Prabodhanm Weekly

Pages

Search

2013 ജൂലായ് 12

ഒഴിഞ്ഞ താലങ്ങള്‍ /

റുബാ അല്‍ബതാവി

മറ്റു കുട്ടികളെല്ലാം ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാരോടൊത്ത് കളിച്ചു പുളയ്ക്കുമ്പോള്‍ അവന്‍ മാത്രം ക്ലാസ് മുറിയില്‍ തനിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. സ്‌കൂള്‍ കാന്റീനില്‍നിന്ന് ജ്യൂസോ മിഠായിയോ അവന്‍ വാങ്ങുന്നത് ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല. ഉഷ്ണകാലത്തോ ശൈത്യകാലത്തോ ഒരിക്കലെങ്കിലും അവന്‍ സ്‌കൂള്‍ ബസ്സില്‍ കയറുന്നതും ഞാന്‍ കണ്ടിരുന്നില്ല. കാല്‍നടയായാണ് അവന്‍ സ്‌കൂളില്‍ വന്നും പോയുമിരുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലാക്കാനായി.
പഴയ നഗരപ്രാന്തത്തിലായിരുന്നു അവന്റെ വീട്. ഞങ്ങള്‍ ഇരുവരുടെയും വീടുകള്‍ക്കിടയില്‍ രണ്ട് ഇടവഴികളുണ്ടായിരുന്നു. എന്റെ കൂട്ടുകാരനൊന്നുമായിരുന്നില്ല അവന്‍. ആരോടും ഒന്നും സംസാരിക്കാന്‍ താല്‍പര്യം കാണിക്കാത്ത കുട്ടി. ഞങ്ങളോടൊത്ത് കളിക്കാനും അവന്‍ ഉണ്ടാകുമായിരുന്നില്ല. വീട്ടില്‍ ചെന്ന് അവനെ ഞാന്‍ സന്ദര്‍ശിച്ചിരുന്നില്ല. അവന്റെ കുടുംബത്തെ എനിക്ക് പരിചയവുമില്ലായിരുന്നു. എന്നിട്ടും അതീവ വിസ്മയത്തോടെ, അത്രതന്നെ മൗനം പാലിച്ച് ഞാനവനെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. എന്തിനാവാം അവന്‍ ഇത്രകണ്ട് സങ്കടപ്പെടുന്നത്? എന്തുകൊണ്ട് അവന്‍ ഞങ്ങളോടൊപ്പം കളിക്കാന്‍ വരുന്നില്ല?
ഒരിക്കല്‍ ഒരു നോമ്പുനാളില്‍ ഞാനും അവനും അബൂ അലി റസ്റ്റോറന്റിനരികില്‍ സന്ധിക്കാനിടയായി. പരിപ്പുവടയും ഹമ്മൂസും വില്‍ക്കുന്ന റസ്റ്റോറന്റാണ് അബൂ അലി റസ്റ്റോറന്റ്. രുചികരമായ നോമ്പുതുറ വിഭവങ്ങള്‍ക്കൊപ്പം കഴിക്കാന്‍ ഒരു കോപ്പ ഹമ്മൂസ് വാങ്ങിവരാന്‍ അയച്ചതായിരുന്നു ഉമ്മ എന്നെ. മൂന്നു നാണയത്തിനു പരിപ്പുവട വാങ്ങാനാണ് അവന്‍ അവിടെ എത്തിയത്. അതും വാങ്ങി വേഗത്തില്‍ പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന അവനോട് ഞാന്‍ സലാം ചൊല്ലി. യാദൃഛികമായി അവനെ കണ്ട ഭാവമായിരുന്നു അപ്പോള്‍ എനിക്ക്. അവന്‍ വിളറുന്നത് കണ്ടപ്പോള്‍, ചെയ്തു തീര്‍ക്കേണ്ട ഹോം വര്‍ക്കിനെക്കുറിച്ചും നാളെ നടക്കാനിരിക്കുന്ന സയന്‍സ് പരീക്ഷയെക്കുറിച്ചുമായി എന്റെ സംഭാഷണം.
ഇരുവരും നടന്നുകൊണ്ടിരിക്കെ, നോമ്പുതുറക്കുമ്പോള്‍ പരിപ്പുവട മാത്രമാണോ കഴിക്കുന്നതെന്ന് ഞാന്‍ തിരക്കി. അവന്‍ ഒന്നും ഉരിയാടാതിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ജാള്യത തോന്നി. എന്റെ കണക്കു പുസ്തകം നഷ്ടപ്പെട്ടുപോയെന്നും പരീക്ഷക്ക് വേണ്ടി തല്‍ക്കാലം തന്റെ പുസ്തകം വായ്പയായി തരുമോയെന്നും ഞാന്‍ അവനോട് തിരക്കി. എന്റെ അപേക്ഷ നിരസിച്ചില്ലെന്നു മാത്രമല്ല കൂടെ ചെന്നാല്‍ പുസ്തകം തരാമെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തു.
അങ്ങനെ ഞങ്ങള്‍ അവന്റെ വീട്ടില്‍ എത്തി. പഴയ നഗരത്തിലെ മറ്റെല്ലാ വീടുകളെയും പോലെ അവന്റെ വീടും വളരെ ചെറുതായിരുന്നു. മുറിയില്‍ കയറിയപ്പോള്‍ അവന്റെ അഞ്ച് സഹോദരങ്ങളും നോമ്പു തുറക്കാനുള്ള ആഹാരം വിളമ്പേണ്ട താലത്തിനു ചുറ്റും ഇരിക്കുകയായിരുന്നു. നോമ്പുതുറക്കാനുള്ള സമയമടുത്തിട്ടും മാംസാഹാരത്തിന്റെ കൊതിയൂറുന്ന ഗന്ധം അവിടെയെങ്ങും പരിലസിച്ചിരുന്നില്ല. താന്‍ വാങ്ങിക്കൊണ്ടുവന്ന പരിപ്പുവടകള്‍ ഉമ്മയെ ഏല്‍പിച്ച ശേഷം ബാക്കിയുള്ള അഞ്ച് നാണയത്തുട്ടുകള്‍ അവന്‍ ഉപ്പയെ ഏല്‍പിക്കുന്നത് കണ്ടു.
'നോമ്പ് തുറക്കാനുള്ള ആഹാരമൊന്നുമില്ലേ?' അവന്‍ പുസ്തകവുമായി അകത്തുനിന്നു വന്നപ്പോള്‍ ഞാന്‍ തിരക്കി. മറുപടിക്ക് പകരം അവന്റെ തേങ്ങിക്കരച്ചിലായിരുന്നു ഞാന്‍ കേട്ടത്. തുടര്‍ന്നവന്‍ പറഞ്ഞു: ''ദയവു ചെയ്ത് ആരോടും പറയരുത്. ആറു മാസമായി എന്റെ ഉപ്പാക്ക് തൊഴിലൊന്നുമില്ല. നീലനിറത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനു ജോലിചെയ്യാന്‍ നിര്‍വാഹമില്ല. ഖുദ്‌സ് നഗരത്തില്‍ തങ്ങാന്‍ പോലും പാടില്ല. ജൂതന്മാരുടെ തടവിലായിരുന്നു ഒരു മാസം അദ്ദേഹം. ഇവിടെയെങ്ങും കണ്ടുപോകരുതെന്നു വിലക്കിയാണ് ജയിലില്‍നിന്ന് മോചിപ്പിച്ചത്. അതുകൊണ്ടാണ് വീട്ടിനകത്ത് തന്നെ തങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. തൊഴിലൊന്നുമില്ലെന്നു മാത്രമല്ല, തൊഴിലിനെപറ്റി ചിന്തിക്കുന്നതിനു പോലുമുണ്ട് വിലക്ക്. ഇനിയൊരിക്കല്‍ കൂടി തടവറയിലെ പീഡനം സഹിക്കാനുള്ള കരുത്തില്ല അദ്ദേഹത്തിന്.''
''നിന്റെ ഉപ്പ ഖുദ്‌സ് നിവാസിയല്ലേ?'' ''അല്ല, അദ്ദേഹം ഖലീല്‍ നിവാസിയാണ്. രണ്ടു കൊല്ലത്തിലേറെയായി അദ്ദേഹം തന്റെ കുടുംബക്കാരെ കണ്ടിട്ട്.'' അവന്‍ തേങ്ങി.
ഒന്നും ഉരിയാടാനാവാതെ ഞാന്‍ അവന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങി. എന്റെ വീട്ടിലേക്കുള്ള പാതിവഴിയില്‍ എത്തുമ്പോള്‍ തന്നെ മഗ്‌രിബ് ബാങ്ക് മുഴങ്ങി. അപ്പോള്‍ എനിക്കും കരച്ചില്‍ അടക്കാനായില്ല. ആ കുടുംബത്തിന്റെ ഒഴിഞ്ഞ നോമ്പുതുറ താലങ്ങളും അതിലെ രണ്ടോ മൂന്നോ പരിപ്പുവടകളും എനിക്ക് മറക്കാനേ കഴിഞ്ഞില്ല.
വിവ: എന്‍.എന്‍ അബ്ദുല്‍ ഗഫൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍