എ.പി മൂസക്കോയ
രണ്ടര പതിറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ മാനേജറായി സേവനമനുഷ്ഠിച്ച എ.പി മൂസക്കോയ സാഹിബിന്റെ മരണവിവരമറിഞ്ഞത് കുവൈത്തില്‍ വെച്ചാണ്. അതിനാല്‍ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനോ ഭൗതികശരീരം അവസാനമായി കാണാനോ കഴിഞ്ഞില്ല. എങ്കിലും കുവൈത്തിലേക്ക് പുറപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് വീട്ടില്‍ ചെന്ന് കാണാനും അല്‍പസമയം ഒരുമിച്ച് ചെലവഴിക്കാനും സാധിച്ചത് ഒരാശ്വാസമായി അനുഭവപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസിദ്ധീകരണാലയമായ ഐ.പി.എച്ചിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അനല്‍പമായ പങ്കുവഹിക്കാന്‍ കഴിഞ്ഞ മാനേജറാണ് മൂസക്കോയ സാഹിബ്. അദ്ദേഹത്തിന്റെ കാലത്താണ് തഫ്ഹീമുല്‍ ഖുര്‍ആനും ഫിഖ്ഹുസ്സുന്നയുമുള്‍പ്പെടെ നിരവധി കനപ്പെട്ട കൃതികള്‍ കൈരളിക്ക് കിട്ടിയത്. ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചതും അതിന്റെ ആദ്യത്തെ പത്ത് വാള്യങ്ങള്‍ പുറത്തിറങ്ങിയതും അദ്ദേഹം മാനേജറായിരിക്കെയാണ്. ഇതൊക്കെയും സാധ്യമായതില്‍ അദ്ദേഹത്തിന്റെ സാമ്പത്തികാസൂത്രണത്തിനും മേല്‍നോട്ടത്തിനും അനല്‍പമായ പങ്കുണ്ട്.
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന് സമര്‍ഥനായ ഒരു സാരഥിയെ തേടിക്കൊണ്ടിരിക്കെയാണ് അന്ന് യു.എ.ഇയിലുണ്ടായിരുന്ന യൂനുസ് മൗലവി മൂസക്കോയ സാഹിബിന്റെ പേര് നിര്‍ദേശിച്ചത്. ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ ധന്യമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മൗലവി അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. യൂനുസ് മൗലവി യു.എ.ഇ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡന്റും മൂസക്കോയ സാഹിബ് സെക്രട്ടറിയുമായിരുന്നു. മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഐ.സി.സിയുടെ സെക്രട്ടറിയായത്. മൂസക്കോയ സാഹിബ് ജമാഅത്തെ ഇസ്‌ലാമി അംഗമായതും അവിടെ വെച്ചുതന്നെ, 1979 ല്‍.
ഐ.പി.എച്ചിനെ സംസ്ഥാനത്ത് സാര്‍വത്രികമാക്കിയത് മൂസക്കോയ സാഹിബാണ്. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരും മലപ്പുറത്തും കണ്ണൂരും അതിന്റെ ശാഖകള്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. തന്റെ ശാരീരിക അവശതകള്‍ അവഗണിച്ച്, ആ ശാഖകളെല്ലാം വിജയകരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അദ്ദേഹം കഠിനയത്‌നം ചെയ്തു.
കേരളത്തില്‍ ഇസ്‌ലാമിക പുസ്തകമേളകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത് ഐ.പി.എച്ചാണ്. അതിന് നേതൃത്വം നല്‍കിയത് മൂസക്കോയ സാഹിബും. വിപുലമായ സാംസ്‌കാരിക പരിപാടികളോടെ നടത്തപ്പെട്ട പുസ്തകമേളകള്‍ ബന്ധപ്പെട്ട ജില്ലകളിലെയും പരിസര പ്രദേശങ്ങളിലെയും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അറിവും ആത്മഹര്‍ഷവും പകര്‍ന്നു നല്‍കിയ ആഘോഷങ്ങളായിരുന്നു. അവയെ എല്ലാ അര്‍ഥത്തിലും വന്‍ വിജയമാക്കി മാറ്റാന്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെയും സ്ഥാപന ജീവനക്കാരുടെയും ആത്മാര്‍ഥമായ സഹകരണത്തോടെയും കഠിനാധ്വാനത്തോടെയും അദ്ദേഹത്തിനു സാധിച്ചു.
ഐ.പി.എച്ച് ഡയറക്ടറെന്ന നിലയില്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചെടുക്കുന്ന തീരുമാനങ്ങള്‍ അറിയിക്കുമ്പോള്‍ ഓരോന്നും വിശദമായി ചോദിച്ചറിയുമായിരുന്നു. അതിന്റെ നേട്ടകോട്ടങ്ങളെയും വരവുചെലവുകളെയും സംബന്ധിച്ച് സൂക്ഷ്മമായി പഠിക്കുകയും വളരെ പെട്ടെന്നു തന്നെ ജാഗ്രതയോടെ നടപ്പാക്കുകയും ചെയ്യുമായിരുന്നു. നീണ്ട രണ്ടര പതിറ്റാണ്ടിലേറെ കാലം ഐ.പി.എച്ചിന്റെ ഡയറക്ടറും മാനേജറുമെന്ന നിലയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്ക് ഒരിക്കല്‍ പോലും അനിഷ്ടകരമായി പെരുമാറുകയോ ഇടപെടുകയോ ചെയ്യേണ്ടിവന്നിട്ടില്ല. പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വളരെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും ചോദിച്ചറിയുകയും പങ്കുവെക്കുകയും ചെയ്യുമായിരുന്നു. മക്കളുടെ വിദ്യാഭ്യാസാവശ്യാര്‍ഥം വെള്ളിമാട്കുന്നില്‍ താമസിച്ച കാലത്ത് ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അടുത്തിടപഴകാന്‍ അവസരം ലഭിച്ചു.
വലിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുമ്പോഴും പരിപാടികള്‍ ആവിഷ്‌കരിക്കുമ്പോഴും ഐ.പി.എച്ചിനെ സാമ്പത്തിക പ്രയാസം ബാധിക്കാതിരിക്കാന്‍ കണിശമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും സൂക്ഷ്മതയും പുലര്‍ത്തിയ മാനേജറാണ് മൂസക്കോയ സാഹിബ്. സ്ഥാപനത്തിന്റെ പുരോഗതിയില്‍ അദ്ദേഹത്തിന്റെ സാമ്പത്തികാസൂത്രണവും അച്ചടക്കവും നിര്‍ണായക പങ്കുവഹിച്ചു. ഐ.പി.എച്ചിന് സാമ്പത്തിക നഷ്ടമുണ്ടാകുന്ന ഒന്നും സഹിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക വിജ്ഞാനകോശം വരുത്തിയേക്കാവുന്ന സാമ്പത്തിക നഷ്ടത്തെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരുന്നു. അത് അസ്ഥാനത്തായിരുന്നില്ല താനും. എന്നാല്‍, എക്കാലത്തെയും മലയാളി സമൂഹത്തിന് നല്‍കാവുന്ന അനശ്വര വൈജ്ഞാനിക സംഭാവനയെന്ന നിലയില്‍ ആ സംരംഭത്തെ അംഗീകരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത ശാരീരിക പ്രയാസവും അവശതയും അനുഭവിക്കുമ്പോഴും അദ്ദേഹം കര്‍മനിരതനായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ കാലം ഷോറൂമില്‍ ഒരുമിച്ച് ജോലി ചെയ്ത സുലൈമാനും സഹപ്രവര്‍ത്തകരും തങ്ങളുടെ മാനേജറെക്കുറിച്ച് സംസാരിക്കുന്നത് അതിരറ്റ അഭിമാനത്തോടെയും സ്‌നേഹാദരവുകളോടെയുമാണ്. സ്റ്റാഫ് അംഗങ്ങളോട് സ്വന്തം കുടുംബാംഗങ്ങളോടെന്ന പോലെയാണ് സംസാരിച്ചിരുന്നതും പെരുമാറിയിരുന്നതും. കുടുംബകാര്യങ്ങള്‍ വരെ വിശദമായി ചോദിച്ചറിയും. പ്രശ്‌നങ്ങള്‍ അന്വേഷിച്ചു പഠിക്കും. പരിഹാരം നിര്‍ദേശിക്കും. സമയനിഷ്ഠയിലും ജോലിയിലും കണിശത പുലര്‍ത്തിയിരുന്നതിനാല്‍ മറ്റുള്ളവരും അങ്ങനെയാകാന്‍ നിര്‍ബന്ധിതരായിരുന്നു. ഏത് കാര്യവും പെട്ടെന്ന് തീരുമാനിക്കുന്നതിനു പകരം വിവിധ വശങ്ങള്‍ ആലോചിച്ചു പഠിച്ചേ തീരുമാനിക്കുകയുള്ളൂ. ദീര്‍ഘവീക്ഷണവും സാഹസികതയും അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട സദ്ഗുണങ്ങളാണ്. സ്ഥാപനത്തിലെത്തുന്ന സന്ദര്‍ശകരോടും പരിസരത്തെ കടകളിലെ ജീവനക്കാരോടും കച്ചവടക്കാരോടുമെല്ലാം മാന്യവും ഉദാരവുമായിരുന്നു മൂസക്കോയ സാഹിബിന്റെ സമീപനവും പെരുമാറ്റവും.
1985-ലാണ് മൂസക്കോയ സാഹിബ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ മാനേജറായി ചുമതലയേല്‍ക്കുന്നത്. മസ്തിഷ്‌കാഘാതം ബാധിച്ച് കിടപ്പിലാകുന്നതുവരെ ഈ ഉത്തരവാദിത്വം വളരെ ഭംഗിയായും വിജയകരമായും നിര്‍വഹിച്ചു. അതിനു മുമ്പ് 1976 മുതല്‍ അബൂദബിയിലെ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടെലക്‌സ് ടെക്‌നീഷ്യനായി ജോലി ചെയ്തു. അക്കാലത്ത് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിച്ചു. അവിടെ പ്രബോധനം വാരികയുടെയും ഐ.പി.എച്ച് പുസ്തകങ്ങളുടെയും വിതരണ ചുമതല അദ്ദേഹത്തിനായിരുന്നു.
1948 ജൂലൈ 16-നാണ് മൂസക്കോയ ജനിച്ചത്. പിതാവ് തിരൂര്‍ സ്വദേശി ബാവയും മാതാവ് നടക്കാവ് സ്വദേശിനി ഇമ്പിച്ചി ഫാത്വിമയുമാണ്. വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പാസായ ശേഷം പയനിയറില്‍ അല്‍പകാലം ജോലി ചെയ്തു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ടെലക്‌സ് ടെക്‌നീഷ്യനായി. 1976-ല്‍ ഗള്‍ഫില്‍ പോകുന്നതുവരെ സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ന്നു. ഗള്‍ഫ് ജീവിതകാലത്തെ അധ്വാനഫലത്തില്‍ നല്ലൊരു ഭാഗം വിനിയോഗിച്ചത് സഹോദരന്മാരെ സഹായിക്കാനും നല്ല നിലയിലെത്തിക്കാനുമാണ്.
ചേവരമ്പലം സ്വദേശിനി ആഇശാബിയാണ് ഭാര്യ. സുഹ്‌റ, റസിയ, മുഹമ്മദ് യൂനുസ്, മുഹമ്മദ് നവാസ് എന്നിവരാണ് മക്കള്‍. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷകരവും വിജയകരവുമാക്കിത്തീര്‍ക്കട്ടെ.
കെ.ടി.പി കുഞ്ഞിമുഹമ്മദ് രണ്ടത്താണി
കെ.ടി.പി കോഴിക്കോടാണ് ജനിച്ചുവളര്‍ന്നതെങ്കിലും മലപ്പുറം ജില്ലയിലെ രണ്ടത്താണിയായിരുന്നു പ്രവര്‍ത്തന മേഖല. കോഴിക്കോട് വലിയങ്ങാടിയിലെ മൂപ്പനായിരുന്ന കീഴമ്പാട്ടില്‍ മുഹമ്മദ്-പാണമ്പറ കൊട്ടപ്പറമ്പത്ത് ആഇശ എന്നിവരുടെ രണ്ടാമത്തെ മകനായി 1951-ല്‍ ജനിച്ചു.
പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം ഫാറൂഖ് ഹൈസ് കൂളില്‍ പത്താംതരം ഫസ്റ്റ് ക്ലാസോടെ പാസായി. പ്രാരാബ്ധങ്ങള്‍ക്കിടയിലും ഫാറൂഖ് കോളേജില്‍ തന്നെ തുടര്‍ന്ന് പഠിച്ചു. പ്രീഡിഗ്രിയും ബി.എ, ബി.എഡും പാസായി. ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഐ.എസ്.എല്‍ ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.പി കമാലുദ്ദീന്‍, എ.പി കുഞ്ഞാമു, റഹീം മേച്ചേരി, യാസീന്‍ അഷ്‌റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങളൊന്നിച്ച് സഹവസിക്കാനും അവസരമുണ്ടായി.
മാറാക്കര വി.വി.എം.എച്ച്.എസ് ഹൈസ്‌കൂളില്‍ അറബിക് അധ്യാപകനെ തെരഞ്ഞുകൊണ്ടിരുന്ന സമയത്താണ് ജോലി അന്വേഷിച്ച് കെ.ടി.പി രണ്ടത്താണിയില്‍ എത്തുന്നത്. ഉടനെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് കുടുംബത്തെ കൂട്ടി രണ്ടത്താണിയില്‍ താമസമാക്കി. അന്നുമുതല്‍ കെ.ടി.പി രണ്ടത്താണി എന്ന പേരില്‍ അറിയപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ശേഷം ഹല്‍ഖ സെക്രട്ടറി, ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി, പലിശരഹിതനിധി പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. രണ്ടത്താണിയുടെ മത-സാമൂഹിക രംഗത്തെ സജീവ മുഖമായിരുന്നു കെ.ടി.പി മാസ്റ്റര്‍.
അധ്യാപകനെന്ന നിലയില്‍ പ്രദേശത്തെ ഒരു തലമുറയുടെ മുഴുവന്‍ മാര്‍ഗദീപമായിരുന്നു അദ്ദേഹം. കോട്ടക്കല്‍ എം.എല്‍.എ അബ്ദുസമദ് സമദാനി, പ്രഫ. അബ്ദുല്‍ ഹമീദ്, ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങി ഒട്ടനവധി മഹത്തുക്കള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
മാറാക്കര സ്‌കൂളില്‍നിന്ന് വിരമിച്ചശേഷം തിരൂര്‍ ഇസ്‌ലാമിക് സെന്ററില്‍ കുറച്ചുകാലം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജമീല, മക്കള്‍: റൂബി, ഷാജി, നഫ്‌സികര്‍ (ബാബു). അല്ലാഹു അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ.
ടി.പി മുഹമ്മദ്കുട്ടി, രണ്ടത്താണി
Comments