'ജനം രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു' ഇന്ത്യന്‍ ജമാഅത്തെഇസ്‌ലാമി സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംസാരിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ഗതിവിഗതികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ രാഷ്ട്ര നന്മക്ക് അനുഗുണമാണെന്ന് പറയാന്‍ കഴിയില്ല. പൊതുജന നന്മക്ക് ഉതകുന്ന നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുക, എന്നിട്ടവ ജനങ്ങളുടെ മുമ്പാകെ വെക്കുക പോലുള്ള കാര്യങ്ങളൊന്നും ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നില്ല. ഓരോ പാര്‍ട്ടിയും എതിര്‍പക്ഷത്തുള്ള പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കരിവാരിത്തേക്കാനും ഇകഴ്ത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരസ്പരമുള്ള അഴിമതിയാരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പല നേതാക്കള്‍ക്കെതിരെയും കോടതികളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ പൊതുജനത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം വ്യക്തികള്‍ക്ക് ചുറ്റും കറങ്ങുകയാണ്. രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ അവയുടെ പരിഹാര മാര്‍ഗങ്ങളോ ചര്‍ച്ചയാവുന്നില്ല. പകരം വൈകാരിക വിഷയങ്ങളാണ് ഉയര്‍ത്തിക്കൊണ്ട് വരുന്നത്. രാഷ്ട്രീയത്തില്‍ പണവും അധികാരവും ചെലുത്തുന്ന സ്വാധീനം വല്ലാതെ കൂടിയിരിക്കുന്നു. ഈ നിലയില്‍ നോക്കിയാല്‍ വളരെ പരിതാപകരമായ നിലയിലേക്കാണ് രാഷ്ട്രീയ പ്രവര്‍ത്തനം നീങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇതിനൊരു ക്രിയാത്മക മറുവശമുണ്ട്. ജനം വളരെയധികം പ്രബുദ്ധത കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നതാണത്. രാഷ്ട്രീയക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും വിജയസാധ്യതകള്‍ എത്രത്തോളമാണ്?
ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വരുന്ന തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിക്കഴിഞ്ഞു. മുഖ്യ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസ്സും മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഭാഗീയതയുടെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും കൊടിവാഹകരായാണ് ബി.ജെ.പിയുടെ രംഗപ്രവേശം. ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്തില്‍ നരഹത്യക്ക് കൂട്ടുനിന്നതുമാണ് ആ പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തില്‍ വളര്‍ത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെയുള്ളത് കോണ്‍ഗ്രസ്സാണ്. ഏതാനും ഇടവേളകള്‍ ഒഴിച്ചാല്‍ സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് തന്നെയാണ് ഇക്കാലമത്രയും രാജ്യം ഭരിച്ചത്. അതിന്റെ ആഭ്യന്തര-വൈദേശിക നയങ്ങള്‍, സാമൂഹിക-വിദ്യാഭ്യാസ സ്‌കീമുകള്‍, മുസ്‌ലിംകളും ദലിതരുമുള്‍പ്പെടെയുള്ള അധഃസ്ഥിതി വിഭാഗങ്ങളോടുള്ള നിലപാട്, ഇന്ത്യന്‍ സമൂഹത്തില്‍ നാശം വിതക്കുന്ന പാശ്ചാത്യ സംസ്‌കാരത്തെ പ്രചരിപ്പിക്കുന്നതില്‍ അത് വഹിച്ച പങ്ക് ഇതെല്ലാം ജനവിരുദ്ധമായിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും ഇരു പാര്‍ട്ടികളും അവകാശപ്പെടുന്നത് തങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്നാണ്. ഇപ്പോഴത്തെ സ്ഥിതി വെച്ച് പറയുകയാണെങ്കില്‍ ഇരു കക്ഷികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല.
തെരഞ്ഞെടുപ്പ് അടുക്കുംതോറും പുതിയ മുന്നണികള്‍ രൂപീകരിക്കാനോ പഴയ മുന്നണികള്‍ പൊടിതട്ടിയെടുക്കാനോ ഉള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. മൂന്നാം മുന്നണി എന്ന ആശയത്തിന് എത്രത്തോളം പ്രസക്തിയുണ്ട്?
മറ്റൊരു മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ജനം അത്തരം മുന്നണികള്‍ക്ക് ഭരിക്കാനുള്ള അവസരവും നല്‍കി. പക്ഷേ, മുന്നണിയില്‍ അണിചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ആശയഭിന്നതകളും പാര്‍ട്ടി താല്‍പര്യങ്ങള്‍ തമ്മിലുള്ള ഉരസലും കാരണം അത്തരം മുന്നണികളൊന്നും വിജയം കാണുകയുണ്ടായില്ല. ഇപ്പോഴിതാ യു.പി.എക്കും എന്‍.ഡി.എക്കും പുറത്ത് പതിനൊന്ന് ചെറിയ പാര്‍ട്ടികളുടെ മൂന്നാം മുന്നണി പ്രഖ്യാപനം നടന്നുകഴിഞ്ഞിരിക്കുന്നു. ഏതാനും കക്ഷികള്‍ കൂടി അതില്‍ ചേര്‍ന്നേക്കാനും മതി. ഈ മുന്നണി കോണ്‍ഗ്രസ് വിരുദ്ധവും ബി.ജെ.പി വിരുദ്ധവുമാണെന്നാണ് പറയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഈ മുന്നണിയില്‍ ഉള്‍പ്പെടുന്ന ഏതാണ്ടെല്ലാ കക്ഷികളും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സുമായോ ബി.ജെ.പിയുമായോ അല്ലെങ്കില്‍ രണ്ടു കൂട്ടരുമായോ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം താല്‍പര്യങ്ങളുടെ പേരില്‍ ഇപ്പോള്‍ ഇരു പാര്‍ട്ടികളുമായും ഇടഞ്ഞുനില്‍ക്കുന്നു എന്നേയുള്ളൂ. ഇപ്പോള്‍ രൂപപ്പെട്ട മൂന്നാം മുന്നണിയെക്കുറിച്ച് അതിന്റെ നയപരിപാടികള്‍ പുറത്ത് വരുന്ന സമയത്ത് ജനം ഉചിതമായ തീരുമാനം എടുത്തുകൊള്ളും.
ജനവിധിയെ വലിയ തോതില്‍ സ്വാധീനിക്കുന്ന കക്ഷി എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടി ഇതിനകം പേരെടുത്ത് കഴിഞ്ഞിട്ടുണ്ട്. രണ്ട് പ്രധാന കക്ഷികള്‍ക്കെതിരെയും പടയൊരുക്കം നടത്തുന്ന പാര്‍ട്ടി എന്ന നിലക്ക് ആം ആദ്മിയെ എങ്ങനെയാണ് കാണുന്നത്?
ദല്‍ഹിയില്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇത്ര വലിയൊരു വിജയമുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി പോലും പ്രതീക്ഷിച്ചതല്ല. അധികാരത്തില്‍ വന്നതിന് ശേഷമാണ് ജനവിധിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് ആം ആദ്മിയെന്ന ധാരണ ശക്തിപ്പെട്ടത്. അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും മെഷിനറിയും ദല്‍ഹി എന്ന കൊച്ചു സംസ്ഥാനത്ത് കേന്ദ്രീകരിച്ചത് കൊണ്ടാണ് ഈ അത്ഭുതകരമായ വിജയം ഉണ്ടായത്. രണ്ട് വലിയ കക്ഷികളും ഒട്ടേറെ പ്രബല പ്രാദേശിക കക്ഷികളും കളം വാഴുന്ന ദേശീയ രാഷ്ട്രീയത്തില്‍ 'ആപ്' എത്രത്തോളം നേട്ടമുണ്ടാക്കുമെന്ന് കണ്ടുതന്നെ അറിയണം.
ഇതുവരെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ ശ്രദ്ധ പതിഞ്ഞ വിഷയം അഴിമതിയാണ്. രാഷ്ട്രഗാത്രത്തെ പിടിച്ചുലക്കുന്ന ആഭ്യന്തരവും വൈദേശികവുമായ പ്രശ്‌നങ്ങള്‍ ഇനിയും ധാരാളമുണ്ട്. അക്കാര്യങ്ങളിലൊന്നും 'ആപ്' നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അഴിമതി വിഷയത്തിലെന്ന പോലെ മറ്റു പ്രശ്‌നങ്ങളിലും എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് നോക്കിയായിരിക്കും പൊതുജനം 'ആപി'നെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക. രണ്ട് പ്രബല ദേശീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനത്തിന് സാമാന്യം നല്ല ധാരണയുണ്ട്. അവ രണ്ടിനുമെതിരായ സമയോചിതവും യുക്തിഭദ്രവുമായ വിമര്‍ശനമാണ് ആം ആദ്മി നടത്തുന്നതെങ്കില്‍ ജനം അത് മുഖവിലക്കെടുത്തേക്കും. വെറും വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനം കാര്യമായ ഫലമൊന്നും ഉണ്ടാക്കില്ല.
ആം ആദ്മിയുടെ പ്രവര്‍ത്തനശൈലി, അവരുടെ മുദ്രാവാക്യങ്ങള്‍, അധികാരമേറ്റ ശേഷം അവര്‍ നടത്തിയ ചില നീക്കങ്ങള്‍ ഇവയെ എങ്ങനെ കാണുന്നു?
വെള്ളത്തിനും വൈദ്യുതിക്കും ഇളവ് നല്‍കുമെന്നും അഴിമതി അവസാനിപ്പിക്കുമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആം ആദ്മിയുടെ രാഷ്ട്രീയ രംഗപ്രവേശം. തങ്ങളുടെ പരിമിതമായ അജണ്ട സകല പ്രചാരണ മാധ്യമങ്ങളും ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാനും അവര്‍ക്ക് സാധിച്ചു. അങ്ങനെയാണ് ദല്‍ഹി സംസ്ഥാനത്തിന്റെ അധികാരം വരെ അവര്‍ക്ക് ലഭിച്ചത്. ആ അധികാരം വളരെ അവധാനതയോടെ പൊതുജന ക്ഷേമത്തിനായി ഉപയോഗിക്കുകയും അങ്ങനെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം എത്തിപ്പിടിക്കുകയുമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതൊരു ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപപ്പെട്ട പാര്‍ട്ടിയാണ്. പ്രക്ഷോഭം നടത്തലും ഭരണനിര്‍വഹണവും രണ്ടാണെന്ന് അതിന്റെ ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കണം. എന്നാല്‍, അഴിമതിയും മറ്റു ദൂഷ്യങ്ങളും തുടച്ചുനീക്കാനുള്ള വ്യഗ്രതയില്‍ അവധാനതയില്ലായ്മയും വിവേകമില്ലായ്മയും വന്നുപോകുന്നുണ്ട്. അത്തരം നീക്കങ്ങളെ നേതൃത്വം നിയന്ത്രിക്കേണ്ടതായി വരും.
മുസ്‌ലിം രാഷ്ട്രീയം ഏത് ദിശയിലാണ് നീങ്ങുന്നത്? മുസ്‌ലിം സമുദായത്തിന്റെ അഭിപ്രായങ്ങള്‍ തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഗൗരവമാര്‍ന്നതും ഉത്തരവാദിത്വപൂര്‍ണവുമായ ഒരു നിലപാടിലേക്ക് എത്തിച്ചേരാനുള്ള കാര്യമായ ശ്രമങ്ങളൊന്നും സമുദായത്തിനകത്ത് നടക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം പിന്നിടുമ്പോഴും ചില പ്രാദേശിക കൂട്ടായ്മകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്‌ലിംകളുടേതെന്ന് പറയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ദേശീയതലത്തില്‍ നിലവിലില്ല. ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ മുസ്‌ലിംകള്‍ നേതൃത്വപരമായി പങ്കുവഹിക്കുന്നു എന്നും പറയാന്‍ കഴിയില്ല. അതിന്റെ പിഴ ഒടുക്കിക്കൊണ്ടിരിക്കുകയാണ് സമുദായം എന്ന് പറയാം. സമുദായത്തിനകത്ത് അതു സംബന്ധമായി ചര്‍ച്ച നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ സംഘടനകള്‍ ഒരുമിച്ചിരിക്കുകയും ആശയക്കൈമാറ്റങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. പക്ഷേ, പ്രയോഗത്തില്‍ ഒന്നും നടക്കുന്നില്ല. ഈ അവസ്ഥക്കാണ് ഉടനടി മാറ്റമുണ്ടാവേണ്ടത്. ജനസംഖ്യാപരമായി നോക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ ശക്തമായി സ്വാധീനിക്കാനുള്ള ശേഷിയുണ്ട് സമുദായത്തിന്. ഉത്തമ സമുദായമെന്ന നിലയില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് സാധ്യമാവൂ.
ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രസ്താവനകള്‍ ചേര്‍ത്തുവായിച്ചാല്‍ മനസ്സിലാവുന്നത്, 2014-ലെ തെരഞ്ഞെടുപ്പ് യുദ്ധം നടക്കുന്നത് വര്‍ഗീയതയെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ്. ഇത് രാഷ്ട്രത്തിന്റെ ഭാവിക്ക് ഗുണകരമാവുമോ?
ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും യഥാര്‍ഥ രാജ്യ താല്‍പര്യമോ ജനങ്ങളുടെ ക്ഷേമമോ ഒരു വിഷയമേ അല്ലാതായിരിക്കുന്നു. അതിനു വേണ്ടി പണിയെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് ചിത്രത്തിലില്ല. എല്ലാവര്‍ക്കും അവരവരുടെ പാര്‍ട്ടി താല്‍പര്യമാണ് വലുത്. ഇത് നമ്മുടെ നാടിന്റെ ദൗര്‍ഭാഗ്യമാണ്. ഓരോ പാര്‍ട്ടിക്കും അവരുടേതായ മതവും ജാതിയും പ്രാദേശികതയുമൊക്കെയുണ്ട്, വോട്ടു ബാങ്കായിട്ട്. ആ വോട്ട് ബാങ്ക് എങ്ങനെ വിപുലപ്പെടുത്താം എന്നു മാത്രമാണ് അവര്‍ നോക്കുന്നത്. അതിനുതകുന്ന പ്രസ്താവനകള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ രംഗം വൈകാരികത മുറ്റിയതും സംഘര്‍ഷഭരിതവുമാകാന്‍ അതാണ് കാരണം. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യ പരിഗണന നല്‍കിയിരുന്നതെങ്കില്‍ ജനം ഇത്രയധികം പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുമായിരുന്നില്ല. വര്‍ഗീയതയില്‍ കയറിപ്പിടിച്ചാണ് അടുത്ത തെരഞ്ഞെടുപ്പും നടക്കാന്‍ പോകുന്നത്. പുതിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. അതിനാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ കൊണ്ടുവരേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. ജനങ്ങളെ അതേക്കുറിച്ച് ബോധവത്കരിക്കണം. മുസ്‌ലിംകളില്‍ പ്രത്യേക ബോധവത്കരണം തന്നെ നടക്കേണ്ടതുണ്ട്. വര്‍ഗീയ, വിഘടന ശക്തികളെ അവര്‍ ചെറുത്തു തോല്‍പിക്കണം. ജനാധിപത്യ, ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ശക്തിപ്പെടുത്തണം. എങ്കിലേ നീതിയും ന്യായവും നിയമവാഴ്ചയും പുലരുന്ന, മൂല്യങ്ങളില്‍ നിലകൊള്ളുന്ന രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരികയുള്ളൂ.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും കേവല ഭൂരിപക്ഷം കിട്ടാതിരിക്കെ കേന്ദ്രത്തില്‍ ഗവണ്‍മെന്റുണ്ടാക്കാന്‍ ആ രണ്ട് കക്ഷികളും കൈ കോര്‍ക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെ ആയിരുന്നാലും, ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരുപോലെ പങ്കുവെക്കുന്ന ഒട്ടുവളരെ കാര്യങ്ങള്‍ ഉണ്ടെന്നാലും അവര്‍ തമ്മിലൊരു കൈകോര്‍ക്കല്‍ ഉണ്ടാകാന്‍ പ്രത്യക്ഷത്തില്‍ സാധ്യതകളൊന്നുമില്ല. ഓരോ പാര്‍ട്ടിയും ഒറ്റക്ക് നിന്നുകൊണ്ട് പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ഗവണ്‍മെന്റ് രൂപീകരിക്കാനാവും ശ്രമിക്കുക. മുന്‍കാലങ്ങളില്‍ അങ്ങനെ ചെയ്തതിന്റെ അനുഭവ പരിചയവും അവര്‍ക്കുണ്ടല്ലോ. ഇനി സ്വന്തം നിലക്ക് ഇരു കക്ഷികള്‍ക്കും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍ മൂന്നാമതൊരു മുന്നണിയെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ പിന്തുണച്ചു എന്നും വരാം. പിന്തുണ ലഭിക്കുന്ന ആ മൂന്നാം മുന്നണിക്ക് ഈ വലിയ പാര്‍ട്ടികളില്‍ നിന്ന് കടുത്ത സമ്മര്‍ദം അനുഭവിക്കേണ്ടിവരുമെന്നതും തീര്‍ച്ച.
(ദഅ്‌വത്ത് ഉര്‍ദു ത്രൈദിനം, 2014 ഫെബ്രുവരി 14-16)
Comments