ഒന്നാമനിലേക്കുള്ള മുന്നേറ്റം

ജീവിതത്തില്‍ ആവുന്നത്ര സുഖമോ സമാധാനമോ നേടിയെടുക്കുക എന്നതാണ് പലപ്പോഴും മനുഷ്യന്റെ സകല പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദു. വിദ്യാഭ്യാസം, ജോലി, യാത്രകള്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ വ്യാപൃതനാവുമ്പോഴും ഭൂമിയില്‍ അതിന്റെ പരമമായ ലക്ഷ്യം സമാധാന സമ്പൂര്‍ണമായ ഒരു ജീവിതം നയിക്കുക എന്നതാണ്. അതിനു വേണ്ടിയാണല്ലോ മനുഷ്യന്‍ അവന്റെ സമയത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചെലവഴിക്കുന്നത്. ഏറ്റവും വലിയ ത്യാഗ പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതും സുഖവും സമാധാനവും നേടിയെടുക്കുന്നതിനു വേണ്ടിത്തന്നെ.
സകല സമാധാനവും തകരും ആരോഗ്യത്തിന് കാര്യമായി എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍, ആ മനുഷ്യന്‍ ലോകത്ത് ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന ആളായാലും. ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും ഗതിവിഗതികള്‍ സന്തോഷ-ദുഃഖങ്ങള്‍ക്ക് കാരണമാവുന്നു. രോഗത്തെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി, അവന്‍ ഭൂമിയില്‍ സമ്പാദിച്ചതൊക്കെയും കൊടുക്കാന്‍ സന്നദ്ധനാകുന്നു. ഭൂമിയില്‍ അവന്‍ നേടിയ പേരും പ്രശസ്തിയും സ്ഥാനമാനങ്ങളും അവന്‍ തിരിച്ചു കൊടുക്കാന്‍ തയാറാകും. അതിനു വേണ്ടി എന്ത് ത്യാഗത്തിനും അവന്‍ മുന്നിട്ടിറങ്ങും. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഭൂമിയില്‍ ഏതൊരു മനുഷ്യനും പാടുപെടുന്നതെന്ന് കാണാന്‍ കഴിയും.
1. തന്റെ ജീവിതം ഒരല്‍പമെങ്കിലും നീട്ടിക്കിട്ടാന്‍. 2. സമാധാനമുള്ളതാകാന്‍. 3. സുഖം സ്വന്തമാക്കാന്‍. എന്നാല്‍, പ്രപഞ്ചം സൃഷ്ടിച്ചവനായ അല്ലാഹു, അവനെ അനുസരിക്കുന്ന നല്ലവരായ അടിമകള്‍ക്ക് പരലോകത്ത് നല്‍കാമെന്നേറ്റ സമ്മാനം നോക്കൂ. 1. ഒരല്‍പമെങ്കിലും നീട്ടിക്കിട്ടാന്‍ ഭൂമിയില്‍ വെച്ച് നമ്മള്‍ ആഗ്രഹിച്ച 'ജീവിതം', അതായത് ഒരിക്കലും അവസാനിക്കാത്ത ജീവിതം, ശാശ്വത ജീവിതം.
2. ഭൂമിയിലെ അവന്റെ മുഴുവന്‍ ചലനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യമായ സമ്പൂര്‍ണ സമാധാനം.
3. ഒരിക്കലും നിലക്കാത്ത സമ്പൂര്‍ണ സുഖം. ഭൂമിയില്‍, ഭൂമി തന്നെ പകരം നല്‍കി ഒരാള്‍ നേടാന്‍ നോക്കിയിരുന്ന 'അനശ്വരത' ഒരാള്‍ നല്‍കാം എന്ന് പറയുമ്പോള്‍ അതിലേക്ക് നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍ രണ്ട് കാര്യങ്ങളായിരിക്കും അതിന്റെ മൂലഹേതു. ഒന്ന്, പറയുന്ന ആളില്‍ നമുക്ക് വിശ്വാസം പോരാ- അതായത് അല്ലാഹുവില്‍ നമുക്കുള്ള വിശ്വാസം പോരാ എന്നര്‍ഥം. രണ്ട്, പറഞ്ഞ രീതിയില്‍ നമുക്ക് വിശ്വാസം പോരാ- അതായത് വിശുദ്ധ ഖുര്‍ആനിലും പ്രവാചകനിലും നമുക്ക് വിശ്വാസം പോര എന്നര്‍ഥം! ഇതില്‍ ഏത് വിഭാഗത്തിലായത് കൊണ്ടാണ് തന്റെ ജീവിതം അല്ലാഹുവിങ്കല്‍ സര്‍വം സമര്‍പ്പിതമാകാതിരിക്കുന്നത് എന്നത് ഓരോരുത്തരും സ്വയം വിശകലനം ചെയ്ത് കണ്ടെത്തേണ്ടതാണ്. സ്വന്തം വിശ്വാസത്തെ കുറിച്ചുള്ള തിരിച്ചറിവിന്റെ തുടക്കമാണ് വ്യക്തി എന്ന നിലയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള നമ്മുടെ മുന്നേറ്റത്തിന്റെയും തുടക്കം.
ഭൗതിക ലോകത്ത് എവിടെ മത്സരങ്ങളുണ്ടായാലും അതില്‍ ഒന്നാമനാകണം എന്നാഗ്രഹിച്ച് അധ്വാനിക്കുന്നവനാണ് മനുഷ്യന്‍. ഏറ്റവും മികച്ച സമ്മാനങ്ങള്‍ തന്നെ കരസ്ഥമാക്കണം എന്ന മോഹം അവനെ പിടികൂടും. സകല കോപ്പുകളും ഒരുക്കൂട്ടും. ഏതറ്റം വരെയും പോകാന്‍ തയാറാകും. എന്നാല്‍, ലോകത്തില്‍ മറ്റൊരാള്‍ക്കും നല്‍കാന്‍ കഴിയാത്ത, സമാധാന സമ്പൂര്‍ണവും ദുഃഖങ്ങളില്ലാത്തതുമായ സ്വര്‍ഗമെന്ന ശാശ്വത ജീവിതം സമ്മാനിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും അല്ലാഹുവിന്റെ പരീക്ഷണത്തില്‍ ഒന്നാമനാകണം എന്ന മോഹം നമുക്കില്ലാതെ പോകുന്നു. ''പറയുക: അവന്റെ മുമ്പില്‍ അനുസരണത്തിന്റെ ശിരസ്സ് നമിക്കുന്ന ഒന്നാമനായിരിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവനാകുന്നു ഞാന്‍'' (ഖുര്‍ആന്‍ 6:14).
ഒന്നാമനിലേക്ക് മുന്നേറാനുള്ള പരിശ്രമത്തില്‍ ഏറെ പ്രധാനം, സ്വന്തം സ്ഥാനം എവിടെയാണ് എന്ന് തിരിച്ചറിയലാണ്. ജമാഅത്ത് നമസ്‌കാരത്തിന് പള്ളിയിലേക്ക് ചെന്നപ്പോള്‍ തന്നെക്കാള്‍ മുന്നെ അവിടെ സ്ഥാനം പിടിച്ച കുറെ പേരുണ്ട്. തന്റെ ഇടം അവസാന സ്വഫ്! ദാനധര്‍മങ്ങളുടെ കാര്യത്തില്‍ ഒരു ദരിദ്രന്‍ ധനികനായ തന്നെ മറികടന്നിരിക്കുന്നു. സേവനത്തിന്റെ കാര്യത്തില്‍ യുവാവായ തനിക്കു മുന്നെ ഒരു വൃദ്ധന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. വിനയത്തിന്റെ കാര്യത്തില്‍ നേതാവിനോളം എത്താന്‍ ആവുന്നില്ല. തന്നെക്കാള്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, പ്രസ്ഥാനത്തിന് വേണ്ടി വിളിക്കപ്പെട്ടാല്‍ സകലതും മറന്ന് ഓടിച്ചെല്ലുന്ന കൂട്ടുകാര്‍, കുടുംബ കാര്യത്തില്‍ തന്നെക്കാള്‍ ബദ്ധശ്രദ്ധനായ അയല്‍വാസി, ഖുര്‍ആന്‍ പാരായണം, സുന്നത്ത് നോമ്പുകള്‍ അങ്ങനെയങ്ങനെ... ശ്രദ്ധിച്ചു നോക്കിയാല്‍ എത്ര പേരാണ് തനിക്ക് ചുറ്റും അല്ലാഹുവിന്റെ മാര്‍ഗത്തില്‍, തന്നെ നിരന്തരം പിറകിലാക്കിക്കൊണ്ടിരിക്കുന്നത്!
ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തോല്‍വിയുടെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കുക. അല്ലാഹുവോടുള്ള കീഴ്‌വണക്കത്തില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ അശ്രദ്ധയും ആലസ്യവും പോലും വരുത്തിവെക്കുന്ന തോല്‍വിയുടെ വ്യാപ്തി അതിഭയാനകമാണ്. മനസ്സിലെ ഒരു ചെറിയ ദുഷ്ചിന്ത പോലും നിരവധിയാളുകളുടെ പിറകിലേക്ക് നാം വലിച്ചെറിയപ്പെടാന്‍ കാരണമായിത്തീരും.
പള്ളിയില്‍ അവസാന സ്വഫ്ഫില്‍ മാത്രം ഇടം കിട്ടിയ നമ്മുടെ അവസ്ഥ തന്നെ ഒന്ന് എടുത്തു നോക്കുക. നമ്മള്‍ എത്ര പിറകിലാണ്! ഏതാനും ചില സ്വഫ്ഫുകള്‍ മാത്രമാണോ അത്? അല്ല! ഈ ലോകത്ത് നിലവിലുള്ള പള്ളികളിലൊക്കെയും നമുക്ക് മുന്നെ നമസ്‌കാരത്തിന് എത്തിച്ചേര്‍ന്നവരുണ്ട്. അവര്‍ മാത്രമാണോ നമ്മെ പിറകിലാക്കിയിരിക്കുന്നത്? അല്ല. ഇവിടെ കഴിഞ്ഞുപോയ ജനപഥങ്ങളില്‍ എത്രയെത്ര പേര്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ തന്നെക്കാള്‍ നിഷ്ഠ പുലര്‍ത്തിയിട്ടുണ്ടാകും. അവരൊക്കെയും തന്നെ തോല്‍പിച്ചുകളഞ്ഞില്ലേ? എത്ര പേര്‍ ദാനധര്‍മങ്ങളുടെ കാര്യത്തില്‍ തന്നെ പിറകിലാക്കിയിരിക്കുന്നു? ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി പണിയെടുക്കുന്ന കാര്യത്തില്‍ എത്രയെത്ര മഹോന്നതന്മാരോടാണ് നമ്മള്‍ മത്സരിക്കുന്നത്? ഇതൊരു കടുത്ത മത്സരം തന്നെയല്ലേ? മുന്നേറണമെന്ന ആഗ്രഹം മനസ്സില്‍ പൂവിടുമ്പോള്‍ ആരോട് മത്സരിച്ചാണ് മുന്നേറേണ്ടത് എന്ന ബോധം ശരിക്കും ഹൃദയത്തില്‍ ഉണ്ടായിരിക്കണം. മത്സരത്തിന്റെ കാഠിന്യവും വ്യാപ്തിയുമറിയാതെ മത്സരത്തിനിറങ്ങുന്നതില്‍ ഒരര്‍ഥവുമില്ല.
വിശുദ്ധ ഖുര്‍ആന്‍ രണ്ട് വിഭാഗം ആളുകളെക്കുറിച്ച് -വലതുപക്ഷവും ഇടതുപക്ഷവും- സംസാരിക്കുന്നു എന്നാണ് നമ്മളില്‍ പലരുടെയും ധാരണ. യാഥാര്‍ഥ്യം അതല്ല. മൂന്ന് വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ സ്വര്‍ഗത്തിലെ അലങ്കാരങ്ങളെക്കുറിച്ച് പറയുന്നത്. അതില്‍ മൂന്നാമത്തെ വിഭാഗം 'മുന്നേറിയവര്‍' എന്നറിയപ്പെടുന്നു.
''മുമ്പന്മാര്‍ മുമ്പന്മാര്‍ തന്നെ. അവരാകുന്നു ദൈവസാമീപ്യം സിദ്ധിച്ചവര്‍. അനുഗൃഹീത ആരാമങ്ങളില്‍ വസിക്കും. മുന്‍ഗാമികളില്‍ നിന്ന് കുറെ പേരുണ്ട്. പിന്‍ഗാമികളില്‍ നിന്ന് കുറച്ചും'' (അല്‍വാഖിഅ 10-14). ശേഷം സ്വര്‍ഗത്തില്‍ അവര്‍ക്കുള്ള പ്രത്യേക വിഭവങ്ങള്‍ ഖുര്‍ആന്‍ നിരത്തുന്നു. മുന്നേറിയവരെ കുറിച്ച് പറയുമ്പോള്‍ മുന്‍ഗാമികളില്‍ നിന്ന് കുറെ പേരും പിന്‍ഗാമികളില്‍ നിന്ന് കുറച്ച് പേരും എന്ന് പറയുകയും, വലതുപക്ഷക്കാരെ കുറിച്ച് പറയുമ്പോള്‍ മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാമികളില്‍ നിന്നും കുറെ പേരുണ്ട് എന്ന് പറയുകയും ചെയ്യുന്നതിന്റെ ഗൗരവം നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ?
ഇസ്‌ലാമിന്റെ വിജയത്തിന് വേണ്ടി, വെടിയുണ്ടകള്‍ക്ക് നേരെ നെഞ്ച് വിടര്‍ത്തി നിന്ന് രക്തസാക്ഷിത്വം നേടുന്ന യുവാക്കള്‍ക്കും, കാലങ്ങളായി കുടുംബത്തെ വേര്‍പിരിഞ്ഞ് ജയിലറയില്‍ കഴിയുകയും പുറത്ത് വന്ന് വീണ്ടും ഇസ്‌ലാമിന് വേണ്ടി തെരുവിലിറങ്ങുകയും ചെയ്യുന്ന ത്യാഗികള്‍ക്കുമിടയില്‍ ജീവിക്കുമ്പോള്‍ 'എളുപ്പപ്പണിക്ക്' അവസരം ലഭിച്ച നമ്മുടേത് പോലുള്ള സാഹചര്യത്തില്‍ മടി പിടിച്ചിരുന്നാല്‍ പരലോകത്ത് എന്തായിരിക്കും നമ്മുടെ അവസ്ഥ? ചെറിയ രീതിയില്‍ ആരാധനകള്‍ ചെയ്ത് ജീവിച്ചുപോയാലും അല്ലാഹു സ്വര്‍ഗത്തിലേക്ക് കര കയറ്റി വിട്ടുകൊള്ളും എന്ന വ്യാമോഹം പലപ്പോഴും നമ്മെ പിടികൂടാറുണ്ട്. സ്വന്തം സ്ഥാനത്തെ തിരിച്ചറിയാത്തതാണ് ഇങ്ങനെ തോന്നാന്‍ കാരണം. അത്തരം വ്യാമോഹത്തോടാണ് അല്ലാഹുവിന്റെ ചോദ്യം.
''അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരത്തില്‍ ജീവാര്‍പ്പണം ചെയ്യുന്നവരാരെന്നും അവനു വേണ്ടി ക്ഷമിക്കുന്നവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞിട്ടില്ലെന്നിരിക്കെ, എളുപ്പത്തില്‍ സ്വര്‍ഗത്തില്‍ പൊയ്ക്കളയാമെന്ന് വിചാരിക്കുകയാണോ നിങ്ങള്‍?'' (3:142).
Comments