ഒരു ഭീകരവാദി ഉണ്ടാവുന്ന വിധം
''സംശയാസ്പദമായ ഏതെങ്കിലും സാഹചര്യത്തില്‍ അകപ്പെടുത്താനാവും വിധമുള്ള നീക്കങ്ങളൊന്നും തന്നെ പീറ്റര്‍ റൊമാരിയോയില്‍ നിന്ന് ഉണ്ടായിട്ടില്ല. സര്‍...''
''അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല സൂഫി.''
''പക്ഷേ അതാണ് സത്യം സര്‍. റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയ സൂയിസൈഡ് ബോംബറുടെ മൊബൈലിലേക്ക് പീറ്റര്‍ റൊമാരിയോയുടെ ബൂത്തില്‍നിന്ന് ആരോ വിളിച്ചിരിന്നുവെന്നും ആ കോള്‍ കഴിഞ്ഞ് പത്ത് മിനിറ്റായപ്പോള്‍ സ്‌ഫോടനം നടന്നുവെന്നതും ശരിയാണ്. പക്ഷേ, ആരോ ചെയ്ത കോളിന്റെ പേരില്‍ ഒന്നുമറിയാത്ത പാവത്തിനെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്തിനാണ്?''
''സൂഫി, പീറ്റര്‍ റൊമാരിയോ ഒന്നുമറിയാത്ത ഒരു സാധു മനുഷ്യനാണെന്ന് എനിക്കുമറിയാം. നമ്മള്‍ അയാളോട് ചെയ്യുന്നത് ക്രൂരതയാണെന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ, ചിലപ്പോള്‍ ഇങ്ങനെയൊക്കെ വേണ്ടിവരും. ലോകം അങ്ങനെയൊക്കെയാണ് കഴിഞ്ഞുപോകുന്നത്.''
''സൂഫി, മൂന്ന് ദിവസത്തിനുള്ളില്‍ നമുക്ക് റൊമാരിയോയെ അറസ്റ്റ് ചെയ്യണം. അതാണ് ഓര്‍ഡര്‍.''
''സര്‍''
''നമ്മള്‍ ഒരു ജോലി ചെയ്യുന്നുവെന്ന് കരുതിയാല്‍ മതി. ഓരോരുത്തരും അങ്ങനെ ഓരോരോ ജോലികള്‍ ചെയ്യുന്നുവെന്നും കരുതിയാല്‍ മതി. ഒരുത്തന്റെ ജോലി റെയില്‍വെ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. വേറൊരുത്തന്റെ ജോലി സ്‌ഫോടനം നടത്തിയവനെ റൊമാരിയോയുടെ ബൂത്തില്‍നിന്ന് വിളിക്കുകയെന്നതായിരുന്നു. റൊമാരിയോ എന്നു പേരുള്ള ഒരാള്‍ ഈ കേസിലും സുല്‍ഫീക്കര്‍ എന്ന് പേരുള്ള ഒരാള്‍ കേസന്വേഷണത്തിലും നിര്‍ബന്ധമായി ഉള്‍പ്പെടണമെന്ന് തീരുമാനിക്കേണ്ടതായിരുന്നു നമ്മുടെ മേലെയുള്ള ആരുടെയോ ജോലി. ആ തീരുമാനം നടപ്പാക്കുകയാണ് എന്റെ ജോലി.'' (കളിഭ്രാന്തിന്റെ അടിമകള്‍- സുരേഷ് പി. തോമസ്)
ഇന്ത്യയിലെ ചുട്ടുപൊള്ളുന്ന വര്‍ത്തമാനാനുഭവത്തെ വരച്ചിട്ട കഥയിലെ ചില വരികളാണിത്. മേലധികാരികളുടെ തിരക്കഥയനുസരിച്ചാണ് ഭീകര സ്‌ഫോടനം നടന്നതെന്ന് തിരിച്ചറിഞ്ഞിട്ടും മുകളില്‍ നിന്നുള്ള 'ഓര്‍ഡര്‍' അനുസരിച്ച് തങ്ങളുടെ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കുകയാണ് കഥയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ 'കഥ'യെയും വെല്ലുന്ന, സമീപകാലത്ത് ഇന്ത്യയില്‍ നടന്ന 16 ഭീകരകേസുകള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ പറയുകയാണ് സമീക്ഷ പിക്‌ചേഴ്‌സ് പുറത്തിറക്കിയ 'ഇവര്‍ ഭീകരര്‍: അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍' എന്ന പുസ്തകം.
ഭീകരവാദികളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലറകളില്‍ പോലീസിന്റെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരായിരുന്നു ഈ 16 കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍. കോടതികളില്‍ അന്വേഷണ ഏജന്‍സികള്‍ ക്രൈം നോവലുകളെ വെല്ലുന്ന കഥകള്‍ മെനഞ്ഞു. പക്ഷേ, വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം തെളിവില്ലെന്ന് പറഞ്ഞ് നീതിപീഠം അവരെ കുറ്റവിമുക്തരാക്കി. ഇങ്ങനെ നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ട ചെറുപ്പക്കാരുടെ കേസിന്റെ നാള്‍വഴികള്‍ അന്വേഷിക്കുകയാണ് പുസ്തകം. എങ്ങനെയെല്ലാമാണ് ഭരണകൂടം ഒരു ഭീകരവാദിയെ ഉണ്ടാക്കുന്നതെന്ന് ഈ കേസ് ഡയറികള്‍ വ്യക്തമാക്കുന്നു. സ്വന്തം കുടുംബ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് സമാധാനത്തോടെ ജീവിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ ഒരു സുപ്രഭാതത്തില്‍ 'വ്യക്തമായ തെളിവുകളോടെ' ഭീകരവാദികളാകുന്നു. ഭരണകൂടം വിചാരിച്ചാല്‍ നാളെ എന്നെയും നിങ്ങളെയും ആ ഭീകരവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിഷ്പ്രയാസം സാധിക്കുമെന്ന് ആ തെളിവുകള്‍ സൃഷ്ടിച്ചെടുക്കാനുള്ള കൃത്രിമ വഴികള്‍ കാണുമ്പോള്‍ ഒരു ഞെട്ടലോടെ നാം തിരിച്ചറിയുന്നു. ന്യൂദല്‍ഹിയിലെ 'ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍' പുറത്തിറക്കിയ Framed, Damned & Acquitted: Dossiers of a very special cell എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ഈ കേസ് ഡയറികള്‍. എ.പി കുഞ്ഞാമുവാണ് വിവര്‍ത്തകന്‍. ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ അഡ്വ. പി. ഉസ്മാന്‍, എം. ജിഷ,കെ.കെ ഷാഹിന, ഇനാമുറഹ്മാന്‍ എന്നിവരുടെ അനുബന്ധ ലേഖനങ്ങളില്‍, ഇതേ ദുരന്തം അനുഭവിച്ച കേരളത്തിലെ മഅ്ദനി, സകരിയ്യ, മുഹമ്മദ് ഷമീര്‍ കേസുകളുടെ നാള്‍ വഴികളും രേഖപ്പെടുത്തുന്നുണ്ട്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അവതാരിക എഴുതിയ 256 പേജുള്ള പുസ്തകത്തിന്റെ വില 130 രൂപയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സമീക്ഷാ പിക്‌ചേഴ്‌സി'ന്റെ പ്രഥമ ഗ്രന്ഥമാണിത്.
[email protected]
Comments