Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

കൈകൂപ്പി വണങ്ങുന്നവര്‍ക്ക് പിണറായിയുടെ മുഖ്യധാരയില്‍ ഇടമുണ്ട്

കെ.ടി ഹുസൈന്‍ / വിശകലനം

ചിത്രങ്ങള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ വമ്പിച്ച രാഷ്ട്രീയ പ്രാധാന്യം കൈവരാറുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ നാളുകളില്‍ നിയമപാലകര്‍ക്ക് മുമ്പില്‍ കൈകൂപ്പി കൊണ്ട് തന്റെ ജീവന് വേണ്ടി യാചിക്കുന്ന ഖുത്വ്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം അത്തരത്തിലൊന്നായിരുന്നു. നരേന്ദ്രമോഡി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗുജറാത്ത് വംശഹത്യക്കെതിരെ മനുഷ്യ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താനും, അതിനെതിരായ പ്രതിഷേധം അന്താരാഷ്ട്രവത്കരിക്കപ്പെടാനും കലാപത്തീയില്‍ വെന്തെരിയുന്ന ഗുജറാത്ത് മുസ്‌ലിംകളുടെ മുഴുവന്‍ ദൈന്യതയും തന്നിലേക്ക് ആവാഹിച്ച ആ യുവാവിന്റെ ചിത്രത്തിന് സാധിക്കുകയുണ്ടായി.
എന്നാല്‍, ഖുത്വ്ബുദ്ദീന്‍ അന്‍സാരിയുടെ അതേ ചിത്രം പതിറ്റാണ്ടിനു ശേഷം ഈയിടെ കേരളത്തില്‍ വിശിഷ്യ മലബാറിലുടനിളം ചുമരുകളില്‍ പതിച്ച പോസ്റ്ററുകളിലും ബോര്‍ഡുകളിലും കണ്ടപ്പോള്‍ അശ്ലീല ചിത്രം കാണുമ്പോഴുള്ള ഓക്കാനമാണുണ്ടാക്കിയത്. കേരളത്തിലെ മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് നയിക്കാന്‍ സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഒരു പ്രസിദ്ധീകരണത്തിന്റെ പ്രകാശനത്തിന്റെയും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ന്യൂനപക്ഷ സെമിനാറിന്റെയും പോസ്റ്ററിലാണ് പശ്ചാത്തലമായി കൈകൂപ്പി യാചിക്കുന്ന ഖുത്വ്ബുദ്ദീന്‍ അന്‍സാരിയുടെ പഴയ ചിത്രമുള്ളത്.
കണ്ണുകളോ കൈകാലുകളോ ഇല്ലാത്തവരെ കൂടെകൂട്ടി ഭിക്ഷ യാചിക്കുന്ന ചിലരെ തീവണ്ടിയാത്രക്കിടയില്‍  കണ്ടുമുട്ടാറുണ്ട്. മുസ്‌ലിംകളെ ലക്ഷ്യമിട്ട് സി.പി.എം സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്ററുകളില്‍ കണ്ട ഖുത്വ്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം  തീവണ്ടികളിലെ അത്തരം ഭിക്ഷാടകരെയാണ് ഓര്‍മിപ്പിക്കുന്നത്. ഗുജറാത്തിലെ ഖുത്വ്ബുദ്ദീന്‍ അന്‍സാരിയെ പോലെ കേരളത്തിലെ മുസ്‌ലിംകളും ആരുടെയോ സംരക്ഷണം പ്രതീക്ഷിച്ച് കൊണ്ട് സി.പി.എം  അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പടിപ്പുരക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുകയാണെന്നാണോ പാര്‍ട്ടി കരുതുന്നത്? അതോ പ്രത്യുപകാര ശീലം വേണ്ടുവോളമുള്ള കേരള മുസ്‌ലിംകള്‍ ഖുത്വ്ബുദ്ദീന്‍ അന്‍സാരിക്ക് ഒരു തയ്യല്‍ കട തുടങ്ങാന്‍ അല്‍പം പൈസ കൊടുത്തതിന്റെ ഉപകാര സ്മരണയില്‍ വോട്ടുകള്‍ മുഴുവന്‍ തങ്ങളുടെ പെട്ടിയില്‍ നിക്ഷേപിക്കുമെന്ന് സി.പി.എം കരുതിയോ?ഏതായാലും സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും കുറെയധികം ശാക്തീകരിക്കപ്പെട്ട കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുമായി സംവദിക്കാനുള്ള പാര്‍ട്ടിയുടെ പടപ്പുറപ്പാട് കുറേ കൂടി മാന്യമാക്കാമായിരുന്നുവെന്നേ അതിനെക്കുറിച്ച് പറയുന്നുള്ളൂ.
സദ്ദാം ഹുസൈന്റെയും യാസര്‍ അറഫാത്തിന്റെയും പടം വെച്ച് വോട്ട് പിടിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയും മുസ്‌ലിംകളും ഒരുപാട് മാറിപ്പോയിട്ടുണ്ട്. രാഷ്ട്രീയമായും സാംസ്‌കാരികമായും സാമ്പത്തികമായും സാമ്രാജ്യത്വവിരുദ്ധമായ നിലപാടിനോട് ഒരു പരിധിവരെ സി.പി.എം പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തെയാണ് ആ ചിത്രങ്ങള്‍ പ്രതീകവത്കരിച്ചിരുന്നത്. സാമ്രാജ്യത്വവിരുദ്ധമായ മുസ്‌ലിം മനസ്സിനെ വലിയൊരളവോളം ആകര്‍ഷിക്കാന്‍ അത് സി.പി.എമ്മിനെ സഹായിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുപോകാന്‍ മുഖ്യ ദല്ലാളായി പ്രവര്‍ത്തിക്കുന്ന താരം ഉദിച്ചുയര്‍ന്നതും മലപ്പുറം ചുവക്കുകയാണോ എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതുമെല്ലാം ആ പശ്ചാത്തലത്തിലാണ്. സദ്ദാമിനെയും അറഫാത്തിനെയും വോട്ടിനു വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് രാഷ്ട്രീയ എതിരാളികളാല്‍ അന്ന് ആക്ഷേപിക്കപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിയുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെ പ്രതീകമായി അതിനെ തിരിച്ചറിയാന്‍ യഥാര്‍ഥ സാമ്രാജ്യത്വവിരുദ്ധര്‍ക്ക് അന്ന് സാധിച്ചിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ലീഗിന്റെ പല പൊന്നാപുരം കോട്ടകളും ചിതറി തെറിച്ച് പോയത് അതുകൊണ്ടായിരുന്നല്ലോ.
പക്ഷേ, താല്‍ക്കാലികമായി തങ്ങള്‍ക്ക് പ്രയോജനകരമായി ഭവിച്ച, കേരളത്തില്‍ ശക്തിപ്പെട്ട സാമ്രാജ്യത്വവിരുദ്ധ മനസ്സിന്റെ സ്വഭാവത്തെക്കുറിച്ചോ അതിനെ രൂപപ്പെടുത്തിയ ഘടകങ്ങളെക്കുറിച്ചോ പ്രാഥമികമായി പോലും മനസ്സിലാക്കാന്‍ ശ്രമിക്കാതെ തങ്ങളുടെ സ്വന്തം ശക്തി കൊണ്ടാണ് മലപ്പുറത്ത് നേട്ടമുണ്ടാക്കിയത് എന്ന മിഥ്യാബോധത്തിലേക്കാണ് പിന്നീട് നിര്‍ഭാഗ്യവശാല്‍ സി.പി.എം നയിക്കപ്പെട്ടത്.
ഗുജാത്ത് വംശഹത്യയോടെ ഇന്ത്യന്‍ ഫാഷിസം എല്ലാ മുഖംമൂടിയും അഴിച്ചുവെച്ച് ചുടല നൃത്തം ആരംഭിച്ച പശ്ചാത്തലത്തില്‍ അതിനെതിരായ ചെറുത്തുനില്‍പില്‍ മുസ്‌ലിം ന്യൂനപക്ഷത്തെക്കൂടി ഐക്യപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടിയിലെ തന്നെ ചില ബുദ്ധിജീവികള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന സ്വത്വവാദത്തെ തള്ളിപ്പറഞ്ഞും, സാമ്രാജ്യത്വത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ രാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടയില്‍ അതിശക്തമായ സമരം ഉയര്‍ത്തിക്കൊണ്ട് വന്ന വിഭാഗത്തെ കിനാലൂര്‍ സമര പശ്ചാത്തലത്തില്‍ മത രാഷ്ട്രവാദികളും ഭീകരവാദികളുമായി മുദ്രയടിച്ചും കൊണ്ടാണ് സി.പി.എം ഈ മിഥ്യാബോധം പ്രകടമാക്കിയത്.
1974-ല്‍ രൂപീകരണം തൊട്ട് ഒരു പതിറ്റാണ്ട് കാലം തങ്ങളുടെ കൂടെ നിന്ന, ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ ലീഗിനെ മുന്നണിയില്‍ നിന്ന് ചവിട്ടി പുറത്താക്കിയും ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ ശരീഅത്ത് വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചും മറ്റുള്ളവരോടൊപ്പം തങ്ങളും കൂടി വളര്‍ത്തി വലുതാക്കിയ മുസ്‌ലിംവിരുദ്ധമായ കേരളത്തിലെ സവര്‍ണ പൊതുബോധം തങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമോ എന്ന ഭയമാണ് യഥാര്‍ഥത്തില്‍ സ്വത്വവാദത്തിനെതിരെ പ്രമേയം പാസ്സാക്കാനും, ഇല്ലാത്ത മത രാഷ്ട്രവാദത്തിനെതിരെ നിഴല്‍ യുദ്ധം നടത്താനും സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. സദ്ദാം ഹുസൈനെ കൊണ്ടാടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ സാമ്രാജ്യത്വത്തിന്റെ തുരുപ്പ് ശീട്ടായ മലാലാ യൂസുഫ് സായിയെ കൊണ്ടാടുന്ന സ്ഥിതിവിശേഷം സി.പി.എമ്മിന്റെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ ബോധം എത്രമാത്രം ദരിദ്രമാണെന്നതിന്റെ മാത്രമല്ല, സവര്‍ണ പൊതുബോധത്തെ സി.പി.എം എത്ര കണ്ട് ആശ്ലേഷിച്ചു കഴിഞ്ഞുവെന്നതിന്റെ കൂടി സൂചനയാണ്.
ആശയപരമായി മത വിരുദ്ധ സെക്യുലരിസത്തിന്റെ വക്താക്കളാണെങ്കിലും തങ്ങളുടേത് ഒരു ഹിന്ദു നിയോജകമണ്ഡലമാണെന്ന് പാര്‍ട്ടി കൂടുതലായി തിരിച്ചറിഞ്ഞ ഈ ഘട്ടത്തില്‍ തന്നെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെട്ട് കൊണ്ട് മുഖ്യധാര മാസികയുമായി പാര്‍ട്ടി രംഗത്തിറങ്ങിയതിലെ വൈരുധ്യം അവരുടേത് വൈരുധ്യാധിഷ്ഠിത ഭൗതികവാദമായതുകൊണ്ട് തിരിച്ചറിയപ്പെടില്ലായിരിക്കാം.
എന്തൊക്കെ പറഞ്ഞാലും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളുള്ള ഒരു സെക്യുലര്‍ പാര്‍ട്ടി എന്ന നിലക്ക് സി.പി.എമ്മിന് മുസ്‌ലിംകളുമായി സംവദിക്കാനും അവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി പരിപാടികള്‍ സംഘടിപ്പിക്കാനും തീര്‍ച്ചയായും അവകാശമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മതവിരുദ്ധ നിലപാടിന് പ്രസക്തി നഷ്ടപ്പെട്ട ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശേഷിച്ചും. പക്ഷേ, അത് ചെയ്യുന്നത് ചരിത്ര വസ്തുതകളോടും സമകാലികാവസ്ഥയോടും പരമാവധി നീതി പുലര്‍ത്തിയും വൈരുധ്യാധിഷ്ഠിതമായ നിലപാടുകള്‍ ഇല്ലാതാക്കിയുമായിരിക്കണമെന്ന് മാത്രം. നിര്‍ഭാഗ്യവശാല്‍ 138 പേജ് വരുന്ന മുഖ്യധാര മാസിക പരിശോധിച്ച് നോക്കുമ്പോള്‍ മുസ്‌ലിംകളുമായി ആരോഗ്യകരമായ ഒരു സംവാദം പാര്‍ട്ടി ആഗ്രഹിക്കുന്നതിന്റെ യാതൊരു സൂചനയുമില്ല. അടിമുടി ചരിത്ര നിഷേധവും വൈരുധ്യാധിഷ്ഠിതമായ നിലപാടുകളുമാണ് അതില്‍ തെളിഞ്ഞു കാണുന്നത്.
'മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും' എന്ന പിണറായി വിജയന്റെ ആമുഖ ലേഖനം ഏറെക്കുറെ കോഴിക്കോട് നടന്ന മാസികയുടെ പ്രകാശന ചടങ്ങിലും അതിന് മുമ്പ് കണ്ണൂരിലും നടത്തിയ പ്രഭാഷണത്തന്റെ രേഖീയ രൂപമാണ്.
മഖ്ദൂമുമാര്‍ മുതല്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരെയുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ മുതല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ വരെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെയും മക്തി തങ്ങളും ചാലിലകത്തും മുതല്‍ 'ചേകനൂര്‍ മൗലവി' വരെയുള്ള മുസ്‌ലിം നവോത്ഥാന നായകരുടെയും പിന്തുടര്‍ച്ച അവകാശപ്പെട്ട് കൊണ്ട്, മതത്തെയും ഭരണകൂടത്തെയും രണ്ടായി കാണാത്തതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നതാണ് പിണറായി വിജയന്റെ പ്രസംഗത്തിന്റെയും ലേഖനത്തിന്റെയും കാതല്‍. തിരൂരങ്ങാടി ആസ്ഥാനമായി പത്ത് ദിവസം ഖിലാഫത്ത് ഭരണം നടത്തിയ ആലി മുസ്‌ലിയാരും ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ ആറ് മാസം നീണ്ടുനിന്ന ഖിലാഫത്ത് സ്ഥാപിക്കുകയും ഖിലാഫത്ത് രാജാവായി സ്വയം അവരോധിതനാവുകയും ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മതത്തെയും ഭരണത്തെയും രണ്ടായിട്ടാണോ കണ്ടിരുന്നത് എന്ന് പിണറായിയോട് ചോദിച്ചിട്ടു കാര്യമില്ല. മലബാറില്‍ മുസ്‌ലിംകളുടെ ഭരണകാര്യങ്ങള്‍ നോക്കി നടത്താന്‍ അവരുടേതായ ഭരണാധികാരി ഇല്ലാതെ പോയതില്‍ വ്യസനിച്ചുകൊണ്ട് ശൈഖ് മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ കുറിച്ചിട്ട വരികള്‍ പിണറായി വായിച്ചിരിക്കാനും ഇടയില്ല. എന്നാല്‍, അദ്ദേഹത്തിന്റെ പുതിയ ഉപദേഷ്ടാക്കളായ രണ്ട് ചരിത്രാധ്യാപകര്‍ക്ക് തീര്‍ച്ചയായും അതിനെ കുറിച്ചൊക്കെ വിവരമുണ്ടാകും. എന്നാല്‍, മതവിരുദ്ധമെന്ന പ്രതിഛായ ഇപ്പോഴുമുള്ള സി.പി.എമ്മിന്റെ എം.എല്‍.എയും മന്ത്രിയുമൊക്കെയായി സമുദായത്തില്‍ അംഗീകാരം നേടണമെങ്കില്‍ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ച പിണറായി വ്യാഖ്യാനം തങ്ങള്‍ക്കാവശ്യമുള്ളത് കൊണ്ട് അവര്‍ അതിനെ കുറിച്ചൊന്നും മിണ്ടില്ലെന്ന് മാത്രം. യഥാര്‍ഥത്തില്‍ 'മുഖ്യധാര'യുടെ രാഷ്ട്രീയം തന്നെ ഈ രണ്ട് ചരിത്രാധ്യാപകരുടെ അധികാര മോഹമാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. മുടി പൂജയെ വ്യാപാരവത്കരിച്ചവരെ ചേര്‍ത്തുപിടിച്ച് കൊണ്ട് ചേകനൂര്‍ മൗലവിയെ അടക്കം നവോത്ഥാനത്തിന്റെ കള്ളിയില്‍ പെടുത്തുന്ന പിണറായിയുടെ വൈരുധ്യാധിഷ്ഠിത നവോത്ഥാന വാദം അതിവിചിത്രം എന്നേ പറയാനാകൂ.
പിണറായി ജമാഅത്തെ ഇസ്‌ലാമിയെ വേട്ടയാടാന്‍ കാരണം യഥാര്‍ഥത്തില്‍ ജമാഅത്തിന്റെ മതേതരവിരുദ്ധതയോ മത രാഷ്ട്ര വാദമോ ഒന്നുമല്ല. മറിച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് നിലപാടുണ്ട് എന്നത് തന്നെയാണ്. നിലപാടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാടുള്ളവരെ എപ്പോഴും ഭയമായിരിക്കും. അവര്‍ക്കാവശ്യം 'തങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കുക' എന്ന അവസരവാദ നിലപാടുള്ളവരെ മാത്രമാണ്. ഇപ്പോള്‍ ജമാഅത്തിനെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന പിണറായിയുടെ പാര്‍ട്ടി മുമ്പ് ജമാഅത്തിന്റെ പിന്തുണ  പല തവണ തേടുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ന് പിണറായി ഉന്നയിക്കുന്ന അതേ ആരോപണം ഉയര്‍ത്തി, പിന്തുണ സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്ക് നേരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ 'അവര്‍ക്ക് ഒരു നിലപാടുണ്ട്' എന്ന് പറഞ്ഞ് ജമാഅത്ത് പിന്തുണയെ സാക്ഷാല്‍ പിണറായി വിജയന്‍ ന്യായീകരിച്ചതും ആരും മറന്നുപോയിട്ടില്ല. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള സയ്യിദ് മൗദൂദിയുടെ താത്ത്വികമായ നിലപാടിന്റെ പേരില്‍ ജമാഅത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന പിണറായിയോട് കാള്‍ മാര്‍ക്‌സും ഫ്രഡറിക് എംഗല്‍സും സ്വപ്നം കണ്ട സോഷ്യലിസ്റ്റ് വിപ്ലവവും ലെനിനും സ്റ്റാലിനും പ്രയോഗവത്കരിച്ച സോഷ്യലിസ്റ്റ് വിപ്ലവവും ജനാധിപത്യപരമായിരുന്നോ എന്ന് തിരിച്ചു ചോദിക്കാവുന്നതാണ്. സായുധ വിപ്ലവത്തിനിറങ്ങിയ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിച്ചിരുന്നോ എന്നും വേണമെങ്കില്‍ ചോദിക്കാവുന്നതാണ്. പക്ഷേ ജമാഅത്തെ ഇസ്‌ലാമിയെ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇത്തരം സൈദ്ധാന്തിക ഭാരങ്ങളെയെല്ലാം എന്നോ മറികടന്ന് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട് എന്നറിയാവുന്നതിനാല്‍ പിണറായിയെ പോലെ അത്തരം നിരര്‍ഥക ചോദ്യങ്ങളൊന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ പോലും ഇന്ന് ചോദിക്കുകയില്ല.
മലബാര്‍ കലാപത്തെക്കുറിച്ച് പഠിക്കാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന ചരിത്ര വിജ്ഞാനം വിളമ്പുന്ന പിണറായിയോട് മുസ്‌ലിംകള്‍ നേതൃപരമായ പങ്കുവഹിച്ച 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെ കാള്‍ മാര്‍ക്‌സും ഫ്രഞ്ചുകാര്‍ക്കെതിരായ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തെ ഫെഡറിക് എംഗല്‍സും തള്ളിപ്പറഞ്ഞ കാര്യം ഓര്‍മിപ്പിക്കുകയാണ്.
പിണറായി വിജയന്റെ ആമുഖ ലേഖനം കഴിഞ്ഞാല്‍ മുഖ്യധാരയുടെ പ്രധാന ഐറ്റം ഇസ്‌ലാമിന്റെ ഇടതുപക്ഷ വായനയാണ്. സ്വഹാബിയായ അബൂദര്‍റുല്‍ ഗിഫാരിയും ഇറാനിയന്‍ ഇസ്‌ലാമിക ചിന്തകനായ അലീ ശരീഅത്തിയും ഇന്ത്യന്‍ പണ്ഡിതനായ ഉബൈദുല്ലാ സിദ്ദീഖിയും സോഷ്യലിസത്തിന്റെ വക്താക്കളായിരുന്നുവെന്നാണ് ലേഖനത്തിന്റെ അവകാശവാദം. പാര്‍ട്ടിയുടെ മിക്കവാറും നേതാക്കളും വന്‍ സ്വകാര്യ സ്വത്തിന്റെ ഉടമകളായ സ്ഥിതിക്ക് സ്വകാര്യ ഉടമാവകാശത്തെ നിരാകരിച്ചിരുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാട് തന്നെയായിരുന്നോ മേല്‍ പറഞ്ഞവരുടേതെന്ന് പരിശോധിക്കുന്നതില്‍ ഇപ്പോള്‍ പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ല. കാരണം, സ്വകാര്യ ഉടമാവകാശത്തെ നിരാകരിക്കുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവം ജനാധിപത്യത്തിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന് ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ സ്വപ്നം കാണുന്നു പോലുമുണ്ടാകില്ല.
സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ മധ്യേഷ്യയിലെ മുസ്‌ലിംകള്‍ പിന്തുണച്ചിരുന്നുവെന്നതാണ് വലിയ കാര്യമായി ലേഖനം എടുത്തു പറയുന്നത്. സാര്‍ ചക്രവര്‍ത്തിമാരുടെ കിരാതമായ മര്‍ദക വാഴ്ചയില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്ന റഷ്യയിലെയും മധ്യേഷ്യയിലെയും മുസ്‌ലിംകള്‍ ലെനിന്റെ മോഹന വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ച് വിപ്ലവത്തെ തുടക്കത്തില്‍ പിന്തുണച്ചിരുന്നുവെന്നത് ശരിയാണ്. സാംസ്‌കാരികമായ സ്വയം നിര്‍ണയാവകാശമാണ് ലെനിന്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ മധ്യേഷ്യന്‍ രാജ്യങ്ങള്‍ സോവിയറ്റ് യൂനിയനില്‍ ലയിപ്പിക്കപ്പെട്ടതിനു ശേഷം ആദ്യം ലെനിനും പിന്നീട് സ്റ്റാലിനും എന്താണ് അവര്‍ക്ക് തിരിച്ച് നല്‍കിയത് എന്നതിന് എഴുപത് വര്‍ഷത്തെ ആ രാജ്യങ്ങളുടെ ചരിത്രം സാക്ഷിയാണ്. മത സ്വാതന്ത്ര്യം തടയപ്പെടുന്നതിനും പള്ളികളും മത കലാലയങ്ങളും വ്യാപകമായി അടച്ചുപൂട്ടപ്പെടുന്നതിനുമാണല്ലോ എഴുപത് വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ആ രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ചത്.
ചരിത്രത്തിലെ ഇത്തരം ദുരനുഭവങ്ങളെ വീണ്ടും ഓര്‍മിക്കാന്‍ അവസരം നല്‍കുന്നതിന് പകരം, ആസുരമായ ഫാഷിസ്റ്റ് കാലത്തിന്റെ ചിലമ്പൊലികള്‍ ഓരോ ഭാരതീയന്റെയും കര്‍ണപുടത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യനവസ്ഥയില്‍ അതിനെ പ്രതിരോധിക്കാന്‍ എന്ത് അജണ്ടയാണ് തങ്ങളുടെ ആവനാഴിയിലുള്ളത് എന്ന് പറയുകയാണ് ന്യൂനപക്ഷവുമായി അര്‍ഥപൂര്‍ണമായ സംവാദം സി.പി.എം ആഗ്രഹിക്കുന്നുവെങ്കില്‍ വേണ്ടിയിരുന്നത്. നൂറു കണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ വിചാരണ കൂടാതെ തുറുങ്കിലടക്കപ്പെടാന്‍ കാരണമായ യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ മുഖ്യധാരയുടെ പ്രകാശന ചടങ്ങില്‍ പാര്‍ട്ടി ജനറള്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശബ്ദമുയര്‍ത്തിയത് നല്ല കാര്യമാണ്. എന്നാല്‍, യു.എ.പി.എ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ സി.പി.എം മെമ്പര്‍മാര്‍ ഒന്നും ഉരിയാടിയിരുന്നില്ലെന്ന് മാത്രമല്ല, കേരളത്തില്‍ ആ നിയമം ആദ്യമായി നടപ്പാക്കിയത് ഇടതുപക്ഷ ഭരണകൂടമായിരുന്നുവെന്ന വസ്തുതയും ന്യൂനപക്ഷങ്ങള്‍ക്ക് കാണാതിരിക്കാനാകുമോ? അതെന്തോ ആകട്ടെ, ഈ വൈകിയ വേളയിലെങ്കിലും യു.എ.പി.എ പ്രകാരം അന്യായമായി തുറുങ്കിലടക്കപ്പെട്ട മുസ്‌ലിംകളുടെ മോചനത്തിനു വേണ്ടി ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിന് സി.പി.എം തയാറുണ്ടോ?
ഗുജറാത്ത് കലാപാനന്തരമുള്ള  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിയമപോരാട്ടങ്ങളുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള വര്‍ഗീയ വാദികള്‍ക്ക് വിട്ടു കൊടുത്ത് ഇടതുപക്ഷ പ്രസ്ഥാനം കൈയുംകെട്ടി നോക്കി നില്‍ക്കുന്നത് തന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്ന് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള 'കേളു ഏട്ടന്‍ പഠനകേന്ദ്രം' പത്ത് വര്‍ഷം മുമ്പ് കോഴിക്കോട് സംഘടിപ്പിച്ച ഒരു ഗുജറാത്ത് സെമിനാറില്‍ വെച്ച് അന്‍ഹദിന്റെ നേതാവ് ശബ്‌നം ഹാശിമി സി.പി.എം നേതാക്കളുടെ മുഖത്ത് നോക്കി പറഞ്ഞത് ഖുത്വ്ബുദ്ദീന്‍ അന്‍സാരിയെ എഴുന്നെള്ളിച്ച് കൊണ്ടുവന്ന ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോവുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, സമാധാനപരമായി പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെ തീവ്രവാദികളും വര്‍ഗീയവാദികളുമായി  ചാപ്പകുത്തി മതപരമായ ധ്രുവീകരണം സൃഷ്ടിക്കുന്നതിനു പകരം കഴിഞ്ഞകാല തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന്റെ പരിഹാരത്തിനായി ശ്രമിക്കുകയാണ് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സി.പി.എമ്മിനെ പോലുള്ള ഒരു മതേതര പാര്‍ട്ടി ചെയ്യേണ്ടത്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍