Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

സംഘര്‍ഷങ്ങളില്ലാത്ത പ്രവര്‍ത്തന ശൈലി സ്വീകരിക്കണം

അഡ്വ. കെ.പി മുഹമ്മദ്/ സദ്‌റുദ്ദീന്‍ വാഴക്കാട് / അഭിമുഖം

സുസംഘടിതവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുന്ന മഹല്ല് ജമാഅത്തുകള്‍ തെക്കന്‍ കേരളത്തിലെ സവിശേഷതകളിലൊന്നാണ്. എങ്ങനെയാണ് മഹല്ല് ജമാഅത്തുകളുടെ പ്രവര്‍ത്തനരീതി?
മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമൂഹികവുമായ എല്ലാ പ്രവര്‍ത്തനങ്ങളും മഹല്ല് ജമാഅത്തുകളുമായി ബന്ധപ്പെട്ടാണ് മുന്നോട്ടുപോകുന്നത്. തൗഹീദില്‍ അടിയുറച്ചുനിന്നുകൊണ്ട്, വിശ്വാസ കാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും ദീനീചിട്ടയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമുദായാംഗങ്ങളെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കുകയുമാണ് മഹല്ല് ജമാഅത്തുകള്‍ ചെയ്യുന്നത്. വിവാഹം, വിവാഹമോചനം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ മുറപ്രകാരം നടത്തുന്നതിനും മഹല്ല് ജമാഅത്തുകള്‍ നേതൃത്വം നല്‍കുന്നു. അതുകൊണ്ട്, അംഗങ്ങളുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളുമായും ജമാഅത്തുകള്‍ ബന്ധപ്പെടുന്നു. സിവില്‍-ക്രിമിനല്‍ കേസുകളിലും മറ്റു പ്രശ്‌നങ്ങളിലും കഴിയുന്നേടത്തോളം ഇടപെടുകയും അവ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, കൈകാര്യം ചെയ്യുന്നവരുടെ പ്രാപ്തിയനുസരിച്ചാണ് ഇത്തരം പ്രശ്‌നങ്ങളില്‍ ഗുണകരമായ പര്യവസാനം ഉണ്ടാവുക. ചില ജമാഅത്തുകളില്‍ ഇതിന് നല്ല ഫലപ്രാപ്തിയുണ്ടാകാറുണ്ട്. കരുനാഗപ്പള്ളി പുത്തന്‍തെരുവ് ശരീഅത്തുല്‍ ഇസ്‌ലാം മഹല്ല് ജമാഅത്തില്‍ ഞങ്ങള്‍ക്ക് പല വിഷയങ്ങളിലും നല്ല നിലപാടുകള്‍ എടുക്കാന്‍ സാധിക്കാറുണ്ട്.

വിവാഹം, വിവാഹമോചനം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കപ്പുറം മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ മേഖലകള്‍ ഉണ്ടല്ലോ. ഉദാഹരണമായി വിദ്യാഭ്യാസം, സാമ്പത്തിക ഇടപാടുകള്‍, കച്ചവടം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവ. ഇത്തരം വിഷയങ്ങളില്‍ മഹല്ലു ജമാഅത്തുകള്‍ക്ക് വല്ല സ്വാധീനവുമുണ്ടോ?
ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജമാഅത്തുകള്‍ക്ക് മുമ്പിലെത്തുമ്പോള്‍ ഇടപെടാറുണ്ട്. വിദ്യാഭ്യാസം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ധനസഹായം ചെയ്യുന്നുണ്ട്. പഠന മേഖലകളെക്കുറിച്ച് ഗൈഡന്‍സ് നല്‍കാനും ജമാഅത്തുകളില്‍ സംവിധാനമുണ്ട്. കൂടാതെ പല ജമാഅത്തുകളും സ്‌കൂളുകളും ആശുപത്രികളും ഓഡിറ്റോറിയങ്ങളും പ്രിന്റിംഗ് പ്രസ്സുകളും നടത്തുന്നുണ്ട്.

എങ്ങനെയാണ് മഹല്ല് ജമാഅത്തുകളുടെ പ്രവര്‍ത്തനരീതി?
ജന്മം കൊണ്ടാണ് (By birth) ഒരാള്‍ മഹല്ല് ജമാഅത്തില്‍ അംഗമാകുന്നത്. പുതിയ ഒരാള്‍ താമസിക്കാന്‍ വരുമ്പോള്‍ നേരത്തെ ഉള്ള ജമാഅത്തില്‍നിന്നും ഒരു വിടുതല്‍ രേഖ (Transfer Certificate) സമര്‍പ്പിക്കണം. ഏതെങ്കിലും ജമാഅത്ത് ബോധപൂര്‍വം അത്തരമൊരു വിടുതല്‍ രേഖ നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്റെ കാരണം അന്വേഷിച്ച് ന്യായമായ കേസുകളില്‍ അപേക്ഷകര്‍ക്ക് അംഗത്വം നല്‍കും. ജമാഅത്തിലെ അംഗങ്ങളുടെ വിവരങ്ങള്‍ കഴിവിന്റെ പരമാവധി ഫയല്‍ ചെയ്ത് സൂക്ഷിക്കാന്‍ മിക്ക മഹല്ലുകളിലും സംവിധാനമുണ്ട്. ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു സുവനീറില്‍ അംഗങ്ങളുടെ മുഴുവന്‍ ലിസ്റ്റും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇത് എല്ലാ വീടുകളിലും സൂക്ഷിക്കുകയും പരസ്പരം ബന്ധപ്പെടാനും മറ്റും വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു.
ഓരോ ജമാഅത്തും സ്വതന്ത്ര യൂനിറ്റാണ് (Self Sufficient Separate Units). പൊതുകാര്യങ്ങളില്‍ മാത്രമാണ് ജമാഅത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജമാഅത്തിന്റെയും ദൈനംദിന ഭരണകാര്യങ്ങളില്‍ ഫെഡറേഷന്‍ ഇടപെടാറില്ല.

വിവിധ മതവിഭാഗങ്ങളുള്‍പ്പെടുന്ന, സമൂഹത്തെ പൊതുവായി ബാധിക്കുന്ന നാടിന്റെ പ്രശ്‌നങ്ങളില്‍ ജമാഅത്തുകള്‍ ഇടപെടാറുണ്ടോ?
തീര്‍ച്ചയായും. സമുദായങ്ങള്‍ക്കിടയില്‍ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിവിന്റെ പരമാവധി ജമാഅത്തുകള്‍ ശ്രമിക്കാറുണ്ട്.

അനുദിനം പെരുകിവരുന്ന സാമൂഹിക ജീര്‍ണതകള്‍ മുസ്‌ലിം സമുദായത്തെയും വലിയ അളവില്‍ ബാധിച്ചിട്ടുണ്ട്. ലഹരി, അശ്ലീലത, ക്രിമിനലിസം തുടങ്ങിയ തിന്മകളില്‍ നമ്മുടെ യുവാക്കളും കുട്ടികളുമൊക്കെ അകപ്പെടുന്നത് ദുഃഖകരമായ വസ്തുതയാണ്. ഇതിനെതിരില്‍ ജമാഅത്ത് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
സാംസ്‌കാരിക ജീര്‍ണതകളുടെ പ്രശ്‌നം വളരെ ഗൗരവത്തില്‍തന്നെ ജമാഅത്ത് ഫെഡറേഷന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബോധവല്‍ക്കരണ സെമിനാറുകള്‍, ചര്‍ച്ചാവേദികള്‍, പ്രമുഖ വ്യക്തികളുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുകൊണ്ട് ഇത്തരം തിന്മകള്‍ക്കെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താറുണ്ട്. ജമാഅത്ത് ഫെഡറേഷന്‍ എല്ലാ ജമാഅത്തുകള്‍ക്കും അയക്കാറുള്ള റമദാന്‍ സര്‍കുലറില്‍ ഇത്തരം വിഷയങ്ങളില്‍ നടത്തേണ്ട പരിപാടികളെക്കുറിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്.
ഇത്തരം തിന്മകളിലേക്ക് പോകുന്നതില്‍നിന്ന് തടയാനുള്ള നേരിയ ശ്രമങ്ങള്‍ എന്നല്ലാതെ സമഗ്രമായ ഒരു പ്രവര്‍ത്തനം ഈ രംഗത്ത് ഉണ്ടായിട്ടില്ല. നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുറേയൊക്കെ വിജയിക്കുന്നുണ്ട് എന്നുപറയാം. സോഷ്യല്‍ ഔട്ട്‌ലുക്ക് ഉള്ളവര്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഫലം കിട്ടുന്നുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ട്? യുവാക്കളുടെ ഒരു വളണ്ടിയര്‍ ഗ്രൂപ്പ് മഹല്ല് തലങ്ങളില്‍ രൂപീകരിച്ചുകൂടേ?
ഞങ്ങളുടെ പ്രദേശത്തൊക്കെ മഹല്ലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉണ്ട്. രക്തദാനത്തിന് തയാറുള്ളവരുടെ ഒരു ലിസ്റ്റ് തയാറാക്കി മഹല്ല് തലത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ജമാഅത്ത് ഫെഡറേഷന്‍ ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ മാത്രമേ അത് നടപ്പാക്കിയിട്ടുള്ളൂ. കരുനാഗപ്പള്ളി താലൂക്കില്‍ അത് കുറേകൂടി ഓര്‍ഗനൈസ്ഡാണ്. ജമാഅത്ത് ഫെഡറേഷന്‍ തുടങ്ങുന്നതിനുമുമ്പ് രൂപീകരിച്ച താലൂക്ക് ജമാഅത്ത് യൂനിയന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. ഒട്ടേറെ പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്നുണ്ട്. സന്തുഷ്ട കുടുംബം രൂപപ്പെടുത്താനും കുടുംബപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും മഹല്ല് ജമാഅത്തുകളില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മഹല്ല് ജമാഅത്തുകള്‍ ഇന്ന് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇതുസംബന്ധിച്ച കേസുകള്‍ കഴിവതും പോലീസ് സ്റ്റേഷനിലും കോടതിയിലും എത്താതെ പരിഹരിക്കാനാണ് ശ്രമിക്കാറുള്ളത്. അതിനുവേണ്ടി മതപണ്ഡിതന്മാരും നിയമവിദഗ്ധരും ഉള്‍പ്പെടുന്ന ബോഡികള്‍ പല മഹല്ലു ജമാഅത്തുകളിലും രൂപീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഫെഡറേഷന്റെ നിര്‍ദേശമനുസരിച്ചാണിത്.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനുള്ള വേദികള്‍ക്കുപരിയായി പ്രശ്‌നങ്ങള്‍ കഴിവതും ഇല്ലാതെ നോക്കാനും നല്ല കുടുംബജീവിതം രൂപപ്പെടുത്തിയെടുക്കാനും കഴിയുംവിധത്തിലുള്ള പദ്ധതികള്‍ ഈ രംഗത്ത് നടപ്പിലാക്കപ്പെടുന്നുണ്ടോ?
കുടുംബജീവിതത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി മാത്രം ക്ലാസുകള്‍ നടത്തുന്നുണ്ട്. വിവാഹപ്രായമെത്തിയവര്‍ക്കു വേണ്ടി പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പരിപാടികള്‍ നടത്താനും സംവിധാനമുണ്ട്. പക്ഷേ, ഇതൊക്കെ കുറേകൂടി കാര്യക്ഷമമാക്കേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ കുടുംബ പ്രശ്‌നങ്ങള്‍ പഠിച്ചാല്‍ ഏറിയോ കുറഞ്ഞോ അളവില്‍ പുരുഷന്മാരും അതിന് കാരണക്കാരാണ്. സ്ത്രീകള്‍ക്ക് നല്‍കുന്നപോലെ പുരുഷന്മാര്‍ക്കും പ്രീമാരിറ്റല്‍ ക്ലാസുകളും മറ്റും നല്‍കേണ്ടത് അനിവാര്യമല്ലേ?
തീര്‍ച്ചയായും. പക്ഷേ, നമ്മുടെ പ്രദേശങ്ങളില്‍ അത് വളരെ അപൂര്‍വമായി മാത്രമേ നടക്കുന്നുള്ളൂ. ഈ രംഗത്ത് കൂടുതല്‍ ശ്രമം നടത്തേണ്ടതാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭമാണ് സകാത്ത്. സംഘടിത സകാത്ത് സംവിധാനങ്ങള്‍ ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്നുണ്ടോ? ഏതൊക്കെ മഹല്ല് ജമാഅത്തുകളിലാണ് സംഘടിത സകാത്ത് നിലവിലുള്ളത്? അതെത്രത്തോളം വിജയകരമാണ്?
സംഘടിത സകാത്തുസംബന്ധിച്ച് ജമാഅത്ത് ഫെഡറേഷന്‍ മഹല്ലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റമദാന്‍ സര്‍കുലറിലൂടെ സകാത്ത് സംഭരണ-വിതരണത്തിന്’ പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. 'ശരീഅത്തുല്‍ ഇസ്‌ലാം മുസ്‌ലിം ജമാഅത്തി'ല്‍ കഴിഞ്ഞ 30 വര്‍ഷമായി സംഘടിത സകാത്ത് നടക്കുന്നുണ്ട്. മഹല്ലിലെ സകാത്ത് കമ്മിറ്റി ബാധ്യതയുള്ളവരെ സമീപിക്കും. വ്യക്തികള്‍ പലതരത്തിലും സകാത്ത് നല്‍കുന്നവരാണ്. അതിനുള്ള അവസരം നല്‍കിക്കൊണ്ടുതന്നെ, സകാത്തിന്റെ ഒരു വിഹിതം പൊതുഫണ്ടിലേക്കും സ്വീകരിക്കുന്ന രീതിയാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. വ്യക്തികള്‍ക്ക് സ്വന്തമായി നല്‍കാനുള്ള ആഗ്രഹത്തെ ഞങ്ങള്‍ നിരാകരിക്കാറില്ല. വ്യക്തികളില്‍നിന്ന് മുഴുവന്‍ സകാത്തും പിരിച്ചെടുത്ത് വിതരണം ചെയ്യുകയെന്നത് ഇപ്പോള്‍ പ്രായോഗികമല്ല. സകാത്ത് സംഘടിതമായി ശേഖരിച്ച് വിതരണം ചെയ്യേണ്ടതാണ്’ എന്ന ഒരു ആശയം പ്രചരിപ്പിക്കാന്‍ ഇതുവഴി നമുക്ക് സാധിച്ചിട്ടുണ്ട്. ഈ ആശയപ്രചാരണമാണ് ഏറ്റവും വലിയ ഗുണം. കാരണം സംഘടിത സകാത്ത് പാടില്ല എന്ന് പലരും മുമ്പ് പറയാറുണ്ടായിരുന്നു. അതിന് മാറ്റം വരുത്താന്‍ കുറേയൊക്കെ നമുക്ക് സാധിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ 50% മഹല്ലുകളില്‍ ഇത് നടപ്പിലാകുന്നുണ്ട്.

വിവാഹത്തോടനുബന്ധിച്ച ധൂര്‍ത്തും പൊങ്ങച്ചവും സ്ത്രീധന സമ്പ്രദായവും വ്യാപകമാണ്. ഇതിനെതിരെ, വിശേഷിച്ചും സ്ത്രീധനത്തിനെതിരെ ജമാഅത്ത് ഫെഡറേഷന്‍ സ്വീകരിക്കുന്ന പ്രായോഗിക നടപടികള്‍ എന്താണ്? സ്ത്രീധന വിവാഹങ്ങള്‍ക്ക് ഏതെങ്കിലും മഹല്ല് ജമാഅത്തുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനാണ് ജമാഅത്ത് ഫെഡറേഷന്‍ ശ്രമിക്കുന്നത്. മഹല്ലു ജമാഅത്തുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമപരമായി സ്ത്രീധനം തടയുന്നത് പ്രായോഗികമായി വിജയിക്കുമോ എന്നകാര്യം സംശയമാണ്. ഒരു ചട്ടം ഉണ്ടാക്കി ജനങ്ങളെ കൊണ്ട് പാലിക്കാന്‍ കല്‍പ്പിക്കാവുന്ന സാമൂഹിക വ്യവസ്ഥയല്ല നമ്മുടേത്. ജനങ്ങളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീധന സമ്പ്രദായം തെക്കന്‍ കേരളത്തിലും വ്യാപകമാണ്. അതിനെതിരായ ഒരു മൂവ്‌മെന്റ് ഉണ്ടാക്കാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.

ഇസ്‌ലാമിക സമൂഹത്തിന്റെ പാതിയാണ് സ്ത്രീകള്‍. മഹല്ല് ജമാഅത്തുകളുടെ ഭരണസമിതികളിലും മറ്റു കമ്മിറ്റികളിലും സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കിയിട്ടുണ്ടോ? മലബാറില്‍ ചില മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകള്‍ക്കും അംഗത്വമുണ്ട്. ഈ മാതൃക പിന്തുടരുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
സ്ത്രീകള്‍ക്കുവേണ്ടി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിനപ്പുറം മഹല്ല് ജമാഅത്ത് കമ്മിറ്റികളില്‍ അവര്‍ക്ക് അംഗത്വം നല്‍കുന്ന രീതി തെക്കന്‍ കേരളത്തില്‍ നിലവിലില്ല. മലബാറിലും പൊതുവെ അതില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇപ്പോഴത്തെ രീതിയില്‍ അത് എളുപ്പത്തില്‍ പ്രായോഗികമാവുകയില്ല എന്നാണ് തോന്നുന്നത്. അതേസമയം, സുഊദിയിലും മറ്റും അവരുടെ കൗണ്‍സിലുകളില്‍ സ്ത്രീ പ്രാതിനിധ്യം അംഗീകരിക്കപ്പെട്ടതോടെ മലബാറിലൊക്കെ അത് കുറച്ചുകൂടി വേഗത്തില്‍ നടപ്പാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ അത് അടുത്ത കാലത്ത് നടക്കാനുള്ള സാധ്യത കുറവാണ്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്.
സ്ത്രീകളെ വല്ലാതെ നിയന്ത്രിച്ച ഒരു സാമൂഹിക ഘടനയായിരുന്നു മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്നത്. അതേസമയം, തെക്കന്‍ കേരളത്തില്‍ കുറേക്കൂടി സ്വതന്ത്രമായ സാമൂഹിക ഘടനയില്‍ മുസ്‌ലിം സ്ത്രീകള്‍ കുറേക്കൂടി സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി കാണുകയും വളരാനും പ്രവര്‍ത്തിക്കാനും അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാകണം ഉയര്‍ന്ന പദവിയിലെത്തിയ മുസ്‌ലിം സ്ത്രീകള്‍ മലബാറിനെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ ഉണ്ടായിട്ടുള്ളത്. മലബാറില്‍ ഒരു ഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ ഇപ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. ഇവിടെ സ്ത്രീകളില്‍നിന്ന് അത്തരമൊരു ആവേശം ഉണ്ടായിട്ടില്ല. മഹല്ല് കമ്മിറ്റികളില്‍ അംഗത്വമില്ലെങ്കിലും ഇവിടുത്തെ സ്ത്രീകള്‍ ശക്തരും സാമൂഹിക ജീവിതത്തില്‍ പങ്കാളിത്തം ഉള്ളവരുമാണ്. ഇനി അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെടുകയാണെങ്കില്‍ വ്യാപകമായ ചര്‍ച്ചകളിലൂടെ മാത്രമേ അതില്‍ തീരുമാനമെടുക്കാന്‍ കഴിയൂ.

തീവ്ര യാഥാസ്ഥിതിക സ്വഭാവമുള്ള മലബാറിലെ ചില മതസംഘടനകള്‍ തെക്കന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും താരതമ്യേന വിശാല വീക്ഷണത്തോടെയും പരസ്പര സഹകരണത്തോടെയും നടന്നുവരുന്ന മഹല്ല് ജമാഅത്തുകളില്‍ തന്ത്രപൂര്‍വം സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തുണ്ടായിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ നല്ല ചില മഹല്ല് ജമാഅത്തുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു കാരണമായിട്ടുണ്ട്. ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാനാകും?
മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ യാഥാസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ തെക്കന്‍ കേരളത്തില്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളരെ നേരിയ ഫലം മാത്രമേ അതിന് ഉണ്ടാകുന്നുള്ളൂ. വ്യാപകമായ ഒരു പ്രചാരണമൊന്നും അവര്‍ക്ക് കിട്ടിയിട്ടില്ല. ചില പോക്കറ്റുകളില്‍ അവര്‍ക്ക് ആളുകള്‍ ഉള്ളേടത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്; രണ്ടുമൂന്ന് കേന്ദ്രങ്ങളില്‍ മാത്രമാണിത്. അവിടെ അത്തരക്കാര്‍ക്ക് സ്ഥാപനങ്ങളും, നേര്‍ച്ചകളാദി പരിപാടികളുമുണ്ട്. മുഹ്‌യുദ്ദീന്‍ റാത്തീബ് നടത്തുക, അതോടനുബന്ധിച്ച് അറക്കാനുള്ള 'ആടുകളുടെ' എണ്ണം കൂട്ടുക തുടങ്ങിയവയൊക്കെയാണ് അവരുടെ പ്രവര്‍ത്തനരീതി. എന്നാല്‍, നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ അത് വളര്‍ന്നിട്ടില്ല.
ചില പള്ളികളില്‍ ഇമാമുമാര്‍ മാറുമ്പോള്‍, പുതിയ ആളെ കിട്ടാന്‍ ബുദ്ധിമുട്ടാവുകയും, ഇത്തരം ലക്ഷ്യങ്ങളുള്ളവര്‍ അവസരം ഉപയോഗിച്ച് അവിടെ കയറിപ്പറ്റുകയും ചെയ്യുന്നുണ്ട്. നല്ല ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയുമൊക്കെ കാണുമ്പോള്‍ ആളുകള്‍ ഇഷ്ടപ്പെടും. ശേഷിയില്ലാത്ത മഹല്ല് ഭാരവാഹികളാണെങ്കില്‍, ഇത്തരം ഇമാമുമാര്‍ അവരെ ഹൈജാക്ക് ചെയ്യും. ശമ്പളത്തിന് വേണ്ടി അവര്‍ വിലപേശുകയുമില്ല. ആളുകളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യും. ഇങ്ങനെ സ്വീകാര്യത ഉണ്ടാക്കിയെടുത്തശേഷം തങ്ങളുടെ ആശയപ്രചാരണം ആരംഭിക്കുകയും ലക്ഷ്യം നേടാന്‍ ശ്രമിക്കുകയും ചെയ്യും. ഈ തോക്കിനകത്തു ഉണ്ടയുണ്ടെന്ന കാര്യം ചിലപ്പോള്‍ ഭാരവാഹികള്‍ ശ്രദ്ധിക്കാതെ പോകുന്നു. ജമാഅത്ത് ഫെഡറേഷന്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ തടയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇമാമുമാരുടെ നിയമനത്തിലും മറ്റും സൂക്ഷ്മത പുലര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ആളുകളെ പരസ്യമായി വിമര്‍ശിക്കാനോ, പൊതുവേദികളില്‍ സംവാദം നടത്താനോ ഒന്നും മലബാറിലേതുപോലെ ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നില്ല. ചോദ്യത്തില്‍ സൂചിപ്പിച്ച വിഭാഗക്കാര്‍ ആഗ്രഹിക്കുന്നത് ഒരും സംഘര്‍ഷം ഉണ്ടാകണം എന്നാണ്. എന്തുകൊണ്ട് പരസ്യമായി മറുപടി പറയുന്നില്ല എന്നാണവര്‍ ചോദിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ശേഷം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്തുകൊണ്ടാണതിന് മറുപടി പറയാത്തത് എന്നാണവര്‍ ഉന്നയിക്കുന്ന ചോദ്യം. അത് നാം ചെയ്യാത്തത് പൊതുസമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ്.

ചില മഹല്ല് ജമാഅത്തുകള്‍ അധികാര കേന്ദ്രങ്ങളായി മാറുകയും ശിക്ഷാനടപടികളും ഊരുവിലക്ക് പോലുള്ള തെറ്റായ സമീപനങ്ങളും സ്വീകരിച്ച് വീക്ഷണ വിയോജിപ്പുള്ളവരെ അടക്കിനിര്‍ത്തുകയും ചെയ്യുന്നതായി ആരോപണമുണ്ട്. ഇതേക്കുറിച്ച് എന്തുപറയുന്നു?
അതൊരു നല്ല പ്രവണതയല്ല. ഇതിനെ നിരുത്സാഹപ്പെടുത്താനായി പരമാവധി ട്രെയ്‌നിംഗുകളും മറ്റു നിര്‍ദേശങ്ങളും മഹല്ല് ഭാരവാഹികള്‍ക്ക് കൊടുക്കുന്നുണ്ട്. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യരുതെന്നും, നടപടികളില്‍ സൂക്ഷ്മത പാലിക്കണമെന്നും നാം മഹല്ല് ജമാഅത്ത് നേതൃത്വത്തോട് പറയാറുണ്ട്. അത്തരം തെറ്റായ നടപടികള്‍ കാര്യങ്ങള്‍ വഷളക്കാനേ സഹായകമാകൂ. എന്നാല്‍ അപൂര്‍വം പ്രദേശങ്ങളില്‍ മാത്രമേ ഇത്തരം കര്‍ക്കശ നടപടികള്‍ എടുക്കുന്നുള്ളൂ. നാം വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍, കടുത്ത ശിക്ഷാ നടപടികള്‍ എടുക്കരുതെന്നും അതിന് ജമാഅത്തുകള്‍ക്ക് അധികാരമില്ലെന്നും വ്യക്തമായി ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. മഹല്ലിന്റെ പരിപാലനമാണ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ ബാധ്യത. നിയമനടപടികള്‍ സ്വീകരിക്കാനോ, അംഗങ്ങളെ ഊരുവിലക്കാനോ, പിരിച്ചുവിടാനോ ഒന്നും ജമാഅത്തുകള്‍ക്ക് അധികാരമില്ല. അനിവാര്യ ഘട്ടങ്ങളില്‍ ശാസനകള്‍ നല്‍കാവുന്നതാണ്.

തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന സംഘടനയാണല്ലോ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍. എന്നാല്‍, തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലെങ്കിലും സ്വാധീനമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായി അനുഭവപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെയാണ് ഫെഡറേഷന്‍ ചെയ്യുന്നത്?
തീവ്രവാദം എന്ന പൊതുപ്രയോഗം കൊണ്ട് വിവക്ഷിക്കാവുന്ന  എലമെന്റ്‌സ് അത്തരം സംഘടനകളില്‍ ഉണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. നയപരമായ വിഷയങ്ങളില്‍ ഇത്തിരി കര്‍ശന നിലപാടുകളും വികാരപരമായ തീരുമാനങ്ങളും ചിലര്‍ എടുക്കുന്നുവെന്നത് ശരിയാണ്. തെക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍, മഹല്ലു ജമാഅത്തുകളില്‍ കാര്യമായ സ്വാധീനം ചെലുത്താനൊന്നും അവര്‍ക്ക് സാധിച്ചിട്ടില്ല. ജമാഅത്ത് ഫെഡറേഷന്റെ വേദികളെയും യുവജന വിഭാഗത്തെയും വിദ്യാര്‍ഥി സംഘടനയെയും ഉപയോഗപ്പെടുത്തി, ഈ വിഷയത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ'യുടെ നേതൃത്വത്തില്‍ തന്നെ ശ്രമം നടക്കുന്നുണ്ട്. പിന്നെ, എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മാത്രമുള്ള പ്രവര്‍ത്തനങ്ങളൊന്നും അവര്‍ നടത്തുന്നില്ല.

ഇതര മതവിഭാഗങ്ങളുമായി കൂടുതല്‍ ഇടകലര്‍ന്ന് മുസ്‌ലിംകള്‍ ജീവിക്കുന്ന മേഖലയാണ് തെക്കന്‍ കേരളം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകളുടെയും ചില മുസ്‌ലിം സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന് നാം ആശങ്കപ്പെടുന്നുണ്ട്. ജമാഅത്ത് ഫെഡറേഷന്‍ സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്?
മതസൗഹാര്‍ദം ഇപ്പോഴുള്ള രീതിയിലെങ്കിലും നിലനില്‍ക്കുന്നത് മഹല്ല് ജമാഅത്ത് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെയും ഇതര സമുദായ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അല്ലെങ്കില്‍ ഇതിനെക്കാള്‍ അപകടകരമായ രീതിയിലേക്ക് അത് പോകുമായിരുന്നു. വിവിധ മതനേതാക്കളെ നമ്മുടെ വേദികളില്‍ പങ്കെടുപ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും കൂടിയിരിക്കാവുന്ന പൊതുവേദികള്‍ രൂപപ്പെടുത്തുന്നുമുണ്ട്. മത-സാമൂഹിക പരിപാടികളിലെ പരസ്പര സഹകരണം തെക്കന്‍ കേരളത്തില്‍ സാമാന്യം നല്ല നിലയില്‍ തന്നെയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വളരെ മെച്ചപ്പെട്ട സാമുദായിക സൗഹാര്‍ദമാണ് ഇവിടെ മതവിഭാഗങ്ങള്‍ക്കിടയിലുള്ളത്. അത് കാത്തുസൂക്ഷിക്കാന്‍ മഹല്ല് ജമാഅത്ത് ഫെഡറേഷനും മറ്റെല്ലാ മുസ്‌ലിം സംഘടനകളും പ്രതിജ്ഞാബദ്ധമാകണം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍