Prabodhanm Weekly

Pages

Search

2014 മാര്‍ച്ച്‌ 07

വര്‍ഗീയ ഫാഷിസവുമായി രാജിയാകുന്നവര്‍

ടി.വി മുഹമ്മദലി/ലേഖനം

ര്‍ഗീയ ഫാഷിസവുമായി എത്ര ലാഘവത്തോടെയാണ് പലരും രാജിയാവുന്നത്! ഗുജറാത്ത് വംശഹത്യക്ക് ഭരണതലപ്പത്തിരുന്ന് ചുക്കാന്‍ പിടിച്ചെന്ന കുറ്റാരോപിതനും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോള്‍ ക്രൈസ്തവരിലെ ഓര്‍ത്തഡോക്‌സ് സഭാ മേലധികാരികള്‍ അദ്ദേഹത്തിന് ഹല്ലേലുയ്യാ പാടി. എസ്.എന്‍.ഡി.പി നേതൃത്വം മോഡിയെ മാറോട് ചേര്‍ത്തു. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും അദ്ദേഹത്തിന് നമോവാകമോതി.
അമേരിക്കന്‍ എഴുത്തുകാരി വെന്‍ഡി ഡോനിഗറുടെ ദ ഹിന്ദൂസ്: ഏന്‍ ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന പുസ്തകത്തിനെതിരെ ദല്‍ഹി കേന്ദ്രമായ ഒരു ഹിന്ദുത്വ സംഘടന രംഗത്ത് വന്നതോടെ പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യ പുസ്തകം മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചു. അച്ചടിച്ച പുസ്തകങ്ങളൊക്കെ നശിപ്പിക്കുകയും ഓണ്‍ലൈനില്‍ അത് ലഭ്യമല്ലാതാക്കുകയും ചെയ്തു.
ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി, മോഡിയുടെ അടുത്തേക്ക് നേരിട്ടു പോവുകയായിരുന്നു; രാജിയാവാന്‍. മത സ്വാതന്ത്ര്യം തടയുന്നു എന്നതിന്റെ പേരില്‍ ഒമ്പത് വര്‍ഷമായി അമേരിക്ക വിസ തടഞ്ഞ മോഡിയോട് ക്ഷമാപണത്തിന്റെ മട്ടിലായിരുന്നു യു.എസ് അംബാസഡര്‍ നാന്‍സി പവലിന്റെ സംഭാഷണം.
മോഡി പ്രധാനമന്ത്രിയായി അധികാരത്തില്‍ വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് അദ്ദേഹത്തെ കൊച്ചിയില്‍ സന്ദര്‍ശിച്ച ശേഷം ഓര്‍ത്തഡോക്‌സ് സഭാ മേധാവികളായ തോമസ് മാര്‍ അത്തനാസിയോസും ഗീവര്‍ഗീസ് മാര്‍ യൂലിയോസും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ദല്‍ഹിയില്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിമത്രിയോസയും ഇത് ആവര്‍ത്തിച്ചു.
ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പാതിരിമാരെയും കന്യാസ്ത്രീകളെയും അതിനീചമായി കൊലപ്പെടുത്തുകയും ക്രിസ്ത്യന്‍ ദേവാലായങ്ങള്‍ തകര്‍ക്കുകയും ചെയ്തുപോരുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ വീര നേതാവാണ് നരേന്ദ്രമോഡിയെന്ന് ഓര്‍ത്തഡോക്‌സ് അധ്യക്ഷന്മാരെ അനുയായികളെങ്കിലും ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു. കൂട്ടത്തില്‍, ഗുജറാത്തില്‍ ആയിരക്കണക്കിന് നിരപരാധികളെ ഒറ്റയടിക്ക് അതിക്രൂരമാംവിധം കൊന്ന് തീര്‍ത്തതില്‍ ഒരു ഖേദവും തോന്നാത്ത, അതില്‍ ഊറ്റം നടിക്കുന്ന അവിടത്തെ മുഖ്യമന്ത്രിയാണദ്ദേഹമെന്ന കാര്യവും ഓര്‍മപ്പെടുത്തണം. ബൈബിള്‍ നിയമമനുസരിച്ച് കൊന്നവന്‍ മാത്രമല്ല കുറ്റക്കാരന്‍. കൊല്ലിച്ചവനും കുറ്റക്കാരനാണ്. ഘാതകര്‍ക്ക് ഭരണകൂടം ശിക്ഷ നടപ്പാക്കുന്നത് എണ്ണി വിവരിക്കവെ ബൈബിള്‍ പറഞ്ഞു: ''ഒരുവനെ കരുതിക്കൂട്ടി കൊല്ലുന്നവനെ യാഗ പീഠത്തില്‍ കൊണ്ടുപോയി കൊന്നുകളയണം'' (പുറപ്പാട് 21:14). ''കുത്തുമെന്ന് അറിയാവുന്ന കാളയെ അഴിച്ചുവിട്ട് അത് മനുഷ്യനെ കൊന്നാല്‍ ഉടമസ്ഥനും മൃഗവും മരണശിക്ഷ അനുഭവിക്കണം'' (പുറപ്പാട് 21:9).
കൊല്ലുന്നവരെയും കൊല്ലിക്കുന്നവരെയും പിന്നെയും അധികാരത്തില്‍ വാഴിക്കാനാണോ സഭാ പിതാക്കളുടെ പുറപ്പാടെന്ന് അനുയായികള്‍ ചോദിക്കണം. ക്രൈസ്തവരിലെ മറ്റു സഭക്കാരും നരേന്ദ്രമോഡിയെ കാണാന്‍ കൊച്ചിയില്‍ എത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലധികാരികള്‍ മാത്രമേ എത്തിയുള്ളൂ.
ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ഒരു പങ്കുമില്ലെന്നും എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൊച്ചിയില്‍ മോഡിയുമായി വേദി പങ്കിട്ട് പറഞ്ഞത്. മാത്രമല്ല, കാണാന്‍ വെളുത്തിട്ടാണെങ്കിലും മോഡി പാവം പിന്നാക്കക്കാരനാണെന്നും വെള്ളാപ്പള്ളി തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തലുണ്ടായി. ഒരു നായര്‍ വിട്ടുപോയാലും നായാടി മുതല്‍ നമ്പൂതിരി വരെയുള്ള വിശാല ഹിന്ദു ഐക്യത്തിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിലേറ്റണമെന്നോ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കണമെന്നോ വിശാല ഹിന്ദു ഐക്യം പുലരണമെന്നോ ഒക്കെ പറയാനും ആഹ്വാനം ചെയ്യാനും വെള്ളാപ്പള്ളിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിന്റെ തലപ്പത്തിരുന്ന് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തിന് വിരുദ്ധമായി വാചാലനാകുന്നുവെന്നതാണ് ജനങ്ങള്‍ക്ക് അരോചകമാകുന്നത്. ശ്രീനാരായണ ദര്‍ശനത്തില്‍ വംശഹത്യയില്ല. അതേപ്പറ്റി ആലോചിക്കാന്‍ പോലുമാകില്ല. കാരണം നാരായണഗുരുവിന്റെ പ്രാര്‍ഥന ഇപ്രകാരമായിരുന്നു:
''ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‍കുകുള്ളില്‍..'' (അനുകമ്പാദശകം)
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴാ'നാണല്ലോ അദ്ദേഹം പഠിപ്പിച്ചത്. ഹിന്ദുത്വമോ ഹിന്ദു ഐക്യമോ ശ്രീനാരായണ ദര്‍ശനത്തിലില്ല എന്നത് സുവിദിതം. പ്രബുദ്ധ കേരളം മാസികയുടെ 1916-ലെ ഒരു ലക്കത്തില്‍ വന്ന അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണുക: ''നാം ജാതി വിട്ടിട്ട് ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടവരായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അക്കാരണത്താല്‍ പലര്‍ക്കും വാസ്തവത്തിന് വിരുദ്ധമായ ധാരണകള്‍ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല.''
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ ദൈവമായി വാഴ്ത്താറുണ്ട്. ഗുരുവിനെ ദൈവമായി പൂജിക്കാം. അദ്ദേഹത്തിന്റെ ദര്‍ശനത്തിനും അധ്യാപനങ്ങള്‍ക്കും എതിരായേ വര്‍ത്തിക്കൂ എന്ന നിലപാട് വിരോധാഭാസം!
കേരളത്തിലെത്തിയ മോഡി ജസ്റ്റിസ് കൃഷ്ണയ്യരെ വീട്ടില്‍ ചെന്നുകണ്ടു. ഇരുവരും സൗഹൃദം പങ്കുവെക്കുകയും തമ്മില്‍ സഹകരണാഭ്യര്‍ഥന നടത്തുകയും ചെയ്തു. കൃഷ്ണയ്യര്‍ മുമ്പ് തന്നെ മോഡിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതുപക്ഷേ, അദ്ദേഹത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചതല്ല. കോടതികള്‍ ഘാതകരായ കുറ്റവാളികള്‍ക്ക് വിധിക്കുന്ന വധശിക്ഷക്കെതിരെ നിരന്തരം ശബ്ദിക്കുന്ന മനുഷ്യ സ്‌നേഹിയാണദ്ദേഹം. വധശിക്ഷ മനുഷ്യത്വരഹിതമാണെന്നാണദ്ദേഹത്തിന്റെ പക്ഷം. എന്നിരിക്കെ വര്‍ഗീയ ഫാഷിസത്തോടും അവ സൃഷ്ടിക്കുന്ന കൂട്ടക്കുരുതികളോടും കൃഷ്ണയ്യര്‍ക്കെങ്ങനെ സഹിഷ്ണുത പുലര്‍ത്താനാവുന്നു?! ഗുജറാത്ത് വംശഹത്യയില്‍ മോഡി കുറ്റക്കാരനല്ലെന്ന് അന്വേഷണ സംഘം (എസ്.ഐ.ടി) പറഞ്ഞെങ്കിലും കോടതികളില്‍ വിധി മറിച്ചുണ്ടാകാനുള്ള സാധ്യതയും മോഡി കുറ്റക്കാരനാണെന്നതിന് തെളിവുണ്ടെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും അദ്ദേഹം ഓര്‍ക്കാതെ പോയി. അല്ലെങ്കിലും സമൂഹത്തിന് ഭീഷണിയാവുന്ന ഘാതകരായ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത് തീരെ സഹിക്കാതിരിക്കുകയും അതേസമയം നിരപരാധികളായ പതിനായിരക്കണക്കിന് മനുഷ്യര്‍ ഒറ്റയടിക്ക് കൊന്നൊടുക്കപ്പെടുമ്പോള്‍ നിസ്സംഗരാവുകയും ചെയ്യുന്നതാണല്ലോ നമ്മുടെ നാട്ടിലെ നടപ്പു രീതി.
ദല്‍ഹിയിലെ എസ്.ബി.എ എന്ന സംഘടന വെന്‍ഡി ഡോനിഗറുടെ ദ ഹിന്ദൂസ്: ഏന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന പുസ്തകത്തിനെതിരെ നിയമനടപടിയുമായി രംഗത്ത് വന്നതോടെ പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ഇതോടെ പുസ്തകത്തെപ്പറ്റിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുമുള്ള ന്യായാന്യായ വാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള അവസരം നഷ്ടപ്പെടുത്തി ഈ കീഴടങ്ങലിലൂടെ എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാല്‍നൂറ്റാണ്ട് മുമ്പ് സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് എന്ന നോവലിനെതിരെ പ്രസാധകരായ പെന്‍ഗ്വിന്‍ അധികൃതര്‍ക്കെതിരെ വധഭീഷണികള്‍ പോലുമുണ്ടായി. എന്നിട്ടും പുസ്തകം പിന്‍വലിച്ചില്ല. പക്ഷേ, ഇപ്പോള്‍ ഹിന്ദുത്വ സംഘടനയുടെ എതിര്‍പ്പിനു മുന്നില്‍ അവര്‍ രാജിയായി.
നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. പൊള്ളയായി സൃഷ്ടിക്കപ്പെട്ട മോഡി തരംഗം കണ്ണടച്ച് വിശ്വസിച്ചത് കൊണ്ടാകാം അത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേക്കാള്‍ തങ്ങളുടെ ചൊല്‍പടിക്കാരനാകണം മോഡി എന്നതുകൊണ്ടാണ് ഇപ്പോഴത്തെ 'സോപ്പിംഗ്.' 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തെ ശരിവെച്ചാണ് അമേരിക്ക അദ്ദേഹത്തിന് യു.എസിലേക്ക് വിസ നിഷേധിച്ചത്. മത സ്വാതന്ത്ര്യത്തെ തടയുന്നു എന്നതിന്റെ പേരിലായിരുന്നു ഇത്. അഫ്ഗാനിസ്താനിലും ഇറാഖിലും നിരപരാധികളായ പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഇംപീരിയല്‍ ഫാഷിസ്റ്റ് ശക്തിയായ അമേരിക്ക, ഒരു വര്‍ഗീയ ഫാഷിസ്റ്റായ നരേന്ദ്രമോഡിക്ക് വിസ തടഞ്ഞതിലൂടെ ലോകത്തിനു മുന്നില്‍ പരിഹാസ്യ പാത്രമാവുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് പകല്‍ കിനാവ് കാണുന്ന മോഡിക്ക് മുന്നില്‍ കുമ്പസാരിക്കുന്നതോടെ കൂടുതല്‍ നാണം കെടുകയും ചെയ്തു. മനുഷ്യാവകാശങ്ങളോ മാനവികതയോ നീതിയോ ജനാധിപത്യ മൂല്യങ്ങളോ ഒന്നുമല്ല, തങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യങ്ങളാണ് നയങ്ങള്‍ക്കും നയംമാറ്റങ്ങള്‍ക്കും അടിസ്ഥാനമെന്ന് അമേരിക്ക സുതരാം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/43-46
എ.വൈ.ആര്‍/ഖുര്‍ആന്‍ ബോധനം