Prabodhanm Weekly

Pages

Search

2013 ജൂലായ് 12

ഇസ്‌ലാം നീതിയാണ്

എ.കെ അബ്ദുന്നാസിര്‍

ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുകയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ഇമാം ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ ശരീഅത്ത് ആഗതമായത് തന്നെ ഉപകാരപ്രദമായ കാര്യങ്ങള്‍ ലഭ്യമാക്കാനും പൂര്‍ത്തീകരിക്കാനും ഉപദ്രവകരമായ കാര്യങ്ങള്‍ ഇല്ലാതാക്കാനും ചുരുക്കാനുമാണ് (അല്‍ഫതാവ അല്‍ കുബ്‌റ 48/20). പ്രമുഖ പണ്ഡിതന്‍ അല്‍ ഇസ്സബ്‌നു അബ്ദുസ്സലാമിന്റെ വീക്ഷണത്തില്‍, ശരീഅത്തെന്നാല്‍ ഉപകാരപ്രദമായ കാര്യങ്ങളാണ്. ഒന്നുകില്‍ തിന്മകള്‍ തടുക്കുക, അല്ലെങ്കില്‍ നന്മകള്‍ നേടുക.
സുസ്ഥിര വികസനവും പുരോഗതിയും ക്ഷേമവും സമാധാനപൂര്‍ണമായ ഒരു സാമൂഹിക അന്തരീക്ഷത്തിലേ സാധ്യമാവൂ. സമാധാനമാകട്ടെ നീതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ലോക തൊഴിലാളി സംഘടനയുടെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: ''ശാശ്വതവും സമഗ്രവും സാര്‍വത്രികവുമായ സമാധാനം സാമൂഹികനീതിയുടെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാവൂ.''
വര്‍ഗം, ലിംഗം, ഭാഷ, ദേശം, മതം തുടങ്ങിയ എല്ലാവിധ പരിഗണനകള്‍ക്കുമതീതമായി ലഭിക്കുന്ന നിയമപരിരക്ഷയും അവസരസമത്വവും മനുഷ്യരെന്ന നിലക്കുള്ള അടിസ്ഥാന അവകാശങ്ങളുമാണ് നീതികൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സമൂഹത്തിലെ ഏറ്റവും പതിതനും ദുര്‍ബലനും ഇത് ലഭിക്കുമ്പോഴാണ് ആ സമൂഹം ജീവിക്കുന്ന നാട്ടില്‍ നീതി പുലര്‍ന്നുവെന്ന് പറയാനാവുകയുള്ളൂ. നീതിക്ക് വേണ്ടിയുള്ള ദാഹം ജന്മസിദ്ധമാണ്. അനീതിയും അവസര നിഷേധവും അക്രമവും മനുഷ്യ മനസ്സില്‍ അതൃപ്തിയും പ്രതികാര വാഞ്ഛയും ഹിംസയും ജനിപ്പിക്കുന്നു. ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മിക്ക തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാന കാരണം നീതിനിഷേധമാണെന്ന് കാണാന്‍ കഴിയും. തീവ്രവാദവേട്ടയുടെ പേരില്‍ വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇരപിടുത്തങ്ങള്‍ പലപ്പോഴും നിരപരാധികള്‍ക്കെതിരിലുള്ള കൈയേറ്റങ്ങളും പീഡനങ്ങളുമായി മാറുന്നു. അങ്ങനെ ഓരോ തീവ്രവാദ വേട്ടയും പുതിയ നീതി നിഷേധങ്ങളും നീതിനിഷേധങ്ങള്‍ പുതിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെടിമരുന്നുമായി രൂപാന്തരപ്പെടുന്ന തുടര്‍ പ്രക്രിയകളാണ് എവിടെയും കാണാന്‍ കഴിയുന്നത്.
ഇസ്‌ലാമും നീതിയും
മനുഷ്യന്റെ സമാധാനപൂര്‍ണമായ സാമൂഹികജീവിതത്തിന്റെ മുഖ്യ ഉപാധിയായതുകൊണ്ട് തന്നെയാവണം ഇസ്‌ലാം നീതിക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയത്. അദ്ല്‍(നീതി) എന്നത് അല്ലാഹുവിന്റെ 99 സവിശേഷ നാമങ്ങളിലൊന്നാണ്. മാത്രമല്ല, പ്രവാചകന്മാരുടെ നിയോഗത്തിന്റെയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതിന്റെയും മുഖ്യ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ എടുത്തുപറയുന്നത് നീതിയുടെ സംസ്ഥാപനമാണ്. ''നാം വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി പ്രവാചകന്മാരെ നിയോഗിച്ചു. അവരുടെ കൂടെ ഗ്രന്ഥവും തുലാസും അവതരിപ്പിച്ചു; ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളുന്നതിന് വേണ്ടി'' (അല്‍ഹദീദ് 25). പ്രകൃത സൂക്തത്തെ മൗലാനാ മൗദൂദി ഇങ്ങനെ വിശദീകരിക്കുന്നു: ''ഈ മൂന്ന് സംഗതികളുമായി പ്രവാചകന്മാര്‍ നിയുക്തരായതിന്റെ ലക്ഷ്യം, ഈ ലോകത്ത് മനുഷ്യന്റെ നിലപാടും ജീവിത രീതിയും വ്യക്തിഗതമായും സമഷ്ടിഗതമായും നീതിയില്‍ അധിഷ്ഠിതമാവുക എന്നതാകുന്നു... മറ്റു വാക്കുകളില്‍, പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം വൈയക്തികവും സാമൂഹികവുമായ നീതിയാകുന്നു.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍). ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത് ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാനാണ്. നീതിയാണ് ആകാശഭൂമികളുടെ നിലനില്‍പിന്റെ അടിസ്ഥാനം. നീതി പുലരുന്ന രാഷ്ട്രം പ്രത്യക്ഷപ്പെടുകയും നീതി വെളിവാകുകയും ചെയ്താല്‍ അല്ലാഹുവിന്റെ ശരീഅത്തും ദീനും അവിടെയാണ്.''
''അല്ലാഹു നീതിനിഷ്ഠയുള്ള രാഷ്ട്രത്തെ നിലനിര്‍ത്തും, അത് അവിശ്വാസത്തിലധിഷ്ഠിതമാണെങ്കിലും. അക്രമത്തിലധിഷ്ഠിതമായ രാഷ്ട്രത്തെ നിലനിര്‍ത്തില്ല, അത് മുസ്‌ലിമാണെങ്കിലും'' എന്ന ചൊല്ല് നീതിയുടെ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇമാം ഇബ്‌നു തൈമിയ എഴുതുന്നു: ''നബി(സ) അരുളി. കുടുംബബന്ധം മുറിക്കുന്നതിനേക്കാളും അക്രമത്തേക്കാളും അല്ലാഹുവിന്റെ ശിക്ഷ വേഗം ക്ഷണിച്ചുവരുത്തുന്ന മറ്റൊരു പാപവുമില്ല. അക്രമി ഈ ലോകത്ത് തന്നെ വീഴ്ത്തപ്പെടും; പരലോകത്ത് പാപങ്ങള്‍ പൊറുക്കപ്പെട്ടവനും കാരുണ്യത്തിന് അര്‍ഹനുമാണെങ്കിലും. കാരണം, നീതി എല്ലാ കാര്യങ്ങളുടെയും വ്യവസ്ഥയാണ്. ദുന്‍യാവിന്റെ കാര്യം നീതിയിലധിഷ്ഠിതമായി സ്ഥാപിച്ചാല്‍ അത് നിലനില്‍ക്കും, പരലോകത്ത് അതിന്റെ ആള്‍ക്ക് ഒന്നും കിട്ടിയില്ലെങ്കിലും. ഇനി നീതിയിലധിഷ്ഠിതമായല്ല അത് സ്ഥാപിക്കുന്നതെങ്കില്‍ അത് നിലനില്‍ക്കില്ല, അതിന്റെ ഉടമസ്ഥന് പരലോകത്ത് ഉപകാരപ്പെടുന്ന രൂപത്തിലുള്ള ഈമാനുണ്ടെങ്കിലും'' (മജ്മൂഉല്‍ ഫതാവ വാള്യം 28, പേജ് 146).

നീതി ഖുര്‍ആനില്‍
''അല്ലാഹു നീതിയും നന്മയും കല്‍പിക്കുകയും ബന്ധുക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും അശ്ലീലവും തിന്മയും അക്രമവും നിരോധിക്കുകയും ചെയ്തിരിക്കുന്നു'' (അന്നഹ്ല്‍ 90). ''നിങ്ങള്‍ നീതിപാലിക്കുക, അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (അല്‍ഹുജുറാത്ത് 9). ''നിങ്ങള്‍ക്കിടയില്‍ നീതി പാലിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു'' (അശ്ശൂറ 15). ''നിങ്ങള്‍ നീതിപൂര്‍വം സംസാരിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്ക് എതിരാണെങ്കില്‍ പോലും'' (അല്‍അന്‍ആം 152).
''അമാനത്ത് അതിന്റെ ആളുകള്‍ക്ക് ഏല്‍പിച്ചുകൊടുക്കാനും ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധി കല്‍പിക്കാനും അല്ലാഹു കല്‍പിച്ചിരിക്കുന്നു'' (അന്നിസാഅ് 58). ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ശഹീദ് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''കേവലം മുസ്‌ലിംകള്‍ക്കിടയില്‍ പരിമിതമായ രൂപത്തിലല്ല എല്ലാ ജ നങ്ങള്‍ക്കുമിടയില്‍ അവര്‍ മനുഷ്യരെന്ന നിലക്ക് നീതിപൂര്‍വം വിധിക്കുകയെന്ന അര്‍ഥത്തില്‍ സമഗ്രമായ നീതിയെക്കുറിച്ചാണ് പ്രകൃത സൂക്തം. ദൈവിക സരണിയില്‍ നീതിയുടെ അടിസ്ഥാനം മനുഷ്യരാണ്. ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ് മുസ്‌ലിംകള്‍. ഈ അര്‍ഥത്തിലുള്ള നീതി മനുഷ്യവംശം ഇസ്‌ലാമിലൂടെ മാത്രമേ പരിചയപ്പെട്ടിട്ടുള്ളൂ'' (ഫീ ളിലാലില്‍ ഖുര്‍ആന്‍ 5/689). അല്‍മാഇദ എട്ടാം സൂക്തത്തിലൂടെ അല്ലാഹു വിശ്വാസി സമൂഹത്തോട് ആവശ്യപ്പെടുന്നത് നീതിയുടെ കാവലാളും ധ്വജവാഹകരുമാകാനാണ്. ''വിശ്വാസികളേ, അല്ലാഹുവിന് വേണ്ടി ദൃഢതയോടെ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാകുവിന്‍. ഒരു വിഭാഗത്തോടുള്ള ശത്രുത അനീതിക്ക് കാരണമാകരുത്'' (അല്‍മാഇദ-8). അഥവാ നീതിയുടെ പക്ഷം പിടിക്കുകയെന്നത് താല്‍ക്കാലികമായ മുട്ടുശാന്തിയാകരുത്. ഒരു സ്ഥായീ സ്വഭാവവും പ്രകൃതവുമാകണമെന്നര്‍ഥം. ശത്രുമിത്രഭേദം പോലും ഇക്കാര്യത്തില്‍ പരിഗണിക്കാന്‍ പാടില്ലെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഒരു വിഭാഗത്തോടുള്ള ശത്രുതയും വിയോജിപ്പും പ്രശ്‌നങ്ങളില്‍ നീതിപൂര്‍വകമല്ലാത്ത നിലപാടുകളെടുക്കാന്‍ പലരെയും പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍, പ്രവാചകന്റെ പാഠശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ അബ്ദുല്ലാഹിബ്‌നു റവാഹ(റ)യെ നോക്കൂ. ഖൈബറിലെ ജൂതന്മാരുടെ കാര്‍ഷിക വിഭവങ്ങള്‍ ഓഹരി വെക്കാന്‍ തിരുമേനി നിയോഗിച്ചിരിക്കുകയാണ് അദ്ദേഹത്തെ. ജൂതന്മാര്‍ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എനിക്കേറ്റവും പ്രിയങ്കരനായ ഒരാളുടെ അടുത്ത് നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങളാകട്ടെ ഞാനേറ്റവും വെറുക്കുന്നവരാണ്. പക്ഷേ, പ്രവാചകനോടുള്ള സ്‌നേഹമോ നിങ്ങളോടുള്ള വെറുപ്പോ നീതിപൂര്‍വം കാര്യം നിര്‍വഹിക്കുന്നതിന് എനിക്ക് തടസ്സമാവുകയില്ല.'' അവര്‍ പറഞ്ഞു: ''ഈ നീതിയുടെ അടിസ്ഥാനത്തിലാണ് ആകാശഭൂമികള്‍ നിലനില്‍ക്കുന്നത്.''
മറ്റൊരു സംഭവം. നാലാം ഖലീഫ അലി(റ)യുടെ ഭരണകാലം. അദ്ദേഹത്തിന്റെ അങ്കി കളവ് പോയി. ഒരു ജൂതനെയായിരുന്നു സംശയം. അലി(റ) ജൂതനെതിരെ ഖാദി ശുറൈഹിന്റെ കോടതിയില്‍ കേസ് കൊടുത്തു. ജഡ്ജി വാദിയായ അലി(റ)യോട് ജൂതന്റെ കൈയിലുള്ള അങ്കി സ്വന്തമാണെമന്നതിന് സാക്ഷിയുണ്ടോ എന്നാരാഞ്ഞു. അലി(സ) സ്വന്തം മകന്‍ ഹുസൈ(റ)നെയാണ് സാക്ഷിയായി ഹാജരാക്കിയത്. പക്ഷേ, ജഡ്ജി അത് സ്വീകരിച്ചില്ല. അദ്ദേഹം ജൂതന് അനുകൂലമായി വിധി പ്രസ്താവിച്ചു. പക്ഷേ, അത് ജൂതനെ അത്ഭുതസ്തബ്ധനാക്കി. മുസ്‌ലിംകളുടെ ഭരണാധികാരി കോടതിയില്‍ ഹാജരായി കേസ് തോല്‍ക്കുന്നു! ഇസ്‌ലാമിന്റെ ഈ നീതിബോധം, തന്റെ തെറ്റ് ഏറ്റുപറഞ്ഞ് അങ്കി അലി(റ)ക്ക് തിരിച്ചുനല്‍കാനും ഇസ്‌ലാമാശ്ലേഷിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഇസ്‌ലാമിക ചരിത്രം ഇത്തരം സംഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. ശത്രുത നീതിയില്‍ നിന്ന് വ്യതിചലിക്കാന്‍ കാരണമാകുന്നത് പോലെ കുടുംബ മൈത്രീ ബന്ധങ്ങളും നീതിപാലിക്കുന്നതില്‍നിന്ന് ആളുകളെ തടയാറുണ്ട്. പ്രത്യേകിച്ച് അതുമൂലം സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ കഷ്ടനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍. അന്നിസാഅ് 135-ാമത്തെ സൂക്തത്തിലൂടെ അല്ലാഹു ആ സാധ്യതയുടെ പഴുതടക്കുകയാണ് ചെയ്യുന്നത്. ''വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നീതി നടത്തുന്നവരാകുവിന്‍. അതിന്റെ ഫലം നിങ്ങള്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും.''
മേല്‍ സൂക്തത്തിലും അല്‍മാഇദ 8-ാം സൂക്തത്തിലുമുള്ള 'ശുഹദാഅലില്ലാ' 'ഖവ്വാമീനലില്ലാഹി ശുഹദാഅബില്‍ ഖിസ്ത്' എന്നീ പ്രയോഗങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. നീതിയുടെ പക്ഷത്ത് നില്‍ക്കാനുള്ള സാക്ഷാല്‍ പ്രചോദനം ദൈവിക പ്രീതി മാത്രമായിരിക്കണമെന്ന് അതുണര്‍ത്തുന്നു. മറ്റെല്ലാ പരിഗണനകള്‍ക്കുമതീതമായി കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് നീതിയുടെ കൂടെ നില്‍ക്കാന്‍ അപ്പോള്‍ മാത്രമേ സാധ്യമാകൂ. പ്രകൃത സൂക്തത്തെ അവലോകനം ചെയ്തുകൊണ്ട് സയ്യിദ് ഖുത്വുബ് എഴുതുന്നു: ''നീതിക്ക് വേണ്ടി നിലകൊള്ളുകയെന്ന അമാനത്താണത്. നിരുപാധികമായ നീതി. ഏത് സാഹചര്യത്തിലും ഏത് രംഗത്തും ഭൂമിയില്‍ അക്രമത്തെയും അനീതിയെയും ചെറുക്കുന്ന നീതി. മുസ്‌ലിംകളും അമുസ്‌ലിംകളുമായ എല്ലാവര്‍ക്കും അവരവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന നീതി. ഈ കാര്യത്തില്‍ അല്ലാഹുവിന്റെ മുന്നില്‍ വിശ്വാസി അവിശ്വാസി ഭേദമില്ല. അടുത്തവരും അകന്നവരും ശത്രുക്കളും മിത്രങ്ങളും പാവപ്പെട്ടവരും പണക്കാരും അവിടെ തുല്യരാണ്'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).
അല്ലാഹു ഇടപെടുന്നു
നീതി ഭരണകൂടവുമായും കോടതിയുമായും മാത്രം ബന്ധപ്പെട്ട വിഷയമല്ല. ദൈംദിന ജീവിതത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏത് സാധാരണക്കാരനും തന്റെ നീതിബോധവും നിഷ്പക്ഷതയും തെളിയിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാവാം. മധ്യസ്ഥതയിലും കുടുംബജീവിതത്തിലും മുതല്‍ ചര്‍ച്ചകളിലുള്ള പങ്കാളിത്തത്തില്‍ വരെ. നുഅ്മാനുബ്‌നുല്‍ ബശീര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ പിതാവ് എനിക്കൊരു ദാനം നല്‍കി. എന്നാല്‍ എന്റെ മാതാവ് ഇംറത്ത് ബിന്‍ത് റവായി പറഞ്ഞു: ''നബി തിരുമേനി ഇതിന് സാക്ഷ്യം വഹിക്കുന്നത് വരെ ഞാനിക്കാര്യം തൃപ്തിപ്പെടുകയില്ല.'' അങ്ങനെ എന്റെ പിതാവ് പ്രവാചകനെ സമീപിച്ചു. തിരുമേനി ചോദിച്ചു: ''താങ്കളുടെ എല്ലാ മക്കള്‍ക്കും ഇങ്ങനെ ദാനം നല്‍കിയിട്ടുണ്ടോ?'' പിതാവ് പറഞ്ഞു: ''ഇല്ല.'' പ്രവാചകന്‍ അരുളി: ''നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ നീതിപാലിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക. അനീതിക്ക് ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല.'' പിതാവ് തന്റെ ദാനം തിരിച്ചെടുത്തു.
രണ്ട് കുട്ടികള്‍ ഹസന്‍(റ)വിനെ സമീപിച്ച് അവരില്‍ ആരുടെ കൈയെഴുത്താണ് നല്ലതെന്ന് ആരാഞ്ഞു. ഇത് കണ്ട അലി(റ) പറഞ്ഞു: ''നല്ലവണ്ണം ശ്രദ്ധിച്ചു നീതിപൂര്‍വം ചെയ്യുക, നാളെ അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരും.''
വിശുദ്ധ ഖുര്‍ആന്‍ പൊതുവായ ചില സാന്മാര്‍ഗിക ഉപദേശങ്ങള്‍ നല്‍കി വിഷയം അവസാനിപ്പിച്ചില്ല. ഖുര്‍ആന്റെ പൊതുവായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി, ഒരു കേസ് കൈകാര്യം ചെയ്തപ്പോള്‍ ഒരു മുസ്‌ലിമിന്റെ (കപട വിശ്വാസിയെന്ന് റിപ്പോര്‍ട്ടുകള്‍) വാദവും പ്രത്യക്ഷ തെളിവുകളും മുഖവിലക്കെടുത്ത് ഒരു ജൂതനെ കുറ്റവാളിയായി വിധിക്കാന്‍ പ്രവാചകന്‍(സ) തയാറായപ്പോള്‍ അല്ലാഹു ഇടപെടുകയും ഒരു പേജ് നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന, സൂറത്തുന്നിസാഇലെ 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അതിങ്ങനെ വായിക്കാം.
''പ്രവാചകരേ, നാമിതാ ഈ വേദം സത്യസമേതം നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് അല്ലാഹു കാണിച്ചുതന്ന പ്രകാരം ജനത്തിനിടയില്‍ വിധി കല്‍പ്പിക്കേണ്ടതിനാകുന്നു. താങ്കള്‍ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകാതിരിക്കുക. അല്ലാഹുവിനോട് മാപ്പിരക്കുക. അവന്‍ വളരെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ആത്മവഞ്ചകരായ ആളുകള്‍ക്ക് വേണ്ടി താങ്കള്‍ വാദിക്കരുത്. കൊടും വഞ്ചകനും മഹാപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ ചെയ്തികള്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് ഒളിച്ചുവെക്കാന്‍ കഴിയുന്നതല്ല.''
ബനൂസഫര്‍ ഗോത്രത്തിലെ തഅ്മത്തുബ്‌നു ഉബൈരിഖ് അല്ലെങ്കില്‍ ബശീറുബ്‌നു ഉബൈരിഖ് ഒരു അന്‍സാരിയുടെ പടയങ്കി മോഷ്ടിച്ചു. ഉടമസ്ഥന്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അത് ഒരു ജൂതന്റെയടുത്ത് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തഅ്മത്തും കുടുംബവും കുറ്റം ജൂതന്റെ മേല്‍ ആരോപിക്കാന്‍ തീരുമാനിച്ചു. വിചാരണവേളയില്‍ ജൂതന്‍ വാസ്തവസ്ഥിതി വെളിപ്പെടുത്തിയെങ്കിലും തഅ്മത്തും കുടുംബവും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നു. പ്രത്യക്ഷ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂതനെതിരെ നബി(സ) വിധി നടത്താനിരുന്ന ഘട്ടത്തിലാണ് അല്ലാഹു ഇടപെട്ട് ജൂതന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയും ചില മുസ്‌ലിംകളുടെ പക്ഷപാതപരവും അനീതിപരവുമായ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തുകൊണ്ട് മേല്‍ സൂക്തങ്ങള്‍ അവതരിപ്പിക്കുന്നത്. ലോകാവസാനം വരെയുള്ള ജനങ്ങള്‍ പാരായണം ചെയ്യേണ്ട ഖുര്‍ആനില്‍ അത് ഇന്നും രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു! മദീനയിലെ ജൂതന്മാര്‍ ഇസ്‌ലാമിനെ വേരോടെ പിഴുതെറിയാന്‍ പതിനെട്ടടവും പയറ്റുകയും കിട്ടാവുന്ന ഏത് വടിയുമെടുത്ത് മുസ്‌ലിംകളെ അടിക്കാനൊരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ സംഭവം. നീതിയുടെ കാര്യത്തില്‍ അതൊന്നും പരിഗണനീയമല്ലെന്ന് പാഠം.
നീതി ഹദീസുകളില്‍
നീതിയുടെ പ്രാധാന്യം എടുത്തുപറയുന്ന ധാരാളം തിരുവചനങ്ങളുണ്ട്. നബി(സ) അരുളി: ''അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത നാളില്‍ ഏഴു വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണലിട്ടുകൊടുക്കും. ഒന്ന് നീതിമാനായ ഭരണാധികാരി'' (ബുഖാരി, മുസ്‌ലിം).
''നീതിമാന്മാര്‍ അല്ലാഹുവിന്റെ അടുത്ത്-കാരുണ്യവാന്റെ വലത് വശത്ത് - പ്രകാശത്തിന്റെ പീഠങ്ങളിലായിരിക്കും'' (മുസ്‌ലിം). ''അന്ത്യദിനത്തില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരനും അവനോട് ഏറ്റവും സമീപസ്ഥനും നീതിമാനായ ഭരണാധികാരിയായിരിക്കും. അന്ത്യനാളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവനും ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നവനും അക്രമിയായ ഭരണാധികാരിയായിരിക്കും.''
ഒരു ഇസ്‌ലാമിക പൈതൃക വചനം ഇങ്ങനെ: ''ഒരു ദിവസത്തെ നീതി നാല്‍പ്പത് വര്‍ഷത്തെ ഇബാദത്തിന് തുല്യമാണ്.''
ദാവൂദ് നബി പറയാറുണ്ടായിരുന്നത്രെ: ''മൂന്ന് കാര്യങ്ങള്‍ ഉള്ളവര്‍ അത്യധികം അത്ഭുതപ്പെടുത്തുന്നു. ദാരിദ്ര്യത്തിലും സമ്പന്നതയിലുമുള്ള മിതത്വം, കോപത്തിന്റെയും തൃപ്തിയുടെയും അവസരത്തിലുള്ള നീതി, രഹസ്യമായും പരസ്യമായുമുള്ള ദൈവഭയം. (തഫ്‌സീര്‍ അത്ത്വബ്‌റാനി).
നീതിയും സമാധാനവും
നീതി മാനസികവും സാമൂഹികവുമായ സമാധാനം ലഭ്യമാക്കുകയും സുരക്ഷിതത്വവും പുരോഗതിയും സാധ്യമാക്കുകയും ചെയ്യും. ജറാഹിബ്‌നു അബ്ദുല്ല, ഉമറുബ്‌നു അബ്ദില്‍ അസീസിന് എഴുതി: ''ഖുറാസാനിലെ ജനങ്ങള്‍ മോശമായിരിക്കുന്നു. വാളും ചാട്ടവാറുമല്ലാതെ അവരെ നന്നാക്കാന്‍ മാര്‍ഗമില്ല.'' ഉമര്‍(റ) മറുപടി എഴുതി. ''താങ്കളുടെ കത്ത് കിട്ടി. വാളും ചാട്ടവാറും കൊണ്ടല്ലാതെ ഖുറാസാനിലെ ജനങ്ങളെ നന്നാക്കാനാവില്ലെന്ന പ്രസ്താവം കളവാണ്. നീതിയും സത്യവും കൊണ്ട് അവരെ നന്നാക്കാനാവും. അത് അവരില്‍ വ്യാപിപ്പിക്കുക.''
ചക്രവര്‍ത്തിയുടെ ദൂതന്‍ മദീന സന്ദര്‍ശിക്കാനെത്തിയ വേളയില്‍ രാഷ്ട്രത്തലവനായ ഉമര്‍ ഖത്താബ്(റ) മരത്തണലില്‍ ഉറങ്ങുന്നതാണ് കണ്ടത്. അദ്ദേഹം പറഞ്ഞുപോയി: ''ഉമര്‍, താങ്കള്‍ നീതി പ്രവര്‍ത്തിച്ചു, നിര്‍ഭയനായി ഉറങ്ങി. ഞങ്ങളുടെ രാജാവ് അക്രമം ചെയ്തു, അദ്ദേഹം ഭയചകിതനായി ഉറക്കമൊഴിക്കുന്നു.'' ഹിംസിലെ ഗവര്‍ണര്‍ ഉമറുബ്‌നുല്‍ അബ്ദില്‍ അസീസിന് പട്ടണത്തിന്റെ ശോച്യാവസ്ഥ അറിയിച്ചുകൊണ്ടെഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: ''പട്ടണത്തെ നീതികൊണ്ട് പരിരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക. അതിന്റെ വഴികളില്‍നിന്ന് അക്രമത്തെ തൂത്തുമാറ്റി വൃത്തിയാക്കുക.''
നീതി പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടൊപ്പം ഇസ്‌ലാം അക്രമത്തെ ദുഷിക്കുകയും അക്രമികളുടെ പരിണതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. എന്ത് വിലകൊടുത്തും നിഷ്‌കൃഷ്ടമായ നീതിപാലിക്കാന്‍ ബാധ്യതപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ട സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളേണ്ടവരുമാണ് മുസ്‌ലിംകള്‍. അതവരുടെ താല്‍ക്കാലിക അജണ്ടയോ പ്രചാരണ ആയുധമോ അല്ല; നിലനില്‍പ്പിന്റെ ന്യായീകരണവും ലക്ഷ്യവുമാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍