Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

'തിരുകേശ'ത്തിന്റെ കാലപ്പഴക്കം ശാസ്ത്രം തെളിയിക്കട്ടെ

ഡോ. ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ് എം.ഇ.എസ്)

        ഞാനൊരു ഡോക്ടറാണ്. ന്യൂറോളജിസ്റ്റ്. അതുകൊണ്ട് പ്രവാചക കേശവുമായി ബന്ധപ്പെട്ട മതപരമായ തര്‍ക്കങ്ങളില്‍ പങ്കുചേരാന്‍ ഞാനാളല്ല. അതിലെനിക്ക് താല്‍പര്യവുമില്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന എം.ഇ.എസ് ഒരു പ്രായോഗിക നവോത്ഥാന സംഘടനയായത് കാരണം ഈ വിഷയത്തില്‍ അതിന്റെ നിലപാട് വ്യക്തമാണ്. റസൂലിന്റെ മുടിയാണ് ഇവിടെ വിഷയം. ഒരു സയന്റിസ്റ്റെന്ന നിലക്ക്, ഏത് മുടിയും കത്തും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ലോകത്ത് പല ഭാഗത്തും യാത്ര ചെയ്യാന്‍ അവസരം ലഭിച്ച വ്യക്തിയെന്ന നിലക്ക്, പലയിടത്തും പല മതക്കാരും ഇത്തരം തിരുശേഷിപ്പുകള്‍ സൂക്ഷിച്ച് വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബൈതുല്‍ മഖ്ദിസില്‍ നബിയുടെ കാല്‍പ്പാടുണ്ട്. ആനയുടെ കാല്‍പ്പാടിനേക്കാള്‍ വലുപ്പമുണ്ടതിന്. തുര്‍ക്കിയില്‍ മറ്റൊരു നബിയുടെ കൈപ്പത്തിയുണ്ട്. മൂസാ നബിയുടെ വടി, യൂസുഫ് നബി കുളിച്ച ബക്കറ്റ് എന്നെല്ലാം പരിചയപ്പെടുത്തുന്ന ശേഷിപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്. കശ്മീരിലടക്കം മറ്റ് പലയിടത്തും നബിയുടെ മുടിയും ഉണ്ട്. ഇത്തരത്തിലുള്ള ശേഷിപ്പുകള്‍ മറ്റ് പല മതങ്ങളിലും കാണാം. ആ മതങ്ങളുടെ സമീപനമല്ലല്ലോ ഇസ്‌ലാമിനുള്ളത്. യേശുവിനെ കുരിശിലേറ്റിയ സമയത്ത് അദ്ദേഹം ധരിച്ച വസ്ത്രം തിരുശേഷിപ്പായി കൊണ്ടാടിയ സന്ദര്‍ഭത്തില്‍ വന്ന ഒരു നിലപാട് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ലോകത്ത് പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെക്കൊണ്ട് അത് പരിശോധിപ്പിച്ച് അതിന്റെ കാലപ്പഴക്കവും മറ്റും തെളിയിക്കട്ടെ എന്നായിരുന്നു അത്. 'തിരുകേശം' വിവാദമായ സന്ദര്‍ഭത്തില്‍ കാന്തപുരത്തോട് എനിക്ക് പറയാനുള്ളതും ഇതാണ്. 'തിരുകേശം' ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കാന്‍ കാന്തപുരം തയാറാവണം. അപ്പോളറിയാം അത് മനുഷ്യന്റേതോ മൃഗത്തിന്റേതോ ആണിന്റേതോ പെണ്ണിന്റേതോ എന്ന്. കാലപ്പഴക്കവും ആ പരിശോധനയില്‍ തെളിയും. അതോടെ ഈ വിവാദം അവസാനിക്കുകയും ചെയ്യും. അതിനാല്‍, മുടി പൂജക്ക് മുമ്പ് അത് ശാസ്ത്രീയ പഠനത്തിന് വിധേയമാവട്ടെ.

 

 ചൂഷണത്തിനെതിരെ ശബ്ദമുയരണം-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

വിശ്വാസവും അന്ധവിശ്വാസവുമുണ്ട്. പലപ്പോഴും രണ്ടും കൂടിക്കുഴഞ്ഞിരിക്കുന്നു. വിഗ്രഹാരാധന അന്ധവിശ്വാസമാണെന്ന് പറഞ്ഞവരുണ്ട്. അതല്ല, അതാണ് ശരിയായ വിശ്വാസമെന്ന് പറഞ്ഞവരുമുണ്ട്. ആത്മീയ രംഗത്ത് ചൂഷണം സംഭവിക്കുമ്പോള്‍ അതിനെതിരെ ശബ്ദമുയരേണ്ടതുണ്ട്. പക്ഷേ ആ ശബ്ദം ആത്മീയരംഗത്തെ ചൂഷണത്തില്‍ മാത്രമൊതുക്കരുത്. ലോകം തന്നെ മൊത്തത്തില്‍ ചൂഷണ വ്യവസ്ഥയാവുമ്പോള്‍ ആത്മീയ മേഖലക്ക് മാത്രം അതില്‍നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് മുഴുവന്‍ രംഗത്തുള്ള ചൂഷണവ്യവസ്ഥക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി വേണം ആത്മീയ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തെയും കാണാന്‍. ചൂഷണാധിഷ്ഠിതമായ മുഴുവന്‍ വ്യവസ്ഥകളെയും മാറ്റിമറിക്കാനുള്ള ശ്രമം വിജയകരമാകട്ടെ എന്ന് ആശംസിക്കുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍