രാഷ്ട്രവും ഭരണസംവിധാനവും
ഇഹലോക-പരലോകങ്ങളെക്കുറിച്ച ഇസ്‌ലാമിന്റെ സവിശേഷ കാഴ്ചപ്പാട് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (2:201). ''ഞങ്ങളുടെ നാഥാ, ഈ ലോകത്തും വരാന്‍ പോകുന്ന ലോകത്തും ഞങ്ങള്‍ക്ക് നന്മ ചൊരിയേണമേ'' എന്നതാണത്. ഈ ലോകത്തും പരലോകത്തും മനുഷ്യന് നന്മ ഭവിക്കണം എന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പ്രാര്‍ഥനകള്‍, വ്രതങ്ങള്‍, തീര്‍ഥാടനങ്ങള്‍ പോലുള്ള തികച്ചും ആത്മീയമായ അനുഷ്ഠാനങ്ങള്‍ സ്ഥാപിച്ച് നിലനിര്‍ത്തുന്നതോടൊപ്പം, സകാത്ത് എന്ന സാമ്പത്തിക വ്യവഹാരത്തെയും അടിസ്ഥാന കര്‍മാനുഷ്ഠാനങ്ങളില്‍ ഒന്നായി അത് എണ്ണുന്നത്.
ഇനി പറയാന്‍ പോകുന്നത് രാഷ്ട്രനിര്‍മിതിയെക്കുറിച്ചാണ്. സാഹചര്യങ്ങള്‍ പ്രവാചകനെ ഒരു രാഷ്ട്രം നിര്‍മിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 'പ്രവാചകനെ നിര്‍ബന്ധിച്ചു' എന്ന് ഞാന്‍ പ്രയോഗിക്കാന്‍ കാരണം, ലൗകികതയെയോ ലൗകികമായ അധികാരങ്ങളെയോ കാമിക്കുന്ന ഒരാളല്ല പ്രവാചകന്‍ ഒരിക്കലും എന്നത്‌കൊണ്ടാണ്. പക്ഷേ പ്രവാചകന്‍ ഒരു രാഷ്ട്രം സ്ഥാപിച്ചതായും അതിന് നേതൃത്വം നല്‍കിയതായും നാം കാണുന്നു. അദ്ദേഹം സ്ഥാപിച്ച ഭരണസംവിധാനം നൂറ്റാണ്ടുകളോളം നിലനിന്നു. അത് തലമുറകള്‍ക്ക് നിത്യപ്രചോദനമായി നിലകൊള്ളുകയും ചെയ്യുന്നു. അദ്ദേഹം എങ്ങനെ രാഷ്ട്രം സ്ഥാപിച്ചു എന്ന് വിവരിക്കുന്നതിനുമുമ്പ്, പ്രവാചകന് മുമ്പുള്ള അറേബ്യന്‍ അവസ്ഥകളെക്കുറിച്ച് സംക്ഷിപ്തമെങ്കിലും ഒരു വിവരണം ആവശ്യമാണ്.
പ്രാചീന അറേബ്യയിലെ രാഷ്ട്രം
യൂറോപ്പിലെ മിക്ക നാഗരികതകളെക്കാളും പഴക്കമുള്ളതാണ് അറേബ്യന്‍ നാഗരികത. ആഥന്‍സും റോമും സ്ഥാപിക്കപ്പെടുന്നതിന് എത്രയോ മുമ്പ് യമന്‍ രാഷ്ട്രം നിലനില്‍ക്കുന്നുണ്ടായിരുന്നു. യമനിലെ ഭരണവ്യവസ്ഥ വളരെയേറെ വികസിതവും ആയിരുന്നു. അവിടെ നടത്തിയ ഉത്ഖനനങ്ങളില്‍ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ആദ്യകാല അറബികളുടെ നേട്ടങ്ങളിലേക്ക് നന്നായി വെളിച്ചം പായിക്കുന്നുണ്ട്. ആളൊഴിഞ്ഞ മരുഭൂമിയില്‍ മആരിബ് എന്ന് പേരായ ലോകപ്രശസ്ത അണക്കെട്ട് നിര്‍മിച്ചത് തന്നെ മതി ഇതിന്ന് തെളിവായി. ഈ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ 'കനത്ത വെള്ളപ്പാച്ചില്‍' (34:16) ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. അവിടത്തുകാര്‍ മറ്റെവിടേക്കോ പലായനം ചെയ്യേണ്ടതായും വന്നു. അണക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ അതിന്റെ മഹാനിര്‍മിതിയിലേക്ക് സൂചന നല്‍കുന്നുണ്ട്. ആഥന്‍സുകാര്‍ ചിത്രത്തില്‍ വരുന്നതിന് എത്രയോ മുമ്പ് അറബികള്‍ കൈവരിച്ച നേട്ടങ്ങളെയാണ് അത് അടയാളപ്പെടുത്തുന്നത്. സുലൈമാന്‍ (സോളമന്‍) നബിയുടെ സമകാലികയായിരുന്ന ശീബ രാജ്ഞിയായിരുന്നു യമനിലെ ഭരണാധികാരി. അവര്‍ക്ക് ശേഷം നിരവധി ഭരണാധികാരികള്‍ യമന്‍ ഭരിച്ചു. യമനിലെ ഫലഭൂയിഷ്ഠമായ ഭൂമി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വന്‍കരകളില്‍നിന്ന് അധിനിവേശകരെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചു. ഗ്രീക്കുകാര്‍ വരെ യമനെ ആക്രമിച്ചിരുന്നു. അവരുടെ ലിഖിതങ്ങള്‍ യമന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അബ്‌സീനിയയിലെ ഒരു ക്രൈസ്തവ രാജാവ് യമനിലെ പ്രാദേശിക ഭരണാധികാരികളെ പുറത്താക്കി അവിടം കൈയേറുകയുണ്ടായി. അദ്ദേഹം തലസ്ഥാന നഗരിയായ സന്‍ആയില്‍ വളരെ ആകര്‍ഷകമായ ചര്‍ച്ച് പണിതു. അങ്ങകലെ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന മക്കയിലേക്ക് തന്റെ പ്രജകള്‍ തീര്‍ഥാടനം നടത്തുന്നത് അദ്ദേഹം വിലക്കി. കഅ്ബ തകര്‍ക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിന്നായി ഒരു സൈന്യത്തെ ഒരുക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലെ 105 -ാം അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മക്കക്കെതിരെ ഈ ആക്രമണം നടക്കുന്ന വര്‍ഷമാണ് പ്രവാചകന്‍ ജനിക്കുന്നത്. ഈ ആക്രമണത്തിന് പൊതുജന പിന്തുണ ഉണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുന്നത്. അവര്‍ അബ്‌സീനിയന്‍ ഭരണാധികാരികളെ മറിച്ചിടുവാനായി ഒരു ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി. പ്രക്ഷോഭ നേതാക്കളിലൊരാള്‍ സഹായം തേടി പേര്‍ഷ്യന്‍ ചക്രവര്‍ത്തിയെ സമീപിച്ചു. സഹായാഭ്യര്‍ഥന ആലങ്കാരിക ഭാഷയിലായിരുന്നു: 'കാക്കകള്‍ ഞങ്ങളുടെ നാട് കൈയേറിയിരിക്കുന്നു.' 'ഏത് തരം കാക്കകള്‍?' ചക്രവര്‍ത്തി തിരിച്ച് ചോദിച്ചു. 'ഇന്ത്യനോ ആഫ്രിക്കനോ?' പേര്‍ഷ്യന്‍ ചക്രവര്‍ത്തിക്ക് നേരത്തെ തന്നെ യമന്‍ കീഴടക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴിതാ ഒരവസരം ഒത്തുവന്നിരിക്കുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഒരു സൈന്യത്തെ അയച്ചുകൊടുക്കുകയും അവരുടെ സഹായത്താല്‍ അബ്‌സീനിയക്കാരെ തോല്‍പ്പിക്കുകയും ചെയ്തു. ഒരു പ്രാദേശിക ഭരണാധികാരിക്ക് കീഴില്‍ പേര്‍ഷ്യക്കാര്‍ അവിടെ ഒരു ഭരണകൂടം സ്ഥാപിച്ചു. പുതിയ രാജാവിന് അനുമോദനങ്ങള്‍ കൈമാറുന്നതിന് മക്കയുടെ പ്രതിനിധിയായി അബ്ദുല്‍ മുത്തലിബ് യമന്‍ സന്ദര്‍ശിച്ചിരുന്നു. മക്കയും യമനും തമ്മിലുള്ള ബന്ധം വളരെ അടുത്തതും സൗഹൃദപൂര്‍ണവുമായിരുന്നു എന്നാണിത് കാണിക്കുന്നത്.
പേര്‍ഷ്യക്കാര്‍ വളരെ പെട്ടെന്ന് പ്രാദേശിക ഭരണാധികാരിയെ പുറന്തള്ളി യമനില്‍ തങ്ങളുടേതായ ഭരണം സ്ഥാപിച്ചു. പ്രവാചക ജീവിതത്തിന്റെ ഏതാണ്ട് അവസാന കാലത്ത് യമനില്‍ ഇസ്‌ലാം പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടത്തെ പേര്‍ഷ്യന്‍ ഭരണകൂടം ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. യമനീ ജനത പേര്‍ഷ്യക്കാര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. പേര്‍ഷ്യന്‍ ഗവര്‍ണര്‍ ഇസ്‌ലാം സ്വീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. തന്നെയും തന്റെ പേര്‍ഷ്യന്‍ കൂട്ടാളികളെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമായിരുന്നു ഇത്. സങ്കീര്‍ണമായ ഈ രാഷ്ട്രീയ സാഹചര്യം പിന്നീടൊരു അന്താരാഷ്ട്ര പ്രശ്‌നമായി രൂപം പ്രാപിക്കുകയും ചെയ്തു.
മക്ക ഇസ്‌ലാമിന് മുമ്പ്
അറേബ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റേറ്റുകളിലൊന്നാണ് യമന്‍ എന്നാണ് പറഞ്ഞുവരുന്നത്. പ്രവാചകന്റെ ജന്മദേശമായ മക്കയുടെ സ്ഥിതി എന്തായിരുന്നു? അവിടെ ഒരു രാഷ്ട്രം ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നെങ്കില്‍ എന്തായിരുന്നു അതിന്റെ പ്രകൃതം? അബ്രഹാം (ഇബ്‌റാഹീം) ആണ് മക്ക സ്ഥാപിച്ചത്. അബ്രഹാം ദൈവാജ്ഞ പ്രകാരം ഭാര്യ ഹാജറിനെയും ശിശുപ്രായത്തിലുള്ള മകനെയും കൂട്ടി ഫലസ്ത്വീനില്‍നിന്ന് മക്കയിലെത്തുകയും ഇരുവരെയും മക്ക മണലാരണ്യത്തില്‍ ഉപേക്ഷിച്ച് അദ്ദേഹം തിരിച്ചുപോവുകയും ചെയ്യുമ്പോള്‍ ആ നാട്ടില്‍ ജനവാസം ഉണ്ടായിരുന്നില്ല. ശിശു കാലിട്ടടിച്ച സ്ഥലത്ത് 'സംസം' ഉറവ പൊട്ടിയ സംഭവം നമുക്കറിയാം. ഒരു യാത്രാ സംഘം ആ വഴി കടന്നുപോകവെ അവിടെ വെള്ളമുള്ളതിന്റെ ലക്ഷണം കണ്ടു. അവരവിടെ തമ്പ് കെട്ടി പാര്‍ത്തു. വെള്ളമുള്ള വിവരം പരിസര പ്രദേശങ്ങളില്‍ പ്രചരിച്ചതോടെ ആളുകള്‍ മക്കയില്‍ വന്നു തമ്പടിക്കാന്‍ തുടങ്ങി. ജനവാസമുണ്ടാകുന്നത് അങ്ങനെയാണ്. ഇസ്മാഈലും അദ്ദേഹത്തിന്റെ മാതാവും അവിടെത്തന്നെ താമസിച്ചു. ഒരു അറബ് ഗോത്രത്തില്‍നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചത്. അങ്ങനെ മക്കയിലെ ജനസംഖ്യ ക്രമേണ വര്‍ധിച്ചുകൊണ്ടിരുന്നു.
കഅ്ബയുടെ പുനര്‍നിര്‍മാണ കഥ ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം ആദം ഭൂമിയില്‍ ജീവിതം തുടങ്ങവെ എന്തോ പ്രധാനപ്പെട്ട ഒന്ന് തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. സ്വര്‍ഗത്തില്‍ വെച്ച് മാലാഖമാര്‍ ദൈവഭവനത്തെ വലംവെക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. ഇവിടെ ഭൂമിയില്‍ അങ്ങനെയൊരു ആരാധനാഗേഹം ഇല്ല. അങ്ങനെയൊന്ന് വേണമെന്ന് അദ്ദേഹം ദൈവത്തോട് പാര്‍ഥിച്ചു. ഒരു ആരാധനാ കേന്ദ്രം സ്ഥാപിക്കാന്‍ മാലാഖമാരെ സഹായികളായി നിയോഗിക്കുകയും ചെയ്തു. സ്വര്‍ഗത്തിലെ ദിവ്യമന്ദിരത്തിന് നേരെത്താഴെയാണ് ഭൂമിയിലെ അതിന്റെ സ്ഥാനം നിര്‍ണയിച്ചത് എന്ന് ഒരു നബിവചനത്തില്‍ കാണാം.
ഭൂമിയില്‍ ആദം നിര്‍മിച്ച കഅ്ബ നോഹയുടെ കാലത്തെ പ്രളയം വരെ നിലനിന്നു. പ്രളയത്തോടെ അത് അപ്രത്യക്ഷമായി. അത് പുനര്‍നിര്‍മിക്കാന്‍ നോഹയുടെ കാലത്ത് ശ്രമമുണ്ടായതിന് തെളിവില്ല. നോഹക്ക് ശേഷം വരുന്ന പ്രവാചക പ്രമുഖന്‍ അബ്രഹാമാണല്ലോ. കഅ്ബയുടെ പുനര്‍നിര്‍മാണം അദ്ദേഹത്തെയാണ് ഏല്‍പ്പിച്ചത്. പക്ഷേ മുമ്പ് അത് എവിടെയാണ് നിലനിന്നിരുന്നത് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അബ്രഹാമിന്റെ തലക്ക് മുകളില്‍ ഒരു മേഘം വന്നുനിന്നെന്നും അതിനെ പിന്തുടരാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു എന്നുമാണ് പറയപ്പെടുന്നത്. മേഘം എവിടെ നില്‍ക്കുന്നുവോ അതിന് നേരെ ചുവട്ടിലായിരിക്കും ആദി കഅ്ബയുടെ സ്ഥാനം. മേഘം നിന്നിടത്ത് അതിന്റെ മാതൃകയില്‍ അദ്ദേഹം കളം വരച്ചു. കഅ്ബക്ക് ഇന്നത്തെ രൂപമുണ്ടാകുന്നത് അങ്ങനെയാണ്. ആ സ്ഥലത്ത് അല്‍പ്പം കിളച്ചപ്പോള്‍ പഴയ കഅ്ബയുടെ അടിത്തറ അവിടെ കണ്ടെത്തുകയും ചെയ്തു. ആ അടിത്തറയിലാണ് രണ്ടാമതും കഅ്ബ നിര്‍മിക്കുന്നത്. നിര്‍മാണ സഹായിയായി മകന്‍ ഇസ്മാഈലും ഒപ്പമുണ്ട്. കഅ്ബയുടെ ഭിത്തി പടുത്ത് അവര്‍ക്കൊപ്പം ഉയരമായപ്പോള്‍ മേലോട്ട് പടുക്കുന്നതിന് അവര്‍ ഒരു കല്ലില്‍ കയറി നിന്നു. അങ്ങനെ നിര്‍മാണ ജോലികള്‍ തുടര്‍ന്നു. 'ഇബ്‌റാഹീം നിന്ന ഇടം' (മഖാമു ഇബ്‌റാഹീം) എന്നാണ് ഇന്നും ആ കല്ല് അറിയപ്പെടുന്നത്. കഅ്ബയുടെ വാതിലിന് തൊട്ടുമുമ്പിലാണ് ആ കല്ല് ഉണ്ടായിരുന്നത്. മുസ്‌ലിം ചരിത്രകാരന്മാര്‍ പറയുന്നത്, പിന്നീടുണ്ടായ മഴവെള്ളപ്പാച്ചില്‍ ആ കല്ലിനെ എങ്ങോട്ടോ ഒഴുക്കിക്കൊണ്ട് പോയെന്നാണ്. അത് കണ്ടെടുക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു. പിന്നീട് ആ കല്ല് കൊണ്ട്‌വെച്ചത് അതിന്റെ പഴയ സ്ഥാനത്തായിരുന്നില്ല; കഅ്ബയുടെ അകത്തായിരുന്നു. കുറച്ച് കാലങ്ങള്‍ക്ക്‌ശേഷം കഅ്ബക്കകത്ത് നിന്ന് അതിനെ പുറത്തെടുക്കുകയും മറ്റൊരു സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. സുഊദ് രാജവംശം അധികാരത്തില്‍വന്ന ശേഷമായിരുന്നു ഇത്. കഅ്ബക്ക് മുമ്പില്‍ ഒരു കണ്ണാടിക്കൂട്ടില്‍ പൊതിഞ്ഞ നിലയിലാണ് ഇപ്പോള്‍ അതുള്ളത്.
കഅ്ബയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ അബ്രഹാം അതിനെ 'ദൈവമന്ദിരം' എന്ന് വിളിച്ചു. ബൈബിള്‍ വിവരണപ്രകാരം, അബ്‌റഹാം ഇറാഖില്‍നിന്ന് പലായനം ചെയ്തശേഷം ഫലസ്ത്വീനിലെ വിവിധ സ്ഥലങ്ങളില്‍ 'ബൈത്-ഏല്‍' (Bait-El) നിര്‍മിക്കുകയുണ്ടായി. 'ബൈത്' എന്നാല്‍ അറബി വാക്കിന്റെ അതേ അര്‍ഥം തന്നെ-വീട്. 'El' എന്നാല്‍ ദൈവം എന്നര്‍ഥം. അപ്പോള്‍ ബൈത്-ഏല്‍ എന്നാല്‍ ദൈവമന്ദിരം. ഫലസ്ത്വീന്റെ വിവിധ ഭാഗങ്ങളില്‍ അബ്രഹാം ഇത്തരം ദൈവമന്ദിരങ്ങള്‍ നിര്‍മിച്ചുവെന്നും, സ്രഷ്ടാവും പ്രപഞ്ചനിയന്താവുമായ ഏകനായ ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് അന്നാട്ടുകാരെ പഠിപ്പിച്ചുവെന്നും ബൈബിള്‍ തുടര്‍ന്നു പറയുന്നു.
അതിനാല്‍ അബ്രഹാം മക്കയില്‍ എത്തിയപ്പോള്‍ അവിടെയും ഒരു ദൈവമന്ദിരം നിര്‍മിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ദൈവമന്ദിരം എന്നാണ് ഖുര്‍ആന്‍ കഅ്ബയെ പരിചയപ്പെടുത്തുന്നത് (3:96). ഇന്നും നിലനില്‍ക്കുന്ന ദൈവമന്ദിരങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് എന്ന അര്‍ഥത്തിലാണ് നാം ഈ ഖുര്‍ആനിക പരാമര്‍ശത്തെ എടുക്കുന്നതെങ്കില്‍, അത് പൊതുവെ എല്ലാവര്‍ക്കും സ്വീകാര്യമായ വ്യാഖ്യാനമാണ്. ഭൂമുഖത്തെ തന്നെ ആദ്യത്തെ ദൈവമന്ദിരം എന്ന അര്‍ഥത്തിലാണ് എടുക്കുന്നതെങ്കില്‍, അബ്‌റഹാമിന് മുമ്പും പ്രവാചകന്മാര്‍ (നോഹ, ഇദ്‌രീസ് (Enoch) പോലുള്ളവര്‍) ഉണ്ടായിരുന്നല്ലോ എന്നും അവര്‍ ദൈവത്തെ ആരാധിച്ചിരുന്നത്‌കൊണ്ട് അവരും ദൈവമന്ദിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകുമല്ലോ എന്നും വിമര്‍ശനം ഉയരാം. അതേസമയം അബ്രഹാമല്ല, ആദം തന്നെയാണ് കഅ്ബ നിര്‍മിച്ചത് എന്ന് അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇങ്ങനെയൊരു തര്‍ക്കം തന്നെ ഉത്ഭവിക്കുകയുമില്ല.
അബ്രഹാം വിവിധ സ്ഥലങ്ങളില്‍ ദൈവഭവനങ്ങള്‍ നിര്‍മിച്ചിരുന്നുവെന്ന് ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അംഗീകരിക്കുന്നുണ്ട്. അക്കൂട്ടത്തിലൊന്ന് അറേബ്യയിലെ ഹിജാസിലായിരുന്നു എന്ന കാര്യം അവര്‍ നിരാകരിക്കാന്‍ ഇടയില്ല. അതെന്തെങ്കിലുമാവട്ടെ, അബ്രഹാം നിര്‍ദേശിച്ചത് പ്രകാരമുള്ള കഅ്ബയിലേക്കുള്ള തീര്‍ഥയാത്ര (ഹജ്ജ്) അദ്ദേഹത്തിന്റെ കാലശേഷവും വളരെക്കാലമായി തുടരുന്നു എന്നത് ഒരു അനിഷേധ്യ വസ്തുതയാണ്. അബ്രഹാമിന്‌ശേഷം അദ്ദേഹത്തിന്റെ മകന്‍ ഇസ്മാഈലായിരുന്നു കഅ്ബയുടെ ചുമതലക്കാരന്‍; തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാരും ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുപോന്നു. പിന്നെയാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതും അന്യദേശക്കാര്‍ മക്ക കൈയേറാനായി പുറപ്പെടുന്നതും മറ്റുമൊക്കെ. അതൊരു നീണ്ട കഥയാണ്. ഈ പ്രകരണത്തില്‍ നാമത് വിസ്തരിക്കേണ്ടതില്ല.
(തുടരും)
Comments