വിശ്വാസം തലയിലല്ല, തലച്ചോറിലാണ്
ആത്മീയത മതത്തിന്റെ മൗലികതയാണ്. വിശ്വാസവുമായി ബന്ധമുണ്ടാവുമ്പോഴാണ് ആത്മീയതക്ക് മൗലികതയുണ്ടാകുന്നത്. പ്രമാണത്തിന്റെയും ബുദ്ധിയുടെയും പ്രായോഗികതയുടെയും സാര്‍വലൗകികതയുടെയും പിന്‍ബലമുണ്ടാകുമ്പോള്‍ വിശ്വാസം സ്വീകരിക്കപ്പെടുന്നു. അപ്പോഴത് ആത്മീയതയാകുന്നു. ഇത്തരം പിന്‍ബലമില്ലാത്തതെല്ലാം അന്ധവിശ്വാസങ്ങളാണ്. അന്ധവിശ്വാസങ്ങള്‍ക്ക് ആള്‍ക്കൂട്ടമുണ്ടാകും. അബദ്ധാശയങ്ങള്‍ക്ക് ചിലപ്പോള്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചെന്നും വരാം. ''എന്റെ പിന്നിലെ ആള്‍ക്കൂട്ടത്തിന് തലയുണ്ട്, തലച്ചോറില്ലാതെ പോയി'' എന്ന് മാര്‍ക്‌സ് ദാസ്‌കാപിറ്റലില്‍ വിലയിരുത്തുന്നു. വിശ്വാസം തലയിലല്ല; തലച്ചോറിലാണ് എന്ന് തിരിച്ചറിയുമ്പോള്‍ ചൂഷണമവസാനിക്കും. തലയെണ്ണി വിശ്വാസത്തിന്റെ പ്രബലതയും സംശുദ്ധിയും ആര്‍ തീരുമാനിക്കുന്നുവോ അവന്‍ പരാജയപ്പെടുകയും ചെയ്യും.
റാസ്പുടിന്‍ 'ആത്മീയതയുടെ' ആചാര്യനായിരുന്നു. വിശ്വാസം ചോര്‍ന്നുപോയ അന്ധവിശ്വാസങ്ങളുടെ ആവരണം ചാര്‍ത്തിയ ആത്മീയത കൊണ്ടുവന്നപ്പോഴാണ് റാസ്പുടിന്‍ ആചാര്യനായത്. നിങ്ങള്‍ പുരുഷന്മാരാണെങ്കില്‍ നിങ്ങള്‍ ദൈവദാസികളുമായി ശാരീരിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക. നിങ്ങള്‍ സ്ത്രീകളാണോ, എങ്കില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായ ഞാനുമായി ശരീര സമ്പര്‍ക്കത്തിലേര്‍പ്പെടുക. നിങ്ങള്‍ക്കെന്നിലൂടെ മോക്ഷം ലഭിക്കും എന്നാണ് റാസ്പുടിന്‍ പറഞ്ഞത്. സ്വതന്ത്രമായ ലൈംഗികതയെ മോക്ഷത്തിന്റെ മാര്‍ഗമായി അവതരിപ്പിക്കുന്ന ആളുകള്‍ ഇന്ന് കേരളത്തിലും ഉണ്ട്.
കേരളത്തിലെ അറിയപ്പെടുന്ന ഒരു ആത്മീയ ആചാര്യനെ രതിവൈകൃതങ്ങളുടെ പേരില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ഹൈന്ദവ ദര്‍ശനത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ടാണ് അതിനെ ചോദ്യം ചെയ്തത്. ഞാന്‍ മഹാനിര്‍വാണത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചതെന്നും സ്വതന്ത്രമായ ലൈംഗികതയിലൂടെ മഹാനിര്‍വാണം പ്രാപിക്കാനുള്ള മാനദണ്ഡത്തെ നിങ്ങള്‍ ബലാല്‍സംഗം എന്ന പേര് വിളിക്കുന്നത് തെറ്റാണെന്നും പറഞ്ഞുകളഞ്ഞു അദ്ദേഹം! നമ്മുടെ നാട്ടില്‍ ഇതിന്റെ പേരാണ് ആത്മീയത!! മനുഷ്യന്റെ മനസ്സിലുള്ള മലിനമായ വികാരവിചാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള തുരുത്തായി ഇന്ന് ആത്മീയത ചുരുങ്ങിക്കളയുന്നു. മതമിന്ന് പലര്‍ക്കും തൊഴിലുറപ്പ് പദ്ധതിയായിരിക്കുന്നു. വ്യാജകേശത്തിന്റെ പേരില്‍ നടക്കുന്ന ആത്മീയ ചൂഷണം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടേണ്ടിവരുന്നത് അവിടെ മതമില്ല ചൂഷണമാണുള്ളത് എന്നത് കൊണ്ടാണ്.
ആത്മീയ ചൂഷണത്തിന് മതമില്ല. പാടത്ത് വെച്ച് ചൂഷണം നടത്തുന്നതും പൂമുഖത്ത് വെച്ച് ആത്മീയ ചൂഷണം നടത്തുന്നതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. 'തറവാട്ടി'ല്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനെതിരെയും പ്രതിഷേധങ്ങളുണ്ടാവണം. വ്യാജകേശത്തിനെതിരെ ആദ്യം രംഗത്തിറങ്ങിയവര്‍ക്കാണ് അത് ലഭിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്നത് ഒരു ചോദ്യമാണ്. വ്യാജകേശ ചൂഷണ തുരുത്ത് തങ്ങളുടെ കീഴിലായില്ല എന്നതാവരുത് എന്നതിന്റെ മാനദണ്ഡം. ചൂഷണത്തിന് എതിരെയുള്ള പ്രതിഷേധത്തിന് പ്രസ്ഥാനം നോക്കേണ്ടതില്ല. ചൂഷണവിരുദ്ധ പ്രതിഷേധ കൂട്ടായ്മക്കും അതേ. മതത്തിന്റെ ആത്മീയതയെ അല്ല, ആത്മീയതയുടെ വാണിഭത്തെയാണ് ഇവിടെ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ആത്മീയ കച്ചവടത്തിന്റെ വരുമാനം നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നിയമമില്ല എന്നത് ആത്മീയ വാണിഭം തഴച്ചുവളരാനുള്ള മുഖ്യകാരണമാണ്. ആധാര്‍ കാര്‍ഡ് സ്വായത്തമാക്കിയ എഴുനൂറിലേറെ 'ദൈവങ്ങള്‍' ഇന്ത്യയിലുണ്ട്. അവര്‍ മണിമാളികകളില്‍ ജീവിക്കുന്നു. ആ സമ്പത്ത് എങ്ങനെയാണവര്‍ നേടിയതെന്ന് പരിശോധിക്കാന്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഇത് ആത്മീയ കച്ചവടത്തിന് ശക്തിപകരുന്നു. ഇത്തരം ആത്മീയ സാമ്പത്തിക ചൂഷണങ്ങള്‍ തടയാന്‍ നിയമമുണ്ടാകേണ്ടതുണ്ട്. അതിന് ഭരണാധികാരികള്‍ മുന്‍കൈയെടുക്കണം. മതടൂറിസത്തിന്റെ സംസ്‌കാരത്തിലേക്ക് മലബാറിന്റെ പൈതൃക മണ്ണിനെ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഇനിയും വലിയ പ്രതിഷേധം തന്നെ നടക്കേണ്ടതുണ്ട്.
Comments