Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

പുലര്‍ന്നു കാണാത്ത ട്രിക്ക്ള്‍ ഡൗണ്‍

കുറിപ്പുകള്‍ ടി.പി മുഹമ്മദ് ശഫീഖ് മാഹി

റെ കൊട്ടിഘോഷിക്കപ്പെട്ട ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ പ്രാബല്യത്തിലായി രണ്ടു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പുനര്‍വിചിന്തനങ്ങള്‍ ശ്രദ്ധേയമാണ്. ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ധനികരുടെ വളര്‍ച്ച മാത്രമാണ് ലക്ഷ്യമിടുന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ആ നയങ്ങളുടെ പ്രണേതാക്കളായ ധനതത്ത്വശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച ഒരു സിദ്ധാന്തമുണ്ട്. പണം മേല്‍തട്ടിലുള്ളവരില്‍നിന്ന് കീഴ്തട്ടിലുള്ളവരിലേക്ക് ഊര്‍ന്നിറങ്ങുമെന്ന 'ട്രിക്ക്ള്‍ ഡൗണ്‍' (Trickle Down) തിയറിയാണത്. പണക്കാര്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുമ്പോള്‍ അവര്‍ കൂടുതല്‍ ഉപഭോഗവും ആസ്വാദനവും നടത്തുമെന്നും അങ്ങനെ ഉല്‍പാദന മേഖലയും സേവന മേഖലയും കൂടുതല്‍ പുഷ്ടിപ്പെടുമെന്നും അത് കീഴ്തട്ടിലുള്ളവര്‍ക്കും വന്‍ തൊഴിലവസരങ്ങളും കൂലിവര്‍ധനയും സൃഷ്ടിക്കുമെന്നുമായിരുന്നു പണത്തിന്റെ ആ 'ഊര്‍ന്നിറങ്ങല്‍' സിദ്ധാന്തം. കേട്ട മാത്രയില്‍ തന്നെ വിശ്വാസ്യ യോഗ്യമായി തോന്നുന്ന ആ സിദ്ധാന്തം ഏറെ പ്രതീക്ഷകളോടെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ട ഈ വേളയില്‍ ലോകം തിരിച്ചറിയുന്നത് പണം താഴേക്ക് ഊര്‍ന്നിറങ്ങിയിട്ടില്ലെന്നു തന്നെയാണ്. പുത്തന്‍ സാമ്പത്തിക നയങ്ങളിലൂടെ ധനികര്‍ കൂടുതല്‍ തടിച്ചുകൊഴുത്തിട്ടും കോരന് ഇപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെയാണെന്നത് തിക്തസത്യമായി എല്ലാവരും സമ്മതിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോഷകാഹാരക്കുറവും തെല്ലും കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് അനുസൃതമായി ക്ഷേമ-സേവന മേഖലകളില്‍നിന്ന് പിന്മാറുന്ന സര്‍ക്കാറുകളുടെ നീക്കങ്ങളും സബ്‌സിഡികളും ആനുകൂല്യങ്ങളും നിര്‍ത്തലാക്കുന്നതും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുകയാണുണ്ടായത്. ട്രിക്ക്ള്‍ ഡൗണ്‍ തിയറി ചീറ്റിപ്പോയെന്ന കുറ്റസമ്മതം സാമ്പത്തിക വിദഗ്ധരുടെ ലേഖനങ്ങളിലും വര്‍ത്തമാനങ്ങളിലും പ്രകടമാണ്. അതേസമയം ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന, പണം അടിപ്പരപ്പില്‍നിന്ന് മുകളിലോട്ട് അരിച്ചുകയറുകയാണ് ചെയ്യുക എന്ന ട്രിക്ക്ള്‍ ഡൗണിന് വിപരീതമായ കാപ്പില്യറി മൂവ്‌മെന്റ് (Capillary Movement) എന്ന് നമുക്ക് പേരിട്ടു വിളിക്കാവുന്ന സിദ്ധാന്തത്തിന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ അവശ വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കുന്ന പണം യഥാര്‍ഥത്തില്‍ വളര്‍ച്ചയാണ് നല്‍കുന്നതെന്ന ഖുര്‍ആന്റെ അധ്യാപനം (അല്‍ബഖറ 276) മൂലധനപ്രഭുക്കള്‍ക്ക് അനുഭവങ്ങളിലൂടെ ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. ലോക കോടീശ്വരന്‍ ബില്‍ഗേറ്റ്‌സും ആഗോള നിക്ഷേപക ഭീമന്‍ വാറണ്‍ ബഫെറ്റും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യവസായ പ്രമുഖരോടും നിക്ഷേപകരോടും സംവദിച്ചപ്പോള്‍ മുഖ്യമായും ഊന്നിപ്പറഞ്ഞത് ബിസിനസ് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ ദരിദ്രരുടെ ക്ഷേമത്തിനായി നല്‍കണമെന്നാണ് (2011 മാര്‍ച്ചില്‍ ദ ഹിന്ദു, മാധ്യമം പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നിന്ന്). ഗണ്യവിഭാഗമായ ദരിദ്രര്‍ക്ക് വാങ്ങല്‍ ശേഷി (Purchase Power) വര്‍ധിച്ചാലേ ഉല്‍പാദനം ഗണ്യമായി വര്‍ധിക്കൂ എന്നും എങ്കില്‍ മാത്രമേ അടിക്കടി ശല്യമാവുന്ന മാന്ദ്യത്തില്‍നിന്ന് വ്യവസായ ലോകത്തിന് രക്ഷപ്പെടാനാവൂ എന്നുമാണ് അവരുടെ ഉപദേശങ്ങള്‍. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് വ്യവസായ സ്ഥാപനങ്ങള്‍ വരുമാനത്തിന്റെ നിശ്ചിത വിഹിതം തുക സാമൂഹിക ക്ഷേമ-ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന നിയമം നിര്‍മിക്കുന്നതിനെ കുറിച്ച് കേന്ദ്രമന്ത്രിസഭാംഗം അഭിപ്രായപ്പെട്ടത് ('ബിസിനസ് ലൈന്‍' പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്).
ദാനം നല്‍കുന്നത് സമ്പത്തിനെ വളര്‍ത്തുമെന്ന, വൈരുധ്യാത്മകമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന, ഖുര്‍ആനിക വചനമാണ് തെളിഞ്ഞ സത്യമായി ലോകം വൈകിയാണെങ്കിലും അംഗീകരിക്കുന്നത്. കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് ദാനമായി പണം ലഭിച്ചാല്‍ അത് അവര്‍ തങ്ങളുടെ ഉപജീവനരംഗത്ത് നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനത്തെ ലഭിച്ച ദാനത്തേക്കാള്‍ വര്‍ധിത മൂല്യമാക്കി മാറ്റി അത് മുഴുവന്‍ ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് വേണ്ടി ചെലവഴിക്കും. അങ്ങനെ, ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുകയും ജോലി തേടുകയും ചെയ്യുന്ന പ്രസ്തുത അവശ്യവസ്തുക്കളുടെ കൃഷിയും വ്യവസായവും വളരുകയും ഇത് ആ മേഖലയില്‍ കൂലി വര്‍ധനവും തൊഴിലവസരങ്ങളും സാധ്യമാക്കുകയും ചെയ്യും. അങ്ങനെ പ്രസ്തുത മേഖലകളില്‍ ജോലി ചെയ്യുന്നവരായ സമൂഹത്തിലെ ബൃഹദ്ഭാഗമായ തൊഴിലാളികള്‍ക്ക് ജീവിതാഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്നതോടെ അവരും അധികവരുമാനം ഉപഭോഗത്തിലൂടെ വിപണിയിലിറക്കുകയും ഉല്‍പാദനം അങ്ങനെ പല തട്ടില്‍ പല മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം അന്തിമവിശകലനത്തില്‍ വന്‍വ്യവസായികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കുന്നു. ഖുര്‍ആന്‍ ചൂണ്ടിക്കാട്ടിയ, അടിത്തട്ടില്‍നിന്ന് മുകളിലേക്ക് എല്ലാ തലത്തിലും വ്യാപിക്കുന്ന വളര്‍ച്ച സാമ്പത്തിക വിശാരദന്മാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ട് വരുന്നതേയുള്ളൂ.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍