ഇസ്‌ലാം ഏതെങ്കിലും മുടിയില്‍ കുടുങ്ങിക്കിടക്കുകയല്ല
ഇസ്‌ലാം എന്ന ആദര്‍ശ സംഹിതയുടെ മുഖ്യസവിശേഷത ചിന്തക്കും പഠനത്തിനും അത് നല്‍കിയ പ്രാധാന്യമാണ്. അജ്ഞരായ ആറാം നൂറ്റാണ്ടിലെ ജനതയുടെ മുമ്പില്‍ ആധുനിക ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന ധൈഷണികവും വൈജ്ഞാനികവുമായ സമഗ്ര വിപ്ലവം സൃഷ്ടിച്ച പ്രത്യയശാസ്ത്രത്തെ അവമതിക്കാന്‍ മാത്രമേ മുടിപ്രശ്‌നം ഉതകുന്നുള്ളൂ. വൈജ്ഞാനികമായി വലിയ മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ ലോകത്ത് എങ്ങനെയാണ് ഒരു സംഘം മുടിയില്‍ കുടുങ്ങി മുന്നോട്ട് പോകാന്‍ കഴിയാതെ നില്‍ക്കുന്നത് എന്നത് ആലോചനാ വിധേയമാക്കേണ്ടതാണ്. ഇസ്‌ലാം ഏതെങ്കിലും മുടിയില്‍ കുടുങ്ങിക്കിടക്കുന്ന ഒന്നല്ല.
ഇസ്‌ലാമിന്റെ ഉള്ളടക്കം തന്നെ ചിന്ത, പഠനം, സംവാദം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഉള്ളടക്കത്തോട് നീതിപുലര്‍ത്തിക്കൊണ്ട് നേതൃത്വം നല്‍കുന്നവരാകണം മതപണ്ഡിതന്മാര്‍. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ പിന്‍ഗാമികളാണല്ലോ. പ്രവാചകന്മാര്‍ ഇവിടെ ഇട്ടേച്ച് പോയതാകട്ടെ ദിര്‍ഹമും ദീനാറുമല്ല, ജ്ഞാനമാണ്. ആ ജ്ഞാനത്തെ അനന്തരമെടുത്തവരാണ് പണ്ഡിതന്മാര്‍. പൗരോഹിത്യത്തിന് ജ്ഞാനവുമായല്ല, പണവുമായാണ് ബന്ധം.
പണ്ഡിതനും പുരോഹിതനും വെവ്വേറെയാണ്. പുരോഹിതന്മാര്‍ എന്നും അധികാരി വര്‍ഗത്തിന്റെ കൂടെയാണ്. അവരെന്നും മതത്തെ തകര്‍ത്തിട്ടേയുള്ളൂ. അതുകൊണ്ടുതന്നെ പണ്ഡിതന്മാര്‍ക്ക് ഒട്ടേറെ ചെയ്യാനുള്ള കാലമാണിത്. അപ്പോഴാണ് ചില പണ്ഡിതവേഷധാരികള്‍ പ്രവാചകന്റെ മുടിയെന്നു പറഞ്ഞ് വ്യാജകേശവുമായി വന്ന് സമുദായത്തെ പിന്നോട്ടു വലിക്കുന്നത്. ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മീയതയെ വികൃതമാക്കാനുള്ള ശ്രമമാണിത്. ഇത് പണ്ഡിത ദൗത്യമല്ല, മറിച്ച് പൗരോഹിത്യ പാരമ്പര്യമാണ്. ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മീയത വഴിതെറ്റാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയ പാരമ്പര്യമാണ് നബി(സ)ക്കും അനുചരന്മാര്‍ക്കുമുള്ളത്. അതിലൊന്നാണ് പ്രവാചകന്റെ മകന്‍ മരിച്ച സന്ദര്‍ഭത്തില്‍ ഗ്രഹണം ബാധിച്ച സംഭവം. നബിയുടെ മകന്‍ മരിച്ച ദുഃഖത്തില്‍ പ്രപഞ്ചം പങ്കുചേര്‍ന്നതാണ് ഗ്രഹണ കാരണമെന്ന് ചില നിഷ്‌കളങ്കരായ അനുയായികള്‍ പ്രചരിപ്പിച്ചു. റസൂലിന് വേണമെങ്കില്‍ അത് തനിക്കുള്ള ക്രെഡിറ്റായി കരുതി മൗനമവലംബിക്കാമായിരുന്നു. പക്ഷേ അതിനെ നിഷേധിച്ച് മിമ്പറില്‍ കയറി റസൂല്‍(സ) പ്രഖ്യാപിച്ചു, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും ആരുടെയെങ്കിലും മരണം കൊണ്ട് ഗ്രഹണം സംഭവിക്കുകയില്ലെന്നും. ഈ പാരമ്പര്യമാണ് സ്വഹാബികളും പിന്തുടര്‍ന്നത്. ഉമര്‍(റ) ഖലീഫയായ കാലത്ത് 'ബൈഅത്ത് രിദ്‌വാന്‍' നടന്ന മരത്തിന് നേരെ ചിലര്‍ പ്രത്യേകം സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അത് മുറിച്ച്കളയാന്‍ കല്‍പ്പിച്ച സംഭവവും ഇവിടെ സ്മരണീയമാണ്. ഇതേ പാരമ്പര്യമാണ് നാലു ഖലീഫമാരും അതിന് ശേഷമുള്ളവരും പിന്തുടര്‍ന്നത്. നേതാവിനോടുള്ള വൈകാരികബന്ധം അദ്ദേഹത്തിന്റെ തിരുശേഷിപ്പുകളോടുള്ള ആരാധനയായി മാറാന്‍ അവര്‍ അനുവദിച്ചില്ല. ഈ പാതയാണ് പണ്ഡിതന്മാര്‍ പിന്‍പറ്റേണ്ടത്. ഖുര്‍ആനും ഹദീസുമാണ് പിന്‍പറ്റാനായി നബി(സ) അവശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ നബി(സ)യുടെ ഭൗതിക തിരുശേഷിപ്പുകളല്ല.
Comments