ടി.എം ഹൈദ്രോസ്, പി.എം ഹനീഫ്
ദീര്‍ഘകാലം കൊച്ചി പ്രാദേശിക ജമാഅത്തിന്റെ അമീറായിരുന്നു ഈയിടെ മരണപ്പെട്ട ടി.എം ഹൈദ്രോസ് സാഹിബ് (82). എം.എ അബ്ദു, കെ.യു ഹംസ, കെ.എം ഹുസൈന്‍, പി.കെ അബ്ദുല്ലകുട്ടി തുടങ്ങി അടുത്തിടെ മരണമടഞ്ഞ പഴയകാല പ്രവര്‍ത്തകരുടെ നിരയിലെ കണ്ണികളിലൊരാളായിരുന്നു ഹൈദ്രോസ് സാഹിബ്.
ടി.എമ്മിന്റെ വേര്‍പാടില്‍ ഏറെ ദുഃഖിക്കുന്നവര്‍ പ്രസ്ഥാനത്തിലെ ചെറുപ്പക്കാരുടെ സംഘമായിരിക്കും. അവരോടൊപ്പമാണ് ടി.എം ജീവിച്ചിരുന്നത്. അവര്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കി. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. പ്രസ്ഥാനകാര്യങ്ങളില്‍ കണിശക്കാരനായിരുന്നുവെന്ന വിശേഷണമുണ്ടായിരിന്നുവെങ്കിലും ചെറുപ്പക്കാരോട് കരുണയോടെയും സ്‌നേഹത്തോടെയും പെരുമാറി. അവര്‍ക്ക് പഠിക്കാനുള്ള കോളേജുകള്‍ നിര്‍ണയിച്ചുകൊടുത്തു. എന്നെപോലെയുള്ളവരെ രാജാ ഐ.ഇ.എസ് ഹോസ്റ്റലിലും വാടാനപ്പള്ളി ഇസ്‌ലാമിയ കോളേജിലും ചേര്‍ക്കാനും അദ്ദേഹം രക്ഷകര്‍ത്താവെന്നവണ്ണം കൂടെനടന്നു.
കൊച്ചിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എല്ലാ സംരംഭങ്ങളിലും അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെ ഉപ്പുണ്ട്. അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ നിറവര്‍ണങ്ങളാണ് ആ സംരംഭങ്ങള്‍. സോളിഡാരിറ്റി ആവിഷ്‌ക്കരിച്ച പശ്ചിമകൊച്ചി വികസനപദ്ധതി(സണ്‍റൈസ്)യുടെ ആസ്ഥാനവും ടി.എം ചെയര്‍മാനായിരുന്ന ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ കെട്ടിടവും ക്യാമ്പസും തന്നെയാണെന്നത് ആ സ്വപ്നങ്ങളുടെ വൈവിധ്യത്തെ വിളിച്ചോതുന്നു.
പുതിയകാലത്തെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കുന്ന സന്ദേശങ്ങള്‍ പ്രധാനമായും രണ്ടെണ്ണമാണ്. ഇസ്‌ലാമിക പ്രവര്‍ത്തന മാര്‍ഗത്തില്‍ അമിതഭാരം എന്നൊന്നില്ല. എല്ലാം ഉത്തരവാദിത്വങ്ങളാണ്. നാം അത് ഭംഗിയായി നിര്‍വഹിക്കണം. ഓരോ ഉത്തരവാദിത്വവും ഓരോ അവസരമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും സംസ്‌കരണത്തിനും അല്ലാഹുവിലേക്കുള്ള അടുപ്പം സാധ്യമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിമിത്തങ്ങളാകുന്നു. തന്റെ കച്ചവട സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ കൂടുതലായി കയറി ലാഭം വര്‍ധിക്കാന്‍ ഓരോ കച്ചവടക്കാരനും കൊതിക്കുന്നതുപോലെ പ്രവര്‍ത്തനങ്ങള്‍ കൂട്ടംകൂട്ടമായി വരുന്നതിന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കണം. അതിനായി മുന്‍കൈയെടുക്കണം. ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം. ആമിനയാണ് ഭാര്യ. നഫീസ, സുഹ്‌റ, സുബൈദ, സഫിയ്യ, മുഹമ്മദ് റഫീഖ്, അബ്ദുല്‍ റഹീം എന്നിവര്‍ മക്കളാണ്.
ഫൈസല്‍ കൊച്ചി
ഏറെ പ്രതീക്ഷകള്‍ നല്‍കിയ കേരള രാഷ്ട്രീയത്തിലെ യുവ വാഗ്ദാനമായിരുന്നു അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ, മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ട്രഷററായിരുന്ന പൊറ്റയില്‍ മുഹമ്മദ് ഹനീഫ് എന്ന പി.എം ഹനീഫ്.
13 വയസ്സ് മുതല്‍ 39 വയസ്സ് വരെ മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷനിലും മുസ്‌ലിം യൂത്ത് ലീഗിലും പ്രാദേശികം മുതല്‍ സംസ്ഥാനതലം വരെ ഭാരവാഹിത്വം വഹിച്ച ഹനീഫിന്റെ വേര്‍പാട് ആ സംഘടനകള്‍ക്കു സൃഷ്ടിക്കുന്നത് ചെറുതല്ലാത്ത ആഘാതമാണ്. വിദ്യാര്‍ഥി യുവജന രാഷ്ട്രീയ നേതാവ് എന്ന ഒരു ചതുരത്തില്‍ പരിമിതപ്പെടുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. സജീവ രാഷ്ട്രീയം ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ കേരളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം ഹനീഫിന് ലഭ്യമായേനെ. അത്രക്കും സുന്ദരമാണ് അദ്ദേഹത്തിന്റെതായി വെളിച്ചം കണ്ട അപൂര്‍വം രചനകള്‍.
ശാന്ത ഗംഭീരവും വിഷയാധിഷ്ഠിതവുമായിരുന്നു ഹനീഫിന്റെ പ്രഭാഷണങ്ങള്‍. ഹനീഫുമായി 1992 മുതല്‍ തുടങ്ങിയ ആത്മബന്ധം ഞാന്‍ എസ്.ഐ.ഒവിലും സോളിഡാരിറ്റിയിലും പ്രവര്‍ത്തിക്കുമ്പോഴും വളരെ ഹൃദ്യമായി തന്നെ തുടര്‍ന്നുപോന്നു. അസുഖം ബാധിച്ച് മുംബൈ ഹോസ്പിറ്റലില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ വിളിക്കുമ്പോള്‍ തിരിച്ചുവരവിനെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമാണ് ഹനീഫ് പ്രകടിപ്പിച്ചത്.
വികസനം, പരിസ്ഥിതി, മാറുന്ന കേരളത്തിന്റെ വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം കൃത്യവും തനതുമായ കാഴ്ചപ്പാടുകള്‍ ഹനീഫ് പങ്കുവെച്ചിരുന്നു. എം.എസ്.എഫിനും മുസ്‌ലിം യൂത്ത് ലീഗിനുമെല്ലാം പുതിയ ഭാവുകത്വം നല്‍കുന്നതില്‍ തീര്‍ച്ചയായും ഹനീഫ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടാകണം.
അധികാരസ്ഥാനങ്ങളുടെ ലഭ്യതക്കപ്പുറം താന്‍ നിര്‍ വഹിക്കേണ്ട കര്‍മങ്ങള്‍ സുന്ദരമായും ആത്മാര്‍ഥമായും നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അസുഖത്തിന്റെ പ്രയാസങ്ങള്‍ അലട്ടിയിട്ടും ആസാം ദുരിതാശ്വാസ ഭൂമിയില്‍ പോയി റിലീഫ് വസ്തുക്കള്‍ അര്‍ഹരായ ആളുകളുടെ കൈയില്‍ എത്തിക്കുവോളം ആ പ്രയത്‌നം നീണ്ടു. ഹനീഫ് ഇട്ടേച്ചുപോയ നിഷ്‌കാമ കര്‍മങ്ങളുടെ ആ പാത പിന്തുടരുക എന്നതാണ് ആര്‍ത്തിയുടെ പുതിയ കാലത്ത് അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും നല്ല സ്മാരകം.
ഇസ്‌ലാമിക പണ്ഡിതനായ പൊറ്റയില്‍ കുഞ്ഞാണി മുസ്‌ലിയാരുടെ മൂത്ത പുത്രനായിരുന്നു ഹനീഫ്. ഭാര്യ ഇര്‍ഫാന ഇസ്സത്ത്. മക്കള്‍: മുഹമ്മദ് മുഫീദ്, ലിബ ഫാത്വിമ.
കളത്തില്‍ ഫാറൂഖ്
(സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി)
Comments