'തിരുകേശം' ചൂഷണത്തിന്റെ പുതിയകാല മാതൃക
ഇന്ത്യയുടെ ചൊവ്വാദൗത്യം ശ്രീഹരിക്കോട്ടയില്‍ നിന്ന് ആകാശ ലോകത്തേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു മുടി പ്രശ്‌നവുമായി കേരള മുസ്‌ലിംകള്‍ വാഗ്വാദം നടത്തുന്നത്. ഇതിലും വലിയ ഒരു നാണക്കേടുണ്ടോ? മുടിയുടെയും താടിയുടെയും പേരില്‍ സമൂഹം തര്‍ക്കിച്ച് ശത്രുക്കള്‍ക്ക് മുമ്പില്‍ ദുര്‍ബലമായി പോവുന്നതില്‍ നമുക്ക് പരിതപിക്കാം. ഇസ്‌ലാം എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരാണ്. സകലവിധ ചൂഷണങ്ങള്‍ക്കുമെതിരില്‍ ഐക്യത്തോടെ പൊരുതേണ്ടവരാണ് മുസ്‌ലിം സമൂഹം. ഇസ്‌ലാമിന്റെ പ്രാഥമികമായ ലക്ഷ്യങ്ങളില്‍പെട്ടതാണത്. ജനങ്ങള്‍ക്ക് തെറ്റായ വ്യാമോഹങ്ങള്‍ കൊടുത്തുകൊണ്ട്, അതില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നതിനെയാണ് ചൂഷണം എന്നുപറയുന്നത്. മതപരമായാലും സാമ്പത്തികമായാലും രാഷ്ട്രീയപരമായാലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ ചൂഷണം ചെയ്യുന്നത് ഇസ്‌ലാമില്‍ നീതികരിക്കാനാവാത്ത തെറ്റാണ്. മുടി കൊണ്ടായാലും തടി കൊണ്ടായാലും ചൂഷണം ഇസ്‌ലാം അംഗീകരിക്കുന്നില്ല.
ആത്മീയ കച്ചവടം എന്ന പദം പ്രയോഗിക്കുന്നതില്‍ ചില ശരികേടുണ്ട്. കച്ചവടത്തിന് മുന്‍കൂട്ടി, ആദ്യം കുറച്ച് മൂലധനമിറക്കണം. ഇവിടെ അതില്ല; ഈ ചുഷണത്തിന് ജനങ്ങളെ വ്യാമോഹിപ്പിച്ച് അവരുടെ കാശിറക്കിപ്പിക്കുകയാണ്. ഇത് കച്ചവടമല്ല, തീര്‍ത്തും ചൂഷണമാണ്. മതത്തിന്റെ പേരില്‍ ചൂഷണത്തിന്റെ വേലിയേറ്റമാണ് ഇവിടെ അരങ്ങേറുന്നത്. പള്ളികളുടെ മുമ്പിലെ നേര്‍ച്ചക്കുറ്റികളില്‍ നിന്നതാരംഭിക്കുന്നു. 'ധര്‍മം ആപത്തുകളെ തടയുന്നു' എന്നാണ് നേര്‍ച്ചക്കുറ്റികളുടെ താഴെ എഴുതിയിരിക്കുന്നത്. ആര്‍ക്കാണ് ഈ ധര്‍മം കൊടുക്കുന്നത്? അല്ലാഹുവിനാണോ? ദൈവത്തിന് ധര്‍മവും സംഭാവനയും ആവശ്യമില്ല. ഒരു നയാപൈസയും അല്ലാഹുവിനാവശ്യമില്ല. അതാണ് ഇതര വിശ്വാസങ്ങളില്‍ നിന്ന് നമ്മുടെ ദൈവവിശ്വാസത്തിന്റെ പ്രത്യേകത. എന്നാല്‍ ആത്മീയ ചൂഷണം ദൈവിക ഭവനത്തിന്റെ മുമ്പിലുള്ള ഈ നേര്‍ച്ചക്കുറ്റികളില്‍ നിന്നാരംഭിക്കുന്നു.
മഖ്ബറകളില്‍ സിയാറത്തിന് പോകുന്നവരാരും അവിടത്തെ ഭണ്ഡാരപ്പെട്ടികളില്‍ കാശിടാതെ തിരിച്ച് പോരാറില്ല. ആര്‍ക്കാണീ കാശ്? മരിച്ച് പോയവര്‍ക്കാണോ? അല്ല. ജീവിച്ചിരിക്കുന്നവരാണ് ഈ സാമ്പത്തിക ചൂഷണം നടത്തുന്നത്. അതില്‍ പണ്ഡിതരും നേതാക്കളുമുണ്ട്. അവരാണ് ഈ ഭണ്ഡാരപ്പെട്ടികള്‍ക്ക് പിന്നിലെല്ലാം. ഇസ്‌ലാം ഈ വിധ ചൂഷണങ്ങളെയും ചൂഷകരെയും അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ഇത്തരം പുരോഹിതന്മാരെയും നേതാക്കളെയും കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ''വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും'' (തൗബ 34).
ബനൂഇസ്‌റാഈലിലെ പണ്ഡിതന്മാരെ കുറിച്ചാണ് ഈ ആയത്ത്. നമ്മളും ഇങ്ങനെ ആവാന്‍ പാടില്ല എന്ന് ഉണര്‍ത്താനാണ് ഖുര്‍ആനത് പരാമര്‍ശിച്ചത്. ജനങ്ങളുടെ സമ്പത്ത് അനധികൃതമായി ഭക്ഷിക്കുന്ന നേതാക്കന്മാരും പണ്ഡിതന്മാരും ഇസ്‌റാഈല്‍ സമൂഹത്തിലുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് എക്കാലത്തേക്കുമുള്ള ജാഗ്രതാ നിര്‍ദേശമാണിത്. സാധുക്കളും ദുര്‍ബല വിശ്വാസികളുമായ ആളുകളെ തന്ത്രത്തില്‍ ചൂഷണം ചെയ്യാന്‍ നടക്കുന്ന ആളുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കാന്തപുരത്തിന്റെ കൈയിലുള്ള 'തിരുകേശവും' അത് സംരക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മുടിപ്പള്ളിയും ഇതിന്റെ ഭാഗമായി കാണണം.
തിരുകേശത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്കെന്റെ നിലപാടുണ്ട്. റസൂല്‍(സ)ന്റെ മുടി കത്തിച്ചാല്‍ കത്തില്ല എന്നതാണത്. അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാരുടെ വിശ്വാസമാണത്. അബൂബക്കര്‍ മുസ്‌ലിയാരുടെ കൈയിലുള്ള മുടി ഒറിജിനല്‍ തിരുകേശമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എങ്കില്‍ അത് ഒറിജിനല്‍ ആണോ എന്ന് കത്തിച്ച് പരിശോധിച്ച് ബോധ്യപ്പെടുത്താവുന്നതേ ഉള്ളൂ. എന്തുകൊണ്ട് കാന്തപുരവും സംഘവും അതിന് തയാറാവുന്നില്ല? മുടി മുഴുവന്‍ കത്തിക്കേണ്ട. അതിന്റെ ചെറിയൊരു ഭാഗം കത്തിച്ചാല്‍ തന്നെ അഭിപ്രായ വ്യത്യാസം തീരും.
മുടി സംരക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഹജ്ജതുല്‍ വിദാഇല്‍ നബി(സ) മുടി കളഞ്ഞപ്പോള്‍ അത് സ്വഹാബികള്‍ക്ക് വീതം വെച്ച് നല്‍കുകയുണ്ടായി. മുടി സംരക്ഷിക്കാന്‍ പള്ളി നിര്‍മിക്കേണ്ടതുണ്ടെങ്കില്‍ അത് ലഭിച്ച സ്വഹാബികളാദ്യം അതിന് ഒരുങ്ങുമായിരുന്നു. അങ്ങനെ സ്വഹാബികള്‍ മുന്നോട്ട് വന്നിരുന്നുവെങ്കില്‍ മദീനയില്‍ ധാരാളം മുടിപ്പള്ളികള്‍ ഉണ്ടാകുമായിരുന്നു. റസൂലിന്റെ മുടി ഒരാളും സ്വകാര്യ സ്വത്താക്കാതിരിക്കാനാണ് അവിടെ കൂടിയ എല്ലാ സ്വഹാബികള്‍ക്കും അത് വീതംവെച്ച് കൊടുക്കാന്‍ റസൂല്‍ ആവശ്യപ്പെട്ടതിന്റെ യുക്തി. അതിനാല്‍ മുടി സംരക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നത് പൂര്‍ണ ബിദ്അത്താണ്. റസൂലിന്റെ മുടി ലഭിച്ച ഒരു സ്വഹാബിയും അത് പ്രതിഷ്ഠിക്കാന്‍ പള്ളി പണിതിട്ടില്ലെന്നതുതന്നെ അതിന് ഒന്നാമത്തെ തെളിവ്. ഇപ്പോള്‍ മുടി വെക്കാനും പിന്നീട് തന്റെ തടി വെക്കാനും ഉദ്ദേശിച്ച് കാന്തപുരം പണിയുന്ന 'മസ്ജിദ് ആസാര്‍' പൂര്‍ണ ബിദ്അത്താണെന്നതില്‍ യാതൊരു സംശയവുമില്ല. മുടി സംരക്ഷിക്കാനെന്ന പേരില്‍ ഒരു പള്ളി വന്നാല്‍ പിന്നീടത് ആരാധനാ കേന്ദ്രമാകും. പലയിടത്തുനിന്നും അങ്ങോട്ട് തീര്‍ഥാടകരെത്തും. പലവിധ അന്ധവിശ്വാസങ്ങളും അതിന്റെ ഭാഗമായി വളര്‍ന്നുവരും. അതിനാല്‍ മുടിവെക്കുന്ന, തടി വെക്കുന്ന പള്ളിക്കെതിരെ മുഴുവന്‍ മുസ്‌ലിം സംഘടനകളും രംഗത്ത് വരേണ്ടതുണ്ട്.
റസൂല്‍(സ) ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു വിഷയമാണ് ഖബ്‌റിനോടനുബന്ധിച്ച ആരാധനകളും ആചാരങ്ങളും. അല്ലാഹുവിനോടുള്ള റസൂലിന്റെ പ്രാര്‍ഥന ഹദീസുകളില്‍ വന്നിട്ടുണ്ട്. ''അല്ലാഹുവേ, എന്റെ ഖബ്ര്‍ ആരാധിക്കപ്പെടുന്ന പ്രതിമയാക്കി മാറ്റരുതേ'' എന്നാണത്. വിടവാങ്ങുന്നതിന് മുമ്പ് പലതവണ റസൂല്‍(സ) മുന്നറിയിപ്പ് നല്‍കിയ ഒരു വിഷയം കൂടിയാണത്. ''ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ നബിമാരുടെ ഖബ്‌റുകളെ പള്ളികളാക്കി മാറ്റി.'' തന്റെ ഖബ്ര്‍ പോലും ആരാധിക്കപ്പെടാന്‍ പാടില്ലെന്ന ജാഗ്രത നല്‍കിയ പ്രവാചകന്റെ സമുദായം തന്നെ സിയാറത്തിന്റെ മറവില്‍ മഖ്ബറകള്‍ ചൂഷണ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ആരാധനാഭാവത്തിലേക്ക് ദുര്‍ബല വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം 'സിയാറത്തുകള്‍' ഇസ്‌ലാം അനുവദിക്കുന്നതല്ല. അതുകൊണ്ടു തന്നെ ഇന്ന് മുടിപ്പള്ളി വന്നാല്‍ നാളെയത് പലതിലേക്കും വഴിതെറ്റിപോവാന്‍ ഇടയുണ്ട്. അതിനാല്‍ എ.പി ഉസ്താദിനോട് വീണ്ടും പറയട്ടെ, താങ്കള്‍ മുടിപ്പള്ളി നിര്‍മാണത്തില്‍നിന്ന് പിന്തിരിയണം. ഈസാ നബി(അ)നെ മഹ്ശറയില്‍ അല്ലാഹു ചോദ്യം ചെയ്യുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിയോഗശേഷം അദ്ദേഹം പോലുമറിയാതെ അനുയായികള്‍ അദ്ദേഹത്തെയും ഉമ്മയെയും ആരാധ്യരാക്കിയതിന്റെ പേരിലാണാ വിചാരണ. ഇന്ന് മുടി സംരക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്ന താങ്കള്‍, നാളെ വിവരമില്ലാത്ത ജനങ്ങള്‍ അത് വഴിതെറ്റിയ മറ്റെന്തെങ്കിലും ആരാധനാ കേന്ദ്രമാക്കിയാല്‍ മഹ്ശറയില്‍ അല്ലാഹുവിന്റെ വിചാരണ നേരിടേണ്ടിവരും. അല്ലാഹുവല്ലാത്തവ ആരാധ്യ വസ്തുക്കളാക്കപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്നത് ഗുരുതരമായ പാപമാണ്. അതിനാല്‍ 'തിരുകേശ' പൂജക്ക് അവസരം ഒരുക്കുന്നവരും അതിന് പിരിവ് നല്‍കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ആ പാപത്തില്‍ പങ്കാളികളാണ്.
Comments