Prabodhanm Weekly

Pages

Search

2013 ജൂലായ് 12

സെക്യുലര്‍ കഴുകന്മാര്‍ ലക്ഷ്യമിടുന്നത് ഇസ്ലാമിനെത്തന്നെ

ഖാലിദ് മുസ്ത്വഫ

അറബ് വസന്തം അധികാരമാറ്റം കൊണ്ടുവന്ന തുനീഷ്യയിലും ഈജിപ്തിലും, അറബ് വസന്തത്തിനു മുമ്പു തന്നെ ഇസ്‌ലാമികാഭിമുഖ്യമുള്ള പാര്‍ട്ടി അധികാരത്തില്‍ വന്ന തുര്‍ക്കിയിലും അതത് ഭരണകൂടങ്ങളെ താഴെയിറക്കാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ആകസ്മികമാണെന്ന് കരുതാനാവില്ല. ഇസ്‌ലാമിനോട് പ്രതിബദ്ധതയുള്ള മറ്റു രാജ്യങ്ങളുണ്ടെങ്കില്‍ അത്തരം ഭരണകൂടങ്ങള്‍ക്കെതിരിലും വൈകാതെ ഇത്തരം പ്രക്ഷോഭങ്ങള്‍ നാം കണ്ടെന്നു വരും. വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന് രൂപംകൊണ്ട സെക്യുലര്‍ സംഘങ്ങളുടെ ഈ നീക്കം പെട്ടെന്നുണ്ടായ പൊട്ടിത്തെറിയല്ല. ഇസ്‌ലാംവിരുദ്ധ സെക്യുലര്‍ ധാരയുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. എന്നാല്‍, മറ്റൊരു രൂപത്തിലായിരുന്നു അന്നവര്‍ ഇസ്‌ലാമിനെതിരെ രംഗത്തുവന്നത്.
വര്‍ഷങ്ങളായി ഈ നാടുകളില്‍ അവര്‍ ഒന്നിച്ച് ഇസ്‌ലാമിനു നേരെ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. ഈ രാജ്യങ്ങള്‍ ഭരിച്ചിരുന്ന സ്വേഛാധിപതികളുടെ അനുഗ്രഹാശിസ്സുകളോടെ അവര്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ മുമ്പും ശക്തമായി രംഗത്തുണ്ടായിരുന്നു. അവരുടെ തണലില്‍ പ്രതിപക്ഷത്തിന്റെയും സ്വതന്ത്ര രാഷ്ട്രീയസംഘങ്ങളുടെയും പേരു പറഞ്ഞ് ഇസ്‌ലാമിസ്റ്റുകളെ അവര്‍ തടവിലാക്കിയും വധിച്ചും പീഡനങ്ങളേല്‍പ്പിച്ചും തളര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഏറെക്കാലം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരു പറഞ്ഞായിരുന്നു ഇവര്‍ ഇസ്‌ലാമിസ്റ്റുകളെ വേട്ടയാടിക്കൊണ്ടിരുന്നത്. തങ്ങള്‍ മതേതരത്വത്തിന്റെ ആളുകളാണ് എന്ന നാട്യത്തില്‍ അവര്‍ ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്നത് കിരാതമായ ഭീകരപ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു. ഇന്നിപ്പോള്‍ പ്രതിപക്ഷ സ്വാതന്ത്ര്യത്തിന്റെ പേരിലും മതേതരത്വത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ എന്ന ലേബലിലും ഇക്കൂട്ടര്‍ ഇന്നാടുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇസ്‌ലാം അനുകൂല ഭരണകൂടങ്ങളെ എങ്ങനെയും താഴെയിറക്കുക എന്നതു മാത്രമാണ്.
പണ്ട് ഈജിപ്തില്‍ ഭരണകൂടത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരില്‍ അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യ എന്ന സംഘടനയുണ്ടായിരുന്നുവെന്നത് നേരാണ്. ആ സംഘടനയുടെ അത്തരം നയതീരുമാനങ്ങളെയും പ്രവര്‍ത്തനരീതികളെയും ആരും പിന്താങ്ങിയിട്ടില്ല. എന്നാല്‍, 'ജമാഅ'യുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈജിപ്ഷ്യന്‍ ഭരണകൂടം തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുകള്‍ എടുത്തപ്പോള്‍ ഈജിപ്തിലെ ഇടതു-വലതു സെക്യുലരിസ്റ്റുകള്‍ കൈമെയ് മറന്ന് ഒന്നിക്കുകയും തീവ്രവാദത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ ഇസ്‌ലാമിനെതിരെ തുറന്ന യുദ്ധത്തിന് തുനിയുകയും ചെയ്തിരുന്നു. തീവ്രവാദത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ അന്നവര്‍ മുസ്‌ലിംസ്ത്രീകളുടെ ഹിജാബ് വസ്ത്രധാരണത്തിനെതിരെ ഉറഞ്ഞു തുള്ളി. താടിനീട്ടി വളര്‍ത്തിയ മുസ്‌ലിംകളെ അവര്‍ പരിഹസിക്കുകയും ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ചിഹ്നങ്ങളായി അവര്‍ മുദ്രകുത്തി. അതുവഴി അവര്‍ അക്കാലത്തെ സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ കൈയടി നേടുകയും ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ 'നല്ല പിള്ള'കളായി നേതൃസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുകയും ചെയ്തു.
ഇടതും വലതുമടങ്ങുന്ന സെക്യുലരിസ്റ്റുകള്‍ മുഴുവന്‍ ഇന്ന് ഇസ്‌ലാം അനുകൂല ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. സ്വേഛാധിപത്യ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തിയിരുന്ന വന്‍ശക്തികളില്‍ നിന്നും ഇസ്‌ലാമിനെ എതിര്‍ക്കുന്ന പാശ്ചാത്യഗൂഢസംഘങ്ങളില്‍ നിന്നും പണം വാങ്ങി, ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ താഴെയിറക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുബാറകിനെയും ബിന്‍ അലിയെയും പോലുള്ളവര്‍ തന്നെ അവരുടെ ഭരണാധികാരികളായി വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നന്നേ ചുരങ്ങിയത് ഇസ്‌ലാമിസ്റ്റുകളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയെങ്കിലും വേണം. തുര്‍ക്കിയിലാകട്ടെ, ആ രാജ്യം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര സാമ്പത്തിക പുരോഗതിക്കും രാഷ്ട്രീയ സ്ഥിരതക്കും ഐശ്വര്യത്തിനും സാക്ഷ്യം വഹിക്കുകയാണ് ഉര്‍ദുഗാന്റെ ഭരണകാലം. രാജ്യത്തിന്റെ 90 ശതമാനത്തിലധികം വരുന്ന മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തെയും ഇസ്‌ലാമികാസ്തിത്വത്തെയും കണക്കിലെടുത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു ഭരണകൂടം അധികാരത്തില്‍ വരികയും ഇസ്‌ലാംവിരുദ്ധ അധാര്‍മികതകള്‍ക്കെതിരെ നീങ്ങി തുടങ്ങുകയും ചെയ്തപ്പോള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ തങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മറന്ന് ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നു.
ഈജിപ്ത്, തുനീഷ്യ, തുര്‍ക്കി തെരുവുകളില്‍ നടക്കുന്ന ഭരണകൂടവിരുദ്ധപ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങള്‍ ഒന്നുതന്നെയാണ്. ഈജിപ്ഷ്യന്‍ തെരുവിലെ പ്രക്ഷോഭകര്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നത് ഇസ്‌ലാമിക ഭരണകൂടത്തിന്റെ അന്ത്യം ജൂണ്‍ 30-നായിരിക്കും എന്നാണ്. തുനീഷ്യയിലെയും പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇതുതന്നെ. അവിടത്തെ ഭരണകൂടത്തിനും അവര്‍ നല്‍കിയ ഡെഡ് ലൈന്‍ ജൂണ്‍ 30 തന്നെ. ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്ന ഇസ്‌ലാമിക ശരീഅത്തിനനുസൃതമായ ഭാഗങ്ങള്‍ തിരുത്തണമെന്ന മുറവിളി തുര്‍ക്കി തെരുവുകളിലും പ്രക്ഷോഭകര്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നു.
പണ്ട് ഈജിപ്ഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാനും താഴെയിറക്കാനും ഇസ്‌ലാമിക കക്ഷിയായ അല്‍ജമാഅ അല്‍ ഇസ്‌ലാമിയ്യ ചെയ്തുവെന്ന് ഇവര്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തന്നെയല്ലേ ഈ സംഘങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? വിദേശ സഹായത്തോടെയോ, സൈന്യത്തിന്റെ സഹായത്തോടെയോ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും അങ്ങനെ രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിവിടുകയുമല്ലേ ഇവരും ചെയ്യുന്നത്?
സെക്യൂലരിസ്റ്റുകള്‍ കളിച്ചുകൊണ്ടിരിക്കുന്നത് വഞ്ചനയുടെയും കാപട്യത്തിന്റെയും രാഷ്ട്രീയമാണ്. ഈ രാജ്യങ്ങളില്‍ എങ്ങനെയുള്ള സാമ്പത്തിക രാഷ്ട്രീയ സംവിധാനങ്ങള്‍ നടപ്പിലാക്കപ്പെടമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്? ജനങ്ങള്‍ക്ക് സ്വീകാര്യമായ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായ വ്യവസ്ഥകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സെക്യുലരിസ്റ്റുകള്‍ ഇത്രയും കാലം ഈ രാജ്യങ്ങളില്‍ നിലനിന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകള്‍ തന്നെ മടങ്ങി വരണമെന്നാണോ ആഗ്രഹിക്കുന്നത്?
ആധുനികമെന്നും വിജയകരമെന്നും അവര്‍ വിളിക്കുന്ന ആ നിയമസംഹിതകളിലൂടെയും വ്യവസ്ഥകളിലൂടെയുമായിരുന്നല്ലോ ദശാബ്ദങ്ങളായി അവരുടെ യജമാനന്മാര്‍ ഈ രാജ്യങ്ങള്‍ ഭരിച്ചിരുന്നത്. അവര്‍ കൊട്ടിഘോഷിച്ച ആ സെക്യുലര്‍ ഭരണവ്യവസ്ഥ ഈ രാജ്യങ്ങളില്‍ കൊണ്ടുവന്ന നന്മയെന്തായിരുന്നു? ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതാണോ മേന്മ? തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ എത്രയെത്ര ഭരണകൂടങ്ങളെയാണ് സൈന്യത്തെയും പട്ടാളത്തെയും കൂട്ടുപിടിച്ച് അവര്‍ അട്ടിമറിച്ചത്. ഉദ്ദേശ്യശുദ്ധിയോടെ, ആത്മാര്‍ത്ഥമായി പണിയെടുത്തിരുന്നെങ്കില്‍ ഈ രാജ്യങ്ങളെ ഒരുപരിധിവരെ വികസിതമാക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലേ? എന്നാല്‍, രാജ്യത്തെയോ അതിലെ ജനങ്ങളെയോ അഭിവൃദ്ധിപ്പെടുത്തലോ സല്‍ഭരണം കൊണ്ടുവരലോ ഒന്നുമായിരുന്നില്ല അവരുടെ ലക്ഷ്യം. അക്കാലത്തെ സ്വേഛാധിപത്യ ഭരണകൂടങ്ങളെ പരോക്ഷമായി പിന്താങ്ങുന്ന നിലപാടുകളായിരുന്നു അവര്‍ എടുത്തിരുന്നത്. അന്നും ഇന്നും അവര്‍ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നതു ഇസ്‌ലാമിനെയാണ്. സ്വേഛാധിപത്യവും സെക്യുലരിസവും പരസ്പര സഹകരണത്തിലായിരുന്നു ഇക്കാലമത്രയും. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു, അല്‍പ സ്വല്‍പം വ്യത്യാസങ്ങളോടെ.
(സ്വതന്ത്ര ഇസ്‌ലാമിക് വെബ്‌സൈറ്റായ www.islamstory.com കോളമിസ്റ്റാണ് ലേഖകന്‍)
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍