Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

ബഹുദൈവവിശ്വാസവും ആള്‍ദൈവങ്ങളും

കേരളത്തിലെ പ്രശസ്തമായ അമൃതാനന്ദമയീ ആശ്രമത്തിന്റെ ഉള്‍പ്പൊരുളുകള്‍ വെളിപ്പെടുത്തിക്കൊണ്ട്, ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിനിയും 'അമ്മ'യുടെ സന്തതസഹചാരിണിയുമായിരുന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന പാശ്ചാത്യ വനിത എഴുതിയ 'ഹോളി ഹെല്‍ എ മെമയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നസ്' എന്ന പുസ്തകം കേരളത്തില്‍ ഈയിടെ വലിയ ഒച്ചപ്പാടായിരിക്കുകയാണ്. പുസ്തകത്തിലെ വിവരങ്ങളെ ആധാരമാക്കി മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പലരും പോലീസിനെ സമീപിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആശ്രമത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് അമൃതാനന്ദമയിയുടെ ശിഷ്യയും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഈ പരാതിയെക്കുറിച്ചു മാത്രമേ ഇതെഴുതുമ്പോള്‍ പോലീസ് അന്വേഷിക്കുന്നുള്ളൂ. മഠത്തിനെതിരെയുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാറിനു താല്‍പര്യമില്ല. നാട്ടില്‍ വിവാദം കൊഴുക്കുന്നുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത അവഗണിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍, അനാശാസ്യ നടപടികള്‍, സാമ്പത്തിക ചൂഷണം തുടങ്ങിയ നാനാതരം തിന്മകള്‍ നിറഞ്ഞ നരകമാണ് വള്ളിക്കാവ് ആശ്രമം എന്നാണ് ഗെയ്ല്‍ ട്രെഡ്‌വെല്‍ വെളിപ്പെടുത്തുന്നത്. ആശ്രമത്തില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മുമ്പും ആരോപണമുയര്‍ന്നിട്ടുള്ളതാണ്. രാഷ്ട്രീയക്കാരിലും മാധ്യമങ്ങളിലുമുള്ള ശക്തമായ സ്വാധീനം മൂലം അതൊന്നും എവിടെയും എത്തിയില്ല. ഇപ്പോഴത്തെ ഒച്ചപ്പാടുകളും സാവകാശം കെട്ടടങ്ങുകയും അമൃതാനന്ദമയീമഠം പൂര്‍വോപരി വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നു വേണം കരുതാന്‍. എങ്കിലും യുക്തിബോധം അന്ധവിശ്വാസങ്ങള്‍ക്കടിമപ്പെടുത്താത്ത സല്‍ബുദ്ധികള്‍ക്ക് സത്യം ഗ്രഹിക്കാന്‍ ഈ ഒച്ചപ്പാടുകള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം.
ആള്‍ദൈവ കേന്ദ്രങ്ങളെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വമല്ല. കുറച്ചു മുമ്പ് കര്‍ണാടകയിലെ ബിഡതി ആശ്രമാധിപന്‍ നിത്യാനന്ദ സ്വാമികള്‍ ജുഗുപ്‌സാവഹമായ ലൈംഗിക കേളികള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആശ്രമത്തില്‍നിന്ന് ഒളിച്ചോടേണ്ടിവരുകയും പിന്നീട് ജയിലിലടക്കപ്പെടുകയുമുണ്ടായി. അഹ്മദാബാദിലെ ആശാറാം ബാപ്പുവും ജയിലിലാണ്. അയാളുടെ പുത്രനെയും പോലീസ് തെരയുന്നുണ്ട്. അവിഹിത സമ്പാദ്യവും ബലാത്സംഗവുമാണ് കുറ്റങ്ങള്‍. ഷിര്‍ദിയിലെ സായി, കൊച്ചിയിലെ സന്തോഷ് മാധവന്‍ ഇങ്ങനെ നീണ്ടുപോകുന്നു ജയില്‍ ആശ്രമമാക്കിയ ആള്‍ദൈവങ്ങളുടെ പട്ടിക. അതുകൊണ്ടൊന്നും ആള്‍ദൈവങ്ങള്‍ക്കും സിദ്ധന്മാര്‍ക്കും മാര്‍ക്കറ്റ് കുറഞ്ഞിട്ടില്ല; കുറയുകയുമില്ല.
അപാരമായ ഈ അണ്ഡകടാഹത്തെ സൃഷ്ടിച്ചുപരിപാലിക്കുന്ന ഒരത്യുന്നത മഹാശക്തിയുണ്ട്; സര്‍വജ്ഞനും സര്‍വശക്തനും പരമാധികാരിയും നീതിമാനും പരമകാരുണികനുമായ ഒരു ശക്തി. അവന്‍ അനന്തനും അനാദിയുമാണ്. ജനിച്ചവനല്ല. ജനിപ്പിക്കുന്നവനുമല്ല. സ്ഥലകാലാതിവര്‍ത്തിയും അരൂപിയും ഇന്ദ്രിയങ്ങള്‍ക്കതീതനുമാണ്. എവിടെയും അവന്‍ കാണപ്പെടുന്നില്ല. എല്ലായിടത്തും അവനുണ്ട്താനും. പ്രപഞ്ചത്തില്‍ നിറഞ്ഞു കിടക്കുന്ന ദൃഷ്ടാന്തങ്ങളിലൂടെയാണ് മനുഷ്യന്‍ അവനെ അറിയുന്നത്. ശില്‍പം ശില്‍പിയെയും അവന്റെ വൈഭവത്തെയും എന്ന പോലെ പ്രപഞ്ചം അതിന്റെ സ്രഷ്ടാവിനെയും അവന്റെ മഹത്വത്തെയും വിളിച്ചോതുന്നു. അവന്‍ ഏകനും അഖണ്ഡനും അവിഭാജ്യനുമാണ്. പങ്കാളികളോ പുത്രകളത്രാദികളോ ഇല്ല. ഉണ്ടാവുക സാധ്യമല്ല. സര്‍വശക്തനും സര്‍വജ്ഞനുമായ ഒരേക ശക്തിക്കു മാത്രമേ നാം അനുഭവിക്കുന്ന സുന്ദരവും സുഭദ്രവുമായ പ്രപഞ്ചത്തെ ഈവിധം നിലനിര്‍ത്താനാകൂ. പ്രകൃതി വ്യവസ്ഥയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതവനാണ്. എല്ലാം അവന്നുമാത്രം വിധേയമായി വാഴുന്നു. ഈ ഏക ശക്തിയെ ബോധപൂര്‍വം അറിഞ്ഞനുസരിക്കേണ്ടവനാണ് മനുഷ്യന്‍. ഈ ശക്തിയെയാണ് മുസ്‌ലിംകള്‍ അല്ലാഹു എന്നും മറ്റുള്ളവര്‍ പരമേശ്വരന്‍ എന്നും യഹോവ എന്നും മറ്റും വിളിക്കുന്നത്. അല്ലാഹുവിനെ അറിയേണ്ടവിധം അറിയുകയും അവലംബിക്കുകയും ചെയ്യുന്നവര്‍ കൃത്രിമമായ എല്ലാ യജമാനത്വങ്ങളില്‍നിന്നും മുക്തരാകുന്നു. 'ലാ ഇലാഹ ഇല്ലല്ലാഹ്' ഒരു ദൈവശാസ്ത്ര സൂത്രം മാത്രമല്ല; ഒരു വിമോചന മുദ്രാവാക്യം കൂടിയാണ്. സൃഷ്ടികളെ വ്യാജദൈവങ്ങളില്‍ നിന്നു മോചിപ്പിച്ച് സാക്ഷാല്‍ ദൈവവുമായി ബന്ധിപ്പിക്കുന്ന കണ്ണിയുമാണ്. ഏകദൈവത്തെ അറിഞ്ഞംഗീകരിച്ചവര്‍ക്ക് ആപത്‌രക്ഷക്കോ ആഗ്രഹസാഫല്യത്തിനോ ക്ഷേമൈശ്വര്യങ്ങള്‍ക്കോ മനഃസമാധാനത്തിനോ ഒന്നും മറ്റൊരു ശക്തിയെയും തേടേണ്ടതില്ല. മറ്റെല്ലാ വസ്തുക്കളും നിങ്ങളെപ്പോലുള്ള സൃഷ്ടികള്‍ മാത്രമാണെന്നും ദൈവം സൃഷ്ടികളിലാര്‍ക്കും തന്റെ ദിവ്യത്വം പങ്കുവെച്ചിട്ടില്ലെന്നും അവര്‍ക്കറിയാം. പരമകാരുണികനായ സാക്ഷാല്‍ ദൈവം സംരക്ഷകനായും അനുഗ്രഹദാതാവായും തങ്ങളുടെ കര്‍ണ ഞരമ്പിനേക്കാള്‍ അടുത്തായി ഉണ്ടെന്ന ബോധം തന്നെ അവര്‍ക്ക് ആത്മവിശ്വാസവും മനഃസമാധാനവും പ്രദാനം ചെയ്യുന്നു. ആവശ്യങ്ങളും ആവലാതികളും അവന്റെ മുന്നില്‍ മാത്രം സമര്‍പ്പിക്കുന്നു.
യഥാര്‍ഥ ദൈവവിശ്വാസവും വിജ്ഞാനവും ക്ഷയിക്കുന്ന മുറക്ക് ദൈവം നമുക്ക് അപ്രാപ്യനാകുന്നു. അവിടെ ഭയത്തിന്റെയും അശാന്തിയുടെയും വിടവുകളുണ്ടാകുന്നു. ആധികളും വ്യാധികളും ഇറക്കിവെക്കാന്‍ നാം അത്താണികള്‍ തേടുന്നു. ഈ വിടവുകളിലേക്കാണ് കൃത്രിമ ദൈവങ്ങള്‍ കയറി വരുന്നത്. അവര്‍ നാട്യങ്ങളും ജാടകളും കാണിച്ച്, ചില ജാലവിദ്യകളും സേവനങ്ങളും കാഴ്ചവെച്ച് വ്യാമോഹങ്ങള്‍ വളര്‍ത്തി ആരാധകരെ ചൂഷണം ചെയ്യുന്നു. ഇതാണ് ആള്‍ദൈവ കേന്ദ്രങ്ങളില്‍ നടക്കുന്നത്. പഠിച്ച വിദ്വാന്മാരും നിരക്ഷരരും എന്തിനേറെ കുട്ടിച്ചെകുത്താന്മാര്‍ വരെ നമ്മുടെ പ്രബുദ്ധ കേരളത്തില്‍പോലും ആരാധക ലക്ഷങ്ങളെ ആകര്‍ഷിച്ച് കോടാനുകോടികള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നു. ഏകദൈവ വിശ്വാസം വാദിച്ചതുകൊണ്ടു മാത്രം ഈ വിപത്തില്‍ നിന്നു രക്ഷപ്പെടാനാവില്ല. വിശ്വാസം ഹൃദയത്തില്‍ രൂഢമാവുകയും അത് കര്‍മജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യുന്നില്ലെങ്കില്‍ കേവലം മുടിനാരുകള്‍ക്കുപോലും നിങ്ങളെ അടിമകളാക്കാന്‍ കഴിയുമെന്നാണ് ആധുനിക കേരളത്തിന്റെ അനുഭവം.
മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ മനുഷ്യന്‍ അറിഞ്ഞു വഴിപ്പെടുകയാണ് തൗഹീദ്. സ്വന്തം അഭിനിവേശങ്ങള്‍ക്കും ആസക്തികള്‍ക്കും ഭാവനകള്‍ക്കും അനുഗുണമായി ദൈവങ്ങളെ മനുഷ്യന്‍ സ്വയംസൃഷ്ടിച്ച് ആരാധിക്കുകയാണ് ശിര്‍ക്ക്-ബഹുദൈവാരാധന. സൃഷ്ടിക്കപ്പെട്ട ദൈവങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളും ധര്‍മങ്ങളും അവയെ സൃഷ്ടിച്ച മനുഷ്യരുടേതായിരിക്കും. വ്യക്തി സ്വയം ദൈവമോ ദൈവാവതാരമോ ആയി ചമയുമ്പോള്‍ ഇത് വളരെ എളുപ്പമായിരിക്കും. പ്രതിഷ്ഠകളാണ് ദൈവമാക്കപ്പെടുന്നതെങ്കില്‍ പുരോഹിതന്മാരിലൂടെയായിരിക്കും 'ദൈവാഭീഷ്ട'ങ്ങള്‍ വെളിപ്പെടുന്നത്. ഏതായാലും തനിക്കു തോന്നുന്നത് സത്യം, താന്‍ കല്‍പ്പിക്കുന്നത് ധര്‍മം, താന്‍ പൂജനീയന്‍ ഇതാണ് ബഹുദൈവാരാധനയുടെ കാതല്‍. സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ഈ സമ്പ്രദായത്തെ വിശുദ്ധ ഖുര്‍ആന്‍ കൊടിയ അക്രമം എന്താണ് വിശേഷിപ്പിക്കുന്നത്. ഈ അക്രമം പുണ്യകര്‍മമായും ആത്മീയ മാര്‍ഗമായും പ്രോത്സാഹിപ്പിക്കപ്പെടുന്ന കാലത്തോളം പുതിയ പുതിയ ആള്‍ദൈവങ്ങള്‍ അവതരിച്ചുകൊണ്ടിരിക്കും. ഉടഞ്ഞ വിഗ്രഹങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും പൂര്‍വോപരി ആവേശത്തോടെ പൂജിക്കപ്പെടുകയും ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം