സ്ത്രീകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ഏഴു വര്‍ത്തമാനങ്ങള്‍
സ്ത്രീയെ ദൈവം സൃഷ്ടിച്ചത് പ്രത്യേക ദൗത്യനിര്‍വഹണത്തിനുതകുന്ന പ്രകൃതിയോടെയാണ്. അവള്‍ ശാന്തിയും അഭയവും അരുളണം. മനഃസമാധാനവും സുരക്ഷിതത്വബോധവും ഏകണം. പുതിയ ചിന്തകളിലേക്കും ഭാവനകളിലേക്കും പുരുഷനെ ഉണര്‍ത്തണം. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ലാളനകളാല്‍ ജീവിതത്തെ തരളിതമാക്കണം. അതിനാല്‍, സൃഷ്ടിപരവും സര്‍ഗപരവുമായ ഇത്തരം സവിശേഷ സിദ്ധികളാല്‍ അനുഗൃഹീതയായ സ്ത്രീയുമായി ഇടപെടുന്നതിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. നബി(സ) ഈ വശം അറിഞ്ഞാണ് പെരുമാറിയത്. ഒരു ഹജ്ജ് യാത്രാവേളയില്‍ ഗാനമാലപിച്ച് ഒട്ടകക്കൂട്ടങ്ങളെ അന്‍ജശ ധൃതിയില്‍ തെളിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്ന നബിപത്‌നി സ്വഫിയ്യ ബിന്‍ത് ഹുയയ്യ് വാഹനപ്പുറത്ത്‌നിന്ന് വീണു. സംഘം യാത്രനിര്‍ത്തി. സ്വഫിയ്യയുടെ കവിളിണകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ സ്വകരം കൊണ്ട് തുടച്ചുകൊടുത്ത് ആശ്വസിപ്പിച്ച് നബി(സ) അന്‍ജശക്ക് നിര്‍ദേശം നല്‍കി: ''യാ അന്‍ജശ! രിഫ്ഖന്‍ ബില്‍ ഖവാരീര്‍'' (അന്‍ജശ! പളുങ്കു പാത്രങ്ങളാണ്, സൗമ്യമായും ശ്രദ്ധിച്ചും വേണം കൈകാര്യം ചെയ്യാന്‍). സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പങ്കുളു പാത്രങ്ങള്‍ പൊട്ടിച്ചിതറും. ചിതറിയ പളുങ്കുചില്ലുകള്‍ വീണ്ടും സംയോജിപ്പിക്കാന്‍ എളുപ്പമല്ല. പൊട്ടിച്ചിതറുക എന്നാല്‍ അവഹേളനമോ അതിക്രമമോ അവഗണനയോ അനാദരവോ അകാരണമായ വിവാഹമോചനമോ ഒക്കെയാവാം. എന്തൊരു ശ്രദ്ധയും ജാഗ്രതയുമാണ് പ്രവാചകന്‍ പ്രദര്‍ശിപ്പിച്ചത്!
പരിഗണനയും സുരക്ഷിതത്വ ബോധവുമാണ് പുരുഷനില്‍ നിന്ന് മുഖ്യമായും സ്ത്രീ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ട കാര്യമാണ്. പിതാവോ സഹോദരനോ ഭര്‍ത്താവോ ഇവ രണ്ടും ഉറപ്പുവരുത്തിയാല്‍ അവള്‍ ഏറെ സന്തോഷവതിയായി. സ്ത്രീക്ക് വേണ്ട പരിഗണന നല്‍കി അവളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്ന ഏഴ് നടപടികള്‍ ഞാന്‍ വിശദീകരിക്കാം. ഭാര്യയുമായോ ഉമ്മയുമായോ സഹോദരിയുമായോ ഉള്ള ബന്ധങ്ങളില്‍ കാലുഷ്യം അനുഭവപ്പെടുന്നുവെങ്കില്‍ ഇവയൊന്നു പരീക്ഷിച്ചുനോക്കൂ:
1. അവളുടെ സാമര്‍ഥ്യത്തെയും ചിന്താഗതിയെയും പുകഴ്ത്തുക. ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞ് നോക്കൂ: ''നീ ബുദ്ധിമതിയാണ്. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിന്റെ ഇടപെടലാണ് എന്നെ സഹായിച്ചത്.'' ഈ വാക്കുകള്‍ സ്ത്രീയില്‍ ഉണ്ടാക്കുന്ന മനോവീര്യവും ആത്മവിശ്വാസവും വലുതാണ്. അവളുടെ വ്യക്തിത്വത്തിന്റെ വളര്‍ച്ചക്കും അത് ഉതകും. ഞങ്ങളുടെ ഭാഷയില്‍ ഇതിന് 'ഇന്റലക്ച്വല്‍ ബ്യൂട്ടി' എന്ന് പറയും.
2. അവളുടെ സൗന്ദര്യത്തെയും രൂപസൗകുമാര്യത്തെയും വാഴ്ത്തുക. ഇതിന് 'ഫിസിക്കല്‍ ബ്യൂട്ടി' എന്നാണ് പറയുക. സ്ത്രീകള്‍ക്ക് പൊതുവില്‍ തങ്ങളുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് അങ്ങേയറ്റം ശ്രദ്ധയും മതിപ്പുമാണ്. ആരെങ്കിലും അത് പുകഴ്ത്തിപ്പറഞ്ഞാല്‍ അവര്‍ പുളകം കൊള്ളും. അവളുടെ സൗന്ദര്യം, വസ്ത്രം, വസ്ത്രധാരണ രീതി, സുഗന്ധം- അങ്ങനെ എല്ലാറ്റിനെയും പ്രശംസിക്കാം. ഈ പ്രശംസ അവളുടെ കാതുകള്‍ക്ക് ഇമ്പമാണ്.
3. ദാമ്പത്യബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവളോട് പറയുക. അവളെച്ചൊല്ലി നിങ്ങള്‍ അഭിമാനിക്കുന്നതായി അവളെ ബോധ്യപ്പെടുത്തുക. നിങ്ങളെ പരിചരിക്കുന്നതിലും തുണക്കുന്നതിലും അവള്‍ പാടുപെടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അവളെ അറിയിക്കുക. അവളുടെ ത്യാഗ സന്നദ്ധയെയും സമര്‍പ്പണ മനസ്സിനെയും, നിങ്ങളുടെ മാതാപിതാക്കളെയും സഹോദരീ സഹോദരങ്ങളെയും പരിചരിക്കുന്നതില്‍ അവള്‍ കാണിക്കുന്ന ശുഷ്‌കാന്തിയെയും ഉത്സാഹത്തെയും പ്രകീര്‍ത്തിക്കുക.
4. നിങ്ങളുടെ ജീവിതത്തില്‍ അവളുടെ സ്ഥാനവും പ്രാധാന്യവും എടുത്തു പറയുക. നിങ്ങളുടെ ജീവിതസഖിയും സുഹൃത്തുമാണെന്ന് നിങ്ങളുടെ നാവിലൂടെ അവള്‍ കേള്‍ക്കട്ടെ.
5. 'വെറുതെയല്ല ഭാര്യ' എന്ന് നിങ്ങളുടെ സമീപനത്തിലൂടെ അവളെ ബോധ്യപ്പെടുത്തുക. ഗൃഹപരിപാലനം, ഭക്ഷണം പാകം ചെയ്യല്‍, വീട്ടുപകരണങ്ങളും സാധനങ്ങളും അടുക്കി ചിട്ടയോടെ സൂക്ഷിക്കല്‍ തുടങ്ങി അവള്‍ ശ്രദ്ധയൂന്നി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുക. അതിന് പ്രത്യേക സമ്മാനവും നല്‍കാം.
6. അവള്‍ക്ക് അവളെ സ്വയം സംരക്ഷിക്കാന്‍ സാധിക്കുമെങ്കിലും അവള്‍ക്ക് വേണ്ടി വാദിക്കാനും അവള്‍ക്കെതിരില്‍ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും നിങ്ങളുണ്ടെന്ന് അവള്‍ക്ക് തോന്നണം. നിങ്ങളുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നില്‍, ഭര്‍ത്താവിനാല്‍ അങ്ങേയറ്റം സംരക്ഷിക്കപ്പെടുന്നവളാണ് താനെന്ന തിരിച്ചറിവ് അവളില്‍ ആത്മവിശ്വാസവും നിങ്ങളോടുള്ള കൂറും വര്‍ധിപ്പിക്കും. നിങ്ങളുടെ ഉറച്ച നിലപാടും അവളോടു ചേര്‍ന്നുനിന്നുള്ള സംസാരവും കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നില്‍ വെച്ചാവുമ്പോള്‍ ജീവിതകാലം അവള്‍ ആ അഭിമാനമുഹൂര്‍ത്തങ്ങളെ മറക്കില്ല.
7. അവളോട് സഹാനുഭൂതി കാട്ടുക. അവളുടെ വികാരങ്ങളും മനോഗതികളുമറിഞ്ഞ് പെരുമാറുക. ഇടക്ക് കയറി ഇടപെടാതെ ശ്രദ്ധാപൂര്‍വം അവള്‍ പറയുന്നത് കേള്‍ക്കുക. അവളാഗ്രഹിക്കുന്നത് അവളുടെ വികാരങ്ങളോടൊപ്പമുള്ള നിങ്ങളുടെ നില്‍പാണ്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നോര്‍ക്കുക.
സ്ത്രീയുടെ സ്‌ത്രൈണത അംഗീകരിച്ചേ മതിയാവൂ. ആഭരണമണിയിച്ചു വളര്‍ത്തപ്പെടുന്ന (അവമന്‍ യുനശ്ശഉ ഫില്‍ ഹില്‍യത്തി) എന്ന ഖുര്‍ആന്‍ (സുഖ്‌റുഫ്:18) പരാമര്‍ശം സ്ത്രീയെ സംബന്ധിച്ചാണെന്ന് മുഫസ്സിറുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്റേതില്‍നിന്ന് വ്യത്യസ്തമാണ് ആ പ്രകൃതി. പുരുഷന്‍ സ്ത്രീയോട് പുരുഷനോടെന്ന പോലെ പെരുമാറുന്നതും സംസാരിക്കുന്നതുമാണ് ഏറ്റവും വലിയ തെറ്റ്. അവള്‍ക്ക് മനസ്സിലാവാത്ത ഭാഷയാണത്. ആ ഭാഷ അവളെ അലോസരപ്പെടുത്തും. അവള്‍ അസ്വസ്ഥയാവും. പ്രവാചകന്റെ, ഭാര്യമാരോടുള്ള സമീപനം എത്രമാത്രം സൗമ്യമായിരുന്നു, എന്തുമാത്രം മധുരോദാരമായിരുന്നു! അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലേ പ്രവാചകന്‍ സംസാരിക്കുകയുള്ളൂ. പിതാവായ അബൂബക്ര്‍(റ) ശാസിക്കാനൊരുങ്ങിയപ്പോള്‍ ആഇശ(റ)യുടെ രക്ഷക്കെത്തി അവര്‍ക്ക് വേണ്ടി സംസാരിച്ചത് റസൂലായിരുന്നുവല്ലോ. ആഇശ(റ) ഓര്‍ത്ത് പറയുന്ന അത്തരം നിരവധി സന്ദര്‍ഭങ്ങളുണ്ട്. സ്വഹാബിമാരുടെ മുന്നിലും തന്റെ ഭാര്യമാരോടുള്ള സ്‌നേഹം നബി(സ) മറച്ചുവെച്ചില്ല. അവരോടൊത്തിരിക്കും, സല്ലപിക്കും, കൊച്ചു വര്‍ത്തമാനങ്ങള്‍ പറയും. അവരുടെ പരാതികള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കും. ഉമ്മുസര്‍ഇന്റെ കഥപോലെ പല കഥകളും പറഞ്ഞുകൊടുക്കും. പത്‌നി ഖദീജയുടെ മരണശേഷം അവരുടെ കൂട്ടുകാര്‍ക്ക് ആ നല്ല നാളുകളോര്‍ത്ത് പ്രവാചകന്‍ ഉപഹാരങ്ങള്‍ എത്തിച്ചുകൊടുക്കുമായിരുന്നു.
വിവ: പി.കെ.ജെ
Comments