Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

ഇന്ത്യയെ ദൈവം കാക്കട്ടെ!!

ഇഹ്‌സാന്‍/മറ്റൊലി

തേതരത്വവും മതേതര രാഷ്ട്രീയവും കരുത്താര്‍ജിക്കുകയാണോ തളരുകയാണോ ചെയ്യുന്നത്? കഴിഞ്ഞ ഏതാനും ആഴ്ചകളിലെ രാഷ്ട്രീയ സംഭവങ്ങള്‍ ഇന്ത്യക്ക് നല്‍കിയ ചിത്രം ഒട്ടും സുഖകരമായിരുന്നില്ല. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ അണിയറയില്‍ നരേന്ദ്ര മോഡി നയിച്ച സംസ്ഥാന ഭരണകൂടം ഉണ്ടായിരുന്നുവെന്ന് അന്ന് തീര്‍ച്ചയുണ്ടായിരുന്ന രാംവിലാസ് പാസ്വാന്‍ 2014-ല്‍ അവസരവാദത്തിന്റെ ആള്‍രൂപമായി മാറി. പാര്‍ലമെന്റില്‍ ഗുജറാത്ത് കലാപത്തെ നിന്ദിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രസ്താവനയെ അനുകൂലിച്ച് വോട്ടു ചെയ്യുകയും മന്ത്രി പദവി രാജിവെച്ച് പുറത്തിറങ്ങുകയും ചെയ്ത പാസ്വാന്‍ ഇന്ന് പറയുന്നത് മോഡി കുറ്റക്കാരനാണ് എന്നതിന് തെളിവില്ല എന്നാണ്. ഇതെഴുതുന്ന ദിവസം വരെ പാസ്വാന്റെ പാര്‍ട്ടിയുടെ അന്തിമമായ തീരുമാനം പുറത്തു വന്നിട്ടില്ല. പക്ഷേ മതേതരത്വത്തിന് പാസ്വാന്‍ ഒപ്പിട്ടു നല്‍കിയ മിഴിവുറ്റ ഒരു പഴയ ചിത്രത്തില്‍ കാര്‍ക്കിച്ചു തുപ്പുന്ന മട്ടിലാണ് രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് മാധ്യമങ്ങളോടു സംസാരിച്ചത്. മോഡിയുടെ കാര്യത്തില്‍ കോടതികള്‍ കുറ്റം കണ്ടെത്തിയിട്ടില്ലത്രെ. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് മോഡിയുടെ കൂടെ പോകുന്നതില്‍ തെറ്റില്ലെന്ന് മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും 'മൊഴിഞ്ഞ'തും. പവാറിന്റേത് കോണ്‍ഗ്രസ്സുമായുള്ള വിലപേശല്‍ തന്ത്രമായിരുന്നുവെങ്കിലും എന്‍.സി.പിയെ ഒപ്പം കൂട്ടാന്‍ തയാറല്ലെന്ന് ശിവസേന പ്രസ്താവനയിറക്കിയതോടെ പവാര്‍ പത്തി മടക്കുകയായിരുന്നു. പക്ഷേ മോഡിയെ അംഗീകരിക്കാന്‍ ഗുജറാത്തിലെ ഒരു കീഴ്‌ക്കോടതി വിധി ധാരാളം മതിയെന്ന പാസ്വാന്റെയും പവാറിന്റെയും നിലപാട് ഭയപ്പെടുത്തുന്ന ഒന്നായിരുന്നു.
ലോക്ജന്‍ ശക്തി പാര്‍ട്ടി ബീഹാറില്‍ നടത്തിയ നീക്കം മോഡിയെ സംബന്ധിച്ചേടത്തോളം ഗതിനിര്‍ണായകമായാണ് മാറുന്നത്. ലാലു പ്രസാദ് യാദവും കോണ്‍ഗ്രസും രാംവിലാസ് പാസ്വാനും ചേര്‍ന്ന് ഒരു ഭാഗത്തും നിധീഷും ബി.ജെ.പിയും മറുഭാഗത്തുമായി നടക്കുമായിരുന്ന ത്രികോണ മത്സരത്തില്‍ പാസ്വാന് സ്വന്തം നിലപാടുകളുടെ ഒപ്പം നില്‍ക്കാനുള്ള ഒന്നാന്തരം അവസരമുണ്ടായിരുന്നു. പാസ്വാന്റെ സമുദായമായ ദുഷാദുകള്‍ ബീഹാറിലെ 40 മണ്ഡലങ്ങളിലും കൂടിയോ കുറഞ്ഞോ ആയ അളവില്‍ ഉണ്ട്. മഹാദലിതരും പിന്നാക്കക്കാരില്‍ പിന്നാക്കക്കാരുമായ ഇവരുടെ അടിസ്ഥാന രാഷ്ട്രീയം എക്കാലത്തും സവര്‍ണ വിരുദ്ധമായിരുന്നതു കൊണ്ടാണ് തെരഞ്ഞെടുപ്പിനു ശേഷമല്ലാതെ പാസ്വാന്‍ ഇന്നോളം എന്‍.ഡി.എയില്‍ പോകാതിരുന്നത്. മുസ്‌ലിംകളിലെ അവശ വിഭാഗങ്ങള്‍ വലിയൊരളവില്‍ പാസ്വാനെ വിശ്വസിച്ച് ഒപ്പം നില്‍ക്കുന്നവരായതു കൊണ്ടാണ് 2002-ല്‍ ഗുജറാത്ത് കലാപത്തിനു ശേഷം എല്‍.ജെ.പിക്ക് എന്‍.ഡി.എയില്‍ തുടരാനാവാതെ വന്നതും. ഇന്ന് ഒറ്റയടിക്ക് പാസ്വാന്‍ ഇതെല്ലാം തള്ളിപ്പറയുന്നു എന്നു മാത്രമല്ല സ്വാര്‍ഥംഭരിതമായ പ്രവൃത്തിക്ക് കോടതിയുടെ ചെലവില്‍ സൈദ്ധാന്തിക ഭാഷ്യം ചമക്കാനും ഒരുമ്പെടുന്നു. ലാലു പ്രസാദും കോണ്‍ഗ്രസും ചോദിച്ച സീറ്റ് നല്‍കാത്തതിനെ ചൊല്ലി പാസ്വാന് മുന്നണി വിടുകയോ വിടാതിരിക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ, മോഡിയെ വെള്ളപൂശി തന്നെ അത് ചെയ്യണമായിരുന്നോ? ഈ മുഖ്യമന്ത്രി നിസ്വനാണെങ്കില്‍ എന്തേ മായാ കോദ്‌നാനിയും ബാബു ഭജ്‌രംഗിയും കുടുങ്ങി? അവര്‍ക്കെതിരെ കോടതി തെളിവായി സ്വീകരിച്ച രേഖകളില്‍ മോഡിയെ കുറിച്ച പരാമര്‍ശങ്ങളുള്‍പ്പടെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നില്ലേ? മോഡി നയിച്ച മന്ത്രിസഭയിലെ ഒരംഗമായിരുന്നില്ലേ മായാബെന്‍ കോദ്‌നാനി? കൂട്ടുത്തരവാദിത്വം കോണ്‍ഗ്രസിനു മാത്രം ബാധകമായതല്ലെങ്കില്‍ സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ പ്രവൃത്തികളെ ചൊല്ലിയല്ലേ ഇങ്ങോര്‍ ക്ഷമ ചോദിക്കേണ്ടത്? അന്വേഷണ കമീഷനുകളെയും കോടതിയെയും മോഡി സര്‍ക്കാര്‍ എങ്ങനെ മറികടന്നുവെന്ന് തെളിയിക്കുന്ന മനോജ് മിത്തയുടെ 'ഫിക്ഷന്‍ ഓഫ് ഫാക്ട് ഫൈന്‍ഡിംഗ്' എന്ന പുസ്തകം ഇന്ത്യയില്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ വായിക്കുമെങ്കില്‍ അവരില്‍ ഓരാളാവേണ്ടിയിരുന്നു പാസ്വാന്‍.
അവസരവാദമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്നത്. ബീഹാറില്‍ ലാലുപ്രസാദിന്റെ രാഷ്ട്രീയ ലോക്ദള്‍ പിളര്‍ന്നതിന്റെ പിന്നിലും കഥയില്ലാത്ത രാഷ്ട്രീയക്കാര്‍ നടത്തിയ കൂടിയാട്ടമായിരുന്നു കാണാനുണ്ടായിരുന്നത്. ഒന്നും രണ്ടുമല്ല അഞ്ച് മുസ്‌ലിം എം.എല്‍.എമാരാണ് ലാലുവിന്റെ മതേതരത്വത്തില്‍ വിശ്വാസമില്ലെന്നു പ്രഖ്യാപിച്ച് ആര്‍.ജെ.ഡി വിട്ടത്; പോയവരില്‍ മൂന്നെണ്ണം തിരികെ എത്തിയെങ്കിലും. ലാലുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാന്‍ നൂറു കാരണങ്ങള്‍ ഇന്ത്യയിലുണ്ട്. അഴിമതി, വൈദേശിക അടിമത്തം, കുത്തകകളോടുള്ള വിധേയത്വം എന്നു തുടങ്ങി എത്രയോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടു പോകാമായിരുന്നില്ലേ ഇവര്‍ക്ക്? നിധീഷ് കുമാര്‍ മന്ത്രിപ്പണി നല്‍കാമെന്ന് വ്യാമോഹിപ്പിച്ചപ്പോള്‍ രായ്ക്കുരാമാനം ഓടിപ്പോയവര്‍ രാഷ്ട്രീയത്തിന് സാമൂഹികമായ എന്ത് അര്‍ഥതലങ്ങളുണ്ടെന്നാണ് വാദിക്കുന്നത്? ഐ.എ.എസ് നേടിയ ദലിതന് പോലും ബ്രാഹ്മണ്യ രാഷ്ട്രീയം സഹിക്കേണ്ടി വരുന്നുവെന്ന് രൂക്ഷമായ വിമര്‍ശമുന്നയിച്ച് ദലിത് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഉദിത് രാജ് ഒടുവില്‍ ബി.ജെ.പിയുടെ പാളയത്തില്‍ ചേക്കേറിയെന്ന വാര്‍ത്തയും ഇന്ത്യ കേട്ടു. പട്ടികയില്‍ ഇതെഴുതുമ്പോഴത്തെ ഒടുവിലത്തെ അഭയാര്‍ഥിയായി റോയുടെ മുന്‍ മേധാവി സഞ്ജവ് ത്രിപാഠിയും കയറിപ്പറ്റി. റോയും ഇന്റലിജന്‍സും പോകുന്ന പ്രത്യയശാസ്ത്രപരമായ സംഘ്പരിവാര്‍ വഴികളെ കുറിച്ച് വര്‍ഷങ്ങളായി സംശയം പ്രകടിപ്പിക്കുന്നവരുടെ ആശങ്കകള്‍ക്കു കൂടി ത്രിപാഠി അടിവരയിട്ടു.
സുശീല്‍ കുമാര്‍ ഷിന്‍ഡെ ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ കുറിച്ച അപ്രിയ സത്യം കൂടി വിളിച്ചു പറഞ്ഞതോടെ മറ്റാരേക്കാളും മോഡിപക്ഷം ശരിക്കും ഹാലിളകുന്നതായിരുന്നു കണ്ടത്. വംശഹത്യയുടെ ആരോപണം ഭേസുന്ന ഒരാളെ വെളുപ്പിച്ചെടുത്ത് പ്രധാനമന്ത്രിയാക്കാനുള്ള ക്വട്ടേഷന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടില്ലെന്ന് ബി.ജെ.പി വാദിക്കേണ്ട കാര്യമെന്ത്? ഭരണഘടനയുടെ എല്ലാ അടിസ്ഥാനവും തച്ചുടച്ച് ആളുകളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന ഈ രാഷ്ട്രീയക്കാരാണ് ജനാധിപത്യം കാക്കുന്നവര്‍! പരിഹാസ്യം എന്നല്ലാതെ എന്തു പറയാന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം