരും കൊണ്ടു നിര്‍ത്തിയതായി അറിവില്ല. ഇതാണ് ഈ കവിതയില്‍ ടി.കെ നിര്‍വഹിച്ചത്. സയ്യിദ് മൗദൂദിയും ഹാജിസാഹിബുമാണ് എന്നും കവിയുടെ പ്രസരിപ്പിന്റെ ഊര്‍ജം. സയ്യിദ് മൗദൂദിയെ സംബന്ധിച്ച് അപൂര്‍വമായെങ്കിലും എഴുതപ്പെട്ട കവിതയുണ്ട്. പാക്ക് പട്ടാള ഭരണം സയ്യിദിനെ തൂക്കിലേറ്റാന്‍ വിധിയാക്കിയപ്പോഴാണ് ആ കവിത പിറന്നത്.
ഇതെന്തൊരാശ്ചര്യമിതെന്തു കഷ്ടം
ഇതാ.. കുറേ പാമര വൃന്ദമിപ്പോള്‍
സ്വേഛാ പ്രഭുത്വ പ്രതിപത്തി മൂത്തി-
ട്ടെന്തൊക്കെയോ ഗോഷ്ടികള്‍ കാട്ടിടുന്നു
വിജ്ഞാനദീപം ബുധമണ്ഡലാഗ്രന്‍
ഇസ്‌ലാംമതോത്തേജക രാജഹംസന്‍
മൗദൂദി ലോകൈക വിശിഷ്ടവ്യക്തി
മാറ്റാര്‍ക്കുമകക്കണ്ണുമടഞ്ഞുപോയോ
പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

വിശ്വാസവും കലയും


'സൗന്ദര്യ ശാസ്ത്രവും വിശ്വാസവും' എന്ന ശിഹാബുദ്ദീന്‍ ആരാമ്പ്രത്തിന്റെ കൃതിയെ മുന്‍നിര്‍ത്തി പി.എ നാസിമുദ്ദീന്‍ നടത്തിയ നിരീക്ഷണങ്ങള്‍ (ലക്കം 2837) വായിച്ചു. വിശ്വാസാധിഷ്ഠിത സൗന്ദര്യ രൂപങ്ങളാണ് ഏറ്റവും ശരിയായിട്ടുള്ളത് എന്ന നിഗമനം തന്നെയാണ് ഗ്രന്ഥകാരന്‍ ഇനിയും വികസിപ്പിക്കേണ്ടത്. അതാണ് മനുഷ്യരാശിയോട് ചെയ്യുന്ന നീതി. അല്ലാതെ, കലയുടെ പേരില്‍ ഇന്ന് അരങ്ങേറുന്ന ശരീരവാണിഭങ്ങള്‍ക്ക് പച്ചക്കൊടി വീശാന്‍ ആര്‍ക്കും കഴിയും. കലയെ വിശ്വാസം കൊണ്ടളക്കുന്നതിലാണ് യഥാര്‍ഥ ജനാധിപത്യമുള്ളത്. അറിവിന്റെ ജനാധിപത്യവത്കരണം നടന്നപ്പോഴാണ് വരേണ്യ വര്‍ഗത്തിന്റെ ആസ്വാദനത്തില്‍നിന്ന് കല അതിന്റെ മൗലികതയിലേക്ക് കുതറിച്ചാടിയതെങ്കില്‍ ജനാധിപത്യത്തിന്റെ രചനാത്മക മുഖത്തിന് മാത്രമേ കലയുടെ മൂല്യവത്കരണം സാധ്യമാവൂ എന്നറിയുക. എല്ലാ മനുഷ്യര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്വ ബോധമാണെന്ന് പറയാന്‍ വിശ്വാസത്തിന്റെ ചരട് തന്നെ വേണ്ടതുണ്ട്.
തൊണ്ണൂറുകളില്‍ ഇബ്‌റാഹീം ബേവിഞ്ച ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍ എന്ന പുസ്തകമിറക്കിയപ്പോള്‍ (ഐ.പി.എച്ച്) സാഹിത്യത്തിന് മതത്തിന്റെ വേലി കെട്ടുന്നതായി മുഖ്യധാരാ മാധ്യമങ്ങള്‍ ഒച്ചവെച്ചിരുന്നു. 'പ്രപഞ്ച ശില്‍പിയായ ദൈവമാണ് ഏറ്റവും വലിയ കലാകാരന്‍' എന്ന പിക്കാസോവിന്റെ വാക്യം കൊണ്ട് ഇബ്‌റാഹീം ബേവിഞ്ച അന്ന് അതിനെ നേരിട്ടു. ഓര്‍മയുടെ അറകളിലെ 'കാലഘട്ടങ്ങളുടെ അധ്യാപകന്‍' എന്ന അധ്യായത്തിലൂടെ വൈക്കം മുഹമ്മദ് ബഷീര്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് പണ്ടുതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ജമാല്‍ കടന്നപ്പള്ളി

കുടുംബത്തിന് പുറത്ത്
എത്ര സ്‌നേഹമുള്ളവരാണവര്‍


നമ്മുടെ വീടകങ്ങളില്‍ ഉണ്ടാവുന്ന ഓരോ അനുഭവവും ഉസ്താദ് നുഅ്മാന്‍ അലിഖാന്‍ (ലക്കം 2837) കൃത്യമായി പറഞ്ഞുതരുന്നു. പലരും കുടുംബത്തിന് പുറത്ത് എത്ര സ്‌നേഹനിധികളാണ്, കാണുന്നവര്‍ക്കെല്ലാം അവര്‍ സ്‌നേഹം ചൊരിയുകയും സ്‌നേഹം തിരിച്ച് സ്വീകരിക്കുകയും ചെയ്യുന്നു. വീട്ടിനകത്തെത്തിയാല്‍ അവരുടെ സ്വഭാവം മാറുന്നു. യഥാര്‍ഥ മുഖം വെളിവാകുന്നു. ചെറിയ കാരണങ്ങളാല്‍ അവന്‍ ദേഷ്യത്തിന്റെ കൊടുമുടിയിലെത്തും. അതൊരു മറവിയുടെ കാര്യമാണെങ്കില്‍ പോലും. ഇങ്ങോട്ട് ദേഷ്യപ്പെടുന്ന അതേ രീതിയില്‍ തിരിച്ച് പ്രതികരിക്കുകയാണെങ്കില്‍ പിന്നെ പറയേണ്ടതുമില്ല. പരസ്പരം വിട്ടുവീഴ്ചയും സ്‌നേഹവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ വീടകം സ്വര്‍ഗതുല്യമാകൂ എന്ന് എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഉമ്മു സ്വാലിഹ

സംഘ്പരിവാറും സ്‌ഫോടനങ്ങളും


രാജ്യത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പിന്നിലെ സംഘ്പരിവാര്‍ പങ്ക് വ്യക്തമാക്കുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവതരമായി എടുക്കുന്നതില്‍ ഭരണകൂടവും മുഖ്യധാരാ മീഡിയയും വിമുഖത കാണിക്കുന്നുവെന്നത് അത്യന്തം അപകടകരമാണ്. നിരവധി പേരെ കൊലപ്പെടുത്തിയ സ്‌ഫോടനങ്ങള്‍ നടത്തിയത് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗ്‌വതിന്റെ അറിവോടെയാണെന്ന, കേസിലെ മുഖ്യ പ്രതി അസീമാനന്ദയുടെ വെളിപ്പെടുത്തലിന്റെ അഭിമുഖ ടേപ്പുകള്‍ സഹിതം കാരവന്‍ മാഗസിന്‍ പുറത്ത് വിട്ടിട്ടും ഒരു അന്വേഷണത്തിനു പോലും ഭരണാധികാരികള്‍ തയാറില്ല.
വി.എം സമീര്‍ കല്ലാച്ചി

ഹിന്ദുത്വ ഫാഷിസം വളരുകയാണ്


എം.എന്‍ കാരശ്ശേരിയുടെ പ്രഭാഷണം (ലക്കം 2838) വായിച്ചു. ഫാഷിസത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയ രൂപമായ ഹിന്ദുത്വത്തെ സ്വീകരിച്ചിരുത്തുന്നതും അവര്‍ക്ക് വേണ്ട വിഭവങ്ങള്‍ ഒരുക്കുന്നതും മാധ്യമങ്ങള്‍ തന്നെയാണ്. മാനവിക വിരുദ്ധത കുടികൊള്ളുന്ന മോഡിക്കും അതുവഴി ഹിന്ദുത്വ വര്‍ഗീയതക്കും ഡ്രോയിംഗ് റൂമുകളിലും ന്യൂസ് റൂമുകളിലും ഒരുപോലെ ലഭിക്കുന്ന സ്വീകാര്യതക്ക് പിന്നില്‍ അതിസൂക്ഷ്മമായി നടത്തുന്ന പബ്ലിക് റിലേഷന്‍ വര്‍ക്കും പൊളിറ്റിക്കല്‍ ക്രിയേറ്റീവിറ്റിയുമുണ്ടെന്ന് ദ ഹിന്ദു/ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നത് വെറുതെയല്ല.
ഇന്ത്യയില്‍ സാമൂഹിക മാധ്യമത്തെ ഏറ്റവും ആദ്യം ഫലപ്രദമായി ഉപയോഗിക്കുന്നത് സംഘ്പരിവാറാണെന്നുള്ളത് ഒരു വസ്തുതയാണ്. അതിനു വേണ്ടി വലിയൊരു സംഘം തന്നെ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല അമേരിക്ക, യു.കെ എന്നിവിടങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തന രംഗം കൈയടക്കിക്കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ സംഘടനകളു(സേവാ ഇന്റര്‍നാഷ്‌നല്‍, ഹിന്ദു സേവക് സംഘ്, ഹിന്ദു സേവികാ സമിതി...)മുണ്ടെന്ന് ഓര്‍ക്കുക. ഇന്ത്യയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗ മേഖലയായ സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള തലങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ സ്ഥാനം ഇന്ന് നിഷേധിക്കാനാവാത്തതാണ്. മാധ്യമരംഗവും ഭരണ നിര്‍വഹണ രംഗവും ഇവര്‍ ഇതിനകം കൈയടക്കി എന്ന് ചുരുക്കം. ഇന്ത്യന്‍ മാധ്യമങ്ങളും ഗുജറാത്ത് സര്‍ക്കാറും അവകാശപ്പെടുന്നതുപോലെയുള്ള യാതൊരു വികസന പ്രവര്‍ത്തനങ്ങളും ആ സംസ്ഥാനത്ത് നടക്കുന്നില്ല. മോഡിയുടെ വികസനം എന്നത് പ്രധാനമായും അടിസ്ഥാന സൗകര്യമേഖലയിലധിഷ്ഠിതമാണ്. വലിയ തോതില്‍ റോഡുകളും പാലങ്ങളും നിര്‍മിക്കുമ്പോഴും ഗുജറാത്തിലെ മാനവവിഭവശേഷി സൂചിക വളരെ താഴെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഇത്തരം വസ്തുതകളൊന്നും വിശകലനം ചെയ്യാത്തത് അവരെ നിയന്ത്രിക്കുന്നത് ഇന്ന് വ്യവസായ ഭീമന്മാരായതുകൊണ്ടാണ്.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം