മുടി എത്ര എളുപ്പം മോഡിയാകും
നാട്ടിന്‍പുറത്ത് അത്യാവശ്യം ഉറുക്ക്, മന്ത്രം ഏലസ്സ്, തകിട്, തരികിട മതകുടില്‍വ്യവസായങ്ങള്‍ നടത്തി വേണ്ടത്ര പച്ചപിടിക്കാതെ പ്രയാസപ്പെട്ടിരിക്കുന്ന ഒരു മുസ്‌ലിയാരെ നാട്ടുകാരനായ ഒരു പ്രവാസി ഉംറ വിസക്ക് കൊണ്ടുപോയ ഒരു നാടോടിക്കഥയുണ്ട്. മക്കയില്‍ പോയി ഉംറ കഴിഞ്ഞ് മദീനയില്‍ ചെന്ന മുസ്‌ലിയാരെ പ്രവാസി പ്രവാചകന്റെയും അനുചരമാരുടെയും ഭൗതിക ശരീരങ്ങള്‍ ഖബ്‌റടക്കിയ മസ്ജിദുന്നബവിയുടെ പരിസരവും ജന്നത്തുല്‍ ബഖീഉം കാണിച്ചുകൊടുത്തു. പ്രവാചകന്റെയും ഖലീഫമാരുടെയും ഹസ്രത്ത് ആഇശയുടെയും ഖബ്‌റുകള്‍ ഓരോന്നായി കണ്ട ശേഷം നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്രെ, 'നാട്ടിലായിരുന്നെങ്കില്‍ എത്ര കോടികളുടെ മുതലാണ് ഇവിടെ വെറുതെ കിടക്കുന്നത്' എന്ന്.
മതം ചിലര്‍ക്ക് മികച്ച കച്ചവടമാണ്. മതത്തിലെ ഉള്ളതും ഇല്ലാത്തതുമായ ചിഹ്നങ്ങള്‍ അവര്‍ക്ക് കച്ചവട ചരക്കുകളാണ്. പൗരോഹിത്യത്തിന്റെ തിരിച്ചറിയല്‍ അടയാളങ്ങളില്‍ ഒന്ന് സമ്പത്തിന്റെ അന്യായമായ കുന്നുകൂട്ടലാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ലാഭത്തെ ആരാധിക്കുന്ന മതാതീതമായ ഒരു മതമാണത്.
മതം ജീര്‍ണിക്കുമ്പോഴാണ് അതിന്റെ ആദര്‍ശം അപ്രധാനവും കേവല ചിഹ്നങ്ങള്‍ പരമപ്രധാനവുമാകുന്നത്. അങ്ങനെയാണ് ദൈവിക മതം രോമമതമായി മാറുന്നത്. ആദര്‍ശ ജീര്‍ണതയുടെ ആവാസ വ്യവസ്ഥയിലാണ് ആള്‍ ദൈവങ്ങളും ആത്മീയ കച്ചവടവും തടിച്ചുകൊഴുക്കുന്നത്. ഈ വിശ്വാസ ജീര്‍ണതയെ വളരെ പ്രഫഷണലായി വ്യവസായവത്കരിക്കുകയാണ് കേരളത്തില്‍ 'കാന്തപുരം സമസ്ത' ചെയ്യുന്നത്. ആത്മീയത വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള ശ്രമം. ഇത് ഇസ്‌ലാമിനെ വിശ്വാസപരമായി കലര്‍പ്പുള്ളതാക്കാനും അരാഷ്ട്രീയവത്കരിക്കാനുമുള്ള പ്രോജക്ടിന്റെ ഭാഗമാണ്. മനുഷ്യനായ പ്രവാചകന്‍ എന്ന ഖുര്‍ആനിക സങ്കല്‍പ്പത്തെ തിരുത്തി ദിവ്യാംശമുള്ള പ്രവാചകന്‍ എന്ന സങ്കല്‍പ്പത്തെ പകരം വെക്കുന്നതാണ് വ്യാജ കേശത്തിന്റെ ദൈവശാസ്ത്രം.
ഇത് കാന്തപുരം ഗ്രൂപ്പിന്റെ സാംസ്‌കാരിക വക്താവ് കെ.വി.കെ ബുഖാരി എഴുതിയ ലേഖനത്തില്‍ വ്യക്തതയോടെ വിശദീകരിക്കുന്നുണ്ട്. ''അല്ലാഹുവിനോടുളള സ്‌നേഹം സാരവത്താവണമെങ്കില്‍ മുഹമ്മദ് നബിയെ അനുധാവനം ചെയ്യണമെന്നും ആ ശ്രേഷ്ഠ വ്യക്തിത്വത്തെ പിന്തുടരണമെന്നും ഖുര്‍ആന്‍ പാഠം നല്‍കുമ്പോള്‍ അതില്‍ അന്തര്‍ലീനമാകുന്നത് മുഹമ്മദ് നബി അല്ലാഹുവിനാല്‍ വാഴ്ത്തപ്പെട്ട അസാധാരണ ഭൗതിക സൃഷ്ടിപ്പാണെന്നും ആ സൃഷ്ടിവൈഭവത്തെ അല്ലാഹുവിനോട് ചേര്‍ത്തുതന്നെയാണ് വിശ്വാസപരമായി ഉള്‍ക്കൊള്ളേണ്ടതെന്നുമാണ്. ഖുര്‍ആന്റെ അര്‍ഥഗര്‍ഭമായ ഈ തുറന്നുപറച്ചിലിന് വ്യത്യസ്തമായ ആശയതലവും വൈവിധ്യമായ അര്‍ഥവിതാനങ്ങളുമുണ്ട്. അതില്‍ പ്രധാനം മുഹമ്മദ് നബിയുടെ സത്ത അമാനുഷികമാണെന്നാണ്. മാനുഷികതയുടെ ഭൗതിക പരികല്‍പ്പനകള്‍ക്കപ്പുറത്ത് അലൗകികവും അഭൗമികവുമായ ശ്രേഷ്ഠവിതാനത്താണ് തിരു റസൂലിന്റെ സ്ഥാന സൃഷ്ടിപ്പെന്നുമാണ്'' (മാധ്യമം 26-9-2013).
പ്രവാചകന്മാരെ മനുഷ്യാതീതരാക്കുക എന്നതാണ് ബഹുദൈവത്വത്തിന്റെ അടിസ്ഥാന സ്വഭാവം. അതുവഴി മതത്തിന് മനുഷ്യജീവിതവുമായുള്ള ജൈവ ബന്ധത്തെ മുറിച്ചുകളയുക എന്നതും. മതത്തെ വെറും പൂജാപ്പാട്ടുകളാക്കുന്ന ദൈവശാസ്ത്രമാണിത്. വെറും നിരുപദ്രവ ദൈവശാസ്ത്രമല്ല ചൂഷണത്തിന്റെ ദംഷ്ട്രകളും ആസക്തിയുടെ കോമ്പല്ലുകളുമുള്ള തട്ടിപ്പിന്റെ ദൈവശാസ്ത്രം. പ്രവാചകന്മാരുണ്ടെങ്കില്‍ അത് മാലാഖമാരാകണം, ദിവ്യപുരുഷന്മാരാവണം എന്നതായിരുന്നു പ്രവാചകന്മാരുടെ എതിരാളികളുടെ എക്കാലത്തെയും വാദം.
അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവാചകനോ, അതംഗീകരിക്കാനാവില്ല എന്നതായിരുന്നു പ്രവാചക ശത്രുക്കളുടെ പ്രഖ്യാപിത നിലപാട്. പ്രവാചകനാണെങ്കില്‍ ദിവ്യാംശം ഉള്ളവനാവണം. മനുഷ്യാതീതനാകണം. മനുഷ്യാകാരമുണ്ടായാലും മനുഷ്യനാവരുത്. പ്രവാചകന്മാര്‍ എതിരിട്ട് തോല്‍പിച്ച ഈ മതവാദത്തെ പിന്നീട് പ്രവാചകന്മാരുടെ വ്യക്തിത്വത്തില്‍ തന്നെ ആരോപിച്ച് സ്ഥാപിച്ചെടുക്കുകയാണ് ബഹുദൈവ മതം ചെയ്തത്. അങ്ങനെയാണ് യേശു ദൈവ പുത്രനായത്. പ്രവാചകന്മാര്‍ ദൈവാവതാരങ്ങളായത്.
ഏകദൈവത്വം വളരെ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. ബഹുദൈവത്വം അരാഷ്ട്രീയവും. അതിന് സ്വയം ജീവിത ധര്‍മ സമീപനമില്ല. അതുകൊണ്ടു തന്നെ അത് അധര്‍മത്തിന്റെ മതസംഹിതയും ചൂഷണത്തിന്റെ ഉപകരണവുമായിരിക്കും.
നിങ്ങള്‍ക്ക് പ്രവാചകനില്‍ ഉത്തമമായ മാതൃകയുണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യാതീതനായ ഒരു പ്രവാചകനില്‍ മനുഷ്യന് മാതൃകയുണ്ടാവുക അസാധ്യമാണ്. അത്തരമൊരു പ്രവാചകനെ വിശ്വാസിക്ക് വാഴ്ത്താനും പുകഴ്ത്താനും ആരാധിക്കാനും മാത്രമേ കഴിയൂ. പൂജിക്കാന്‍ വിഗ്രഹമോ മൃതശരീരമോ ലഭ്യമല്ലാത്ത പ്രവാചകന്റെ ഇല്ലാത്ത മുടിയെ ആരാധനാമൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
പിന്നെ പ്രവാചകനോടുള്ള ബന്ധത്തിന്റെ ആകത്തുക മുടിപ്പള്ളിയിലേക്കുള്ള തീര്‍ഥയാത്രയും അവിടത്തേക്കുള്ള നേര്‍ച്ചകളും തിരുമുടി ദര്‍ശനവും തിരുമുടി ജലപാനവും ഒക്കെയാവും. ബഹുദൈവത്വം ഏകദൈവത്വത്തിന്റെ വേഷം കെട്ടിയാടും.
ഈ അരാഷ്ട്രീയ മതം അധാര്‍മികതയുടെ കൂത്തരങ്ങായിരിക്കും. ഇങ്ങോട്ടൊന്നും കല്‍പ്പിക്കാത്ത ദൈവത്തോട് അങ്ങോട്ട് അര്‍ഥനകള്‍ നടത്തുന്ന ഭക്തന്‍ എന്നതാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ബഹുദൈവത്വത്തിന്റെ വാങ്മയ ചിത്രം. ഭക്തരോട് കാര്യമായൊന്നും കല്‍പിക്കാത്ത ദൈവം. മാതൃകയാക്കാന്‍ കഴിയുന്നതിലും ഉയരത്തിലുള്ള പ്രവാചകന്‍. ഇതാണ് ബഹുദൈവത്വത്തിന്റെ വിശ്വാസാടിസ്ഥാനങ്ങള്‍.
ഈ അധാര്‍മികത തടിച്ച് തിടംവെച്ചാണ് പ്രവാചകന്റെ പേരില്‍ കളവ് കെട്ടിപ്പറയുന്നേടത്തേക്ക് കാര്യങ്ങള്‍ എത്തിയത്. അങ്ങനെയാണ് ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സില വ്യാജകേശത്തിന്റെ പ്രമാണ പത്രമായത്.
ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ എ.പി വിഭാഗത്തിന്റെ കൂറുള്ള അനുയായി ജിഷാന്‍ മാഹി ഷെര്‍ലക്‌ഹോംസ് കുറ്റാന്വേഷണ ശൈലിയില്‍ നടത്തിയ അന്വേഷണത്തിന്റെ ദൃശ്യശ്രാവ്യ രേഖകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് പരിശോധിച്ചാല്‍ മാത്രം മതിയാകും. ഈ അടുത്തകാലം വരെ ഈ ചെറുപ്പക്കാരന്‍ സൈബര്‍ ലോകത്തെ എ.പിയുടെ വിശ്വസ്തനായ പടയാളിയായിരുന്നു. ഒരു വിമതന്‍ പറയുന്നു എന്നതല്ല ഇതില്‍ പ്രധാനം, അദ്ദേഹം മുന്നോട്ടുവെക്കുന്ന തെളിവുകളാണ്.
പ്രവാചകന്റെ ജീവിതത്തേക്കാള്‍ ശരീരവും വംശവും പ്രധാനമാവുക എന്നത് യാഥാസ്ഥിതിക ഇസ്‌ലാമിന്റെ സഹജ ദൗര്‍ബല്യമാണ്. വംശപരമായി കാന്തപുരം ഈ മികവിന്റെ കളത്തിനു പുറത്താണ്. എതിര്‍ സുന്നികളുടെ നേതൃത്വമായ പാണക്കാട് കുടുംബം അഹ്‌ലുബൈത്താണ.് ജനനം കൊണ്ട് കിട്ടാതെപോയ ഈ യാഥാസ്ഥിതിക നേതൃത്വം, വിലയ്ക്കുവാങ്ങിയ മുടിചീന്തുകൊണ്ട് നേടിയെടുക്കാനുള്ള ശ്രമമാണ് ശഅ്‌റേ മുബാറക് പള്ളി.
മുടിയുടെ പേരില്‍ ചെയ്തത് പലതും അബദ്ധമാണെന്ന വാദം അവര്‍ക്കിടയില്‍ തന്നെ ശക്തമാണ്. മുടി വ്യാജമാണെന്ന വാദത്തോട് ഇനിയും ഏറ്റുമുട്ടിയാല്‍ വസ്തുതയോട് ഏറ്റുമുട്ടി സംഘടന തകര്‍ന്നു തരിപ്പണമാകുമെന്ന യാഥാര്‍ഥ്യബോധ്യമായിരിക്കണം ഇതിനു കാരണം. അന്യായം നിരന്തരം ഭക്ഷിച്ചുകൊഴുത്ത ഒരു പുരോഹിതന്റെ വാട്ടര്‍ലൂ ആണ് വ്യാജ കേശ വിവാദം. വ്യാജ കേശം ഒരധാര്‍മിക മഞ്ഞുമലയുടെ പുറമേ കാണപ്പെട്ട അഗ്രം മാത്രമാണ്. ഉത്തരംകിട്ടാതെ പോയ കൊലപാതകങ്ങളും, അന്വേഷിക്കപ്പെടുക പോലും ചെയ്യാത്ത പല കുറ്റകൃത്യങ്ങളുടെ തെളിവുകളും ശരിക്കും അന്വേഷിച്ചാല്‍ ഈ മഞ്ഞുമലയുടെ അടിഭാഗത്തും ഉടല്‍ ഭാഗത്തുമൊക്കെ കാണാനാകും.
സമൂഹത്തിലെ അപകട ആത്മീയ പ്രവണതയായ ആള്‍ ദൈവങ്ങളുടെ എല്ലാ ലക്ഷണങ്ങളും പൂര്‍ത്തീകരിക്കാനാണ് കാന്തപുരം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സുഖാഡംബര ജീവിതം, എല്ലാതരം ഭരണക്കാരുമായുള്ള അടുത്ത ബന്ധങ്ങള്‍, കണക്കില്ലാത്ത സ്വത്തു സമ്പാദ്യങ്ങള്‍, ദുരൂഹമായ സാമ്പത്തിക സമാഹരണ വിനിയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തസവ്വുഫിന്റെയല്ല, സാമ്പ്രദായിക ആള്‍ദൈവങ്ങളുടെ അടയാളങ്ങളാണ്.
അതുകൊണ്ട് തന്നെ വ്യാജകേശം ഒരു ആശയസംവാദ പ്രശ്‌നമല്ല. എല്ലാ ആദര്‍ശങ്ങളും ഒരുമിച്ച് ചേര്‍ന്ന് അഭിമുഖീകരിക്കേണ്ട സാമൂഹിക പ്രശ്‌നമാണ്. അതിന്റെ പേരില്‍ സമാഹരിച്ച പണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കണം.
ഐക്യപ്പെടാവുന്ന കാര്യത്തിലും ഒരാള്‍ ഐക്യപ്പെടാതിരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ എന്തോ അപകടം പതിയിരിക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടതാണ്. പിറവി മുതല്‍ മുസ്‌ലിം ഐക്യത്തിന്റെ കടുത്ത എതിരാളി എന്നതാണ് ഈ ഗ്രൂപ്പിന്റെ വ്യതിരിക്തതകൡ ഒന്ന്. പല കോണുകളില്‍ നിന്നും നിരന്തരം ആക്രമിക്കപ്പെടുന്ന ഒരു സമുദായം അവരുടെ അതിജീവന പ്രശ്‌നങ്ങളിലെങ്കിലും ഒരുമിച്ച് നില്‍ക്കുന്നതിനെ ആദര്‍ശസാമ്രാജ്യത്തിലെ ഏറ്റവും മൗലികവും ഗുരുതരവുമായ പ്രശ്‌നമായി കാണുന്നതിലെ യഥാര്‍ഥ വികാരമെന്താണ്? എത്ര സമസ്തസുന്നീപക്ഷത്തുനിന്നാലോചിച്ചാലും അത് സദ്‌വികാരമാണെന്ന് വിചാരിക്കാന്‍ ഒരു ന്യായവുമില്ല. ഔദ്യോഗിക സമസ്തക്കാര്‍ ഒരിക്കല്‍ ചോദിച്ചപോലെ നാലു മദ്ഹബില്‍ അധിഷ്ഠിതമായ മുഹമ്മദന്‍ ലോ സംരക്ഷിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാരും മുജാഹിദുകളും നമ്മളോടൊപ്പം ചേരുന്നതിനെ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്നത് ഒരു സമസ്ത സുന്നി യുക്തിവെച്ച് തന്നെ ന്യായമായ ചോദ്യമാണ്. അപ്പോള്‍ ഇതിനുപിന്നില്‍ മുസ്‌ലിം സമൂഹത്തെ ശിഥിലീകരിക്കുക എന്ന ശത്രുക്കളുടെ പദ്ധതി അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍.
കുറച്ചുമുമ്പ് കേരളത്തിലെ പ്രമുഖ ദലിത് ചിന്തകനും ഗ്രന്ഥകാരനുമായ കെ.കെ കൊച്ച് ഈ കുറിപ്പുകാരനെ വിളിച്ച് ചോദിച്ചു: ''എന്താണ് മുസ്‌ലിംകള്‍ക്കിടയിലെ ഈ മുടി വിവാദം?'' ഞാനതിനെ വളരെ സാമാന്യമായി അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. അപ്പാഴദ്ദേഹം പറഞ്ഞു; ''രണ്ടു വലിയ അപകടങ്ങള്‍ ഈ പ്രോജക്ടിനു പിന്നിലുണ്ട്. നിങ്ങള്‍ അത് എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്കറിഞ്ഞുകൂടാ.''
തുടര്‍ന്നദ്ദേഹം പറഞ്ഞു: ''ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷത അതിന് സ്വന്തമായ വിശ്വാസപ്രമാണങ്ങള്‍ മാത്രമല്ല, സ്വന്തമായ ആചാരാനുഷ്ഠാനങ്ങളും ഉണ്ട് എന്നതാണ്. ഈ സവിശേഷ ഘടകമാണ് ഇസ്‌ലാമിനെ വൈദിക മതത്തിനെതിരായ ശക്തമായ പ്രതിരോധമാക്കി മാറ്റിയത്. മറ്റു മതങ്ങള്‍ക്ക് സ്വന്തമായ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഉണ്ടെങ്കിലും അനുഷ്ഠാനത്തിന്റെ കാര്യത്തില്‍ അതിന് ബ്രാഹ്മണ മതത്തെ ആശ്രയിക്കേണ്ടി വന്നു. അതോടുകൂടി ആ മതങ്ങളുടെയെല്ലാം സവര്‍ണ മതത്തിനെതിരായ ചെറുത്തുനില്‍പിന് ശേഷി നഷ്ടപ്പെടുകയും ചെയ്തു. ഞങ്ങള്‍ ഒരിക്കല്‍ സ്വാമി അഗ്നിവേശിനോട് ഒരു ദ്രാവിഡമതമുണ്ടാക്കിയാല്‍ ദലിതുകള്‍ രക്ഷപ്പെടുമോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'രക്ഷപ്പെടില്ല. കാരണം, നിങ്ങള്‍ക്ക് സവര്‍ണ മതത്തില്‍ നിന്ന് വ്യത്യസ്തമായ മിത്തോളജി ഉണ്ടാകാം. പക്ഷേ, അനുഷ്ഠാനങ്ങളില്‍ ഈ മതത്തിനും വൈദിക മതത്തെ അവലംബിക്കേണ്ടി വരും. അതോടെ അത് വൈദിക മതത്തിന്റെ ഭാഗമായി തീരുകയും ചെയ്യും. മറ്റുള്ളവയെ നിര്‍വീര്യമാക്കി അതിനെ സ്വന്തം ശരീരത്തിലേക്ക് ലയിപ്പിക്കാനുള്ള വൈദിക മതത്തിന്റെ ശേഷി അപാരമാണ്.' മുടിപ്പള്ളി ഇസ്‌ലാമിലെ തനത് അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധവും ഹൈന്ദവ സ്വഭാവമുള്ളതുമായ ഒരനുഷ്ഠാന ക്രമത്തെ മുന്നോട്ടുവെക്കുന്നുണ്ട്. അവിടെ ദൈവത്തിനു പകരം മുടി ആരാധിക്കപ്പെടും. നിലവിളക്ക് കൊളുത്തും. അതിന്റെ എണ്ണ തലയില്‍ പൊത്തും. അങ്ങനെ ഇസ്‌ലാമിന്റെ അനുഷ്ഠാനപരമായ വ്യതിരിക്തത, പ്രതിരോധപരത തകര്‍ക്കപ്പെടും.
വൈദിക സംസ്‌കാരത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ഇസ്‌ലാമിന്റെ മറ്റൊരു സവിശേഷത, അതിന് നിര്‍ണിതമായ പ്രമാണങ്ങള്‍ ഉണ്ട് എന്നതാണ്. ഇനി കാന്തപുരം സ്വപ്നങ്ങള്‍ കണ്ടുതുടങ്ങും. ഇദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പ്രമാണങ്ങള്‍ക്കു പകരമുള്ള പ്രമാണങ്ങളായിത്തീരും. ഇതും ദൈവിക മതത്തിനെതിരായ ഇസ്‌ലാമിന്റെ പ്രതിരോധ ശേഷിയെ തകര്‍ത്തുകളയുന്നതാണ്.''
തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ സുന്നി മതവികാരം ഇളക്കിവിടാവുന്ന മാസപ്പിറവികള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇരു സുന്നികള്‍ക്കും ശഅ്ബാന്‍ ഇരുപത്തെട്ടായിരിക്കെ പിറ്റേന്ന് റമദാന്‍ ഒന്നായ അനുഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഈ സമവായങ്ങള്‍ തീര്‍ച്ചയായും ആഹ്ലാദകരമാണ്. പക്ഷേ അപ്പോഴൊന്നും കാന്തപുരം അതിനെതിരെ രംഗത്തുവരാതിരുന്നത് അദ്ദേഹം മുസ്‌ലിം ഐക്യത്തിന്റെ വക്താവായി മാറിയതുകൊണ്ടല്ല. കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ മതമാഫിയയും രാഷ്ട്രീയ മാഫിയയും ഇപ്പോള്‍ പരസ്പര സഖ്യത്തിലായതുകൊണ്ടു മാത്രമാണ്.
ഈ വാണിജ്യ മതം അരാഷ്ട്രീയമായതുകൊണ്ടാണ് 'വികസനം മോഡി കൊണ്ടുവന്നാലും നമുക്ക് സ്വീകാര്യമാകും' എന്ന് കാന്തപുരം പറയുന്നത്; യുവമോര്‍ച്ചക്കാര്‍ കാന്തപുരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് വെക്കുന്നത്. എന്താണ് വികസനം? ആരാണ് മോഡി? എന്ന് ചോദിക്കാനുള്ള ഒരു ശേഷിയും ഈ പ്രതിലോമ മതത്തിനില്ല. എന്നിട്ടും ഈ മതം മാനവികതയെ ഉണര്‍ത്താനും സാമ്രാജ്യത്വത്തെ വിസമ്മതിക്കാനും നമ്മളോട് പറഞ്ഞുകളയും!
Comments