നോമ്പിന്റെ അനുഗ്രഹങ്ങള്‍
മനുഷ്യന്റെ ആത്മീയചൈതന്യത്തെ ദേഹേഛകളുടെ സമ്മര്‍ദത്തില്‍നിന്ന് വലിയൊരളവോളം മോചിപ്പിക്കുന്നു എന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ അനുഗ്രഹം. നമ്മുടെ ആത്മീയ പ്രകൃതിയുടെ യഥാര്‍ഥ ആഭിമുഖ്യം ഉപരിലോക(മലഉല്‍ അഅ്‌ലാ)ത്തേക്കാണ്. അത് സഹജമായിത്തന്നെ ദൈവസാമീപ്യത്തിനും മലക്കുകളുമായുള്ള താദാത്മ്യത്തിനും കൊതിക്കുന്നു. അധമ പ്രവണതകളില്‍നിന്ന് മോചനം ആഗ്രഹിക്കുന്നു. ഭൗതിക ജീവിതത്തിന്റെ താല്‍പര്യങ്ങളില്‍ ബന്ധിതമായിരിക്കെത്തന്നെ ഉന്നതവും ധാര്‍മികവുമായ ലക്ഷ്യങ്ങളിലേക്ക് പറന്നുയരാന്‍ അതഭിലഷിക്കുന്നു. ആത്മാവിന്റെ താല്‍പര്യങ്ങള്‍ക്കും ശരീരത്തിന്റെ ആസക്തികള്‍ക്കുമിടയില്‍ തികഞ്ഞ വൈരുധ്യമുണ്ട്. അവ രണ്ടും സദാ സംഘട്ടനത്തിലാണ്. സംഘട്ടനത്തില്‍ ജയിക്കുന്നത് മിക്കപ്പോഴും ശരീരത്തിന്റെ ആസക്തികളായിരിക്കും. അതിനു കാരണമുണ്ട്. ശരീരത്തിന്റെ ആസക്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ സുഖാനുഭൂതികള്‍ മനുഷ്യന് പെട്ടെന്നുതന്നെ ലഭിക്കുന്നു. എന്നാല്‍, ആത്മാവിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ പെട്ടെന്നുള്ള യാതൊരു സുഖവും ലഭിക്കുന്നില്ല. എന്നല്ല, ശാരീരികമായ ധാരാളം സുഖങ്ങളെയും അനുഭൂതികളെയും അതിനുവേണ്ടി ബലികൊടുക്കേണ്ടതുമുണ്ട്.
ആത്മാവിന്റെ സ്വാഭാവികമായ താല്‍പര്യങ്ങള്‍ക്ക് തികച്ചും വിപരീതമാണ് ഈ സ്ഥിതിവിശേഷം എന്നത് വ്യക്തമാണല്ലോ. ഈയവസ്ഥ കുറേക്കാലം തുടര്‍ന്നുപോയാല്‍ ആത്മാവിന് ഇഷ്ടപ്പെട്ട മേഖലകളില്‍ വിഹരിക്കാന്‍ അവസരം ലഭിക്കാതെ വരും. അതോടെ ഉയര്‍ന്നുപറക്കാനുള്ള ആത്മാവിന്റെ ശക്തിയെ തളര്‍ച്ച പിടികൂടുന്നു. അങ്ങനെ പതുക്കെപ്പതുക്കെ ആ കഴിവ് തീരെ നശിച്ചുപോകുകയും ചെയ്യുന്നു.
വ്രതാനുഷ്ഠാനം ഈ അവസ്ഥയില്‍ ക്രമേണ മാറ്റം വരുത്തിക്കൊണ്ടിരിക്കും. ദേഹേഛകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുടെ മേല്‍ നോമ്പ് നിയന്ത്രണമേര്‍പ്പെടുത്തുന്നു. നോമ്പനുഷ്ഠിക്കുമ്പോള്‍ മനുഷ്യന്റെ തീറ്റയും കുടിയും ഉറക്കവുമെല്ലാം കുറയുന്നു. മറ്റുള്ള സുഖാസ്വാദനങ്ങള്‍ക്കു മേലും ചില നിയന്ത്രണങ്ങള്‍ വന്നുചേരുന്നു. തന്മൂലം ദേഹേച്ഛകളുടെ സൈ്വരവിഹാരം ഗണ്യമായി കുറയുന്നു. അങ്ങനെ ആത്മാവിന് അതിന്റെ ഇഷ്ടപ്പെട്ട മേഖലകളില്‍ വിഹരിക്കാന്‍ ധാരാളം അവസരം ലഭിക്കുന്നു.
ഇങ്ങനെയൊരു സവിശേഷത നോമ്പിനുള്ളതുകൊണ്ടാണ് അത് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേകമായ പ്രതിഫലവും അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനകര്‍മങ്ങളും അല്ലാഹുവിന്നുള്ളതാണ്. എന്നാല്‍, വ്രതാനുഷ്ഠാനത്തിന്റെ പ്രത്യേകതയിതാണ്: ഭൗതികമായ എല്ലാ സുഖഭോഗങ്ങളും ത്യജിച്ച് അല്ലാഹുവോട് അടുക്കുവാനും മലക്കുകളോട് സാദൃശ്യം നേടുവാനുമുള്ള പരിശ്രമമാണ് അതില്‍ നടത്തപ്പെടുന്നത്. ഇതിനുവേണ്ടി വളരെയധികം കഷ്ടപ്പാടുകള്‍ അവന്‍ സഹിക്കുന്നുണ്ട്. ഇത്ര ക്ലേശം മറ്റൊരനുഷ്ഠാനത്തിലും സഹിക്കേണ്ടിവരുന്നില്ല. ദാരിദ്ര്യം, സന്യാസം, വിരക്തി, നിസ്സംഗത, ഭൗതിക പരിത്യാഗം, ദൈവത്തിലേക്കുള്ള ആഭിമുഖ്യം മുതലായ ഗുണങ്ങള്‍ മറ്റൊരനുഷ്ഠാനത്തിനും ഇത്രയധികം പ്രകടമാകുന്നില്ല. ഇസ്‌ലാം അനുവദിച്ച പരിധിയിലുള്ള സന്യാസമാണ് അതെന്ന് പറഞ്ഞാലും തെറ്റാവുകയില്ല. അല്ലെങ്കില്‍ ആത്മാവിന്റെ ശിക്ഷണത്തിന് ഇസ്‌ലാം അഭികാമ്യമായി കാണുന്ന അളവിലുള്ള സന്യാസത്തിന്റെ സാക്ഷാത്കാരമാണ് അതെന്നു പറയാം. ഭൗതികലോകത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചനം നേടി ആത്മീയലോകത്തേക്ക് പറന്നുപൊങ്ങുവാന്‍ തന്റെ ആത്മാവിന് ശക്തികൈവരണമെന്നും ദൈവസാമീപ്യം ലഭിക്കണമെന്നുമുള്ള ആത്മാര്‍ഥമായ ഉദ്ദേശ്യത്തോടുകൂടി ഒരാള്‍ വ്രതാനുഷ്ഠാനത്തിന്റെ ക്ലേശങ്ങളത്രയും സഹിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ സാമീപ്യത്തിനും നോമ്പിന്റെ പ്രതിഫലം അല്ലാഹുവില്‍നിന്ന് പ്രത്യേകമായി ലഭിക്കുന്നതിനും അയാള്‍ അര്‍ഹനായിത്തീരുമെന്ന കാര്യം തീര്‍ച്ചയാണ്. ഒരു ഹദീസില്‍ ഇക്കാര്യം എടുത്തുപറഞ്ഞത് കാണുക:
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ''അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്: 'മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവന്ന് തന്നെയുള്ളതാണ്. എന്നാല്‍ നോമ്പ് എനിക്കുള്ളതാകുന്നു. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്.' നോമ്പ് ഒരു പരിചയാകുന്നു. നോമ്പനുഷ്ഠിച്ചവന്‍ അശ്ലീലം പറയരുത്. വല്ലവരും വഴക്കിന് വന്നാല്‍ അവനോട്, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളണം. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാളും സുഗന്ധമേറിയതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന്, നോമ്പുതുറക്കുമ്പോള്‍ അവന് ലഭിക്കും; രണ്ടാമത്തേത്, അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും.''
നോമ്പ് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞത്, അവന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനുവേണ്ടി മനുഷ്യന്‍ തന്റെ വികാരങ്ങളെയും ആസക്തികളെയും പരിത്യജിക്കുന്നതുകൊണ്ടാണ്. ശരീരത്തിന്റെ മേല്‍ ഏറെ അധീശത്വമുള്ള വികാരങ്ങളാണ് മനുഷ്യന്റെ എല്ലാ ഭൗതിക സുഖങ്ങളുടെയും നിദാനം. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ആ സുഖാനുഭൂതികളെ പരിത്യജിക്കുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. അതിനാല്‍, സ്‌നേഹ ബന്ധത്തിന്റെ സവിശേഷ പദവി അവന്‍ നോമ്പുകാരന് നല്‍കുന്നു. തനിക്കുവേണ്ടിയാണ് അയാള്‍ നോമ്പനുഷ്ഠിച്ചതെന്നും തന്റെ പ്രീതിക്കുവേണ്ടിയാണ് അയാള്‍ ആഹാര പാനീയങ്ങളും മറ്റു സുഖാസ്വാദനങ്ങളും ഉപേക്ഷിച്ചതെന്നും പ്രസ്താവിക്കുകയും ചെയ്തു.
തിന്മയുടെ മാര്‍ഗബന്ധനം
മനുഷ്യരില്‍ കുടികൊള്ളുന്ന തിന്മയുടെ വലിയ വലിയ കവാടങ്ങളെ മിക്കവാറും അടച്ചുതരുന്നു എന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ മറ്റൊരനുഗ്രഹം. ഹദീസുകളില്‍ പ്രസ്താവിച്ചതനുസരിച്ച് തിന്മയിലേക്ക് തുറക്കുന്ന ഈ വലിയ വാതിലുകളില്‍ രണ്ടെണ്ണം മനുഷ്യന്റെ വയറും ഗുഹ്യാവയവങ്ങളുമാണ്. ഈ അവയവങ്ങള്‍ മൂലം ഒരാള്‍ എന്തെല്ലാം ആപത്തുകളിലാണ് ചെന്നുചാടുന്നതെന്ന് അവന്നോ മറ്റുള്ളവര്‍ക്കോ അറിയില്ല. ഈ രണ്ട് വഴികളിലൂടെയാണ് പിശാച് മനുഷ്യനെ ഏറ്റവുമധികം കടന്നാക്രമിക്കുന്നത്. അവയെ സൂക്ഷിക്കാന്‍ വല്ലവര്‍ക്കും കഴിഞ്ഞാല്‍ അവര്‍ നരകശിക്ഷയില്‍ നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്തിയതായി മനസ്സിലാക്കാം. ഈ രണ്ടവയവങ്ങളെയും സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയവര്‍ക്ക് പ്രവാചകന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സഹ്‌ലുബ്‌നു സഅ്ദില്‍നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: ''രണ്ട് താടിയെല്ലുകള്‍ക്കും രണ്ട് തുടകള്‍ക്കും ഇടയിലുള്ള അവയവങ്ങളെ സൂക്ഷിക്കാമെന്ന് എനിക്ക് ഉറപ്പുതരുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.''
പ്രസ്തുത അവയവങ്ങളെ സൂക്ഷിക്കാനുള്ള മികച്ച സംവിധാനമാണ് വ്രതാനുഷ്ഠാനത്തിലൂടെ ലഭ്യമാകുന്നത്. നോമ്പില്‍ അന്നപാനീയങ്ങള്‍ മാത്രമല്ല നിഷിദ്ധമാകുന്നത്. കലഹം, ഏറ്റുമുട്ടല്‍, കളവുപറയല്‍, പരദൂഷണം, അനാവശ്യ സംസാരങ്ങള്‍ തുടങ്ങിയവയെല്ലാം നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. ഇതുപോലെ, ലൈംഗിക ബന്ധം മാത്രവുമല്ല നോമ്പില്‍ നിഷിദ്ധമാകുന്നത്. മറിച്ച്, ലൈംഗികാസക്തിക്ക് ശമനം നല്‍കുന്ന മറ്റു പ്രവൃത്തികളും നോമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. നോമ്പ് സ്വയം തന്നെ ഈ ആസക്തികളെ ദുര്‍ബലമാക്കും. അതോടൊപ്പം അവയെ ഉദ്ദീപിപ്പിക്കുന്ന എല്ലാതരം സാഹചര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ നോമ്പുകാരോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുമുണ്ട്.
തിന്മയുടെ കവാടങ്ങള്‍ അടയ്ക്കപ്പെടുന്നതോടെ, അല്ലാഹു ഇഷ്ടപ്പെടുന്നതും സ്വര്‍ഗം നേടിത്തരുന്നതുമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക എളുപ്പമായിത്തീരുന്നു. അല്ലാഹുവിന് അനിഷ്ടകരവും നരകശിക്ഷക്ക് ഹേതുവുമായ കര്‍മങ്ങളിലേക്കുള്ള വാതിലുകള്‍ അടയുകയും ചെയ്യുന്നു. പിശാച് നോമ്പുകാരന്റെ മുമ്പില്‍ നിസ്സഹായനായിത്തീരുന്നു. പിശാച് പരിശ്രമിച്ചു നോക്കും. പക്ഷേ, നോമ്പുകാരനെ ആക്രമിക്കാന്‍ യാതൊരു മാര്‍ഗവും അവന്‍ കാണുകയില്ല. ഈ വസ്തുത ഒരു ഹദീസില്‍ ഇപ്രകാരം വ്യക്തമാക്കുന്നു:
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞിരിക്കുന്നു: ''റമദാന്‍ ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും പിശാച് ചങ്ങലക്കിടപ്പെടുകയും ചെയ്യും'' (ബുഖാരി, മുസ്‌ലിം).
ഇഛാശക്തിയുടെ ശിക്ഷണം
മനുഷ്യന്റെ ഇഛാശക്തിക്ക് മികച്ച പരിശീലനം നല്‍കുന്നു എന്നതാണ് നോമ്പിന്റെ മറ്റൊരനുഗ്രഹം. ശരീഅത്തിന്റെ പരിധികള്‍ പാലിക്കാന്‍ മനുഷ്യന്റെ ഇഛാശക്തി അങ്ങേയറ്റം ബലവത്തായിരിക്കേണ്ടതുണ്ട്. ഉറച്ച ഇഛാശക്തിയില്ലാതെ വികാരങ്ങളുടെയും ആസക്തികളുടെയും അസന്തുലിതമായ വേലിയേറ്റങ്ങളെ ഒതുക്കിനിര്‍ത്താനാവുകയില്ല. വികാരങ്ങളെയും ആസക്തികളെയും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്ക് ശരീഅത്തിന്റെ പരിധികളില്‍ നില്‍ക്കുവാനും സാധിക്കുകയില്ല. ദുര്‍ബലമായ ഇഛാശക്തിയുള്ളവര്‍ ഓരോ കാല്‍വെപ്പിലും വഴുതിവീഴും. കോപം ഉദ്ദീപിപ്പിക്കുന്ന വല്ലതും മുന്നില്‍വന്നുപെട്ടാല്‍ അയാള്‍ പെട്ടെന്ന് പ്രക്ഷുബ്ധനാവും; പ്രലോഭനീയമായ വല്ലതിനെയും ചൂണ്ടിക്കാണിച്ചുകൊടുത്താല്‍ അയാള്‍ അതിന്റെ പിറകെ പോകും. നിരുത്സാഹപ്പെടുത്തുന്ന വല്ലതും കണ്ണില്‍പെട്ടാല്‍ പെട്ടെന്ന് കാലിടറി വീണുപോകും. ചുരുക്കത്തില്‍, ദുര്‍ബലമായ ഇഛാശക്തിയുള്ളവര്‍ക്ക് ശരീഅത്തിന്റെ പരിധികളും നിയന്ത്രണങ്ങളും പാലിക്കുവാന്‍ കഴിയുകയില്ല. ലോകത്തിലെ അതിനിസ്സാരമായ കാര്യങ്ങള്‍ പോലും അവര്‍ക്ക് ദുഷ്‌കരമായിരിക്കും. പ്രത്യേകിച്ചും നല്ല ക്ഷമ ആവശ്യമായതും മനുഷ്യനെ തിന്മകളില്‍നിന്ന് തടയുന്നതുമായ ശരീഅത്തിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ അവര്‍ക്ക് ഏറെ പ്രയാസമനുഭവപ്പെടും. ഈ ക്ഷമയാണ് നോമ്പ് പരിശീലിപ്പിക്കുന്നത്. ഈ ക്ഷമയില്‍നിന്ന് തന്നെയാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യമായ തഖ്‌വ ഉല്‍ഭൂതമാകുന്നതും.
''വിശ്വസിച്ചവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍'' (അല്‍ബഖറ 183).
'നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍' -അതായത്, ക്ഷമയുടെയും സഹനത്തിന്റെയും പരിശീലനത്തിലൂടെ നിങ്ങളുടെ ഇച്ഛാശക്തി ബലിഷ്ഠമാവാനും, എല്ലാ പ്രലോഭനങ്ങളെയും പ്രേരണകളെയും പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും നേരിട്ട് ശരീഅത്തിന്റെ പരിധികള്‍ക്കുള്ളില്‍ നിങ്ങള്‍ അടിയുറച്ചുനില്‍ക്കാനും വേണ്ടി എന്നര്‍ഥം.
വികാരങ്ങള്‍, മോഹങ്ങള്‍, ആസക്തികള്‍ തുടങ്ങിയവയിലൂടെ പിശാച് നടത്തുന്ന ദുഷ്‌പ്രേരണകളെ ചെറുത്തുതോല്‍പിക്കാന്‍ സത്യവിശ്വാസിയുടെ കൈയിലുള്ള ആയുധം പ്രസ്തുത ശക്തിയാണ്. ഈ അടിസ്ഥാനത്തിലാണ് മുകളിലുദ്ധരിച്ച ഹദീസില്‍ നോമ്പിനെ 'പരിച'യെന്ന് വിശേഷിപ്പിച്ചത്. നോമ്പുകാരന്‍ ഈ പരിചയുടെ ഉപയോഗം പരിശീലിക്കുന്നതിനാല്‍ വല്ലവരും കലഹത്തിനോ വക്കാണത്തിനോ വരുമ്പോള്‍, 'ഞാന്‍ നോമ്പുകാരനാണ്' എന്നുപറഞ്ഞ് പിന്തിരിയാന്‍ അവന് കഴിയുന്നു.
പരോപകാര തല്‍പരത
നോമ്പിലൂടെ മനുഷ്യമനസ്സില്‍ പരോപകാര വികാരം വളര്‍ത്തപ്പെടുന്നു. മനുഷ്യമനസ്സിലെ അത്യുന്നതമായ വികാരങ്ങളിലൊന്നാണിത്. അതിലൂടെ എണ്ണമറ്റ നന്മകള്‍ക്കുള്ള ഉള്‍പ്രേരണകള്‍ ഉദ്ദിപ്തമാകുന്നു. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി വിശപ്പും ദാഹവും അറിയുന്നു. മറ്റു വികാരങ്ങളെയും ആസക്തികളെയും നിയന്ത്രിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ദരിദ്രരും പട്ടിണിക്കാരും മര്‍ദിതരുമായ മനുഷ്യര്‍ അനുഭവിക്കുന്ന ദുഃഖങ്ങളെയും ദുരിതങ്ങളെയും കുറിച്ച് ആലോചിക്കാന്‍ അയാള്‍ക്കിത് അവസരം നല്‍കുന്നു. വിശപ്പും ദാഹവും സഹിക്കുകവഴി അയാള്‍ പട്ടിണിക്കാരോട് ഏറെ അടുക്കുന്നു. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുന്നു. അവര്‍ക്കുവേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യണം എന്ന വികാരം അയാളുടെ മനസ്സില്‍ താനേ ഉടലെടുക്കുന്നു. നോമ്പിന്റെ ഈ സദ്ഫലം ഓരോരുത്തരുടെയും മനസ്സില്‍ അവരുടെ കഴിവിനും യോഗ്യതക്കുമനുസരിച്ചാണ് ഉടലെടുക്കുക. ചിലരില്‍ അല്‍പം. ചിലരില്‍ കൂടുതല്‍. എന്തായാലും യഥാര്‍ഥ ഗുണചൈതന്യങ്ങള്‍ ഉള്‍ച്ചേര്‍ന്ന നോമ്പ് ഈ സദ്ഫലം ഉളവാക്കുകതന്നെ ചെയ്യും. ദുര്‍ബലമായ പരോപകാര വികാരമുള്ളവരെപ്പോലും നോമ്പ് അല്‍പമെങ്കിലും ചലിപ്പിക്കാതിരിക്കില്ല. എന്നാല്‍, ശക്തമായ പരോപകാര വികാരം മനസ്സിലുള്ളവര്‍ക്ക് വ്രതാനുഷ്ഠാന മാസം ആ വികാരത്തിന്റെ പൂക്കാലമായിരിക്കും. തിരുമേനി(സ) എല്ലാ കാലത്തും ദാനധര്‍മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, റമദാന്‍ അദ്ദേഹത്തിന്റെ ദാനധര്‍മങ്ങളുടെ വസന്തമായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:
''നബി(സ) സാധാരണ കാലങ്ങളില്‍ അങ്ങേയറ്റം ഉദാരശീലനായിരുന്നു. എന്നാല്‍, റമദാനില്‍ അദ്ദേഹം അടിമുടി ഔദാര്യവാനാകുമായിരുന്നു.'' (മുത്തഫഖുന്‍ അലൈഹി)
ഖുര്‍ആനുമായുള്ള ബന്ധം
നോമ്പുകാലത്ത് ഖുര്‍ആനുമായുള്ള വിശ്വാസിയുടെ ബന്ധം ശക്തിപ്രാപിക്കുന്നു. ഐഹികമായ ജോലിഭാരം വലിയൊരളവോളം ഇറക്കിവെക്കാന്‍ കഴിയുന്നു എന്നതാണ് ഒരു കാരണം. മറ്റൊരു കാരണം, മുകളില്‍ വിവരിച്ചതുപോലെ ശരീരത്തിന്റെ ഇഛകളിലും ആസക്തികളിലും നോമ്പുമൂലം വലിയമാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതാണ്. മൗനം, ഏകാന്തത, അനാവശ്യ കാര്യങ്ങളില്‍നിന്നുള്ള അകല്‍ച്ച തുടങ്ങി വിരക്തിയുടേതായ ഒരു ജീവിതം നോമ്പുകാരന് കൈവരുന്നു. ഇതെല്ലാം ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഏറ്റവും ഉചിതമായ കാര്യങ്ങളാണ്. ഇതുകൊണ്ടായിരിക്കണം ഹിറാഗുഹയില്‍ ധ്യാനനിമഗ്നനായിരിക്കെത്തന്നെ അല്ലാഹു ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്തത്. റമദാന്‍ മാസത്തെ ഖുര്‍ആന്‍ അവതരണത്തിനായി അല്ലാഹു തെരഞ്ഞെടുത്തതും ആ മാസം നോമ്പനുഷ്ഠിക്കാന്‍ മുസ്‌ലിം സമുദായത്തിന് നിര്‍ബന്ധമാക്കിയതും അതുകൊണ്ടായിരിക്കണം. ചില ഹദീസുകളില്‍ പറഞ്ഞിട്ടുണ്ട്; എല്ലാ റമദാന്‍ മാസങ്ങളിലും ജിബ്‌രീല്‍(അ) വന്ന് നബി(സ)യെക്കൊണ്ട് അതുവരെ അവതരിപ്പിച്ച ഖുര്‍ആന്‍ ഓതിക്കാറുണ്ടായിരുന്നു. റമദാനിലെ രാത്രികളില്‍ തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നതും കേള്‍ക്കുന്നതും എത്രമാത്രം പുണ്യമുള്ളതാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഖുര്‍ആന് നോമ്പിനോടും നോമ്പിന് ഖുര്‍ആനോടുമുള്ള അഗാധ ബന്ധത്തെയാണ് ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
തബത്തുല്‍
മനസ്സും മസ്തിഷ്‌കവും ശരീരവും ആത്മാവുമെല്ലാം പൂര്‍ണമായി അല്ലാഹുവിലേക്ക് തിരിയുകയാണ് നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യം. ഇതിനെയാണ് ഖുര്‍ആന്‍ 'തബത്തുല്‍ ഇലല്ലാഹ്' എന്നു പറയുന്നത്. ഈ അവസ്ഥ നോമ്പിലൂടെ കൈവരുന്നു. നോമ്പിലെ ഇഅ്തികാഫ് കൂടി ഉള്‍പ്പെടുത്തിയത് അതിനുവേണ്ടിയാണ്. നോമ്പുപോലെ നിര്‍ബന്ധമല്ല ഇഅ്തികാഫ്. ഐഛികമായ ഇബാദത്താണത്. എന്നാല്‍, ആത്മസംസ്‌കരണത്തിന്റെ വീക്ഷണത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ട്. റമദാനിന്റെ അവസാന പത്തില്‍ വിരക്തിയുടെയും നിസ്സംഗതയുടെയും ഒരു സവിശേഷ മാനസികാവസ്ഥ ഉണ്ടാകും. ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ നോമ്പുകൊണ്ട് സാധിക്കേണ്ട യഥാര്‍ഥ ലക്ഷ്യം പൂര്‍ണമായ അളവില്‍ കൈവരുന്നതാണ്. റമദാന്റെ അവസാന പത്തില്‍ നബിതിരുമേനിക്കുണ്ടായിരുന്ന ശ്രദ്ധയെക്കുറിച്ച് ഒരു ഹദീസില്‍ പറയുന്നുണ്ട്: ''റമദാന്റെ അവസാനത്തെ പത്ത് സമാഗതമായാല്‍ നബി(സ) രാത്രി ഉറക്കമൊഴിക്കുകയും തന്റെ കുടുംബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ചെയ്യും.''
(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ ആത്മസംസ്‌കരണം എന്ന പുസ്തകത്തില്‍ നിന്ന്)
Comments