അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതുതന്നെ
ബി.വി.എം ഹുസൈന്‍ തങ്ങള്‍ പുതിയങ്ങാടി-കടപ്പുറം /
അവയവദാനം
പ്രോത്സാഹിപ്പിക്കേണ്ടതുതന്നെ
അവയവദാനത്തെക്കുറിച്ച് എം.വി മുഹമ്മദ് സലീം എഴുതിയ ലേഖനം ചിന്താര്‍ഹമായിരുന്നു. ധാരാളം ഫിഖ്ഹീ മസ്അലകളുടെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ രക്ത ദാനത്തിന്റെ പ്രാധാന്യം ഇന്ന് സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മരണം സംഭവിച്ചുകഴിഞ്ഞ് കുറഞ്ഞ സമയത്തിനുള്ളില്‍ നീക്കം ചെയ്യപ്പെടുന്ന അവയവം മറ്റൊരാള്‍ക്ക് ഗുണകരമായി ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തല്‍ തീര്‍ച്ചയായും ചികിത്സാ വിധിയായി കണ്ട് പ്രോത്സാഹിപ്പിക്കേണ്ടതാണ്. മണ്ണില്‍ ചീഞ്ഞളിഞ്ഞു നശിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ജീവിക്കുന്നയാള്‍ക്ക് അത് പ്രയോജനപ്പെടുന്നത്. കാഴ്ച തിരിച്ചു കിട്ടുകയും കിഡ്‌നിയും കരളും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്ന അത്തരം രോഗികളുടെ പ്രാര്‍ഥന അവയവദാനം ചെയ്തവര്‍ക്കു ലഭിക്കുമെന്ന് മാത്രമല്ല, അതിലേറെ പ്രതിഫലം ദൈവം നല്‍കുമെന്നും പ്രത്യാശിക്കാം. സ്വത്തും മറ്റും വസ്വിയ്യത്ത് ചെയ്യുന്നതുപോലെ മരണാനന്തരം തന്റെ അവയവം ദാനം ചെയ്യുന്നതിന് വസ്വിയ്യത്ത് പോലുള്ള ഒരു നടപടിക്രമത്തിനു തുടക്കം കുറിക്കുകയാണെങ്കില്‍ ധാരാളം മനുഷ്യര്‍ക്കത് വലിയ ഗുണം ചെയ്യും. ബ്ലഡ് ഡൊണേഷന്‍ ഫോറങ്ങള്‍ പോലെ, ഈ കാര്യത്തിലും സംഘടനകള്‍ക്ക് ശ്രദ്ധ ചെലുത്താവുന്നതാണ്.
ജാബിര്‍ വാണിയമ്പലം, സുഊദി അറേബ്യ /
ഹിജാബ് ഊരി ക്യാപ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ്
നമ്മുടെ 'മതേതര പരിസരങ്ങള്‍'
പ്രബോധനം ലക്കം 2804-ല്‍ എ.കെ ഫാസിലയും നൗഷാബ നാസും എഴുതിയ ലേഖനങ്ങളോട് വിയോജിച്ചുകൊണ്ട് രേഷ്മ കൊട്ടക്കാട് എഴുതിയ പ്രതികരണമാണ് (ലക്കം 2806)ഈ കുറിപ്പിനാധാരം. ലേഖനം മുഴുവന്‍ വായിച്ചിട്ടും എന്താണ് രേഷ്മയുടെ വിയോജിപ്പ് എന്ന് മനസ്സിലായില്ല. അവര്‍ മുന്നോട്ടുവെച്ച പ്രധാന പോയിന്റ് ഇതാണ്: 'തല മറക്കുന്നതും പര്‍ദ ധരിക്കുന്നതുമാണ് ഇന്ന് മുസ്‌ലിംസ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, അതിന്റെ പേരിലാണ് അവള്‍ അവഹേളിക്കപ്പെടുന്നത്. മഫ്തയും പര്‍ദയും ധരിക്കുന്നതാണ് മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും കാരണമെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്.' രേഷ്മയുടെ ഈ വ്യാഖ്യാനം ഫാസിലയുടെയും നൗഷാബയുടെയും ലേഖനങ്ങളില്‍നിന്ന് എത്ര ആലോചിച്ചിട്ടും ഉരുത്തിരിച്ചെടുക്കാന്‍ ആകുന്നില്ല. ലേഖികമാര്‍ മുന്നോട്ടുവെച്ച സുവ്യക്തവും സുപ്രധാനവുമായ ചോദ്യങ്ങളെ അപ്രധാനമാക്കുന്നതിനുള്ള ഒരു ശ്രമം മാത്രമേ അത് ആകുന്നുള്ളൂ.
ഹിജാബ് എന്നത് ഏറ്റവും അധികം പ്രശ്‌നവത്കരിക്കപ്പെട്ട ഒരു ആഗോള പൊതുബോധം നിലനില്‍ക്കുന്ന പുതിയ കാലത്ത്, മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബിന്റെ പേരില്‍ കാമ്പസുകളില്‍ നേരിടുന്ന അപരവത്കരണത്തെ ശക്തമായ തൂലിക ഉപയോഗിച്ച് കൈകാര്യം ചെയ്ത ലേഖികമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ആധുനിക ലോകത്തെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തെ മതകീയമായി അവര്‍ നേടിയ പുതിയ തിരിച്ചറിവുകളില്‍ നിന്ന് മാറ്റിനിര്‍ത്തി വിശദീകരിക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ മതചിഹ്നങ്ങളിലേക്കുള്ള മുസ്‌ലിം സ്ത്രീയുടെ തിരിച്ചുപോക്കിനെ സെക്യുലരിസത്തിന്റെ ലേബലില്‍ ടാര്‍ഗറ്റ് ചെയ്യുന്നതിന് മത ചിഹ്നങ്ങളെ പ്രശ്‌നവത്കരിക്കുക എന്ന തന്ത്രമാണ് ആഗോളാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുവാന്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു എന്നാണ് പ്രബോധനത്തിലെ ആ ലേഖനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഹിജാബ് വിരുദ്ധ ഒളി അജണ്ടകളെ മറച്ചുവെച്ച് കൊണ്ട് അഡ്വ. ആയിഷബീവിയുടെ 1970-കളെ 'പര്‍ദക്കുള്ളിലെ വിപ്ലവ സ്ഫുലിംഗ'മായി ചരിത്രം ഉദാഹരിച്ച് കഴിവും യോഗ്യതയും ഉള്ളവര്‍ ഹിജാബ് ധരിക്കുന്നത് കൊണ്ട് അവഹേളിക്കപ്പെടുകയില്ല എന്ന് പറയുന്ന രേഷ്മ, 2012-ന്റെ പട്ടാപ്പകലില്‍ ഗുവാഹതിയുടെ 'മനുഷ്യവാസ' പൊതു നിരത്തുകളിലൂടെ നൗഷാബ നാസ് ക്യാപ് ധരിച്ചു നടക്കാന്‍ നിര്‍ബന്ധിതയായതിനെയും അതുവഴി ഒരു 'ലിബറല്‍' ലേബല്‍ സൗജന്യമായി ലഭിച്ചതിനെയും എങ്ങനെ വിശദീകരിക്കും? പെണ്‍കുട്ടികള്‍ കഴിവും യോഗ്യതയും നേടി ഉത്തരങ്ങള്‍ പറയാന്‍ കഴിയുന്നവരായി മുന്നോട്ടുവരണം എന്ന രേഷ്മയുടെ വാദത്തെ അംഗീകരിക്കുന്നു. അത് പക്ഷേ, ഫാസിലയുടെയോ നൗഷാബയുടെയോ ലേഖനത്തോട് വിയോജിക്കുന്ന ഒരു പോയിന്റ് ആകുന്നില്ല.
റഹ്മാന്‍ മധുരക്കുഴി /
സാമ്പത്തികാസമത്വം
അസംതൃപ്തിയിലേക്ക് നയിക്കും
നമ്മുടെ രാജ്യം വലിയ വിപത്തിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുല്‍ കലാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. വലിയ നീതിനിഷേധത്തിന് കാരണമായിരിക്കുന്ന അഴിമതി എന്ന അര്‍ബുദത്തിനും അത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന കടുത്ത നിരാശക്കും അറുതിവരുത്തുന്നതിന് ഉടനടി നടപടിയെടുക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കില്‍ അതൊരു വിപ്ലവത്തിലേക്കായിരിക്കും ഇന്ത്യയെ കൊണ്ടെത്തിക്കുകയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു. ഏതാനും ദിവസം മുമ്പ് പ്രഫ. എം.കെ സാനു എന്‍ഡോവ്‌മെന്റ് പ്രഭാഷണ പരമ്പര എറണാകുളത്ത് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.
കര്‍ണാടക നിയമസഭയിലെ 218 എം.എല്‍.എമാരില്‍ 203 പേരും കോടീശ്വരന്മാര്‍! ഇന്ത്യന്‍ പാര്‍ലമെന്റില്‍ 300-ലേറെ എം.പിമാരും കോടീശ്വരന്മാര്‍. രാജ്യത്തെ 311 കോടീശ്വരന്മാരുടെ വരുമാനം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ നൂറു ശതമാനം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കര്‍ണാടക ടൂറിസം മന്ത്രി ജനാര്‍ദന റെഡ്ഢിയുടെ ആസ്തി 153.49 കോടി. ടിയാന്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണക്കസേര 2.2 കോടിയുടേത്. അംബാനിമാര്‍ കോടികള്‍ ഇടിച്ചുതള്ളി 24 നില കെട്ടിടങ്ങള്‍ പണിയുമ്പോള്‍ അന്തിയുറങ്ങാന്‍ കൂരയില്ലാതെ ലക്ഷങ്ങള്‍ തണുത്ത് വിറച്ച് തെരുവോരങ്ങളിലും പീടികത്തിണ്ണകളിലും കഴിയുകയാണ്. തലസ്ഥാന നഗരിയില്‍ മാത്രം 14 ലക്ഷമുണ്ട് ഇത്തരക്കാര്‍. കര്‍ഷക ലക്ഷങ്ങളാവട്ടെ കടക്കെണിയില്‍ പെട്ട് ആത്മഹത്യയെ ശരണം പ്രാപിക്കുന്നു. 80 കോടിയോളം ദരിദ്രനാരായണന്മാര്‍ ദിവസം 20 രൂപ പോലും വരുമാനമില്ലാതെ ദുരിതം പേറുന്നു. അതിസമ്പന്നരുടെ സമ്പത്ത് ഒരു വശത്ത് കുതിച്ചുയരുമ്പോള്‍, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതതിക്ക് നൂറിലൊരംശം പോലും ഗുണഭോക്താക്കളാവാന്‍ കഴിയുന്നില്ല.
ഇത്തരം ഭീഷണമായ ഒരവസ്ഥയില്‍, അസംതൃപ്തരും അസ്വസ്ഥരും രോഷാകുലരുമായ ജനങ്ങള്‍ കടുത്ത നീതിനിഷേധത്തിനെതിരെ വിപ്ലവത്തിന്റെ തീജ്വാലയുമായി രംഗത്ത് വന്നേക്കുമെന്ന ആശങ്കയാണ് മുന്‍ രാഷ്ട്രപതി ഉയര്‍ത്തിയത്. രൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് ഉടനടി നടപടി എടുക്കാന്‍ ഭരണകൂടം അമാന്തിക്കുന്നത് ആപത്താവുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏറെ ഗൗരവപ്പെട്ടതാണ്.
ആചാരി തിരുവത്ര, ചാവക്കാട് /
കടുവയെ കിടുവ പിടിക്കുകയോ?
ജൂണ്‍ 21 ലക്കത്തിലെ മുഖക്കുറിപ്പ് യാഥാര്‍ഥ്യങ്ങളെ വെളിപ്പെടുത്താന്‍ പര്യാപ്തമായി. സത്യസന്ധമായും നിഷ്പക്ഷമായും നിയമപാലനം നടത്തേണ്ട നിയമപാലകര്‍ തന്നെ രാജ്യത്തിന് ഇന്ന് വെല്ലുവിളിയായിത്തീരുകയാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെ തകിടം മറിച്ചും മതസൗഹാര്‍ദത്തിന് കളങ്കമേല്‍പിച്ചും ഇക്കൂട്ടര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ നാശത്തിന്റെ പാത വെട്ടിത്തുറക്കുകയാണ് ചെയ്യുന്നത്.
ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മഹാ രാഷ്ട്രയില്‍ വന്‍ ഭീകര പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ നാം കണ്ടത്. അതും ആരാധനാലയങ്ങള്‍ക്ക് നേരെയാണ് എന്നതാണ് മറ്റൊരു വസ്തുത.
മാലേഗാവ് സ്‌ഫോടനം കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. ബോംബാക്രമണം, ബലാത്സംഗം, മറ്റു പീഡനങ്ങള്‍ ഇതൊക്കെ മാലേഗാവില്‍ സൃഷ്ടിച്ച് രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നവര്‍ ആരായിരുന്നാലും ശരി അവര്‍ ദൈവത്തിന്റെ കോടതിയില്‍ നമ്പര്‍ വണ്‍ ക്രിമിനലുകളാണ്. മൃഗീയമായ കുറ്റവാസനകളെ സ്വയം ഏറ്റുവാങ്ങുകയും ആഭ്യന്തര കലഹങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ വ്യവസ്ഥിതി പൊളിച്ചെഴുതണം. എന്നാലേ നിയമപാലനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ.
അക്ബറലി കരിങ്ങനാട് /
'സൈക്കോതെറാപി' കവിത (ലക്കം 2807) മനോഹരമായിരുന്നു. അത് മനസ്സിനുണ്ടാക്കിയ ഇളക്കം പെട്ടെന്നൊന്നും മാറുകയില്ല. അമീന്‍ അഹ്‌സനും പ്രബോധനത്തിനും അഭിനന്ദനങ്ങള്‍.
Comments