Prabodhanm Weekly

Pages

Search

2013 ജൂലായ് 12

തട്ടവും വിദ്യാഭ്യാസ മന്ത്രിയും മതേതര വിവാദങ്ങളും

അബ്ദുല്‍ ഹകീം നദ്‌വി

സി.പി.എം നേതാവും രാജ്യസഭാംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി. രാജീവ് രണ്ടു വര്‍ഷം മുമ്പ് മസ്‌കത്ത് സന്ദര്‍ശിച്ചിരുന്നു. സി.പി.എം അനുകൂല സംഘടനയായ കൈരളിയുടെ വാര്‍ഷിക പഠന സെമിനാറിന്റെ ഭാഗമായ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം എത്തിയത്. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രസ്തുത സെമിനാറില്‍ കേരളത്തിന്റെ മതേതര കാമ്പസുകള്‍ തകരുകയാണെന്നും മതമൗലികവാദികള്‍ വിദ്യാഭ്യാസ രംഗം കൈയടക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി. കേരളത്തിന്റെ സകല കാമ്പസുകളിലും മഫ്ത ധരിച്ച പെണ്‍കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന 'ഭീകര സത്യം' ഓര്‍മപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹമത് സമര്‍ഥിച്ചത്.
പി. രാജീവിന്റെ മതേതരത്വത്തെ കുറിച്ച വിശകലനം, മഫ്തയെ കുറിച്ചും പര്‍ദയെ കുറിച്ചും പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന ധാരണ, ക്രൈസ്തവ സഭാ നേതൃത്വത്തിന് മുസ്‌ലിം ചിഹ്നങ്ങളോടും ആചാരങ്ങളോടുമുള്ള സമീപനം എല്ലാം രൂപപ്പെടുന്നത് ഒരേ പൊതു വികാരത്തില്‍ നിന്നാണ്. മഫ്ത വിവാദം വീണ്ടും ഒരു മതേതര പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ട് വരുമ്പോര്‍ സഭാ നേതൃത്വത്തിനും ഇടതുപക്ഷം ഉള്‍പ്പെടെ രാഷ്ട്രീയ നേതൃത്വത്തിനും മതേതരത്വത്തെ കുറിച്ച കാഴ്ചപ്പാട് ഒന്നുതന്നെയാണ് എന്നത് പകല്‍ പോലെ വ്യക്തം. മഫ്തയിട്ട പെണ്‍കുട്ടി വാര്‍ത്ത വായിക്കുന്നതും എയര്‍ ഹോസ്റ്റസുമാര്‍ തലമറക്കുന്നതും മഹാത്ഭുതങ്ങളില്‍ ഒന്നായി മലയാളി മനഃസാക്ഷി കരുതുന്നതും ഈ പൊതുബോധം എത്ര മാത്രം ഭീകരമാണ് എന്നതിന്റെ തെളിവാണ്.
മക്കന വിവാദം കേരളത്തില്‍ മുമ്പുമുണ്ടായിട്ടുണ്ട്. ഫുള്‍സ്ലീവും മഫ്തയും ധരിച്ച് സ്‌കൂളില്‍ വന്ന മുസ്‌ലിം പെണ്‍കുട്ടികളെ പുറത്താക്കിയതുമായ ബന്ധപ്പെട്ട വിവാദം കേരളത്തില്‍ ആദ്യത്തേതല്ല. അതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധങ്ങള്‍ കാരണം അവ പരിഹരിക്കപ്പെടുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരിലെ എസ്.എന്‍, നിലമ്പൂരിലെ ഫാത്തിമഗിരി, കോതമംഗലത്തെ സെന്റ് അഗസ്റ്റിന്‍ തുടങ്ങിയ സ്‌കൂളുകളില്‍ നേരത്തെ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഫലമായി നിരോധനം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, താല്‍ക്കാലികമായ പരിഹാരങ്ങള്‍ മാത്രമാണതെല്ലാം. കാരണം മഫ്തയും ശരീരം മറക്കുന്ന വസ്ത്രവും ഉയര്‍ത്തുന്ന ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ സാധിക്കാത്തേടത്തോളം തൊലിപ്പുറത്തെ ലേപനങ്ങള്‍ മാത്രമായിരിക്കുമത് എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ അനവധി കലാലയങ്ങളില്‍ യൂനിഫോമിന്റെയും ചട്ടങ്ങളുടെയും പേരില്‍ ഫുള്‍സ്ലീവിനും മഫ്തക്കും നിരോധം നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍. മഫ്ത വിലക്കിനു പുറമേ വെള്ളിയാഴ്ച ഉള്‍പ്പെടെ നമസ്‌കാരം നിര്‍വഹിക്കാന്‍ സ്‌കൂളില്‍ സൗകര്യമൊരുക്കുകയോ പുറത്തേക്ക് പറഞ്ഞയക്കുകയോ ചെയ്യാതെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനവും പല മാനേജ്‌മെന്റുകളും തുടര്‍ന്നുവരുന്നുണ്ട്.
മഫ്തയിടുന്നതും മഫ്ത എന്ന പൗരാവകാശം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും മത മൗലികവാദവും ഭീകരതയുമായാണ് കണക്കാക്കപ്പെടുന്നത്. മഫ്തയിടല്‍ താലിബാനിസവും മഫ്ത ഒഴിവാക്കല്‍ പുരോഗമനവാദവും എന്നതാണ് ഈ നിലപാടിന്റെ തിയറി. മഫ്തക്ക് വിലക്കേര്‍പ്പെടുത്തിയ നിലമ്പൂരിലെ ഫാതിമ ഗിരി സ്‌കൂളിലേക്ക് മുമ്പ് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായിരുന്ന ആര്യാടന്‍ ഷൗക്കത്ത് അതിനെ 'താലിബാനിസം' എന്നാണ് വിശേഷിപ്പിച്ചത്. ഏറ്റവുമൊടുവില്‍, എല്ലാ വിഭാഗം ജനങ്ങളെയും അവരുടെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും മാനിക്കാനും ഉള്‍ക്കൊള്ളാനും ബാധ്യതയുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക സര്‍ക്കുലറിലൂടെ തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ ഡ്രസ്സ് കോഡിനെ ഇത്തരം പദപ്രയോഗങ്ങളിലൂടെ ചിത്രീകരിക്കാന്‍ കഴിയുംവിധം ഈ തിയറി വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ ആശങ്കയുളവാക്കുന്ന കാര്യം.
ഇനി തിരിച്ചൊന്നു സങ്കല്‍പ്പിക്കുക. ഏതെങ്കിലും ഒരു മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളില്‍ മുസ്‌ലിമല്ലാത്ത ഒരു കുട്ടിയുടെ മതപരമായ ചിഹ്നത്തില്‍ ചട്ടങ്ങളുടെയും നിയമങ്ങളുടെയും പേരില്‍ സ്‌കൂള്‍ അധികൃതര്‍ കൈവെച്ചാല്‍ ഉണ്ടാകുന്ന കോലാഹലങ്ങള്‍ എന്തു മാത്രം ഭീകരമായിരിക്കും! ലൗ ജിഹാദിനും ഇന്റലക്ച്വല്‍ ജിഹാദിനും ശേഷം മറ്റൊരു ജിഹാദ് കൂടി അതിലൂടെ കേരളത്തില്‍ രൂപെപ്പട്ടിരിക്കും. എന്നാല്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന ഒരൊറ്റ സ്‌കൂളില്‍ പോലും അത്തരം വിവേചനപരമായ സമീപനം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.
മഫ്തയിടാതെ സ്‌കൂളില്‍ വരുന്നതും മഫ്തയിടുന്ന പെണ്‍കുട്ടികളുടെ മഫ്തയഴിപ്പിക്കുന്നതും മതേതരത്വത്തിന്റെ മഹനീയ മാതൃകയും പുരോഗമനത്തിന്റെ മൈല്‍കുറ്റിയുമാകുന്നതിന്റെയും മഫ്തയിടുന്നതും അതഴിപ്പിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നതും മതമൗലികവാദവും തീവ്രവാദവുമാകുന്നതിന്റെയും ലോജിക് വളരെ ലളിതമാണ്. കാസര്‍കോട്ടെ റയാനയുടെ തട്ടമൂരിയെന്നും പറഞ്ഞു വന്‍ കോലാഹലങ്ങള്‍ അഴിച്ചുവിട്ടവര്‍ ആലപ്പുഴയിലെ നബാല എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മഫ്തയഴിപ്പിച്ചപ്പോള്‍ ഒച്ചപ്പാടും അനക്കവുമില്ലാതിരിക്കാന്‍ ജാഗ്രത്താവുകയും പ്രതിഷേധത്തിന്റെ ഒരു മെഴുകു തിരിയെങ്കിലും കത്തിക്കാന്‍ രംഗത്തില്ലാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി രൂപപ്പെടുത്തുന്ന സൂത്രവാക്യം വളരെ പ്രകടമാണ്. ഗാന്ധിജി പറഞ്ഞ മതേതരത്വവും നമ്മുടെ മനസ്സില്‍ മൂടുറച്ചുപോയ മതേതര സങ്കല്‍പ്പങ്ങളും ആടും ആനയും തമ്മിലുള്ള വ്യത്യാസമാണുള്ളത്. മഫ്തയിട്ട് വരുന്ന കുട്ടിയുടെ അവകാശം 'ഭീകരവാദവും' മഫ്തയിടാതെ വരുന്നവരുടേത് സ്വാതന്ത്ര്യവും എന്ന മതേതര ലാഘവ യുക്തിയെയാണ് യഥാര്‍ഥത്തില്‍ നേരിടേണ്ടത്.
വിദ്യാഭ്യാസം ഒരു മുസ്‌ലിം മന്ത്രി കൈകാര്യം ചെയ്യുന്നതിലുള്ള അസൂയയും പകയും സവര്‍ണ കപട മതേതര പക്ഷത്തുനിന്ന് മുമ്പത്തേക്കാള്‍ പ്രകടമാണിന്ന്. വകുപ്പ് മന്ത്രിയറിയാതെ വിവാദ സര്‍ക്കുലര്‍ പോയ സംഭവം വരെ എത്തി നില്‍ക്കുന്ന ഈ പരമ്പരക്ക് തുടക്കമിട്ടത് അന്തരിച്ച അഴീക്കോട് മാഷായിരുന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് വകുപ്പ് കൈകാര്യം ചെയ്യാന്‍ മാത്രം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവനാണെന്ന വിവാദ പരാമര്‍ശമാണ് അന്ന് അദ്ദേഹം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്നതിന്റെ കുശുമ്പും കുന്നായ്മയും നേരത്തെ ഇത്രമാത്രം മറനീക്കി പുറത്തുവന്നിരുന്നില്ല. മന്ത്രിയറിയാതെ വിവാദ സര്‍ക്കുലര്‍ പോയതിന്റെ പിന്നിലും ഈ കുശുമ്പും കുന്നായ്മയും കാരണമായിട്ടുണ്ടാകാം. നേരത്തെ പച്ച ബ്ലൗസും അതിനു മുമ്പ് മന്ത്രി പി.കെ അബ്ദുറബ്ബിന്റെ വീടിന്റെ പേരുമാറ്റവുമൊക്കെ വിവാദമായിരുന്നുവല്ലോ. പച്ച ബ്ലൗസിലൂടെ ബ്ലൗസ് ജിഹാദും വീടിന്റെ പേരുമാറ്റത്തിലൂടെ ഗംഗാവിരുദ്ധ ജിഹാദുമൊക്കെ കേരളത്തിന്റെ മണ്ണില്‍ പൊടിപൊടിച്ചതാണ്.
വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ആര്‍ജവത്തോടെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതാണ് ഈ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കാന്‍ കാരണം. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് മുസ്‌ലിം സമുദായമെന്നും ആ സമുദായത്തെ പ്രതിനിധീകരിക്കുന്ന സാമുദായിക പാര്‍ട്ടിയെ അതിനേക്കാള്‍ നന്നായി കൊട്ടാന്‍ കഴിയുമെന്നും എല്ലാവരേക്കാള്‍ കൂടുതല്‍ സവര്‍ണ പൊതുബോധത്താല്‍ നിയന്ത്രിക്കപ്പെടുന്നവര്‍ക്കറിയാം. അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ കൈപറ്റാന്‍ സമുദായത്തെ വേണ്ടതിലധികം ഉപയോഗപ്പെടുത്തുന്ന മുസ്‌ലിം ലീഗ് സമുദായം നേരിടുന്ന സ്വത്വപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ധീരമായ നിലപാട് സ്വീകരിക്കാന്‍ തയാറാവുക എന്നതാണ് ഇതവസാനിപ്പിക്കാനുള്ള ഏക പോംവഴി. അല്ലാത്തേടത്തോളം ഇത്തരം വിവാദങ്ങര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. മുസ്‌ലിം സമുദായത്തെ കൊഞ്ഞനം കുത്തുന്ന സംഭവങ്ങളുടെ പരമ്പര അറ്റമില്ലാതെ നീളുകയും ചെയ്യും.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍