പാളിപ്പോകുന്ന നയതന്ത്രം
ഇന്ത്യ അതിന്റെ സൈനികബലം ഉപയോഗിച്ച് സ്ഥാപിച്ച രാഷ്ട്രമാണ് ബംഗ്ലാദേശ്. സ്വതന്ത്ര രാഷ്ട്രമാണെങ്കിലും അത് ഇന്ത്യയുടെ മേധാവിത്വം അംഗീകരിച്ചും താല്‍പര്യങ്ങള്‍ മാനിച്ചും വര്‍ത്തിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. പക്ഷേ, തുടക്കം മുതലേ ഇക്കാര്യത്തില്‍ നമുക്ക് ചില ആശങ്കകളുണ്ട്. ശൈഖ് മുജീബുര്‍റഹ്മാന്റെ അവാമി ലീഗ് അല്ലാത്ത പാര്‍ട്ടികള്‍ ആ രാജ്യം ഭരിക്കുമ്പോള്‍ ഈ ആശങ്ക വര്‍ധിച്ചുകൊണ്ടിരിക്കും. അടുത്തുതന്നെ അവിടെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവാമി ലീഗിന്റെ സഖ്യവും ബി.എന്‍.പി-ജമാഅത്ത് സഖ്യവും തമ്മിലാണ് മത്സരം. ഈ തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന് അധികാരം നഷ്ടപ്പെടാനുള്ള സാധ്യത വിദൂരമല്ല. സമകാലിക ബംഗ്ലാദേശ് രാഷ്ട്രീയത്തോട് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സ്വീകരിക്കുന്ന നിലപാട് ഇപ്പോള്‍ നമ്മുടെ അങ്കലാപ്പിന്നാക്കം കൂട്ടിയിരിക്കുകയാണ്. ബി.എന്‍.പി- ജമാഅത്ത് സഖ്യത്തിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ 'റാഡിക്കല്‍ ഇസ്‌ലാം' പിടിമുറുക്കുമെന്നും ആ രാജ്യം ഇസ്‌ലാമിക ഭീകരതയുടെ മുഖ്യ കേന്ദ്രമായി പരിണമിക്കുമെന്നും നാം ഭയപ്പെടുന്നു. ഇപ്പോള്‍ തന്നെ പ്രശ്‌നകലുഷിതമായിട്ടുള്ള മ്യാന്മറിനെ അത് കൂടുതല്‍ സംഘര്‍ഷഭരിതമാക്കും. റോഹിങ്ക്യന്‍ മുസ്‌ലിംകളെ അല്‍ഖാഇദയും ലശ്കറെ ത്വയ്യിബയും വന്‍തോതില്‍ ആകര്‍ഷിക്കും. റാഡിക്കല്‍ ഇസ്‌ലാമിന്റെ സ്വാധീനവൃത്തം ദക്ഷിണ പൂര്‍വേന്ത്യ മുതല്‍ ചൈനയിലെ യുനാന്‍ പ്രവിശ്യ വരെ വികസിക്കാന്‍ ഇതിടയാക്കുമെന്ന് നാം ഭയപ്പെടുന്നു. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിലും അവാമി ലീഗ് ജയിച്ച് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നാണ് നമ്മുടെ നിലപാട്.
കഴിഞ്ഞ മാസം അവസാനവാരം ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസഡര്‍ ന്യൂദല്‍ഹിയില്‍ വന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതരുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പത്രപ്രവര്‍ത്തകര്‍ ചില വിവരങ്ങള്‍ അനൗദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ ബി.എന്‍.പി-ജമാഅത്ത് സഖ്യത്തിനാണ് അമേരിക്ക മുന്‍ഗണന നല്‍കുന്നത്. ഈ കക്ഷികളുടെ ജനപിന്തുണയും സാമ്പത്തിക പരിപാടികളുമാണ് അതിനു കാരണമായി പറയുന്നത്. ഗ്രാമീണ്‍ ബാങ്കിന്റെ ഉപജ്ഞാതാവായ മുഹമ്മദ് യൂനുസിനോട് അവാമി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും 'ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍' എന്ന പേരില്‍ നീതിരഹിതവും മനുഷ്യത്വഹീനവുമായ കോടതി രൂപീകരിച്ച് പ്രതിയോഗികളെ കുരിശിലേറ്റുന്നതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടത്രെ. ഇന്ത്യയാകട്ടെ, അവാമി ലീഗിന്റെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുകയാണ്. ശൈഖ് ഹസീന ജമാഅത്തിനും ഇതര ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കുമെതിരെ സ്വീകരിച്ചുവരുന്ന നിഷ്ഠുരമായ നശീകരണ പരിപാടികളെ ഇന്ത്യാ ഗവണ്‍മെന്റും ഇന്ത്യന്‍ മാധ്യമങ്ങളും ആവോളം പ്രകീര്‍ത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും നാം ആശങ്കാകുലരാണ്. കാരണം ഇന്ത്യാ ഗവണ്‍മെന്റിനും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുമറിയാം, ഇസ്‌ലാമിസ്റ്റുകള്‍ക്ക് വമ്പിച്ച ക്ഷതമേറ്റിട്ടിട്ടുണ്ടെങ്കിലും അതെല്ലാം താല്‍ക്കാലികമാണ്, ബംഗ്ലാദേശില്‍ പ്രസ്ഥാനത്തിന്റെ പ്രതിഛായക്കോ ബഹുജനാടിത്തറക്കോ ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന്.
അവാമി ലീഗിനെക്കാള്‍ ബി.എന്‍.പി- ജമാഅത്ത് സഖ്യത്തിന് അമേരിക്ക മുന്‍ഗണന നല്‍കുന്നത് കൗതുകകരമായ കാര്യമാണ്. ഒരുവേള ഉപരിസൂചിത യാഥാര്‍ഥ്യം കണക്കിലെടുത്താവാം അവര്‍ വിദേശനയത്തില്‍ ഈ മാറ്റം വരുത്തിയത്. ബി.എന്‍.പി-ജമാഅത്ത് സഖ്യം അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശില്‍ 'റാഡിക്കല്‍ ഇസ്‌ലാം' ശക്തിപ്പെടുമെന്ന ഇന്ത്യയുടെ ഉത്കണ്ഠക്ക് അമേരിക്ക മറുപടി നല്‍കുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ അവര്‍ രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളും സാമാന്യ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ട് 'തീവ്ര ഇസ്‌ലാം' കൈയൊഴിച്ചുകൊള്ളും. എന്നാല്‍ ഇന്ത്യ ഈ വീക്ഷണത്തോട് യോജിക്കുന്നില്ല. ബി.എന്‍.പി -ജമാഅത്ത് സഖ്യം ഭൂരിപക്ഷം നേടിയാല്‍ ബംഗ്ലാദേശില്‍ ഉടനെ ഇസ്‌ലാമിക വ്യവസ്ഥിതി നിലവില്‍ വരാനൊന്നും പോകുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഏറി വന്നാല്‍ പൊതുജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് ഒരളവോളം പരിഗണന ലഭിക്കുക എന്നതേ ഉണ്ടാകൂ. അതിന് ഇന്ത്യാ ഗവണ്‍മെന്റ് ഉത്കണ്ഠപ്പെടേണ്ട കാര്യമെന്താണ്? ഒരു വേള അവിടെ ഇസ്‌ലാമിക ഭരണം തന്നെ നിലവില്‍ വന്നാല്‍ പോലും ഇന്ത്യക്കെന്താണ് നഷ്ടം? മത വംശീയ വൈരാഗ്യത്തിലും ഉച്ചനീചത്വ വികാരത്തിലും അധിഷ്ഠിതമായ വിദേശനയത്തിന് അന്യ രാജ്യങ്ങളുമായി ആത്മാര്‍ഥമായ സൗഹാര്‍ദ-സഹകരണ ബന്ധങ്ങള്‍ സ്ഥാപിക്കാനാവില്ല. അയല്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങള്‍ സുതാര്യവും ഊഷ്മളവുമാവാത്തതെന്തുകൊണ്ടാണെന്ന് രാഷ്ട്ര സാരഥികള്‍ ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അന്യ രാജ്യങ്ങളുടെ വ്യവസ്ഥിതിയും ഭരണ കക്ഷിയുമൊക്കെ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അതെന്തായാലും സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം സ്ഥാപിച്ച് ഉഭയകക്ഷി താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് നയതന്ത്ര ദൗത്യം. സമ ഭാവനയുള്ള ജനതകള്‍ക്കേ അത് എളുപ്പത്തില്‍ സാധ്യമാകൂ. നമുക്ക് ആഭ്യന്തര രംഗത്തുതന്നെ ഇല്ലാത്തതാണ് ഈ ഗുണം. നാം ഇപ്പോഴും അവര്‍ണരും സവര്‍ണരും അയിത്ത ജാതികളുമൊക്കെയായി പല തട്ടുകളിലാണല്ലോ. നമ്മെക്കാള്‍ വര്‍ണവും വര്‍ണ ഡംഭുമുള്ളവരെ മാത്രമേ നമുക്ക് ആദരിക്കാനാവുന്നുള്ളൂ. അതുകൊണ്ടാണ് അകലെ കിടക്കുന്ന വെള്ളക്കാരോടും കൊടിയ വംശീയതയുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ ഇസ്രയേലിനോടും ഉള്ള സൗഹാര്‍ദവും സഹകരണവും തൊട്ടയല്‍പക്കത്തുള്ള സഹോദര രാജ്യങ്ങളുമായി ഉണ്ടാക്കാന്‍ നമുക്ക് കഴിയാതെ പോകുന്നത്.
Comments