Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

ഇസ്തിഗ്ഫാറും സച്ചരിതരായ പൂര്‍വികരും

എം.എസ്.എ റസാഖ് / തര്‍ബിയത്ത്

പാപമോചനം (ഇസ്തിഗ്ഫാര്‍) തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അബൂമൂസ(റ) പറയുന്നു: ''ശിക്ഷയില്‍ നിന്നുള്ള രണ്ട് രക്ഷാകവചം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതില്‍ ഒന്ന് വിടപറഞ്ഞുപോയി. ഞങ്ങളില്‍ പ്രവാചകന്റെ നിറസാന്നിധ്യമായിരുന്നു അത്. ബാക്കിയുള്ളത് ഇസ്തിഗ്ഫാര്‍ ആണ്. അതുകൂടി വിടപറഞ്ഞാല്‍ ഞങ്ങള്‍ നശിച്ചതുതന്നെ'' (തൗബത്തു ഇലല്ലാഹ്- ഇമാം ഗസ്സാലി).
റബീഉബ്‌നു ഖഥീം പറയുന്നു: ''നിങ്ങളുടെ നാഥനോട് വിധേയത്വം കാണിക്കുക. സുസ്ഥിതിയില്‍ അവനോട് പ്രാര്‍ഥിക്കുക. അല്ലാഹു അരുളിയിരിക്കുന്നു: ഏതൊരുവന്‍ സുസ്ഥിതിയില്‍ എന്നോട് പ്രാര്‍ഥിച്ചാല്‍ അവന്റെ ക്ഷാമാവസ്ഥയില്‍ ഞാനവന് ഉത്തരം നല്‍കും. എന്നോട് ചോദിച്ചാല്‍ ഞാനവന് നല്‍കിയിരിക്കും. ഏതൊരുവന്‍ എന്നോട് വിനയം കാട്ടിയാല്‍ ഞാനവനെ ഉയര്‍ത്തും. എന്നെ മാത്രം  ഓര്‍ത്ത് ധ്യാനനിരതനായാല്‍ ഞാനവന് കാരുണ്യം വര്‍ഷിക്കും. എന്നോട് പാപമോചനാര്‍ഥന നടത്തിയാല്‍ ഞാനവന് പൊറുത്തു കൊടുക്കും'' (മിന്‍ഹാജുസ്സ്വാലിഹീന്‍). പാപങ്ങള്‍ പൊറുക്കുന്ന ഇസ്തിഗ്ഫാറിനെക്കുറിച്ച് സഹലി(റ)നോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇസ്തിഗ്ഫാറിന്റെ തുടക്കം ഉത്തരം തേടലാകുന്നു. പിന്നീട് മടക്കം (ഇനാബഃ), തുടര്‍ന്ന് പശ്ചാത്താപം. ഉത്തരം തേടല്‍ (ഇസ്തിജാബ) എന്നാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനമാകുന്നു. മടക്കം (ഇനാബഃ) ഹൃദയത്തിന്റെ പ്രവര്‍ത്തനവും. തൗബ എന്നാല്‍ സൃഷ്ടികളില്‍ നിന്ന് അകന്നുമാറി രക്ഷകനായ അല്ലാഹുവിങ്കലേക്ക് അടുത്ത് ചെല്ലലാകുന്നു. പിന്നെ തന്റെ വീഴ്ചകളില്‍ നിന്ന് അല്ലാഹുവോട് പാപമോചനാര്‍ഥന നടത്തുകയാകുന്നു'' (തൗബത്തു ഇലല്ലാഹ്, ഇമാം ഗസ്സാലി).
ഇബ്‌നുല്‍ ജൗസി(റ) പറയുന്നു: ''ഇബ്‌ലീസ് പറയും: ആദം പുത്രനെ ഞാന്‍ പാപങ്ങള്‍ കൊണ്ട് നശിപ്പിച്ചു. അവന്‍ എന്നെ ഇസ്തിഗ്ഫാര്‍ കൊണ്ടും കലിമത്തുത്തൗഹീദ് കൊണ്ടും നശിപ്പിച്ചുകളഞ്ഞു. ഇക്കാര്യം ഞാനവനില്‍ ദര്‍ശിച്ചപ്പോള്‍ അവനില്‍ സ്വേഛകളെ പിന്‍പറ്റാനുള്ള പ്രവണത സ്ഥിരസ്വഭാവമുള്ളതാക്കി. അങ്ങനെയവന്‍ തെറ്റ് ചെയ്യുന്നു. പാപമോചനാര്‍ഥന നടത്തുന്നില്ല. കാരണം, അവന്‍ വിചാരിക്കുന്നു തങ്ങള്‍ സുകൃതങ്ങളാണ് ചെയ്യുന്നതെന്ന്'' (മിഫ്താഹു ദാറുസ്സആദ). ഖതാദ(റ) പറയുന്നു: ''ഖുര്‍ആന്‍ രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചും  അറിയിച്ചുതരുന്നു. എന്നാല്‍, രോഗം എന്നത് പാപങ്ങളാകുന്നു. അതിന് നിങ്ങള്‍ക്കുള്ള ഔഷധമാകട്ടെ ഇസ്തിഗ്ഫാര്‍ ആകുന്നു.'' അലി(റ) പറയുന്നു: ''രക്ഷാകവചം ഉണ്ടായിരിക്കെത്തന്നെ അതുപയോഗപ്പെടുത്താതെ നശിച്ചുപോകുന്നവന്റെ കാര്യം അത്യത്ഭുതം തന്നെ! 'എന്താണത്?' ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. ''ഇസ്തിഗ്ഫാര്‍.'' അലി(റ) പറഞ്ഞു. അലി(റ) തുടര്‍ന്നു: ''അല്ലാഹു ഒരു ദാസനെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന് ഇസ്തിഗ്ഫാര്‍ ബോധനം നല്‍കുകയില്ല. ലുഖ്മാന്‍ (അ) തന്റെ പുത്രനോട് പറയുന്നു: ''മകനേ, അല്ലാഹു ചില സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയം, ചോദിച്ചാല്‍ അവനത് തിരസ്‌കരിക്കുകയില്ല. അതിനാല്‍ നീ ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിച്ചുകൊള്ളുക.'' ആഇശ(റ) പറയുന്നു: ''കര്‍മരേഖയില്‍ ധാരാളം ഇസ്തിഗ്ഫാര്‍ കാണുന്നവന് ഭാവുകങ്ങള്‍!'' അബുല്‍ മിന്‍ഹാല്‍ പറയുന്നു: ''ഇസ്തിഗ്ഫാറിനേക്കാള്‍ ഏറെ ഇഷ്ടപ്പെട്ട മറ്റൊന്നുമായും ഒരാളും തന്റെ ഖബ്‌റില്‍ സഹവസിക്കുന്നില്ല.'' ഹസനുല്‍ ബസ്വരി(റ) പറയുന്നു: ''നിങ്ങള്‍ വീടുകളിലും ഭക്ഷണത്തളികക്കു ചുറ്റും ഇരിക്കുമ്പോഴും വഴികളിലും അങ്ങാടികളിലും സദസ്സുകളിലും ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക. അല്ലാഹുവിന്റെ മഗ്ഫിറത്ത് (പാപമോചനം) എപ്പോഴാണ് ഇറങ്ങുകയെന്ന് നിങ്ങള്‍ക്കറിയില്ല.'' ബക്ര്‍ ഇബ്‌നു അബ്ദുല്ല മുസ്‌നി പറയുന്നു: ''നിങ്ങള്‍ ധാരാളമായി തെറ്റുകള്‍ ചെയ്യുന്നു. അതിനാല്‍ പരിഹാരമായി നിങ്ങള്‍ കൂടുതല്‍ ഇസ്തിഗ്ഫാര്‍ ചെയ്യുക. ഒരാള്‍ തന്റെ കര്‍മരേഖയിലെ ഓരോ വരികള്‍ക്കിടയിലും ഇസ്തിഗ്ഫാര്‍ കാണുന്നുവെങ്കില്‍ അവന്‍ സന്തോഷിച്ചുകൊള്ളട്ടെ.'' ഇബ്‌നു തൈമിയ്യ(റ) പറയുന്നു: ''എന്റെ മുന്നില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നത്തിന്റെ പരിഹാരമാര്‍ഗത്തെക്കുറിച്ച് ഞാന്‍ മനനം ചെയ്തുകൊണ്ടിരിക്കും. ഉടനെ ഞാന്‍ ആയിരം തവണ അല്ലാഹുവോട് ഇസ്തിഗ്ഫാര്‍ ചെയ്യും. അങ്ങനെ എന്റെ ഹൃദയം വിശാലമാവുകയും പ്രശ്‌നപരിഹാരം ഉരുത്തുരിഞ്ഞുവരികയും ചെയ്യും. ഞാനെവിടെയായിരുന്നാലും ശരി പള്ളിയിലാകട്ടെ, അങ്ങാടിയിലാകട്ടെ, മദ്‌റസയിലാകട്ടെ- അതൊന്നും ദിക്ര്‍ ചെയ്യുന്നതിനോ ഇസ്തിഗ്ഫാര്‍ ചെയ്യുന്നതിനോ എനിക്ക് തടസ്സമാകുന്നില്ല. അങ്ങനെ ഞാനെന്റെ ലക്ഷ്യം നേടുവോളം അവ തുടര്‍ന്നുകൊണ്ടിരിക്കും.''
ശൈഖ് അബ്ദുല്‍ ഖാദിര്‍(റ) എഴുതുന്നു: ''തൗബ ചെയ്യുന്നവരെയും പാപമോചനാര്‍ഥന നടത്തുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു. കാരണം, ഈ ഗുണം ലോക രക്ഷിതാവായ അല്ലാഹുവോടുള്ള മനുഷ്യന്റെ അടിമത്തം (ഉബൂദിയ്യത്ത്) സാക്ഷാത്കരിക്കുന്നതും അഖില സൃഷ്ടിജാലങ്ങളുടെയും മേലുള്ള അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വം (റുബൂബിയ്യത്ത്) അംഗീകരിക്കുന്നതുമാണ്.''

ഇസ്തിഗ്ഫാറിന്റെ വചനങ്ങള്‍
നബി(സ)യില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ട ഇസ്തിഗ്ഫാറിന്റെ ഏതാനും വചനങ്ങള്‍ കാണുക. അവ മനസ്സിരുത്തി ഉച്ചരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നത് പ്രവാചക ചര്യയാകുന്നു.
നാഥാ, നീ എനിക്ക് പൊറുത്തു തരേണമേ! എന്റെ മേല്‍ തൗബ ചൊരിയേണമേ! നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമല്ലോ.

അല്ലാഹുവോട് ഞാന്‍ പാപമോചനാര്‍ഥന നടത്തുന്നു. ആരാധനക്കര്‍ഹനായി അവനല്ലാതെ മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനുമാണവന്‍. അവനിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുന്നു.
അല്ലാഹുവിനോട് ഞാന്‍ പാപമോചനാര്‍ഥന നടത്തുന്നു. അവനിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.

സയ്യിദുല്‍ ഇസ്തിഗ്ഫാര്‍

അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു. നീ അല്ലാതെ ഇലാഹില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയും. നിന്റെ കരാറും വാഗ്ദത്തവുമനുസരിച്ചാണ് ഞാന്‍ ആവതും നിലകൊള്ളുന്നത്. ഞാന്‍ ചെയ്തുകൂട്ടിയ വിനയില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. എനിക്ക് നല്‍കിയ അനുഗ്രഹം ഞാന്‍ ഏറ്റുപറയുന്നു. എനിക്ക് പൊറുത്തു തന്നാലും. കുറ്റങ്ങള്‍ പൊറുത്തുതരാന്‍ നീയൊഴിച്ച് മറ്റാരുമില്ല.
''പ്രഭാതത്തില്‍ ഇത് ചൊല്ലിയ ശേഷം വൈകുന്നേരത്തിന് മുമ്പ് മരണപ്പെട്ടാല്‍ അയാള്‍ സ്വര്‍ഗാവകാശിയായിരിക്കും. അപ്രകാരം വൈകുന്നേരം ഇത് ചൊല്ലിയ ശേഷം പ്രഭാതത്തിനു മുമ്പ് മരണപ്പെട്ടാല്‍ അയാള്‍ സ്വര്‍ഗാവകാശിയായിരിക്കും'' (ബുഖാരി). ഈ പ്രാര്‍ഥനക്ക് നബി(സ) നാമകരണം ചെയ്തിട്ടുള്ളത്  'സയ്യിദുല്‍ ഇസ്തിഗ്ഫാര്‍' എന്നാകുന്നു. 'പാപമോചനാര്‍ഥനയുടെ നേതാവ്' എന്നാണതിന്റെ അര്‍ഥം. അതിലെ ഓരോ വാക്യവും പരിശോധിച്ചാല്‍ ഈ നാമകരണം തികച്ചും അന്വര്‍ഥമാണെന്ന് ബോധ്യപ്പെടും.
'അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു' എന്ന വാക്യത്തിലൂടെ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ തൗഹീദുര്‍റുബൂബിയ്യത്ത് (പരിപാലകത്വത്തിലെ ഏകത്വം) അംഗീകരിക്കുന്നു. 'നീ അല്ലാതെ ഇലാഹില്ല' എന്നതിലൂടെ തൗഹീദുല്‍ ഉലൂഹിയ്യത്ത് (ദിവ്യത്വത്തിലെ ഏകത്വം) അംഗീകരിക്കുന്നു. 'നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയാകുന്നു' എന്നത് ദൈവദാസന്‍ തന്റെ യജമാനായ അല്ലാഹുവോടുള്ള വിധേയത്വവും അടിമത്തവും സ്വയം പ്രഖ്യാപനം നടത്തുകയാണ്. 'നിന്റെ കരാറും വാഗ്ദത്തവുമനുസരിച്ചാണ് ഞാന്‍ ആവതും നിലകൊള്ളുന്നത്' എന്നത് ലോക രക്ഷിതാവായ അല്ലാഹു കാണിച്ചുതന്ന ജീവിത പദ്ധതി പിന്തുടര്‍ന്ന് ശരിയായ പാതയിലൂടെ സഞ്ചരിക്കുകയും അതിനു വേണ്ടി കഴിവിന്‍ പടി പരിശ്രമിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനമാകുന്നു. 'ഞാന്‍ ചെയ്തുകൂട്ടിയ വിനയില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു'. മനുഷ്യന്‍ ബോധപൂര്‍വവും അല്ലാതെയും ചെയ്തുകൂട്ടുന്ന സകല തിന്മകളില്‍ നിന്നും രക്ഷിതാവായ അല്ലാഹുവില്‍ മാത്രം ശരണം തേടുന്നു. അഭയ സങ്കേതമായി അല്ലാഹുവിന്റെ സവിധം മാത്രമേയുള്ളൂ. മറ്റെല്ലാ കേന്ദ്രങ്ങളും വ്യാജവും വ്യര്‍ഥവുമാകുന്നുവെന്ന തിരിച്ചറിവാകുന്നു ഈ വാക്യം. 'നീ എനിക്ക് നല്‍കിയ അനുഗ്രഹം ഞാന്‍ ഏറ്റുപറയുന്നു'. അല്ലാഹു മനുഷ്യന് നല്‍കിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളും ശ്രേഷ്ഠപദവിയും അംഗീകരിക്കുകയും അത് സദാ സമയവും അനുസ്മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു ഇതിലൂടെ. 'എന്റെ കുറ്റങ്ങളും ഞാന്‍ ഏറ്റുപറയുന്നു... കുറ്റങ്ങള്‍ പൊറുത്തുതരാന്‍ നീയൊഴിച്ച് മറ്റാരുമില്ല'. തന്റെ ഭാഗത്തുനിന്ന് സംഭവിച്ചുപോയ പ്രത്യക്ഷവും പരോക്ഷവുമായ സകല തെറ്റുകളും കുറ്റകൃത്യങ്ങളും സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്തുകൊണ്ട്, സൃഷ്ടികളുടെ പാപങ്ങള്‍ പൊറുക്കാന്‍ കഴിവും അര്‍ഹതയുമുള്ള അല്ലാഹുവോട് പൊറുക്കലിനെ തേടുന്നു. പാപം പൊറുത്തു കൊടുക്കുന്നവനായി മറ്റാരുമില്ല. അല്ലാഹു ദാസന്മാരോട് അങ്ങേയറ്റത്തെ കൃപാകടാക്ഷമുള്ളവനാണ് എന്നവന്‍ ഇതിലൂടെ സമ്മതിക്കുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍