Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

മലബാറിന്റെ മതസൗഹൃദ പൈതൃകം

മുനീര്‍ മുഹമ്മദ് റഫീഖ് / പുസ്തകം

ലബാറിനെക്കുറിച്ച് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയിലധികവും ചരിത്ര പഠനങ്ങളാണ്. മലബാറിന്റെ ചരിത്രത്തോടൊപ്പം സംസ്‌കാരവും ആഴത്തില്‍ പഠന വിധേയമാക്കിയിട്ടുള്ള കൃതികള്‍ അപൂര്‍വമാണ്. മലബാറിന്റെ ചരിത്രത്തെയും ജനസമൂഹങ്ങളെയും ദേശത്തെയും മതങ്ങളെയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്ന പഠനാര്‍ഹമായ ഒരു ഗ്രന്ഥമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മലബാര്‍: പൈതൃകവും പ്രതാപവും.' മലബാര്‍ ചരിത്രാന്വേഷകര്‍ക്കും ഗവേഷകകുതുകികള്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥമാണിത്. മലബാര്‍ സംസ്‌കാരത്തിന്റെ നാനാ വശങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം എന്ന നിലയിലാണ് ഈ കൃതി ഏറെ പ്രസക്തമാകുന്നത്. സാധാരണ മലയാളി വായനക്കാരെ ഉദ്ദേശിച്ച് രചിക്കപ്പെട്ട ഗ്രന്ഥം, ചരിത്ര പണ്ഡിതന്മാരുടെയും ഗവേഷകരുടെയും എഴുത്തുകളാല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യുന്നു. എം. ടി വാസുദേവന്‍ നായര്‍, യു.എ ഖാദര്‍ തുടങ്ങി കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെയും ഡോ. എം. ഗംഗാധരന്‍, ഡോ. കെ.കെ.എന്‍ കുറുപ്പ്, ഡോ. കെ.എന്‍ പണിക്കര്‍ തുടങ്ങിയ ചരിത്രപണ്ഡിതന്മാരുടെയും  രചനകളാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ഒരുപക്ഷേ കേരളത്തിന്റെ പൊതുവായ ചരിത്രത്തേക്കാള്‍, ചരിത്ര ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും മലബാര്‍ പഠനവിഷയമായിട്ടുണ്ട്. പ്രാചീന കേരളത്തിന്റെ ചരിത്രം എന്നു പറയുന്നത് മലബാറിന്റെ ചരിത്രം തന്നെയാണുതാനും. കൊളോണിയല്‍ ചരിത്രകാരന്മാരുടെ മലബാര്‍ വായനയിലൂടെ കേരളത്തിലെ ചരിത്രകാരന്മാര്‍ക്കും അതുവഴി കേരളീയ പൊതു സമൂഹത്തിനും ചിരപരിചിതമായ സാമ്പ്രദായിക ചരിത്രവായനയുടെ പൊളിച്ചെഴുത്ത്, മുമ്പ് കേരളത്തിലെ പല ചരിത്രകാരന്മാരാലും നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം സ്വതന്ത്രവും വേറിട്ടതുമായ ചരിത്രവായനകളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നവയാണ് ഈ കൃതിയിലെ മിക്കവാറും രചനകള്‍. വിദേശീയരായ ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും കണ്ടെത്താനോ വായിക്കാനോ കഴിയാത്ത അകം വായനകള്‍ നടത്താന്‍ ഈ മണ്ണിനെയും മനുഷ്യരെയും അടുത്തറിയുന്ന തദ്ദേശീയരായ ചരിത്രകാരന്മാര്‍ക്കു സാധിക്കും എന്നതിന് തെളിവാണ് ഈ പുസ്തകം. ഉദാഹരണത്തിന,് മലബാറിലെ മൈസൂര്‍ ആക്രമണത്തിന് രണ്ട് രീതിയിലുള്ള ചരിത്രാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ആദ്യത്തേത് മൈസൂര്‍ രാജവംശത്തിന് അന്ത്യം കുറിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്ര രചനകളാണ്. മുസ്‌ലിം മതഭ്രാന്തിന്റെയും നായര്‍വിരോധത്തിന്റെയും വീക്ഷണകോണിലൂടെ മാത്രം മലബാറിലെ മൈസൂര്‍ സാന്നിധ്യത്തെ നോക്കിക്കാണുന്ന ആ ചരിത്രാഖ്യാനങ്ങള്‍, മൈസൂര്‍ രാജാക്കന്മാരുടെ മലബാറിലേക്കുള്ള കടന്നുവരവിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മറ്റു കാരണങ്ങളെ കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ട്. മലബാറിലെ മൈസൂര്‍ ഭരണകാലത്തെക്കുറിച്ച് ചരിത്ര പഠനം നിര്‍വഹിച്ച പില്‍ക്കാല ചരിത്രകാരന്മാരില്‍ പലരും കൊളോണിയല്‍ ചരിത്രരചനയെ അതേപടി അനുകരിക്കുക തന്നെയായിരുന്നു. ഹൈദരലിയുടെ മലബാര്‍ പടയോട്ടവും രക്തപങ്കിലമായ അതിക്രമങ്ങളുടെ അതിഭാവുകത്വം നിറഞ്ഞ വിശദാംശങ്ങളും ചരിത്ര രചനകളില്‍ ഇടം പിടിച്ചത് മേല്‍പറഞ്ഞ കൊളോണിയല്‍ ചരിത്ര വായനയുടെ സ്വാധീനഫലമായാണ്.
എന്നാല്‍, പില്‍ക്കാലത്തുണ്ടായ സ്വതന്ത്ര ഗവേഷണങ്ങളും പഠനങ്ങളും മലബാറിലെ മൈസൂര്‍ സാന്നിധ്യത്തിന്റെ രാഷ്ട്രീയപരവും സാമൂഹികപരവും മതപരവുമായ വശങ്ങളെ വസ്തുനിഷ്ഠമായി വിശകലന വിധേയമാക്കിയിട്ടുണ്ട്. ഡോ. എന്‍.എം നമ്പൂതിരിയുടെ 'മൈസൂര്‍ ആക്രമണം: ഒരു ചരിത്ര രേഖ' എന്ന ശീര്‍ഷകത്തിലെ ലേഖനം അത്തരത്തില്‍ ഒന്നാണ്. ദൃക്‌സാക്ഷിയായ വെള്ള നമ്പൂതിരിയുടെ മൈസൂര്‍ ആക്രമണത്തെക്കുറിച്ചുള്ള വിവരണത്തില്‍ ക്രൂരനും രക്തദാഹിയും സംഹാരപ്രിയനുമായ ഹൈദരലിയെ അല്ല വായനക്കാരന് കാണാന്‍ കഴിയുക, മറിച്ച്, കുലീനനും പ്രജാക്ഷേമ തല്‍പരനുമായ ഒരു നല്ല ഭരണാധികാരിയെയാണ്. മൈസൂര്‍ ആക്രമണത്തിന്റെ രാഷ്ട്രീയപരമായ കാരണങ്ങളിലേക്കും ലേഖനം വെളിച്ചം വീശുന്നുണ്ട്. ഡോ. കെ.എന്‍ പണിക്കരുടെ '1921-ലെ കലാപം' എന്ന ശീര്‍ഷകത്തിലുള്ള ചെറു ലേഖനവും അത്തരത്തില്‍ ഒന്നാണ്.
മലബാറിന്റെ മതസഹിഷ്ണുതയുടെ പാരമ്പര്യത്തിന് ജൂതമതവും ക്രിസ്തു മതവും ഇന്നാട്ടില്‍ വന്ന കാലത്തോളം പഴക്കമുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ ആഗമനവും പിന്നീട് സാമൂതിരിമാരുടെ ഭരണകാലത്തെ അതിന്റെ വികാസവും ഈ മണ്ണില്‍ മതസൗഹാര്‍ദത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കുന്നതായിരുന്നു. സമാധാനപരമായ ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വത്തിന്റെ ആ പ്രതാപ കാലത്തെ അടയാളപ്പെടുത്താന്‍ പുസ്തകം അതിന്റെ മിക്കവാറും പേജുകള്‍ നീക്കിവച്ചിരിക്കുന്നു. ഈ സൗഹാര്‍ദത്തിന്റെ നിരവധി സമകാലിക ചിത്രങ്ങളും പുസ്തകം വരച്ചുകാണിക്കുന്നു. 'ഞാന്‍ ജനിച്ചുവളര്‍ന്നത്, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഗുജറാത്തിയും ബുദ്ധമതക്കാരും കൈകോര്‍ത്തു ജീവിച്ച കോഴിക്കോട്ടാണ്. മുസല്‍മാന്റെ വീട്ടിലെ കോഴിക്കറിക്കും അമ്മയുണ്ടാക്കുന്ന കറിക്കും ഒരേ രുചി. പുതിയറയിലെ ഞങ്ങളുടെ വീട്ടിന്റെ നാലു വീടുകള്‍ക്കപ്പുറത്തു നിന്നുള്ള പള്ളിയില്‍ നിന്നും ഉയരുന്ന ബാങ്കൊലിയാണ് എന്നും എനിക്കുറക്കമുണരാനുള്ള തുയിലുണര്‍ത്തുന്നത്! അസറും മഗ്‌രിബും റക്അത്തും ആയത്തും വുദൂവും ഞങ്ങള്‍ കുട്ടികള്‍ക്ക് സുകൃതങ്ങളായി. വിശുദ്ധ ഖുര്‍ആനും വിശുദ്ധ ബൈബിളും ഞങ്ങള്‍ക്ക് ഭഗവത് ഗീത പോലെ ഹൃദിസ്ഥവുമായി. കോഴിക്കോടിന്റെ ഈ മതനിരപേക്ഷ സംസ്‌കാരത്തിന്റെ കളിമണ്ണ് കുഴച്ചുണ്ടാക്കിയതാണ് എന്നെപ്പോലെയുള്ളവരെ..' 'സ്‌നേഹ നന്മകളുടെ മുന്തിരിപ്പഴങ്ങള്‍' എന്ന അധ്യായത്തിലൂടെ കെ.പി സുധീര കുറിച്ചിട്ട ഈ വരികള്‍ മതസൗഹാര്‍ദം പൂത്തുലഞ്ഞ മലബാര്‍ എന്ന ഈ നാടിന്റെ നന്മയെ ഭംഗിയായി അടയാളപ്പെടുത്തുന്നു.
പുസ്തകം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം കേരളീയ സാമൂഹിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. സാമുദായിക ധ്രുവീകരണവും മതസ്പര്‍ധയും അസഹിഷ്ണുതയും ശക്തിപ്പെടുന്ന സമകാലിക കേരളത്തില്‍, ഒത്തൊരുമയുടെയും പരസ്പരാശ്രിതത്വത്തിന്റെയും സ്‌നേഹ നന്മകളുടെ പങ്കുവെക്കലിന്റെയും പൈതൃകം പേറുന്നവരാണ് നാം മലയാളികളെന്ന ഒരു വലിയ ഓര്‍മപ്പെടുത്തലാണ് പുസ്തകം.
സ്‌നേഹ സംഗമഭൂമി, ചരിത്രം, ദേശം, ദേശീകര്‍, മതനിരപേക്ഷത, സാംസ്‌കാരികം എന്നീ ആറു വിഭാഗങ്ങളില്‍, 616 താളുകളിലായി 88 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. എന്‍.പി ഹാഫിസ് മുഹമ്മദ്, കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ പി.ബി സലിം, മുന്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപകന്‍ എം.സി വസിഷ്ഠ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍. 400 രൂപയാണ് പുസ്തകത്തിന്റെ മുഖവില.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍