Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

മുഹമ്മദ് മുസ്‌ലിം ഉര്‍ദു പത്രലോകത്തെ ധീര ശബ്ദം

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍/വ്യക്തിചിത്രം

ന്ത്യന്‍ മുസ്‌ലിംകളുടെ നേതാവ്, ജമാഅത്തെ ഇസ്‌ലാമി നായകന്‍, ധീരനായ പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു മൗലാനാ മുഹമ്മദ് മുസ്‌ലിം(1920-1986). പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നയനിലപാടുകളെ സംബന്ധിച്ച സുചിന്തിതമായ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹം എഴുതിയ അനേകം എഡിറ്റോറിയലുകളും നിരൂപണങ്ങളും തെളിയിക്കുന്നുണ്ട്. മറ്റു മതവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും അദ്ദേഹം തൂലിക ചലിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള ഉല്‍ക്കണ്ഠാകുലമായ നാളുകളില്‍ താന്‍ കണ്ടുമുട്ടിയ വ്യക്തികളെയും തനിക്കുണ്ടായ അനുഭവങ്ങളെയും കുറിച്ച് മുഹമ്മദ് മുസ്‌ലിം എഴുതിയ ഓര്‍മക്കുറിപ്പുകള്‍ 'സ്മരണകള്‍ സംഭവങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിലെ 'കേരളത്തില്‍' എന്ന അധ്യായത്തില്‍, രണ്ടുമാസം കോഴിക്കോട് തങ്ങുന്നതിനിടെ ജീവിതചെലവിന് പണം തീര്‍ന്നതിനെ തുടര്‍ന്ന് ഇഷ്ടിക ചുമക്കുന്ന ജോലിയിലേര്‍പ്പെട്ട കാര്യം അദ്ദേഹം അനുസ്മരിക്കുന്നു. വിവരമറിഞ്ഞ മുസ്‌ലിംലീഗ് നേതാവ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ കുരുമുളക് കച്ചവടത്തിലൂടെ മുഹമ്മദ് മുസ്‌ലിമിന് ലാഭം നേടി കൊടുത്തുകൊണ്ട് ആ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുകയുണ്ടായി.
1920 സെപ്റ്റംബര്‍ 20-ന് ഭോപാലില്‍ മുസ്തഖീമുദ്ദീന്റെ മകനായി ജനനം. സുല്‍ത്വാന്‍ മഹ്മൂദ് ഗസ്‌നവിയുടെ സഹോദരപുത്രന്‍ മസ്ഊദ് ഗാസിയുടെ വംശപരമ്പരയിലാണ് പിറവി. 1857-ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ 19 കുടുംബാംഗങ്ങളെ ബ്രിട്ടീഷുകാര്‍ കഴുമരത്തിലേറ്റിയിരുന്നു. ഇക്കാലത്ത് ഹരിയാനയില്‍നിന്ന് ഭോപാലിലേക്കു കുടിയേറിയതാണ് മുഹമ്മദ് മുസ്‌ലിമിന്റെ കുടുംബം. ജനസേവനത്തില്‍ ഏറെ ഔത്സുക്യം കാണിച്ചിരുന്ന പിതാവ് മുസ്തഖീം ഭോപാലില്‍ രണ്ട് സംരംഭങ്ങള്‍ക്ക് നാന്ദികുറിച്ച് ആ രംഗത്ത് ഏറെ ശോഭിച്ചു. അനാഥകള്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ളതായിരുന്നു അതില്‍ ഒരു സംരംഭം. മുസ്‌ലിംകളുടെ സംസ്‌കരണം ലക്ഷ്യം വെച്ചായിരുന്നു രണ്ടാമത്തെ വേദിയുടെ പ്രവര്‍ത്തനം. തന്റെ മാസവരുമാനത്തിന്റെ അഞ്ചിലൊന്ന് അദ്ദേഹം ഈ ആവശ്യാര്‍ഥം ചെലവഴിച്ചുകൊണ്ടിരുന്നു. മുഹമ്മദ് മുസ്‌ലിമിന് ഒന്നരയും സഹോദരന്‍ ഗുയൂര്‍ ഹസന് അഞ്ചും വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഇഹലോകത്തോട് വിടവാങ്ങിയതിനെ തുടര്‍ന്ന് പിതാമഹന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്. അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, തുര്‍കി, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ഗ്രന്ഥരചന നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു പിതാമഹന്‍ അബ്ദുല്‍മതീന്‍. പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹത്തില്‍നിന്ന് കരസ്ഥമാക്കിയശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പ്രദേശത്തെ കലാലയത്തില്‍ നിന്നാണ് നേടിയത്. സാമ്പത്തിക പരാധീനത മൂലം തുടര്‍പഠനം വഴിമുട്ടിയെങ്കിലും വീട്ടില്‍വെച്ച് വായനയും പഠനവും തുടര്‍ന്ന് കൊണ്ടിരുന്നു. തന്റെ പ്രദേശത്ത് ഒരു ലൈബ്രറി സ്ഥാപിച്ച് പണ്ഡിതരുമായും ബുദ്ധിജീവികളുമായും ബന്ധം പുലര്‍ത്തി.
1938-ല്‍ ഭോപാലില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ സബ് എഡിറ്ററായി നിയമിതനായതു മുതല്‍ക്കാണ് മുസ്‌ലിം, പൊതുജീവിതം ആരംഭിക്കുന്നത്. അല്ലാമാ ഇനായതുല്ലാ മശ്‌രിഖിയുടെ നേതൃത്വത്തില്‍ മുസ്‌ലിം വിമോചന പ്രസ്ഥാനമായിരുന്ന 'ഖാക്‌സാര്‍' കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്. മുഹമ്മദ് മുസ്‌ലിമും അതില്‍ അംഗമായി. 1942-ല്‍ മശ്‌രിഖി മദ്രാസില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മുസ്‌ലിമും രണ്ട് മാസം കൂടെ താമസിച്ചു. അക്കാലത്തായിരുന്നു കേരളത്തിലേക്കുള്ള ആദ്യ സഞ്ചാരം. മുഖം നോക്കാതെ സത്യം തുറന്നെഴുതിയതിനാല്‍ 1948, 1950 വര്‍ഷങ്ങളില്‍ അറസ്റ്റ് വരിച്ചു. ചീഫ് കമീഷണര്‍ രാജിനെതിരെ ലേഖനമെഴുതി എന്ന ആരോപണമായിരുന്നു 1950-ലെ കുറ്റം. അതേതുടര്‍ന്ന് മൂന്ന് മാസം ജയിലില്‍ കിടന്നു. 1952-ല്‍ ദല്‍ഹിയിലെത്തി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹിയുമായി സന്ധിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 1953-ല്‍ നദീം പത്രത്തിലെ ജോലിയുപേക്ഷിച്ച് ജമാഅത്ത് മുഖപത്രമായ ദഅ്‌വത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1956-ല്‍ ദഅ്‌വത്തിന്റെ എഡിറ്റര്‍ അസ്വ്ഗര്‍ അലി ആബിദി മരണപ്പെട്ടതിനെ തുടര്‍ന്ന് മുസ്‌ലിം, എഡിറ്റര്‍ ചുമതല വഹിച്ചു. 1955 മുതല്‍ ദഅ്‌വത്ത് ത്രൈദിന പത്രമായാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. 1982-ല്‍ രോഗം പിടിപെടുന്നതുവരെ 30 വര്‍ഷത്തോളം ദഅ്‌വത്തിന്റെ മുഖ്യ അമരക്കാരനായി മുഹമ്മദ് മുസ്‌ലിം തുടര്‍ന്നു. ദഅ്‌വത്തില്‍ ജോലിയിലായിരിക്കെ അഞ്ച് തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1964-ല്‍ അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഒരു അറസ്റ്റ്. 1971-ലെ ഇന്ത്യാ-പാക് യുദ്ധം, 1975ല്‍ അടിയന്തരാവസ്ഥ എന്നീ ഘട്ടങ്ങളിലും മുസ്‌ലിം സാഹിബ് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
മൗലാനാ അബ്ദുല്‍ മാജിദ് ദര്‍യാബാദി, മൗലാനാ ഉസ്മാന്‍ ഫാര്‍ഖലീത്വ്, മൗലാനാ മുഹമ്മദ് മുസ്‌ലിം എന്നീ മൂന്ന് പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ പ്രമുഖ മുസ്‌ലിം ഉര്‍ദു പത്രപ്രവര്‍ത്തകര്‍. ഉര്‍ദു പത്രപ്രവര്‍ത്തന ലോകത്ത് അനിഷേധ്യമായ സ്ഥാനമാണ് മൂവര്‍ക്കുമുള്ളത്. യുക്തിഭദ്രതയും ഉള്‍ക്കാഴ്ചയുമുള്ള അവതരണമായിരുന്നു എഴുത്തില്‍ മുഹമ്മദ് മുസ്‌ലിമിന്റേത്. പാക്-ബംഗ്ലാദേശ് വിഭജന നാളുകളില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തെ രാജ്യത്തെ മുഴുവന്‍ മീഡിയയും പിന്തുണച്ചപ്പോള്‍ അതിന്റെ പ്രതിലോമപരത ചൂണ്ടിക്കാട്ടി മുഹമ്മദ് മുസ്‌ലിം എതിര്‍പക്ഷത്ത് ധീരമായി നിലകൊണ്ടത് ഉദാഹരണം. 1957ല്‍ അദ്ദേഹം എഴുതിയ മറ്റൊരു ലേഖനം 'യഥാര്‍ഥ നേതൃത്വത്തെ തേടുന്ന ഹിന്ദുസമുദായം' എന്ന വിഷയത്തിലായിരുന്നു. 'ഖബര്‍ വ നസര്‍' എന്ന തലവാചകത്തില്‍ ദഅ്‌വത്ത് പ്രസിദ്ധീകരിക്കുന്ന വാര്‍ത്താനിരൂപണ പംക്തി ആരംഭിച്ചതും മുഹമ്മദ് മുസ്‌ലിമാണ്.
1960 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ അംഗമായിരുന്ന മുഹമ്മദ് മുസ്‌ലിം മരണം വരെ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തുടര്‍ന്നു. മുസ്‌ലിം സമൂഹത്തിലെ വിവിധ മദ്ഹബുകാരെയും ചിന്താധാരകളെയും ഐക്യത്തിന്റെ പാതയില്‍ കൊണ്ടുവരണമെന്ന വിശാലമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. അതിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ചിട്ടുമുണ്ട്. മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്നിവയില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നു. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഹിന്ദു-മുസ്‌ലിം സംഘര്‍ഷം, ശരീഅത്ത് സംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പരിഹാര ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. ഇത്തരം പ്രശ്‌നങ്ങള്‍ ഒരു സംഘടനയെ മാത്രം ബാധിക്കുന്നതല്ലെന്നും, പ്രത്യുത എല്ലാവരും കൂട്ടായി പരിഹാരം കാണേണ്ടതാണെന്നുമുള്ള കാഴ്ചപ്പാട് മുഹമ്മദ് മുസ്‌ലിം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദീനിനുവേണ്ടി പണിയെടുക്കുന്നവരെല്ലാം ദീനിന്റെയും സമുദായത്തിന്റെയും ഭാഗം തന്നെയാണ്. എല്ലാവരുടെയും നന്മകള്‍ അംഗീകരിക്കണം. എന്നാല്‍ തീവ്രനിലപാടുകളെ പരിധി ലംഘിക്കാതെ നിരൂപണ വിധേയമാക്കുകയും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. തബ്‌ലീഗ് ജമാഅത്ത്, ദയൂബന്ദ് പ്രസ്ഥാനം എന്നിവയെക്കുറിച്ച് എഴുതിയപ്പോഴെല്ലാം തനിക്ക് അവരോട് ചിന്താപരമായി നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും അവരുടെ നന്മകള്‍ എടുത്തുകാട്ടുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി ആന്ധ്രപ്രദേശ് ഘടകത്തിന് കീഴിലുള്ള തസ്വ്‌നീഫി അക്കാമദി 'മുഹമ്മദ് മുസ്‌ലിം ഹയാത്ത് വ ഖിദ്മാത്ത്' എന്ന പേരില്‍ ഒരു സുവനീര്‍ 2013 ജനുവരിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മാര്‍ഗത്തില്‍ പൂര്‍ണമായി അര്‍പ്പിച്ച ആ കര്‍മയോഗി വളരെ ലളിത ജീവിതമാണ് നയിച്ചത്. മരണപ്പെടുമ്പോള്‍ കഫന്‍പുടവ വാങ്ങാന്‍ പോലുമുള്ള പണം കൈവശമുണ്ടായിരുന്നില്ല. 1986 ജൂലൈ 3-ന് ദല്‍ഹിയില്‍വെച്ച് ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മൗലാനാ അബുല്ലൈസ് നേതൃത്വം നല്‍കി. അദ്ദേഹം മരിച്ചപ്പോള്‍ അനുസ്മരണമെഴുതിയവരില്‍ കുല്‍ദീപ് നയാറും ഐ.കെ ഗുജ്‌റാലും ഉള്‍പ്പെടുന്നു. നഗരത്തിലെ മഹന്തിയാന്‍ ഖബ്‌റിസ്താനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം