പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്ന നബിദിനം ബിദ്അത്തോ?

പ്രവാചകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടിയെ(ജനുവരി 24-ന് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചത്) ചോദ്യം ചെയ്ത് നമ്മുടെ ഒരു സഹോദരന്‍ ഉയര്‍ത്തിയ വിമര്‍ശം ഫെബ്രുവരി 14-ന് വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. onislam.net എന്ന ഇസ്‌ലാമിക് വെബ്‌സൈറ്റില്‍ പ്രവാചക ജന്മദിനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച എന്റെ മറുപടി, ഒരു സഹോദരന്‍ വിവര്‍ത്തനം ചെയ്യുകയും പ്രബോധനം അത് പ്രസിദ്ധീകരിക്കുകയുമായിരുന്നു. എന്റെ മറുപടിക്ക് നേരെ കുറിപ്പുകാരന്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്കുള്ള വിശദീകരണമാണിത്.
വിഷയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, ഇമാം ശാഫിഈയുടെ പ്രസിദ്ധമായ ഒരു ആപ്തവാക്യം ശ്രദ്ധയില്‍ പെടുത്തുകയാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഈ വാക്യം നാം കൂടുതല്‍ ഓര്‍ക്കേണ്ടതുണ്ട്: ''എന്റെ അഭിപ്രായം ശരിയാണ്; പക്ഷേ അത് തെറ്റാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം തെറ്റാണ്; പക്ഷേ അത് ശരിയാകാനുള്ള സാധ്യതയുണ്ട്.'' സമാനമായ പ്രസ്താവനകള്‍ ഇമാം അബു ഹനീഫയും മറ്റു പണ്ഡിതന്മാരും നടത്തിയിട്ടുണ്ട്.
ഇമാം ശാഫിഈയുടെ ഈ ഉയര്‍ന്ന ചിന്താഗതി നമ്മുടെ പണ്ഡിതന്മാര്‍ സ്വീകരിക്കുകയാണെങ്കില്‍, നമ്മുടെ പണ്ഡിത ചര്‍ച്ചകളും ബൗദ്ധിക വ്യവഹാരങ്ങളും അര്‍ഥസമ്പുഷ്ടവും സഹിഷ്ണുതാപൂര്‍ണവുമായിത്തീര്‍ന്നേനെ. കാര്യങ്ങളെ കറുപ്പും വെളുപ്പുമെന്ന് കേവലമായി വിലയിരുത്തുകയും, അതിലെ ശരി തെറ്റുകള്‍ നല്ലവണ്ണം വിവേചിച്ചറിയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കാമായിരുന്നു. അങ്ങനെ വരുമ്പോള്‍ നമ്മള്‍ വിയോജിക്കുന്ന കാര്യങ്ങളെല്ലാം തള്ളപ്പെടേണ്ട ബിദ്അത്താണെന്നു പറഞ്ഞു മുദ്രകുത്താന്‍ നമുക്കാവുകയില്ല. ഇവിടെ വിഷയം, മൗലിദ് അല്ലെങ്കില്‍ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കല്‍ തള്ളപ്പെടേണ്ട ബിദ്അത്താണോ അല്ലയോ എന്നതാണ്. അതിന് ആദ്യമേ ബിദ്അത്ത് എന്താണെന്ന് വിശദീകരിക്കണം.
ഈ വിഷയം വിശദീകരിക്കുമ്പോഴും ഒരിക്കല്‍ കൂടി, എന്റെ വഴികാട്ടിയായ ഇമാം ശാഫിഈയെ ഞാന്‍ ഉദ്ധരിക്കട്ടെ. അദ്ദേഹത്തിന്റെ വീക്ഷണ പ്രകാരം ബിദ്അത്ത് രണ്ടു വിധമാണ്. ഒന്ന് പ്രശംസനീയവും മറ്റൊന്ന് നിന്ദ്യവുമാണ്. പരിശുദ്ധ ഖുര്‍ആനിനും സുന്നത്തിനും ഇജ്മാഇനും നിരക്കാത്ത ഏതു തരം ബിദ്അത്തുകളും വ്യക്തമായ വ്യതിചലനമാണ്. അതു തള്ളപ്പെടേണ്ടതുമാണ്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത ഏതു നല്ല നടപടിയും നിന്ദ്യമായ നടിപടിക്രമമായി പരിഗണിക്കപ്പെട്ടുകൂടാ. ഇതാണ് ഇമാം ശാഫിഈയുടെ ഈ വിഷയത്തിലുള്ള അഭിപ്രായം.
ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാം തന്റെ ഖവാഇദില്‍ എഴുതുന്നതു കാണുക: ''ബിദ്അത്തിനെ വാജിബ് (നിര്‍ബന്ധമായത്), മുഹര്‍റമ (നിഷിദ്ധമായത്), മുസ്തഹബ്ബ് (അനുപേക്ഷണീയമായത്), മക്‌റൂഹ് (ഉപേക്ഷിക്കുന്നത് അഭികാമ്യമായവ), മുബാഹ് (അനുവദനീയമായത്) എന്നിങ്ങനെ തരം തിരിക്കാം. ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ വെച്ചാണ് അവയോരോന്നും ഏതിനത്തില്‍പെടുന്നു എന്ന് വിലയിരുത്തപ്പെടേണ്ടത്. ആ നിലക്ക് ഏതെങ്കിലും ഒരു കാര്യം വാജിബിന്റെ ഇനത്തില്‍ പെടുന്നുവെങ്കില്‍ അത് വാജിബായി തന്നെ പരിഗണിക്കപ്പെടണം. ഒരു കാര്യം അത് നിരോധിക്കപ്പെടുന്നതിന്റെ ഇനത്തിലാണ് വരുന്നതെങ്കില്‍ അതങ്ങനെ തന്നെയാണ്. അതു പോലെ തന്നെയാണ് മറ്റു ഇനങ്ങളുടെയും കാര്യം.''
അതില്‍ ഒരോ ബിദ്അത്തിനുള്ള ഉദാഹരണവും പിന്നീട് അദ്ദേഹം നിരത്തുന്നുണ്ട്.
ഇസ്‌ലാമിക രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനു വേണ്ടി അതിര്‍ത്തി സുരക്ഷാ പോസ്റ്റുകള്‍ സജ്ജീകരിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതും തറാവീഹ് നമസ്‌കാരം, തസവ്വുഫീ ചര്‍ച്ചകള്‍, പണ്ഡിത ചര്‍ച്ചകള്‍, നന്മകള്‍ക്കു വേണ്ടി പ്രത്യേക സമ്മേളനങ്ങളും ഒത്തുകൂടലുകളും സംഘടിപ്പിക്കല്‍ തുടങ്ങിയ, ആദ്യകാല സമൂഹങ്ങളില്‍ ഉണ്ടായിട്ടില്ലാത്ത പുതിയ നന്മകള്‍ ചെയ്യലും അഭിലഷണീയമാണ്. അല്ലാഹുവിന്റെ തൃപ്തി നേടുക എന്ന ഉദ്യേശ്യത്തോടെ അവ ചെയ്യുന്നിടത്തോളം കാലം അവ അഭിലഷണീയമാണ്.
ഹദീസുകളുടെ 'അമീറുല്‍ മുഅ്മിനീന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനിക്കും, ബിദ്അത്തിന്റെ വിഷയത്തില്‍, ഇമാം ശാഫിഈയുടെ അതേ അഭിപ്രായമാണുള്ളത്. ജുമുഅ നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്ന വിഷയത്തില്‍ അദ്ദേഹം എഴുതുന്നു: ''പ്രവാചക കാലത്ത് നിലവിലില്ലാതിരുന്ന, പിന്നീട് ഉണ്ടായ ഏതു നടപടിക്രമവും ബിദ്അത്താണ്. എന്നിരുന്നാല്‍ തന്നെയും നല്ല ബിദ്അത്തായും (ബിദ്അതുന്‍ ഹസന) ചീത്ത ബിദ്അത്തായും (ബിദ്അതുന്‍ സയ്യിഅ) പരിഗണിക്കാവുന്ന ബിദ്അത്തുകള്‍ ഉണ്ട്.''
ഈ അര്‍ഥത്തില്‍ മുസ്‌ലിം ലോകം നൂറ്റാണ്ടുകളിലൂടെ പല നല്ല ബിദ്അത്തുകളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്‌ക്കരിക്കാന്‍ ആരംഭിച്ചതും, വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു വേണ്ടിയുള്ള രണ്ടാം ബാങ്കും, ഹറമില്‍ തഹജ്ജുദ് ജമാഅത്തായി നമസ്‌ക്കരിക്കുന്നതും, തറാവീഹ് നമസ്‌ക്കാരത്തില്‍ ഖുനൂത്ത് ഓതുന്നതും, ഖുര്‍ആന്‍ ഖത്തം ഓതിത്തീര്‍ത്ത ശേഷവുമുള്ള കൂട്ടപ്രാര്‍ഥനയുമെല്ലാം ഇത്തരം നല്ല ബിദ്അത്തുകള്‍ ആണ്. കൂടാതെ ഖലീഫ ഉമര്‍(റ) നടപ്പാക്കിയ പല കാര്യങ്ങളും നല്ല ബിദ്അത്തുകള്‍ തന്നെയായിരുന്നു. അവയെല്ലാം ഇവിടെ വിശദീകരിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ഈ പുത്തനാചാരങ്ങളെ അല്ലെങ്കില്‍ നടപടിക്രമങ്ങളെ മുസ്‌ലിം സമൂഹം രണ്ടും കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
കുറിപ്പുകാരന്‍ തന്റെ വാദത്തിന് ഉപോദ്ബലകമായി ഇമാം ഇബ്‌നുഹജറിന്റെ ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്. അതിനാല്‍ നബിദിന വിഷയത്തില്‍ ഇമാം ഇബ്‌നുഹജര്‍ പറഞ്ഞത് ഇവിടെ ഉദ്ധരിക്കുകയാണ്.
''പ്രവാചകന്റെ കാലത്തും ശേഷമുള്ള മൂന്ന് നൂറ്റാണ്ടുകളിലും ഇല്ലാതിരുന്ന ഒരു നടപടിക്രമം എന്ന നിലയില്‍ മൗലിദ് തീര്‍ച്ചയായും ഒരു ബിദ്അത്ത് തന്നെയാണ്. എന്നിരുന്നാല്‍ തന്നെയും ഈ നടപടിക്രമത്തില്‍ നിരവധി പ്രയോജനങ്ങളുണ്ട്. കൂടെ കുറെ ദോഷങ്ങളുമുണ്ട്. ആയതിനാല്‍ ഇതിലെ ദുഷ്പ്രവണതകള്‍ ഒഴിവാക്കി, ഇതിന്റെ നന്‍മകളെ ആരെങ്കിലും പ്രയോജനപ്പെടുത്തുന്നുവെങ്കില്‍, ഇതിനെ ഒരു നല്ല ബിദ്അത്തായി കണക്കാക്കാം. അല്ലാത്ത പക്ഷം നബിദിനത്തെ അങ്ങനെ കാണാന്‍ സാധ്യമല്ല.''
ഇബ്‌നു ഹജര്‍ തുടര്‍ന്നു പറയുന്നു: ''മൗലിദ് ആഘോഷം നടത്തല്‍ ഒരു നല്ല നടപടിക്രമമാണെന്നതിന് ഞാന്‍ മനസ്സിലാക്കുന്ന ഒരടിസ്ഥാനം ഇതാണ്. ബുഖാരി, മുസ്‌ലിം റിപ്പോര്‍ട്ടു ചെയ്ത ഒരു ഹദീസ് ഇവിടെ ഉദ്ധരിക്കുന്നു: പ്രവാചകന്‍ തിരുമേനി മദീനയില്‍ എത്തിയപ്പോള്‍, ജൂതന്മാര്‍ മുഹര്‍റം നോമ്പ് അനുഷ്ഠിക്കുന്നതു കണ്ടു. അതിനെ കുറിച്ചന്വേഷിച്ചപ്പോള്‍, അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസായെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമായതിനാല്‍ അല്ലാഹുവിന് നന്ദി ചെയ്യാനാണ് അവര്‍ നോമ്പെടുക്കുന്നതെന്ന് തിരുമേനിയോട് അവര്‍ പറഞ്ഞു. നമ്മില്‍ നിന്ന് ഒരു വലിയ ദുരന്തം ഒഴിവാക്കുന്നതിനും നമുക്ക് ഒരു വലിയ അനുഗ്രഹം ലഭിക്കുന്നതിനും അതിനോടുള്ള നന്ദി സൂചകമായി അല്ലാഹുവോട് കടപ്പാട് രേഖപ്പെടുത്താമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല, അത് വര്‍ഷാവര്‍ഷം അനുസ്മരിക്കുകയും ചെയ്യാം. അല്ലാഹുവിന് സ്തുതിഗീതങ്ങള്‍ ചൊല്ലിയും അവനെ സാഷ്ടാംഗം പ്രണമിച്ചും, ദാനധര്‍മങ്ങള്‍ വര്‍ധിപ്പിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും നമുക്ക് അതിന് നന്ദി കാണിക്കാം. നമ്മെ സംബന്ധിച്ചേടത്തോളം, കാരുണ്യദൂതനായ മുഹമ്മദ് നബി(സ)യേക്കാള്‍ മഹത്തായ വല്ല അനുഗ്രഹവും നമുക്കുണ്ടോ? അതിനാല്‍ ഈ മഹാ സംഭവത്തെ നാം ആഘോഷിക്കുമ്പോള്‍, നന്മകള്‍ മാത്രം ചെയ്തായിരിക്കണം ഈ ദിനത്തെ നാം ആഘോഷിക്കേണ്ടത്. ഖുര്‍ആന്‍ പാരായണം, നിര്‍ധനര്‍ക്ക് ഭക്ഷണം നല്‍കല്‍, ദാനധര്‍മങ്ങള്‍, പ്രവാചകനെ പ്രകീര്‍ത്തിച്ചുള്ള കവിതാലാപനം തുടങ്ങി പരലോകത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സദ്കര്‍മങ്ങള്‍ ചെയ്തിട്ടായിരിക്കണം നാം അതിനെ ആഘോഷിക്കേണ്ടത്.''
റബീഉല്‍ അവ്വല്‍ മാസത്തില്‍ മീലാദുന്നബി ഒരു നല്ല സമ്പ്രദായമാണെന്നും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന പുതിയതും പഴയതുമായ അനേകം പണ്ഡിതന്മാരില്‍ ഒരാള്‍ മാത്രമാണ് ഇമാം ഇബ്‌നു ഹജര്‍. ഇമാം ഇബ്‌നുഹജറിന്റെ ഗുരുനാഥനും ഹദീസ് പണ്ഡിതനുമായ ഹാഫിദുല്‍ ഇറാഖി, പ്രമുഖ മുഫസ്സിര്‍ ഇമാം ഇബ്‌നു കഥീര്‍, അബൂ ശാമ, ഇബ്‌നു ഹജറുല്‍ ഹൈതമി, ഇബ്‌നുല്‍ ജൗസി, ഇമാം സുബ്കി, ഇമാം സുയൂതി, ഇമാം ശൗകാനി, ഇബ്‌നു ആബിദീന്‍ ഇവരെല്ലാവരും നബി ദിനത്തെ അനുകൂലിച്ചവരാണ്. ഇബ്‌നു ആശൂര്‍, ഇബ്‌നു മഖ്‌ലൂഫ്, ശൈഖ് അതിയ്യ സഖര്‍, ശൈഖ് യുസുഫുല്‍ ഖറദാവി, ഇബ്‌നു ബയ്യാ തുടങ്ങിയവര്‍ നബി ദിനത്തെ അനുകൂലിച്ചിട്ടുള്ള ആധുനിക പണ്ഡിതന്‍മാരാണ്.
ഇവ്വിഷയകമായി ഇവരുടെ അഭിപ്രായങ്ങള്‍ സംഗ്രഹിച്ചു കൊടുക്കുകയാണ് ചുവടെ.
1. തിങ്കളാഴ്ച നോമ്പെടുക്കുന്നതിനെ കുറിച്ച് തിരുമേനിയോട് ഒരാള്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു. തിങ്കളാഴ്ച ദിവസം ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് ദിവ്യബോധനം ലഭിച്ച ദിവസമാണത്. അബൂ ഖതാദ നിവേദനം ചെയ്ത, സ്വഹീഹു മുസ്‌ലിമില്‍ വന്നിട്ടുള്ള ഒരു ഹദീസാണിത്. അപ്പോള്‍ ഒരു ചോദ്യം ഇവിടെ ഉയരുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രവാചക തിരുമേനി എന്തിനാണ് തന്റെ ജന്‍മ ദിനത്തെ കുറിച്ച് സൂചിപ്പിച്ചത്? ഒഴിവാക്കപ്പെടേണ്ട ബിദ്അത്തിനെ കുറിച്ച് നമ്മേക്കാള്‍ കൂടുതല്‍ ഉത്കണ്ഠാകുലനാകേണ്ടത് അവിടുന്നായിരുന്നുവല്ലോ.
2. വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങളിലൂടെ അല്ലാഹു, അവന്റെ മഹത്തായ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കണമെന്നും അതിലൂടെ അവനെ ഓര്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ച ദിവസം, അത്തരം ഓര്‍മയുടെയും ആഘോഷത്തിന്റെയും ദിവസമായി നാം എന്തു കൊണ്ടു ഉള്‍പ്പെടുത്തുന്നില്ല.?
3. യഹ്‌യ(അ)യുടെ ജീവിതകഥ പറയുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു പറയുന്നു. ''ജനനനാളിലും മരണനാളിലും രണ്ടാമതു ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും അദ്ദേഹത്തിനു സമാധാനം'' (മര്‍യം 15). ഈസാ നബി(അ)യെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ''എന്റെ ജനനനാളിലും മരണനാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം'' (മര്‍യം 33).
ഈ പ്രവാചകന്‍മാരുടെ ജന്‍മ ദിനങ്ങളെ കുറിച്ചു പോലും വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞിരിക്കെ, മുഹമ്മദ് നബിയുടെ ജന്മദിനം ഓര്‍ക്കുന്നതും അത് ആഘോഷിക്കുന്നതും തെറ്റാണെന്ന് എങ്ങനെയാണ് നമുക്ക് പറയാനാവുക?
4. പ്രവാചകന്‍ തിരുമേനി മദീനയില്‍ എത്തിയതും തബൂക്കില്‍ നിന്നുള്ള തിരുമേനിയുടെ മടക്കവും അനുസ്മരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ സംഭവത്തെ കുറിച്ചുള്ള എന്റെ പരാമര്‍ശത്തില്‍ 'ത്വലഅല്‍ ബദ്‌റു അലയ്‌നാ' എന്ന ഗാനം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ലെന്ന് വിമര്‍ശിക്കുന്ന കുറിപ്പുകാരന്‍ മറ്റു പല വസ്തുതകളും കാണാതിരിക്കുകയാണ്.
യഥാര്‍ഥത്തില്‍ മദീനയിലേക്കുള്ള പ്രവാചകന്റെ വരവ് ആഹ്ലാദത്തോടെ അവര്‍ ആഘോഷിച്ചിരുന്നുവെന്നുള്ളത് ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം സവിസ്തരം പ്രദിപാദിക്കപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം ആരും എതിര്‍ത്തിട്ടില്ല. മദീനയിലെ ഏറ്റവും സ്മരണീയമായ രണ്ട് കാര്യങ്ങളില്‍ ഒന്ന് ഇതായിരുന്നുവെന്ന് പ്രവാചകന്‍ തിരുമേനിയുടെ സന്തത സഹചാരിയായിരുന്ന അനസ് പറയുന്നു. വലിയ ഒച്ചപ്പാടുകളും ആഹ്ലാദപ്രകടനങ്ങളും കൊണ്ട് അവര്‍ ആ ദിവസത്തെ ആഘോഷമാക്കി. അനസ് പറയുന്നു: 'തുള്ളിച്ചാടിക്കൊണ്ടിരിക്കുന്ന കുട്ടികളോടൊപ്പമായിരുന്നു അന്ന് ഞാന്‍. അവര്‍ 'മുഹമ്മദ് എത്തിച്ചേര്‍ന്നിരിക്കുന്നു' എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാനദ്ദേഹെത്ത കാണാന്‍ അവിടങ്ങളില്‍ തെരഞ്ഞു നടന്നു. എന്നാല്‍ അവിടെ അദ്ദേഹത്തെ കണ്ടില്ല. അവസാനം ഒരു പ്രഖ്യാപനം കൂടി വന്നു. 'ഇതാ മുഹമ്മദ് വന്നെത്തിയിരിക്കുന്നു.' ഏകദേശം 500 അന്‍സ്വാറുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു. പെണ്‍കുട്ടികളടക്കമുള്ളവര്‍ ഉള്‍പ്പെട്ട മദീനാനിവാസികള്‍ അവരുടെ വീടിന്റെ മട്ടുപ്പാവില്‍ നിന്ന് ഈ കാഴ്ചകള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ സംഭവത്തോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന മറ്റൊരു സംഭവവും ഞങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ബനുന്നജ്ജാര്‍ ഗോത്രത്തിലെ പെണ്‍കുട്ടികള്‍ പുറത്ത് വന്ന് ചെണ്ട കൊട്ടി വിളിച്ചു പറഞ്ഞു: ബനുന്നജ്ജാറിലെ പെണ്‍കുട്ടികളാണ് ഞങ്ങള്‍, ഞങ്ങളുടെ ആദരണീയനായ അതിഥി മുഹമ്മദിന് സ്വാഗതം.'
ത്വലഅല്‍ ബദറു അലയ്‌നാ എന്ന ഗാനം വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെ ഹദീസ് നിരൂപകര്‍ മുഅദലായിട്ടാണ് ഗണിച്ചിട്ടുള്ളതെന്ന കുറിപ്പുകാരന്റെ വാദം ശരിയാണ്. എന്നാല്‍ ഹദീസ് നിരൂപകന്മാര്‍ ഇതിനെ മുഅദലായി കാണാന്‍ കാരണം, 'ത്വലഅല്‍ ബദ്‌റു അലയ്‌നാ' എന്ന ഗാനം പെണ്‍കുട്ടികള്‍ ആലപിച്ചത് പ്രവാചകന്റെ മദീന പ്രവേശ സന്ദര്‍ഭത്തിലാണോ, അതോ ത്വബൂക്ക് യുദ്ധത്തില്‍ നിന്നുള്ള മടക്ക യാത്രയിലാണോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടാണ്. ആ ഗാനം അസ്വീകാര്യമാണെങ്കില്‍ തന്നെയും അവര്‍ പ്രവാചകന്റെ മദീനാ പ്രവേശം ആഘോഷിച്ചുവെന്നതിന് മറ്റു സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ തന്നെ ധാരാളം മതി. ഇനി ഇസ്‌ലാമിക് കലണ്ടര്‍ അടയാളപ്പെടുത്താന്‍ ഹിജ്‌റയെ ഒരു അടയാളമായി സ്വീകരിക്കാമെന്ന ഉമറിന്റെ അഭിപ്രായത്തെ സംബന്ധിച്ചുള്ള കുറിപ്പുകാരന്റെ വിമര്‍ശവും തെറ്റിദ്ധാരണജനകമാണ്. കുറിപ്പുകാരന്‍ ഉദ്ധരിച്ച ഇബ്‌നു ഹജറടക്കമുള്ള പണ്ഡിതന്‍മാര്‍ തന്നെ പറഞ്ഞിരിക്കുന്നത്, പ്രവാചക ജന്‍മദിനത്തിന് പ്രസക്തി കുറഞ്ഞതു കൊണ്ടല്ല സ്വഹാബികള്‍ ആ ദിവസത്തെ ഹിജ്‌റ കലണ്ടറിന് അടയാളമായി സ്വീകരിക്കാതിരുന്നത്; മറിച്ച്, ഇസ്‌ലാമിന് ഉജ്വലമായ വിജയം സമ്മാനിച്ച ഏവര്‍ക്കുമറിയാവുന്ന മഹത്തായ വിജയത്തിന്റെ അധ്യായമായിരുന്നു ഹിജ്‌റ എന്നുള്ളതു കൊണ്ടാണ്.
ഇമാം ഇബ്‌നു തൈമിയ്യ, ഇമാം ശാത്വിബി പോലുള്ള പണ്ഡിതന്‍മാര്‍ നബി ദിനത്തെ എതിര്‍ത്തിട്ടുണ്ട് എന്നത് ശരി തന്നെ. എന്നിരുന്നാല്‍ തന്നെയും ഇബ്‌നു തൈമിയ്യ 'അല്ലാഹു അവരുടെ സുദുദ്ദേശ്യങ്ങള്‍ക്കു പ്രതിഫലം നല്‍കിയേക്കാം' എന്നു പറഞ്ഞു കൊണ്ട് മൗലിദ് ആഘോഷിക്കുന്നവരുടെ സദുദ്ദേശ്യത്തിന് ഫലമുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.
ഇവ്വിഷയകമായി ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായം കൂടി ഉദ്ധരിച്ചു ഉപസംഹരിക്കാം: ''ഹിജ്‌റ, ഇസ്‌റാഅ് മിഅ്‌റാജ്, നബിദിനം പോലുള്ള പ്രവാചക ജീവിതത്തിലെ സംഭവങ്ങളെ അനുസ്മരിക്കുന്നത് വഴിപിഴച്ച ബിദ്അത്തുകളായി കരുതുന്നവര്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. എന്നാല്‍ അവരുടെ ഈ അഭിപ്രായം തീര്‍ത്തും ശരിയല്ല. ചില രാജ്യങ്ങളിലെ നബി ദിനാഘോഷങ്ങളില്‍ പുണ്യാത്മക്കളുടെ ജന്മദിനാഘോഷങ്ങളില്‍ നടക്കുന്നതു പോലുള്ള അനിസ്‌ലാമികമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്കതിനെ അപലപിക്കേണ്ടതുള്ളൂ. അതിനാല്‍ മഹാനായ പ്രവാചകനെയും അവിടുത്തെ ജീവിത സന്ദേശത്തെയും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനുമാണ് നാം ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്. ഇതിനെ എങ്ങനെയാണ് വ്യതിചലനമായും തള്ളപ്പെടേണ്ട ബിദ്അത്തായും കാണാനാവുക? ഇത്തരം സംഭവങ്ങളെ അനുസ്മരിക്കുക വഴി നാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളെ കുറിച്ച് ഓര്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓര്‍ക്കുന്നതും വാഴ്ത്തുന്നതും വിശുദ്ധ ഖുര്‍ആന്‍ നേരത്തേതന്നെ അനുവദിച്ച കാര്യമാണണല്ലോ. പ്രവാചക ജന്‍മദിനത്തെ അനുസ്മരിക്കുന്നതും കൊണ്ടാടുന്നതും മുസ്‌ലിം സമൂഹത്തെ പ്രവാചക ജീവതത്തിലെ അധ്യാപനങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നതും നമുക്കെങ്ങനെയാണ് നിന്ദ്യമായ ഒരു ബിദ്അത്തായി കണക്കാക്കാനാവുക?''
വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്താന്‍ അല്ലാഹു നമുക്ക് ഉതവി നല്‍കട്ടെ. അന്ത്യനാളില്‍ തിരുദുതരുടെ സഹവാസം ലഭിക്കാനിടയാകുന്ന പ്രവാചക സ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹു നിറക്കുകയും ചെയ്യട്ടെ, ആമീന്‍.
Comments