ഇതര മതാഘോഷങ്ങളിലെ പങ്കാളിത്തം
ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനെ സംബന്ധിച്ചും ആശംസകള്‍ കൈമാറുന്നതിനെ സംബന്ധിച്ചും മുസ്‌ലിം സമുദായത്തില്‍ ചില സംശയങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്. സാധാരണക്കാരെ സംശയത്തില്‍ കുരുക്കുന്ന ഇത്തരം വിഷയങ്ങള്‍ പുറത്തിടുന്നതില്‍ ചില മത സംഘടനകള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ആവേശം കാണിക്കുന്നതാണ് ഇതിന് കാരണം. അവരെ സംബന്ധിച്ചേടത്തോളം ഇത്തരം ചില വിഷയങ്ങള്‍ക്കപ്പുറമൊരു ദീനീ പ്രവര്‍ത്തനം ആലോചിക്കാനേ വയ്യാത്ത അവസ്ഥയാണ്.
നബി(സ)യോ സ്വഹാബികളോ ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ ആശംസകള്‍ കൈമാറുകയോ ചെയ്തിട്ടുണ്ടോ എന്ന ലളിത ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. അവര്‍ അങ്ങനെ ചെയ്തിട്ടില്ലെന്നത് ശരിയാവാം. എന്നാല്‍, റസൂല്‍ ഒരു കാര്യം ചെയ്തില്ല എന്നത് അത് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിന് ന്യായമാവുന്നില്ല. ഇസ്‌ലാമില്‍ അടിസ്ഥാനപരമായി എല്ലാം ഹലാല്‍ (അനുവദനീയം) ആണ്- ഖുര്‍ആനോ ഹദീസോ വ്യക്തമായി നിഷിദ്ധം എന്ന് പറഞ്ഞത് ഒഴിച്ച്. നബിയുടെ ഇതര മതസ്ഥരോടുള്ള പൊതുവായ പെരുമാറ്റം എങ്ങനെയായിരുന്നു എന്ന അടിസ്ഥാന പാഠമാണ് ചരിത്രത്തില്‍ നിന്ന് നാം ആദ്യം പഠിക്കേണ്ടത്. ഇതര മതസ്ഥരുടെ ആരാധനക്ക് വേണ്ടി മദീനയിലെ പള്ളി അനുവദിച്ചുകൊടുത്തതായി കാണാം. ആഘോഷത്തേക്കാള്‍ ഗുരുതരമല്ലേ അത്? വിശുദ്ധ ഖുര്‍ആനാകട്ടെ, ജനതകള്‍ പരസ്പരം പ്രതിരോധിക്കുന്നത് പോലും ഏതു മതസ്ഥരുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വേണ്ടി ആണെന്ന് പറയുന്നു (ഹജ്ജ് 40). ഒരു ഇസ്‌ലാമിക രാഷ്ട്രം ഇതര ആരാധനാലയങ്ങളുടെ സംരക്ഷണത്തിന് വേണ്ടി യുദ്ധം ചെയ്യുന്നത് പോലും ന്യായമായേക്കാം എന്നര്‍ഥം.
ഏതായാലും നബിയും സ്വഹാബത്തും ഇതര ആഘോഷങ്ങളില്‍ പങ്കുകൊണ്ടതിന് ഉദാഹരണമില്ല എന്നത് അതില്‍ പങ്കുകൊള്ളുന്നത് നിഷിദ്ധമാണ് എന്നതിന് തെളിവാകുന്നില്ല.
പുനര്‍ വിവാഹങ്ങള്‍ ഒരു ചുവടുകൂടി
ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനവും ഷാനവാസ് കൊടുവള്ളിയുടെ കത്തും വിധവകളുടെ അരക്ഷിതാവസ്ഥയിലേക്കും ജീവിത പ്രതിസന്ധികളിലേക്കുമുള്ള ചൂണ്ടുവിരലാണ്. പെരുകിവരുന്ന പെണ്‍ഭ്രൂണഹത്യകളെ അതിജീവിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീപുരുഷ അനുപാതം 1084:1000 ആണ് (മാധ്യമം 11.5.2013). അത് 20 വയസ്സിനും മുകളിലുള്ളവരുടേതാകുമ്പോള്‍ ചുരുങ്ങിയത് 10 ശതമാനം സ്ത്രീകള്‍ അധികമുണ്ടാകും. പല കാരണങ്ങളാല്‍ കൂടുതല്‍ പുരുഷന്മാര്‍ മരണപ്പെടുന്നത് കൊണ്ടാവാം ഈ വ്യത്യാസം.
ബാധ്യത ഏല്‍ക്കുന്നതിലേക്ക് വിഷയം ചുരുക്കുന്നത് ഉപരിതല ചര്‍ച്ച മാത്രമേ ആകുന്നുള്ളൂ. ആഴത്തില്‍ വേരൂന്നിയ ഇസ്‌ലാമിന്റെ പരിഹാര മാര്‍ഗങ്ങള്‍ നമുക്കന്യമായിക്കൊണ്ടിരിക്കുന്നു. ഈയിടെ ഒരു സഹോദര സമുദായാംഗത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. വരന് കുട്ടികളുണ്ട്. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. എന്നിട്ടും നല്ലൊരു സംഖ്യ സ്ത്രീധനം കൊടുക്കേണ്ടിവന്നു. കന്യകയായ വധുവിന്റെ മൂത്ത സഹോദരി ഇപ്പോഴും കന്യകയും അവിവാഹിതയുമാണ്. പുനര്‍ വിവാഹങ്ങള്‍ ആലോചിക്കുന്നവര്‍ക്ക് കന്യകകളെയും കുട്ടികളില്ലാത്ത വിധവകളെയും യഥേഷ്ടം ലഭിക്കുമെന്നിരിക്കെ പുരുഷന്മാര്‍ ആ വഴിക്കേ നീങ്ങൂ. അതാവട്ടെ വിരോധിക്കപ്പെട്ട കാര്യവുമല്ല.
ഇ.എം.എസ്സിന്റെ കാലത്തെ ശരീഅത്ത് വിവാദം മുതലാണ് ബഹുഭാര്യാത്വത്തോട് മുഖം ചുളിക്കുന്ന നിലപാട് സമൂഹം എടുത്ത് തുടങ്ങിയത്. അത് ഇന്ന് വളര്‍ന്ന് ഒന്നിലധികം വിവാഹം കഴിക്കുന്ന അപൂര്‍വരില്‍ അപൂര്‍വര്‍ക്ക് നേരെ കണ്ണുരുട്ടുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു.
മോഡി; ആദ്യ റൗണ്ടില്‍ വിജയം
ആശയ ദാരിദ്ര്യം മാത്രമല്ല ഇന്ന് നേതൃദാരിദ്ര്യം കൂടി നേരിടുന്ന ബി.ജെ.പി അത് മറികടക്കുന്നതിനാണ് മോഡിയെ മുന്നോട്ട് ആനയിച്ചിട്ടുള്ളത്. പഴഞ്ചരക്കായി മാറിയ അദ്വാനിയെ കഴിച്ചാല്‍ പിന്നീടുള്ളത് ജയറ്റ്‌ലിയും സുഷ്മ സ്വരാജുമാണ്. ഇരുവരും രാജ്യസഭയിലും ലോക്‌സഭയിലും
പയറ്റി യോഗ്യത തെളിയിച്ചവര്‍. അവരില്‍ ആര് നേതൃസ്ഥാനത്ത് വന്നാലും പാര്‍ട്ടിയില്‍ ഭിന്നിപ്പും പിളര്‍പ്പും ഉറപ്പാണ്. ഈ ചുറ്റുപാടിലാണ് കോര്‍പ്പറേറ്റ് മാധ്യമ പട ഊതി വീര്‍പ്പിച്ച ബലൂണായ മോഡിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. മോഡി നേതൃസ്ഥാനത്ത് ഉപവിഷ്ടനായാല്‍ രാജ്യം മുഴുവന്‍ അത് ചര്‍ച്ചാ വിഷയമാവും. മാധ്യമങ്ങള്‍ അതേറ്റെടുക്കും. അദ്വാനിയടക്കം ആര് വന്നാലും ആ തലത്തില്‍ ഉയരാനാവില്ല. ഇപ്പോള്‍ മോഡി രാജ്യത്തെ സജീവ ചര്‍ച്ചാ വിഷയമാവുകയും ഭീതിയും ഭയവും ഉണര്‍ത്തുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു കഴിഞ്ഞു. അതോടെ ബി.ജെ.പിയും സംഘ്പരിവാറും ലക്ഷ്യം വെച്ച ആദ്യപര്‍വം അവര്‍ താണ്ടിക്കഴിഞ്ഞു.
എന്‍.പി അഹ്മദ് അയ്യന്തോള്‍, തൃശൂര്‍
ഉസ്താദ് മറ്യാത്തയുടെ
കുടുംബ പശ്ചാത്തലം
2013 ഒക്‌ടോബര്‍ 25-ലെ പ്രബോധനത്തില്‍ നാസര്‍ കാരക്കാട് എഴുതിയ 'ഓത്ത് പഠിപ്പിച്ച മറ്യാത്ത' എന്ന കുറിപ്പാണ് ഈ പ്രതികരണത്തിന് കാരണം.
ഉസ്താദ് മറ്യാത്തയുടെ ചരിത്രം അതില്‍ നന്നായി പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, മക്കളെ നോക്കാന്‍ വഴിയില്ലാതെയാണ് ഉസ്താദ് മറ്യാത്ത ഓത്ത് പഠിപ്പിക്കാന്‍ തുനിഞ്ഞത് എന്ന പരാമര്‍ശം ശരിയല്ല. കാരണം, പഴയ കൃഷിയുടമകളായിരുന്ന സമ്പന്ന കുടുംബത്തില്‍ ജനിച്ച അവര്‍ പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയും കൂടിയായിരുന്നല്ലോ.
വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നുള്ള അഭ്യര്‍ഥനയും
ദീനീ വിദ്യാഭ്യാസം തന്നാലാവും വിധം ഇളംതലമുറക്ക് പകര്‍ന്നുകൊടുക്കുക എന്ന മഹത്തായ ഉദ്ദേശ്യവുമായിരുന്നു മദ്‌റസ നടത്താന്‍ മറ്യാത്തയെ പ്രേരിപ്പിച്ചതെന്ന് എന്റെ മൂത്തമ്മ കൂടിയായ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
സുബൈര്‍ കൊട്ടാര, തൃത്താല
ലക്കം 2822-ലെ 'കിതാബ്' എന്ന ശമീം ചൂനൂരിന്റെ കവിത ഏറെ ശ്രദ്ധേയവും ഹൃദ്യവുമായി. പുസ്തകവേട്ടക്കെതിരെയുള്ള ശക്തമായ താക്കീതാണ് കവിതയിലുടനീളം. ന്യൂനപക്ഷങ്ങളെ നിരന്തരം ഭരണകൂടം വേട്ടയാടുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുസ്തകവേട്ട. ഇ-മെയില്‍ വേട്ടക്ക് ശേഷം പുസ്തകവേട്ടയാണ് ഇപ്പോള്‍ ഇരപിടിയനായി രംഗത്ത് വന്നിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്നല്ലാതെ എന്ത് പറയാന്‍. ന്യൂനപക്ഷങ്ങളെ ചാപ്പകുത്താനും തെളിവുകളില്ലാതെ അന്യായമായി തുറുങ്കിലടക്കാനും കരിനിയമങ്ങള്‍ ചുമത്താനും ഭരണകൂടം വെമ്പല്‍ കൊള്ളുന്നു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്കും പൗരന്റെ സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാവുന്ന ഇത്തരം നടപടികളെ ചെറുത്തുതോല്‍പിച്ചേ മതിയാവൂ. അല്ലെങ്കില്‍ കാലാകാലം ഭരണകൂടത്തിന്റെ ഇരകളായി സമുദായം തുടരുമെന്നതില്‍ സന്ദേഹമില്ല.
കെ.സി സലീം കരിങ്ങനാട്
ലക്കം 21-ല്‍ പ്രസിദ്ധീകരിച്ച കുടുംബം പംക്തിയിലെ 'ജീവിത സായാഹ്നത്തിലെ നൊമ്പരങ്ങള്‍' എന്ന ഹ്രസ്വമായ ലേഖനം സമൂഹ മനസ്സാക്ഷിക്കു നേരെ തൊടുത്ത യാഗാശ്വമായിരുന്നു. നാം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് യഥാര്‍ഥത്തില്‍ മാതാപിതാക്കളോടാണ്.
ആചാരി തിരുവത്ര, ചാവക്കാട്
'സര്‍ഗാത്മക ഭാവുകത്വമായി ഹജ്ജ് മലയാളത്തില്‍ പെയ്യുമ്പോള്‍' എന്ന തലക്കെട്ടില്‍ പി.ടി കുഞ്ഞാലിയുടെ ലേഖനം (ഒക്‌ടോബര്‍ 11) വായിച്ചു. വായന തുടങ്ങിയപ്പോള്‍ അത് പൂര്‍ത്തിയാക്കാതെ വിരമിക്കാന്‍ മനസ്സനുവദിച്ചില്ല. മുമ്പൊന്നും കേട്ടറിഞ്ഞിട്ടില്ലാത്ത ഹജ്ജിന്റെ സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ വളരെ ഹൃദ്യവും രസകരവുമാണ്. കേട്ടറിവ് മാത്രമുള്ള പഴയകാലത്തെ ഹജ്ജിനെ വളരെ ലളിതമായി കവിതയിലൂടെ ആവിഷ്‌കരിച്ചത് ഒരു പുനര്‍വായനക്ക് വായനക്കാരനെ പ്രേരിപ്പിക്കുന്നു. കവിത മുഴുവന്‍ വായിച്ചുതീരുമ്പോള്‍ പ്രയാസപൂരിതമായ ഒരു അറേബ്യന്‍ യാത്രയും അതിലുപരി മനോഹരമായ ഒരു ഹജ്ജും പൂര്‍ത്തിയാക്കിയ അനുഭൂതി മനസ്സില്‍ നിറയുന്നു.
എന്‍. അദീബ് അഹ്മദ്,
യൂനിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ. യാസര്‍ അറാഫാത്തിന്റെ 'മലബാറിലെ നവോത്ഥാന പ്രതിസന്ധികള്‍' (ലക്കം 2822) എന്ന ലേഖനം ശ്രദ്ധേയമായി. മതം പകരുന്ന സൗഹാര്‍ദങ്ങളില്‍ നിന്നകന്ന്, പ്രസ്ഥാന കാര്‍ക്കശ്യങ്ങള്‍ പൊതുജീവിതത്തില്‍ ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. അരുണ്‍ ഗാന്ധിഗ്രാമിന്റെ 'മഴ താഴ്‌വാരങ്ങളോട് ചെയ്യുന്നത്' എന്ന കവിത ഉന്നത നിലവാരം പുലര്‍ത്തി.
ബാപ്പു കൂട്ടിലങ്ങാടി
Comments